'ഷോ കാണിക്കല്ലേ' രാപ്പകൽ സമരം ചെയ്യുന്ന ഡോക്ടർമാരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ എംപി

വി കെ ശ്രീകണ്ഠന്‍ എംപി ഡോക്ടര്‍മാര്‍ക്കുനേരെ തട്ടിക്കയറുന്നു (Photo: Screengrab)
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ദുരവസ്ഥയിൽ പ്രതിഷേധിക്കുന്ന ഹൗസ് സർജന്മാരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ എംപി. ഡോക്ടർമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയ ശ്രീകണ്ഠൻ, ഷോ കാണിക്കല്ലേ എന്ന് പറഞ്ഞ് ഹൗസ് സര്‍ജന്മാരെ അപമാനിക്കുകയും ചെയ്തു. മെഡിക്കൽ കോളേജിൽ എക്സറെ ഇല്ലെന്ന പരാതി തനിക്ക് അറിയില്ലെന്നും നിങ്ങളുടെ സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയും എന്ന പരാമർശമാണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ഠൻ എംപി നടത്തിയത്.
ഇതിൽ വിദ്യാർഥികൾ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ ആശുപത്രിയുടെ ദുരവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഡ്യൂട്ടി ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ചു ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്.
എക്സ്-റേ,സിടി സ്കാൻ എന്നിവയില്ല. ഒരു രോഗി വന്നാൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ല എന്നും ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റയാൾക്ക് ഒരു എക്സറേ വേണമെങ്കിലും സിടി വേണമെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യണം എന്നും ഡോക്ടർമാർ പറയുന്നു. പിന്നാലെ രാപ്പകൽ സമരവുമായി ഹൗസ് സർജന്മാർ രംഗത്ത് വരികയായിരുന്നു. ഇത്രയും ദുരവസ്ഥ മറ്റൊരു മെഡിക്കൽ കോളേജ് ആശുപത്രിക്കും ഇല്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. പട്ടികജാതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക മെഡിക്കൽ കോളേജ് ആശുപത്രി കൂടിയാണിത്.








0 comments