സിബിഎസ്ഇ മൂല്യനിർണയത്തിൽ സംഭവിച്ചത്


വലിയശാല രാജു
Published on Jun 03, 2026, 09:47 PM | 2 min read
ലക്ഷക്കണക്കിന് കൗമാരക്കാരുടെ ഭാവി നിർണയിക്കുന്ന സിബിഎസ്ഇ 12–ാംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ രാജ്യം സാക്ഷ്യംവഹിച്ചത് സമാനതകളില്ലാത്ത പ്രതിസന്ധി. പരീക്ഷാ മൂല്യനിർണയരംഗത്ത് നൂതന സാങ്കേതികവിദ്യയായ ‘ഓൺ–-സ്‌ക്രീൻ മാർക്കിങ്' (ഒഎസ്‌എം) പൂർണമായി നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനം വലിയ വിവാദത്തിലാണ് കലാശിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയോടൊപ്പം സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകംകൂടി പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഓൺ–സ്‌ക്രീൻ മാർക്കിങ്
കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ കംപ്യൂട്ടറോ എഐയോ നോക്കി മാർക്കിടുന്നതല്ല ഓൺ–-സ്‌ക്രീൻ മാർക്കിങ് സംവിധാനമെന്ന് പലർക്കും അറിയില്ല. കുട്ടികൾ പേനയും പേപ്പറും ഉപയോഗിച്ച് എഴുതിയ പരമ്പരാഗത ഉത്തരക്കടലാസുകൾ പരീക്ഷയ്‌ക്കുശേഷം ഹൈ-റെസല്യൂഷൻ സ്‌കാനറുകൾ ഉപയോഗിച്ച് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റും. ഈ കോപ്പികൾ സിബിഎസ്ഇയുടെ പ്രത്യേക സെർവറുകളിൽ അപ്‌ലോഡ് ചെയ്യും. അധ്യാപകർ കംപ്യൂട്ടർ സ്‌ക്രീനിൽ ഉത്തരക്കടലാസിലെ ഓരോ പേജായി തുറന്നുനോക്കി, വായിച്ച് മനസ്സിലാക്കി മാർക്കിടും.
കൂടുതൽ തെറ്റുകൾ ഒഴിവാക്കാനും മൂല്യനിർണയം വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനുമെന്ന പേരിലാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയത്. എന്നാൽ, ഈ സാങ്കേതികസംവിധാനത്തിലെ പിഴവുകളാണ് ഇപ്പോൾ ലക്ഷക്കണക്കിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ മാനസികസമ്മർദത്തിലാക്കിയത്. അധ്യാപകരെ സംബന്ധിച്ച് ഉത്തരക്കടലാസ് പരിശോധന കേവലം അക്കങ്ങൾ രേഖപ്പെടുത്തുന്ന യാന്ത്രികപ്രക്രിയയല്ല. കുട്ടിയുടെ ചിന്താഗതിയും ആശയം അവതരിപ്പിച്ച ശൈലിയും തൊട്ടറിയുന്ന ജൈവികബന്ധംകൂടിയാണത്. കംപ്യൂട്ടർ സ്‌ക്രീനിലേക്ക് നോക്കിയുള്ള പുതിയ പരിശോധനാരീതി ഈ ബന്ധത്തെ പൂർണമായും ഇല്ലാതാക്കി. എഴുതിയ ഉത്തരക്കടലാസിൽ നോക്കുമ്പോൾ അധ്യാപകന് ലഭിക്കുന്ന ദൃശ്യപരമായ വ്യക്തത സ്‌ക്രീനിൽ ലഭിക്കണമെന്നില്ല.
സ്‌കാൻ ചെയ്‌ത പല കോപ്പികളും വ്യക്തതയില്ലാത്തതും പേജുകൾ തലതിരിഞ്ഞതുമായിരുന്നുവെന്നാണ് വിവരം. ശാസ്‌ത്ര- ഗണിത വിഷയങ്ങളിൽ സമവാക്യങ്ങളും ഡയഗ്രങ്ങളും കൃത്യമായി കാണാൻ കഴിയാതെവരുന്നത് അധ്യാപകരെ കടുത്ത ആശയക്കുഴപ്പത്തിലാക്കും.
ശാസ്‌ത്രം എപ്പോഴും കൃത്യതയിലും കർശനമായ പരീക്ഷണ നിരീക്ഷണങ്ങളിലും അധിഷ്ഠിതമാണ്. എന്നാൽ, സിബിഎസ്ഇയുടെ പുതിയ സംവിധാനത്തിൽ വലിയ ശാസ്‌ത്രീയ അപാകമാണ് പ്രകടമായത്. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ‘ബാർകോഡിങ്ങി'ൽ സംഭവിച്ച പിഴവാണ് ഏറ്റവും പ്രശ്‌നം. ഒരാളുടെ പേപ്പറിൽ മറ്റൊരു കുട്ടിയുടെ ബാർകോഡ് പതിച്ചു. ഡാറ്റ സയൻസ് പ്രകാരം കോഡിങ് ഘട്ടത്തിലുണ്ടാകുന്ന ഇത്തരം ‘ഇൻപുട്ട് പിഴവു’കൾ പിന്നീട് സിസ്റ്റത്തിന് സ്വയം തിരുത്താനാകില്ല.
ഫലമോ, ഭൗതികശാസ്‌ത്ര പരീക്ഷയിൽ നൂറിൽ നൂറ് പ്രതീക്ഷിച്ച വിദ്യാർഥിക്ക് മറ്റാരോ എഴുതിയ പേപ്പറിന്റെ അടിസ്ഥാനത്തിൽ മാർക്ക് കുറവ് ലഭിച്ചു. 98 ലക്ഷത്തോളം ഉത്തരക്കടലാസുകൾ ഒരേസമയം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൈകാര്യം ചെയ്യുമ്പോൾ, അതിനുമുന്നോടിയായി വലിയ തോതിലുള്ള ‘ബീറ്റ ടെസ്റ്റിങ്' നടത്തേണ്ടതായിരുന്നു. എന്നാൽ, മതിയായ സുരക്ഷാപരിശോധനകളോ ലോഡ് ടെസ്റ്റിങ്ങോ നടത്താതെയാണ് സിസ്റ്റം നടപ്പാക്കിയത്. അതേസമയം, ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്യുന്നതിനും കംപ്യൂട്ടർ അധിഷ്‍ഠിത മൂല്യനിർണയം നടത്തുന്നതിനും ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടായെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
വേണം, ശാസ്‌ത്രീയ സമീപനം
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ശാസ്‌ത്രീയമായ പരിഷ്‌കരണങ്ങൾ ആവശ്യമാണ്. ആദ്യഘട്ടത്തിൽ പെട്ടെന്ന് മാർക്ക് കണക്കാക്കാൻ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാലും കൂടുതൽ മാർക്ക് വ്യത്യാസമുള്ള കേസുകളിൽ അധ്യാപകർ നേരിട്ട് പേപ്പർ പരിശോധിക്കുന്ന രീതി നിലനിർത്തണം. ബാർകോഡുകൾ മാറാതിരിക്കാൻ എഐ ഉപയോഗിച്ച് വിദ്യാർഥിയുടെ കൈയക്ഷരത്തിന്റെ പാറ്റേണുകൾ മുൻവർഷങ്ങളിലെ പേപ്പറുമായി ഒത്തുനോക്കുന്ന ‘ഹാൻഡ്‌റൈറ്റിങ് മാച്ചിങ്' സാങ്കേതികവിദ്യയും ഉപയോഗിക്കാം.
സാങ്കേതികവിദ്യ മനുഷ്യന്റെ അധ്വാനം കുറയ്‌ക്കാനും പിഴവുകൾ ഇല്ലാതാക്കാനുമുള്ളതാണ്. എന്നാൽ, മനുഷ്യന്റെ ശ്രദ്ധയും ശാസ്‌ത്രീയമായ കൃത്യതയും ഇല്ലാതെ വെറും യന്ത്രങ്ങളെമാത്രം വിശ്വസിച്ച് പരീക്ഷണങ്ങൾ നടത്തുമ്പോൾ തകരുന്നത് ഒരു തലമുറയുടെ കഠിനാധ്വാനവും സ്വപ്‌നങ്ങളുമാണ്.















