സംരംഭകനിൽ നിന്ന് സന്യാസിയിലേയ്ക്ക്; തായ് 'ഹാവെൽസ്' ഐസ്ക്രീം കമ്പനി വിൽപ്പനയ്ക്ക് വെച്ച് ഉടമ

ബാങ്കോക്ക്: തായ് ഐസ്ക്രീം ബ്രാൻഡായ ഹാവെൽസ് കമ്പനി വിൽപ്പനയ്ക്ക് വെച്ച് ഉടമ. സംരംഭകത്വത്തിൽ നിന്ന് ബുദ്ധ സന്യാസത്തിലേയ്ക്ക് തിരിയുന്നതിന്റെ ഭാഗമായാണ് ഉടമ 165 മില്യൺ (47 കോടി രൂപ)യ്ക്ക് കമ്പനി വിൽപ്പനയ്ക്ക് വെച്ചത്. ഓഗസ്റ്റ് 21 നാണ് സിരിപോങ് അക്കരസ്രിയുക് ആണ് ഫേസ്ബുക്കിലൂടെ വിൽപ്പന പ്രഖ്യാപിച്ചത്. പറഞ്ഞിരിക്കുന്ന തുകയ്ക്ക് വാങ്ങാൻ ആളെ കൊണ്ടുവരുന്നവർക്ക് 1.43 കോടി ( 5 മില്യൺ ബാഹ്ത്) രൂപ കമ്മീഷനായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
2.77 ഏക്കർ (1.1 ഹെക്ടർ) ഭൂമി, ഓഫീസ്, യന്ത്രസാമഗ്രികളും ലൈസൻസുകളുമുള്ള ഫാക്ടറി, ഹാവെൽസ് ഐസ്ക്രീം ആൻഡ് ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റ്, കമ്പനിയുടെ ട്രേഡ്‌മാർക്ക്, ഐസ്ക്രീം റെസിപ്പികളുടെ ശേഖരം എന്നിവയും വിൽപനയിൽ ഉൾപ്പെടുന്നതായി Bangkok Post റിപ്പോർട് ചെയ്തു. 1999 കളിലാണ് ഹാവെൽസ് കമ്പനി സ്ഥാപിച്ചത്. തായ് ഷോപ്പിങ് മാളുകളിലെ സുപരിചിതമായ ബ്രാൻഡായിരുന്നു. അതേവർഷം ഡിസംബറിൽ സെൻട്രൽ പിങ്ക്ലാവിലാണ് ഹാവെൽസിന്റെ ആദ്യ ഔട്ട്ലെറ്റ് തുറന്നത്. വൈകാതെ ജനപ്രീതി നേടിയ ബ്രാൻഡ് മൂന്ന് വർഷത്തിനുള്ളിൽ 22 ശാഖകൾ തുറന്നു.
ചെറുപ്പം മുതൽ ഐസ്ക്രീമിനോട് വലിയ രീതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന സിരിപോങ് തന്റെ ജീവിതം ആരംഭിക്കുന്നത് ഐസ്ക്രീം വിൽപ്പനക്കാരനായാണ്. ശേഷം സംരംഭകരെ പരിചയപ്പെടുത്തുന്ന തായ് ടെലിവിഷൻ പരിപാടികളിലും സിരിപോങ് ശ്രദ്ധ നേടി തുടങ്ങി. ഗുണനിലവാരമുള്ള ഐസ്ക്രീം മിതമായ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹാവെൽസിന് തുടക്കമിട്ടു. പതിയ തായ് ബ്രാൻഡുകളിലൊന്നായി ഹാവെൽസ് ഐസ്ക്രീം മാറുകയും ചെയ്തു.
എന്നാൽ മത്സരം കടുത്തതോടെ കമ്പനി തിരിച്ചടികൾ നേരിട്ടു തുടങ്ങി. ഷോപ്പിങ് മാളുകളിൽ മറ്റ് കമ്പനികൾ ആധിപത്യം സ്ഥാപിച്ചതോടെ ഹാവെൽസ് പിന്തള്ളപ്പെട്ടു. ശാഖകൾ അടച്ചുപൂട്ടാൻ തുടങ്ങി. ഒടുവിൽ സെൻട്രൽ പിങ്ക്ലാവിലെ ആദ്യ ഔട്ട്‌ലെറ്റും 2014-ൽ അടച്ചുപൂട്ടുകയും ചെയ്തു. ബ്രാൻഡിന് പുതുജീവൻ നൽകാൻ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. സ്വന്തമായി ഔട്ട്ലെറ്റ് സ്ഥാപിക്കാൻ വലിയ നിക്ഷേപവും ആവശ്യമായി വന്നു. ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവിൽ 2023 ൽ നോന്തബുരിയിലെ ബാങ്ക് ബുവ തോങിൽ സ്വന്തമായി ഔട്ട്ലെറ്റ് സ്ഥാപിച്ചു. നിലവിൽ ഹാവെൽസ് കമ്പനിയുടെ ഏക ശാഖയും ഇതുതന്നെയാണ്. കച്ചവടം വ്യാപിപ്പിക്കുന്നതിലെ ബുദ്ധിമുട്ടല്ല ഇപ്പോൾ കമ്പനി വിൽക്കുന്നതിലേയ്ക്ക് നയിച്ച കാരണമെന്ന് സിരിപോങ് പറയുന്നു.
ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് തിരിയുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. വർഷങ്ങളായി ബുദ്ധമതത്തിൽ ആഴത്തിലുള്ള വിശ്വാസവും താൽപര്യവുമാണ് കാരണമാകുന്നതെന്നും സിരിപോങ് വ്യക്തമാക്കി. 2016-ൽ ‘Success Derived from the Buddha’ എന്ന പുസ്തകം ഉൾപ്പെടെ ബുദ്ധമതത്തെക്കുറിച്ച് സിരിപോങ്ക് എഴുതിയിട്ടുണ്ട്. നിലവിലെ ജീവിതം ഉപേക്ഷിക്കുന്നതിനായി തന്റെ മുൻപിൽ ഇനി രണ്ട് വർഷം കൂടി മാത്രമാണുള്ളതെന്നും അദ്ദേഹം പറയുന്നു.










0 comments