ad
Deshabhimani

കീടനാശിനിയും ഫെൻസിങും പാടില്ല; വീട്ടിൽ ഒരു മുറികൂടി പണിയാൻ ഓഫീസുകൾ കയറിയിറങ്ങണം; മലയോര ജനത കടുത്ത ആശങ്കയിൽ

Western ghats.jpg
വെബ് ഡെസ്ക്

Published on Sep 03, 2026, 04:50 PM | 2 min read

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ലക്ഷക്കണക്കിന് കർഷകകുടുംബങ്ങൾ വീണ്ടും കടുത്ത ആശങ്കയിലാക്കുന്നു. ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിർദേശിക്കപ്പെട്ടിട്ടുള്ളത്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല മേഖലയായി കണക്കാക്കി.


മലയോര കർഷകരെ ശ്വാസംമുട്ടിക്കുന്ന വ്യവസ്ഥകളാണ്‌ വിജ്ഞാപനത്തിൽ ഏറെയും. കർഷകർക്കും ഈ നിശ്ചിത പരിധിക്കുള്ളിൽ താമസിക്കുന്ന സാധാരണക്കാർക്കും സ്വന്തം ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പഞ്ചായത്തിന്റേതിനുപുറമേ വനംവകുപ്പിന്റെയും അനുമതി വാങ്ങേണ്ടി വരും. സ്വന്തം പുരയിടത്തിൽ ഒരു മുറി കൂട്ടിയെടുക്കാനോ വീട് പുതുക്കിപ്പണിയാനോപോലും വനംവകുപ്പ്‌ ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. വീടുകളുടെ പെയിന്റടി ഉൾപ്പെടെയുള്ള നിസ്സാര അറ്റകുറ്റപ്പണികൾ മാത്രമാണ് വനംവകുപ്പിന്റെ അനുമതിയില്ലാതെ ചെയ്യാനാകുക. സ്വന്തം അധ്വാനത്താൽ കൃഷിഭൂമിയിൽ നട്ടുപിടിപ്പിച്ചിട്ടുള്ള മരങ്ങൾ ആവശ്യാനുസരണം വെട്ടി വിൽക്കുന്നതിനുള്ള പ്രാഥമിക അവകാശംപോലും കർഷകന്‌ പൂർണമായി നിഷേധിക്കപ്പെടും.


തോട്ടം മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാകും. പഴകിയ തോട്ടവിളകൾ വെട്ടിമാറ്റുമ്പോൾ പുതിയവ വയ്ക്കാൻ പാടില്ല, രാസവളത്തിന്റെയും കീടനാശിനിയുടെയും പ്രയോഗം അനുവദിക്കില്ല, ഫാക്ടറികൾ പ്രവർത്തിക്കരുത്‌, വന്യമൃഗ ഭീഷണിയിൽനിന്നു രക്ഷനേടാൻ ഫെൻസിങ് ഇടാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ നടപ്പാക്കിയാൽ തോട്ടം മേഖലതന്നെ ഇല്ലാതാകും. സ്വകാര്യ മാനേജ്മെന്റുകൾക്ക്‌ തോട്ടങ്ങൾ അടച്ചിടാൻ വഴിയൊരുക്കും.


റബർ, കാപ്പി, തേയില, ഏലം, കുരുമുളക്, കശുവണ്ടി എന്നിവയുടെ ഉൽപ്പാദനം കുത്തനെ കുറയും. ഏലം, തേയില, കുരുമുളക്, കാപ്പി എന്നിവ വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന തോട്ടവിളകളാണ്‌. ഇന്ത്യക്കാവശ്യമായ റബറിന്റെ 85 ശതമാനവും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. റെയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നതും തോട്ടം മേഖലയാണ്.


ജനജീവിതത്തെ രൂക്ഷമായി ബാധിക്കുന്ന വിഷയത്തിൽ ഇടപെടാൻ പോലും കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ തയ്യാറാകുന്നുമില്ല. വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും എംപിമാർ പ്രതികരിച്ചുപോലുമില്ല. മുൻപും പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ കർഷകജനതയോട് വഞ്ചനാപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. 2011–16ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൃത്യമായ ഫീൽഡ്തല പരിശോധനകളോ ശാസ്ത്രീയ ഭൂപട നിർണയങ്ങളോ നടത്താതെ കട്ടപ്പന, കുളത്തൂപ്പുഴ, ചണ്ണപ്പേട്ട ഉൾപ്പെടെയുള്ള തന്ത്രപ്രധാന നഗരങ്ങളും ജനവാസ മേഖലകളും വനഭൂമിയാണെന്ന തരത്തിലുള്ള അശാസ്ത്രീയ രേഖകളാണ് കേന്ദ്രത്തിന് മുന്നിലെത്തിച്ചത്.


Image


പിന്നീട് വന്ന എൽഡിഎഫ് സർക്കാർ അതീവ ജാഗ്രതയോടെ ഈ വിഷയത്തെ നേരിട്ടു. ജനവാസമേഖലകളെയും കൃഷിഭൂമിയെയും പൂർണമായി ഇഎസ്‌എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന വ്യക്തമായ മന്ത്രിസഭാ പ്രമേയങ്ങളും ശുപാർശകളും കേന്ദ്രത്തിന് സമർപ്പിച്ചു. സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലും കർഷകരുടെ അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം നടത്തി. 2024 നവംബർ രണ്ടിന്‌ സംസ്ഥാന സർക്കാർ അന്തിമ ശുപാർശ സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കേന്ദ്രം ആവശ്യപ്പെട്ട അധികവിവരങ്ങളും നൽകി. 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കിലോമീറ്ററാക്കി പരിസ്ഥിതിലോല മേഖല പരിമിതപ്പെടുത്തണമെന്നാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട്. ഇത് അവഗണിച്ച് മുമ്പുണ്ടായിരുന്ന 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല തന്നെ നിലനിർത്തിയാണ് പുതിയ കരട് വിജ്ഞാപനം.


കർഷകരെ കുടിയിറക്കിക്കൊണ്ടോ അവരുടെ ഭൂമിയുടെമേലുള്ള അവകാശം തടഞ്ഞുകൊണ്ടോ ആകരുത് പശ്ചിമഘട്ട സംരക്ഷണമെന്നാണ് പ്രധാന ആവശ്യം. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള ജിയോ കോ–ഓർഡിനേറ്റുകൾ അടങ്ങിയ വില്ലേജ്തല ഡിജിറ്റൽ മാപ്പുകൾ സുതാര്യമാക്കുക, വനമേഖലയിൽനിന്ന് സ്വമേധയാ ഒഴിഞ്ഞുപോകാൻ തയ്യാറാകുന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പതിറ്റാണ്ടുകളായി മണ്ണിൽ അധ്വാനിക്കുന്ന കർഷകരുടെ അവകാശങ്ങളും ജീവനോപാധികളും സംരക്ഷിക്കിക്കുക, അപ്രായോഗിക നിയന്ത്രണങ്ങൾ പിൻവലിക്കുക- തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിനൊരുങ്ങുകയാണ് മലയോര മേഖലയിലെ ജനത. പട്ടികയിൽനിന്നു തോട്ടം മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യമുന്നയിച്ച്‌ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി ഒന്പതിന്‌ സംസ്ഥാനത്തെ തോട്ടങ്ങളിൽ പ്രതിഷേധം പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home