Deshabhimani

Articles

ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 173–ാമത് ജയന്തി

വിളക്കുമരം തീർത്ത പ്രതിഭ

Chattambi Swamikal
എൻ കെ സുനിൽകുമാർ

Published on Sep 02, 2026, 12:00 AM | 3 min read

അയ്യപ്പൻപിള്ള, കുഞ്ഞൻപിള്ള, ഷണ്മുഖദാസൻ എന്നീ പേരുകളിൽ അറിയപ്പെട്ട വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 173–ാമത് ജയന്തിയാണ് ഇന്ന്. പേരുകളിലെ സ്വരവൈവിധ്യം സൂചിപ്പിക്കുന്നതുപോലെ യുഗപ്രഭാവനായ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം. 19-–ാംനൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജനിച്ച് 20–ാംനൂറ്റാണ്ടിന്റെ ആദ്യപാദംവരെയുള്ള കാലയളവിൽ, മനുഷ്യസമുദായത്തിന്റെ സർവതോമുഖമായ ഉൽക്കർഷത്തിനായി മാതൃകാപരമായ ജീവിതം ചരിത്രത്തിൽ ബാക്കിവച്ചാണ് അദ്ദേഹം വിട വാങ്ങിയത്‌.


"അസമത്വഭാവനകളഭിമാന വിക്ഷതികൾ

​അടിമുടിയനാചാര വിനകൾ

​കാടായി മാറ്റിയൊരു നാടിതിനു മോചനം

നേടിക്കൊടുപ്പതിന്നായി

​ഇരുളിന്റെ മാറത്തു ശരമാരി ചൊരിയുന്നൊ-

രറിവിന്റെ ദീപശിഖയേന്തി

​അടിവെച്ചു പതറാതെ മുന്നോട്ടു നടകൊണ്ട

പടുതരയമീന്ദ്രനേ വെൽക!’

​എന്ന് പ്രൊഫ. എ വി ശങ്കരൻ, വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ചത് സ്‌മരണീയം. തിരുവനന്തപുരം പേട്ടയിലെ രാമൻപിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ അധ്യാപകരുടെ അസാന്നിധ്യത്തിൽ അച്ചടക്കപാലനത്തിന് നിയോഗിച്ച, മോണിറ്ററായ വിദ്യാർഥി എന്നനിലയിലാണ് ‘ചട്ടമ്പി’ എന്ന വിശേഷണം സ്വാമികൾക്ക് വന്നുചേർന്നത്. ഭാഷയും ഒരു മൂലധനമാണെന്നും അത് സർവജനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും വിസ്‌തൃത ബഹുജനങ്ങൾക്ക് അപ്രാപ്യമായിരുന്ന സംസ്‌കൃതത്തെ സാധാരണ മനുഷ്യർക്ക് കരഗതമാക്കേണ്ടതുണ്ടെന്നും സ്വാമികൾ അന്നേ തിരിച്ചറിഞ്ഞിരുന്നു.


ഭൂസ്വത്തും സവിശേഷ അവകാശങ്ങളും തീണ്ടാപ്പാടകലെയായിരുന്ന, സാമൂഹ്യശ്രേണിയിലെ അടിത്തട്ടിൽ ജീവിച്ചുപോന്നിരുന്ന ബഹുജനങ്ങൾക്ക് അക്കാലത്തെ സഞ്ചിത വിജ്ഞാനത്തിലേക്കുള്ള വഴി തെളിക്കുകകൂടിയായിരുന്നു ചട്ടമ്പിസ്വാമികൾ തന്റെ പ്രവർത്തനങ്ങളിലൂടെ ചെയ്തത്. തമിഴ്, സംസ്കൃത ഭാഷകളിൽ പ്രാവീണ്യമുണ്ടായിട്ടും മാതൃഭാഷയിൽ എഴുതിയും പ്രഭാഷണം നടത്തിയും അദ്ദേഹം, തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഇതുവഴി സാംസ്‌കാരികരംഗത്തെ വരേണ്യകുത്തക പൊളിച്ചെഴുതി സാമാന്യ ജനവിഭാഗങ്ങളുടെ വക്താവായി അദ്ദേഹം മാറി. രാമായണ മഹാഭാരതാദി വിവർത്തനങ്ങളിലൂടെ എഴുത്തച്ഛനും ഭാഷയെ പ്രചാരത്തിലാക്കിയിട്ടുണ്ടെങ്കിലും വേദങ്ങളും മറ്റും സാധാരണക്കാർക്കുകൂടി പഠിക്കാനവകാശമുണ്ടെന്ന് ചട്ടമ്പിസ്വാമികൾ വാദിച്ചു. വള്ളത്തോൾ മഹാകവിയുടെയൊക്കെ ഋഗ്വേദ വിവർത്തനത്തിന് കാരണമായത് ചട്ടമ്പിസ്വാമികളുടെ ശ്രമഫലമായി സാധ്യമായ പൗരാണികവിജ്ഞാനത്തിന്റെ ജനാധിപത്യവൽക്കരണവും നിഗൂഢവൽക്കരണവിരുദ്ധ ശ്രമങ്ങളുമാണെന്നു പറയാം. ഐക്യകേരള പിറവിക്കുമുമ്പ് തെക്കൻ കേരളത്തിൽ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരു സ്വാമിയും ഉണ്ടാക്കിയെടുത്ത മനുഷ്യ പരിഷ്കരണശ്രമങ്ങൾ കേരളത്തിന്റെ ഉത്തരഭാഗങ്ങളിൽ നിർവഹിച്ചത്‌ ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ആണ്‌. സഹകരണപ്രസ്ഥാനങ്ങൾക്കുവരെ ആധ്യാത്മികപ്രസ്ഥാനങ്ങൾ കാരണമായി. ഇ‍ൗ ബദലുകളുടെ ചരിത്രമാണ് പരിഷ്‌കൃതകേരളത്തെ നിർമിച്ചതെന്ന യാഥാർഥ്യം ഓർക്കേണ്ട അവസരംകൂടിയാണിത്‌. ജനകീയാരാധനാ സമ്പ്രദായങ്ങൾക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ, കേരളോൽപ്പത്തിയെക്കുറിച്ചുള്ള വാമൊഴി കൽപ്പിത കഥകളുടെ പൊളിച്ചെഴുത്ത്, ചരിത്രത്തോടും സാമൂഹ്യപുരോഗതിയോടും വച്ചുപുലർത്തിയ യുക്തിഭദ്ര സമീപനങ്ങൾ എന്നിവയൊക്കെ സ്വാമികളെ 20–ാം നൂറ്റാണ്ടിലെ കേരളത്തിന്റെ ഗതി മാറ്റിയെഴുതിയ മഹാത്മാക്കളുടെ ഗണത്തിലേക്ക് പ്രതിഷ്ഠിച്ചു.


പ്രത്യക്ഷത്തിൽ ആധ്യാത്മികതയായിരുന്നു മുഖമുദ്രയെങ്കിലും സത്താപരമായ അന്തർലീനതകളിൽ സ്വാമികളുടെ പരിഷ്‌കരണയത്നങ്ങൾ അയിത്തോച്ചാടനം, ആരാധനാസ്വാതന്ത്ര്യം, അന്ധവിശ്വാസനിർമാർജനം, വൈദേശികവിരുദ്ധമായ സ്വാതന്ത്ര്യവാഞ്ഛ എന്നിവകൊണ്ട് പ്രസക്തമായി. ദാരിദ്ര്യത്തെ മറികടക്കാൻ നിർമാണത്തൊഴിലാളിയായും ആധാരമെഴുത്തുകാരനായും ദിവാന്റെ കണക്കപ്പിള്ളയായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ദിവാൻ മാധവറാവുവിന്റെ മേൽനോട്ടത്തിൽ നടന്ന, ഇപ്പോഴത്തെ സർക്കാർ സെക്രട്ടറിയറ്റ് പ്രവർത്തിക്കുന്ന പഴയ ഹജൂർ കച്ചേരിയുടെ നിർമാണവേളയിൽ അദ്ദേഹം തൊഴിലാളിയായിരുന്നു. സർക്കാർ കണക്കപ്പിള്ളയായി ജോലി ചെയ്യവെ, തന്റെ അവധി അപേക്ഷ നിരസിച്ച് അടുത്തദിവസംതന്നെ ജോലിക്ക് ഹാജരാകണമെന്നു പറഞ്ഞ തഹസിൽദാർ ത്രിവിക്രമൻ തമ്പിയോട്, "ഞാൻ ഇനി എപ്പോൾ അവിടെ വന്നിരിക്കുമോ, അപ്പോൾ എന്നെ കാണാം' എന്ന് തീർത്തുപറഞ്ഞ് ജോലിയിൽനിന്ന്‌ ഇറങ്ങിപ്പോന്ന കുഞ്ഞൻപിള്ള ആർജവത്തിന്റെ പ്രതീകംതന്നെയാണ്.


സാമുദായിക ദുരവസ്ഥകൾക്കെതിരെ അദ്ദേഹം അചഞ്ചലനായി നിലകൊണ്ടപ്പോൾ അവയൊക്കെയും ദേശീയ സ്വാതന്ത്ര്യസമരത്തിന് ആക്കംകൂട്ടാൻ ഉപയുക്തമായി. മതാതീതവും ജാത്യതീതവുമായ മാനവമതത്തെയാണ് അദ്ദേഹം സങ്കൽപ്പസമൂഹമായി ദർശിച്ചത്. കാഷായം ധരിക്കാതെയും കമണ്ഡലു ഏന്താതെയും വെള്ളവസ്ത്രം ധരിച്ചുനടന്ന സന്യാസിയായ അദ്ദേഹത്തെ 1892ൽ ഇടപ്പള്ളിയിൽവച്ച് സ്വാമി വിവേകാനന്ദൻ സന്ദർശിക്കുകയുണ്ടായി. രാജഭരണത്തിൻകീഴിലെ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ അഴിമതിയെയും അതിക്രമങ്ങളെയും വഞ്ചനകളെയും എതിർക്കാനായി അദ്ദേഹം നടത്തിയ പട്ടിസദ്യ സുവിദിതമാണ്. അന്യായങ്ങൾ കാണിച്ചുകൂട്ടിയ രാജഭരണത്തിൻകീഴിലെ ഉദ്യോഗസ്ഥർക്കുള്ള പ്രതീകാത്മക സൽക്കാരത്തിന് കാണിച്ച ആ ധൈര്യം നോക്കുക!


പ്രാചീനമലയാളം, വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ക്രിസ്തുമതസാരം, ആദിഭാഷ തുടങ്ങി പതിനാറോളം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സഹൃദയത്വം, സമഭാവന, അഹിംസ, നീതിബോധം, തുല്യത, ശാസ്ത്രീയത, കാലോചിതമായ നവീനത എന്നിങ്ങനെ ആധുനികതയെ നിർണയിച്ച പല സവിശേഷതകളും ചട്ടമ്പിസ്വാമികളിൽ കാണാം. മനുഷ്യസമുദായത്തിന്റെ വളർച്ചയിലേക്കും വികാസത്തിലേക്കുമുള്ള സാമൂഹ്യപരിണാമത്തിന്റെ പിരിയൻകോണിപ്പടികളിൽ അദ്ദേഹം പതിച്ചുവച്ച മാനവികതയുടെയും സഹജീവിസ്നേഹത്തിന്റെയും മുദ്രകൾ മായാതെ നിലനിൽക്കും. ഇക്കാലത്തും പടർന്നുകയറുന്ന വർഗീയതയിലൂന്നിയ വിഭജനതന്ത്രങ്ങളെയൊക്കെ അതിജയിക്കാൻ അദ്ദേഹത്തിന്റെ ഓർമകൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഉൾവെളിച്ചം നൽകുന്നവയാണ്.


​ജ്ഞാനവിവേകങ്ങൾ നിലവിലുള്ള വ്യവസ്ഥിതികളുടെ കൊള്ളരുതായ്മകളുടെ ഉച്ചാടനത്തിനുള്ള മറുമരുന്നാണെന്ന് കരുതിയ പോരാളിയായിരുന്നു സ്വാമികൾ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയശേഷം കേരളഭൂമിയെ ബ്രാഹ്മണർക്ക് പതിച്ചുനൽകിയെന്ന കെട്ടുകഥയെ നിരാകരിക്കാൻ അദ്ദേഹം കാട്ടിയ ധൈര്യം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ചെറിയൊരു വിഭാഗം ജനതയെ വിഭവങ്ങളുടെ ഉടമസ്ഥരാക്കി മഹാഭൂരിപക്ഷം വരുന്ന, മണ്ണിൽ പണിയെടുക്കുന്നവരെ അകറ്റിനിർത്തുന്ന പ്രാമാണിക വ്യവസ്ഥിതിയെ ചോദ്യംചെയ്യുകയാണ് അദ്ദേഹം ചെയ്തത്. അധ്വാനശീലരായ കൃഷിക്കാരെ ചൂഷണം ചെയ്യാൻ പാകപ്പെടുത്തിയ സാമൂഹ്യ സാമ്പത്തിക സംവിധാനത്തെയാണ് "പ്രാചീനമലയാള’ത്തിലൂടെ വിദ്യാധിരാജൻ തകർത്തുകളഞ്ഞത്.


അധീശത്വ നിർമിതിക്ക് ഉതകുന്നവിധം സാമാന്യ ജനങ്ങളുടെ അജ്ഞാനത്തെ ഉപരിവർഗം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള പ്രതിവിധിയായിരുന്നു അദ്ദേഹത്തിന്റെ ആ രചന. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വഴിയൊരുക്കിയ ചിന്താപദ്ധതികൾ അദ്ദേഹം മുന്നോട്ടുവച്ചു. ചട്ടമ്പിസ്വാമിയുടെ സമാധിയറിഞ്ഞപ്പോൾ ശ്രീനാരായണ ഗുരു എഴുതിയ ചരമശ്ലോകം ഏറെ പ്രസിദ്ധമാണ്. ആ സംസ്‌കൃതശ്ലോകത്തെ, ചട്ടമ്പിസ്വാമിയുടെ പ്രശിഷ്യനായ വിദ്യാനന്ദ തീർഥപാദർ ഇങ്ങനെ മലയാളീകരിച്ചിരിക്കുന്നു:

"സർവജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാർഗത്തിലൂടെ ഉയർന്ന് പരമവ്യോമത്തിൽ പരിപൂർണ കലാനിധിയായി സർവത്ര പ്രകാശിക്കുന്നു.' വർത്തമാനകാല വെല്ലുവിളികളിൽ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ പ്രകാശം നമുക്ക് വഴികാട്ടിക്കൊണ്ടേയിരിക്കും.


(ലേഖകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ സോഷ്യോളജി വിഭാഗം അസി. പ്രൊഫസറാണ്‌)



deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ

Recommended for you

V D Satheesan VEH Global

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം

Paravur Taluk Hospital medical negligence Abdul Jabbar protest

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി

Flemy Abraham with bjp leaders

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ

Sabarimala opening day pilgrim rush

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല

Haritha Karma Sena Alakkode

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ

pepper.

print edition തിളങ്ങി കറുത്തപൊന്ന്‌; വിപണിവില സർവകാല റെക്കോഡിലേക്ക്‌

Deshabhimani
Home