ഇന്ന് ദേശീയ ശിശുദിനം: നമ്മുടെ കുട്ടികൾ ചിരിക്കേണ്ടേ

അഡ്വ. ജി എൽ അരുൺ ഗോപി
Published on Nov 14, 2026, 01:00 AM | 3 min read
നാം കുട്ടികളെ രൂപപ്പെടുത്തുകയല്ല. മറിച്ച് കുട്ടികളാണ് നമ്മുടെ നാളത്തെ മുഖച്ഛായ നിർണയിക്കുന്നത്– ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ഇൗ വാക്കുകൾ ഓരോ ശിശുദിനത്തിലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ വലിയ ചോദ്യമായി ഉയർന്നുനിൽക്കുന്നു. നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുമ്പോൾ അത് ചടങ്ങുകളിൽ ഒതുങ്ങരുത്. മറിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ അനാഥമാക്കപ്പെടുകയും വിശപ്പിന്റെയും അക്രമങ്ങളുടെയും കരിനിഴലിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളിലേക്ക് ആത്മാനുകമ്പയോടെ കണ്ണോടിക്കാനുള്ള തിരിച്ചറിവിന്റെ ദിനമായി ഇത് മാറേണ്ടതുണ്ട്.
ശിശുദിനം ചരിത്രവഴികൾ
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര ശിശുദിനം നവംബർ ഇരുപതാണ്. ഇന്ത്യയിലാകട്ടെ 1964-ൽ നെഹ്റുവിന്റെ വേർപാടിനുശേഷം, അദ്ദേഹത്തിന് കുട്ടികളോടുണ്ടായിരുന്ന അഗാധമായ സ്നേഹവും പ്രതിബദ്ധതയും കണക്കിലെടുത്ത് നവംബർ 14 ദേശീയ ശിശുദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാർലമെന്റ് പാസാക്കുകയായിരുന്നു. ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസവും ആരോഗ്യവും ആത്മാഭിമാനമുള്ള ഭാവിയും ഉറപ്പാക്കണമെന്ന കാഴ്ചപ്പാടാണ് ഈ ദിനാചരണത്തിന്റെ അന്തഃസത്ത.
സംരക്ഷണകവചം
കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടനയും വിവിധ നിയമങ്ങളുംവഴി ശക്തമായ സംരക്ഷണകവചം ഒരുക്കിയിട്ടുണ്ട്. ഒരു കുട്ടിക്ക് ജന്മസിദ്ധമായി ലഭിക്കേണ്ട സ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും ഉറപ്പുവരുത്താൻ നിയമവും ചട്ടങ്ങളും സദാ ജാഗരൂകമാണ്. ആറുമുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഭരണഘടനയുടെ അനുച്ഛേദം 21എ വഴി സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായി നിഷ്കർഷിക്കുന്നു. എന്നാലിപ്പോഴും അഞ്ചുവയസ്സിൽ താഴെയുള്ളവരുടെ വിദ്യാഭ്യാസവും അനുബന്ധ വിഷയങ്ങളും ഭരണഘടനയിൽ ഉൾപ്പെട്ടിട്ടില്ല. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ശാരീരികമായി തളർത്തുന്ന അപകടകരമായ തൊഴിൽശാലകളിലോ ഖനികളിലോ ജോലിക്ക് നിയോഗിക്കുന്നത് അനുച്ഛേദം 24 വഴി പൂർണമായും നിരോധിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും ആരോഗ്യകരമായ അന്തരീക്ഷത്തിൽ വളരാനും ജീവിക്കാനുമുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കാൻ സർക്കാരുകളോട് അനുച്ഛേദം 39(എ-ഫ്) നിർദേശിക്കുന്നു.
പ്രധാന നിയമനിർമാണങ്ങൾ
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ നിയമം 2009): അറിവിന്റെ ലോകത്തേക്ക് നടന്നുകയറാനുള്ള കുട്ടിയുടെ അവകാശത്തിന് നിയമപരമായ ശക്തിപകരുന്നു.
പോക്സോ നിയമം (പിഒസിഎസ്ഒ നിയമം 2012): കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും ഇരയാകുന്നവർക്ക് അതിവേഗ നീതിയും സംരക്ഷണവും ഉറപ്പാക്കുന്നതിനുമുള്ള കർശന നിയമമാണിത്.
ബാലനീതി നിയമം (ജെജെ നിയമം 2015): സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ പുനരധിവാസവും നിയമവുമായി ഇടയുന്ന കുട്ടികളുടെ തിരുത്തൽപ്രക്രിയകളും നിയന്ത്രിക്കുന്നു.
ആഗോള, ദേശീയ തലത്തിലെ വെല്ലുവിളികൾ
നിയമങ്ങളും വാഗ്ദാനങ്ങളും വാനോളം ഉയർന്നുവെങ്കിലും ലോകത്ത് ഒരു കുട്ടി ജനിച്ചുവീഴുന്നതും വളരുന്നതും കടുത്ത ഉൽക്കണ്ഠകളും വെല്ലുവിളികളും നിറഞ്ഞ അന്തരീക്ഷത്തിലാണ്. കേവലം സങ്കൽപ്പങ്ങൾക്കപ്പുറം യാഥാർഥ്യത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് നിരത്തുന്നത്.
കരിപുരണ്ട ബാലവേലയും പട്ടിണിയും
അന്താരാഷ്ട്ര തൊഴിൽ സംഘടനയും യുണിസെഫും സംയുക്തമായി പുറത്തുവിട്ട ആഗോള ബാലവേല റിപ്പോർട്ടുപ്രകാരം ലോകമെമ്പാടുമായി 13.80 കോടി കുട്ടികളാണ് കളിപ്പാട്ടങ്ങൾക്കുപകരം പണിയായുധങ്ങളുമായി ജീവിക്കുന്നത്. ഇതിൽ 5.40 കോടിയിൽപ്പരം കുട്ടികൾ അതീവ അപകടകരമായ സാഹചര്യങ്ങളിലാണ് രാപകൽ ജോലി ചെയ്യുന്നത്. ഒരു നാടിന്റെ ആരോഗ്യം അളക്കപ്പെടുന്നത് അവിടെ വളരുന്ന കുരുന്നുകളുടെ തെളിഞ്ഞ ചിരികളിലൂടെയും ഉണർവുകളിലൂടെയുമാണ്. ആറാം ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം, ഇന്ന് രാജ്യത്ത് അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ 29.3 ശതമാനംപേർ പ്രായത്തിനൊത്ത ഉയരം ഇല്ലാത്തവരാണ്. 31.8 ശതമാനം കുട്ടികൾക്ക് പ്രായത്തിനൊത്ത ഭാരമില്ല. 19 ശതമാനം കുട്ടികളിൽ പൊക്കത്തിനൊത്ത തൂക്കമില്ലായ്മ കണ്ടുവരുമ്പോൾ ഏറ്റവും അപകടകരമായ തൂക്കക്കുറവ് 5.2 ശതമാനം കുഞ്ഞുങ്ങളിലാണ്. വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും ദുരവസ്ഥയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
നിഴൽ വീഴുന്ന ബാല്യങ്ങൾ
ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഉരകല്ല് അത് സ്വന്തം കുഞ്ഞുങ്ങളോട് കാണിക്കുന്ന കരുതലിന്റെ ആഴമാണ്. എന്നാൽ, 2024ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് നമ്മെ ഓർമിപ്പിക്കുന്നത് സന്തോഷത്തോടെ വളരേണ്ട ബാല്യങ്ങൾക്കുമേൽ ഭയത്തിന്റെയും അപകടങ്ങളുടെയും കരിനിഴൽ വീണുകിടക്കുന്നുവെന്ന വേദനാജനകമായ യാഥാർഥ്യമാണ്. 1,87,702 കുഞ്ഞുങ്ങളാണ് ഒരുവർഷത്തിനിടെ അതിക്രമങ്ങൾക്ക് ഇരയായത്. മുൻകാലങ്ങളേക്കാൾ ആറുശതമാനത്തിലധികം കേസുകൾ വർധിച്ചു. കുറ്റകൃത്യങ്ങളിൽ 40 ശതമാനവും, കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നതും അവരുടെ സ്വാതന്ത്ര്യം കവരുന്നതുമായി ബന്ധപ്പെട്ടാണ്.
അരക്ഷിതവും അരാജകവുമായ സമൂഹം കുട്ടികളുടെ ഒന്നാമത്തെ ശത്രുവായിത്തീരുന്നുവെന്നാണ് ഇത് കാണിച്ചുതരുന്നത്. സ്നേഹത്തോടെ ചേർത്തുപിടിക്കേണ്ട കൈകൾതന്നെ വേട്ടക്കാരായി മാറുന്ന ചിത്രമാണ് ലൈംഗികാതിക്രമങ്ങളിൽ തെളിയുന്നത്. എഴുപതിനായിരത്തോടടുക്കുന്ന പോക്സോ കേസുകളിൽ വലിയൊരു പങ്കിലും പ്രതികൾ കുഞ്ഞുങ്ങൾക്ക് ഏറെ പരിചയമുള്ളവരും വിശ്വസ്തരുമായിരുന്നു എന്നത് നടുക്കമുണ്ടാക്കുന്നു.
ഡിജിറ്റൽ ലോകത്തെ ഇരുട്ട്
അതിരുകളില്ലാത്ത ഡിജിറ്റൽ ലോകത്തും കുഞ്ഞുങ്ങൾ കടന്നാക്രമിക്കപ്പെടുകയാണ്. ഡിജിറ്റൽ ആസക്തി കുട്ടികളുടെ സ്വപ്നങ്ങളെ കവർന്നെടുക്കുന്നു. സൈബർ ബുള്ളിയിങ്, പോർണോഗ്രഫി, ഓൺലൈൻ ഗെയിം ഗ്രൂമിങ് എന്നിവ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു. സൈബർ അതിക്രമങ്ങളിൽ പത്തിൽ ഒന്പതും കുട്ടികളുടെ ലൈംഗിക ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ് എന്നത് ഡിജിറ്റൽ ലോകത്തെ ഭീഷണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരുവർഷത്തിനിടെ ഒന്നരലക്ഷത്തോളം കുട്ടികളെ കാണാതായതിൽ മുക്കാൽ പങ്കും പെൺകുട്ടികളായിരുന്നു എന്നത് നാടിന്റെ നെഞ്ചുപൊള്ളിക്കുന്ന യാഥാർഥ്യമാണ്. മാതാപിതാക്കളുടെ അമിത പ്രതീക്ഷകളും മത്സരാധിഷ്ഠിത ജീവിതശൈലിയും താങ്ങാനാകാതെ ബാല്യങ്ങൾ ആത്മഹത്യയിലേക്ക് അഭയംപ്രാപിക്കുന്നതിന്റെ എണ്ണം അപകടകരമാംവിധം വർധിക്കുന്നു. നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അവ നടപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ഏറ്റവും വലിയ പോരായ്മയായി കാണുന്നത്.
നീതിനിർവഹണത്തിലെ കാലതാമസം
പോക്സോ കേസുകളിലും ബാലവേല ഉൾപ്പെടെയുള്ള കേസുകളിലും വിചാരണ നീണ്ടുപോകുന്നത് ഇരകളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നു. കുട്ടികളുടെ ശാരീരികവളർച്ചയ്ക്ക് നൽകുന്ന മുൻഗണന പലപ്പോഴും അവരുടെ മാനസികാരോഗ്യത്തിന് നൽകുന്നില്ല. അവരുടെ ഭയങ്ങളെയും ആശങ്കകളെയും കേൾക്കാൻ മാതാപിതാക്കൾക്ക് സമയം ലഭിക്കാത്തത് അവരെ ഏകാന്തതയിലേക്ക് തള്ളിവിടുന്നു. സ്നേഹത്തോടെയുള്ള സംഭാഷണങ്ങൾക്കുപകരം സ്മാർട്ട് സ്ക്രീനുകൾ ഇടംപിടിക്കുമ്പോൾ സ്നേഹവും സുരക്ഷിതത്വവും ലഭിക്കാതെ കുട്ടികൾ അസ്വാഭാവികതയിലേക്ക് വീഴുന്നു. ഒരു രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുന്നത് അതിന്റെ നിർമാണശാലകളിലോ വ്യവസായകേന്ദ്രങ്ങളിലോ അല്ല, മറിച്ച് ചിരിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലും അവരുടെ ഭയരഹിതമായ സ്വപ്നങ്ങളിലുമാണ്. ശിശുദിനമെന്നത് വെറുമൊരു ദിനാചരണത്തിന്റെ വർത്തമാനങ്ങളിലോ ആശംസാകാർഡുകളിലോ ഒതുങ്ങിനിൽക്കേണ്ട ഒന്നല്ല. അത് ഇരുട്ടിൽ
വിറങ്ങലിച്ചുനിൽക്കുന്ന ഓരോ കുഞ്ഞിന്റെയും കണ്ണീരൊപ്പാനുള്ള സമഗ്രമായ ആത്മപരിശോധനയുടെ ദിനമാണ്. സമൂഹത്തിന്റെ ഓരോ സ്പന്ദനത്തിലും നിറഞ്ഞുനിൽക്കേണ്ട സുരക്ഷിതത്വത്തിന്റെ കവചമാണ്. നമുക്കു ചുറ്റുമുള്ള ഓരോ കുഞ്ഞിനും സ്വാതന്ത്ര്യത്തോടെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ചിറകടിച്ചുയരാൻപാകത്തിൽ കരുതലിന്റെയും സ്നേഹത്തിന്റെയും പുതിയ പ്രഭാതം സൃഷ്ടിക്കാൻ ഈ ശിശുദിനത്തിൽ നമുക്ക് ഒന്നായി പ്രതിജ്ഞയെടുക്കാം.
(ലേഖകൻ സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയാണ്)














