ad
Deshabhimani

കിണർ വെള്ളത്തിലും ജാ​ഗ്രത വേണം; അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നുവെന്ന് ഐസിഎംആർ പഠനം

Amoebic Meningoencephalitis Kerala Well Water
വെബ് ഡെസ്ക്

Published on Sep 03, 2026, 04:29 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലോറിനേഷൻ ചെയ്യാത്ത കിണർവെള്ളത്തിന്റെ ഉപയോഗം അമീബിക് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നുവെന്ന് പഠനം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പ്രധാന അപകടസാധ്യതയായി നിലനിൽക്കുന്നത് കിണറുകളിലെ വെള്ളമാണെന്നാണ് ഐസിഎംആറും ആരോഗ്യവകുപ്പും നടത്തിയ പഠനത്തിൽ വ്യക്തമായത്. കുളിക്കാനും മുഖം കഴുകാനും ഉൾപ്പെടെയുള്ള ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേഷൻ ചെയ്യാത്ത കിണർവെള്ളം ഉപയോഗിക്കുന്നവർക്ക് അമീബിക് മസ്തിഷ്കജ്വരം (AME) ബാധിക്കാനുള്ള സാധ്യത ഏകദേശം 2.9 മടങ്ങ് കൂടുതലാണെന്ന് പഠനം കണ്ടെത്തി.


സംസ്ഥാനത്ത് 2025 ജനുവരി 1 മുതൽ നവംബർ 11 വരെ റിപ്പോർട്ട് ചെയ്ത 159 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് പഠനത്തിനായി ഉൾപ്പെടുത്തിയത്. ഇതിൽ ആർടിപിസിആർ പരിശോധനയിൽ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും അകാന്തമീബ വിഭാഗത്തിൽപ്പെട്ട അമീബ മൂലമാണെന്ന് രോ​ഗബാധയുണ്ടായതാണെന്ന് കണ്ടെത്തി. ഇതിൽ വലിയൊരു വിഭാഗം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. മൺസൂൺ, മൺസൂണിന് ശേഷമുള്ള കാലയളവിലാണ് അമീബിക് മസ്തിഷ്കജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.


കുളങ്ങൾ, തടാകങ്ങൾ, പുഴകൾ, തോടുകൾ, കനാലുകൾ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളും പ്രധാന ഘടകമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിക്കാനുള്ള സാധ്യത 4.7 മടങ്ങ് കൂടുതലായാണ് പഠനത്തിൽ കണ്ടെത്തിയത്. നീന്തുന്നതിനിടയിലോ കുളിക്കുമ്പോഴോ വെള്ളം ശക്തമായി മൂക്കിനുള്ളിലേക്ക് കയറുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തി.


കുളങ്ങളിലും മറ്റും ഇറങ്ങുന്ന ശരീരത്തിലെ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ജലാശയങ്ങളിൽ മുറിവുകൾ കഴുകിയവരിലും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തി. മുഖത്തോ താടിയെല്ലിനോടനുബന്ധിച്ചോ പരിക്കേറ്റവരും മൂക്കിൽ ശസ്ത്രക്രിയ നടത്തിയവരും പിന്നീട് കുളത്തിലോ മറ്റോ കുളിക്കാനിറങ്ങിയാൽ രോഗസാധ്യത കൂടുന്നതായും പഠനം വ്യക്തമാക്കുന്നു.


വീടുകളിലെ കിണറുകൾ പതിവായി ക്ലോറിനേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത് രോഗപ്രതിരോധത്തിന് പ്രധാനമാണെന്ന് ഗവേഷകർ പറയുന്നു. പ്രത്യേകിച്ച് കുളിക്കാനും, മുഖം കഴുകാനും മുടി കഴുകാനുമൊക്കെ ഉപയോഗിക്കുന്ന കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home