ad
Deshabhimani

Articles

'എംഡിഎംഎ' വാല ആകസ്മികമല്ല

'എംഡിഎംഎ' വാല ആകസ്മികമല്ല

MDMA.jpg
avatar
സി കെ ദിനേശ്‌

Published on Aug 18, 2026, 01:30 AM | 2 min read

അവിടെ ലുങ്കിവാല, ഇവിടെ എംഡിഎംഎ വാല! അവിടെ മോദി ആഖ്യാനം, ഇവിടെ സതീശ്‌ ജീ... വല്ലതും മനസ്സിലായോ. അതെങ്ങനെ മനസ്സിലാകാനാ. സംഗതി എംഡിഎംഎ അല്ലേ. 12 മണിക്കൂർ ഡോസ്‌, 24 മണിക്കൂർ ഡോസ്‌, 48... 72... അങ്ങനെ പോകും. അല്ല, യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഇപ്പൊ എന്തൊക്കെയാ ചുമതല. പഴയ ജോലികളൊക്കെ വിട്ടോ.

തൊട്ടുമുൻ പ്രസിഡന്റ്‌ മാങ്കൂട്ടത്തിൽ വാല സ്ഥാനഭ്രഷ്ടനായ ചരിത്രം പത്രത്താളുകളിൽ വിശദീകരിക്കേണ്ടതില്ല. ഇപ്പോൾ സഹപ്രവർത്തകർ ഓരോരുത്തരായി ജയിലിൽ പോകുന്നത്‌ കാണുമ്പോൾ മാങ്കൂട്ടത്തിലിന്‌ ‘ഹാപ്പി’ ചെറുതൊന്നുമല്ല.


‘‘യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നു ബലാത്സംഗക്കേസും വിവിധ ലൈംഗികാതിക്രമ ആരോപണങ്ങളും നിലവിലുണ്ട്’’– എന്നാണ്‌ മെറ്റ വഴി കിട്ടുന്ന വിവരം. അതെന്താ മെറ്റ നീക്കാത്തത്‌ എന്ന സംശയം മുഖ്യമന്ത്രി വി ഡി സതീശന്‌ സ്വാഭാവികമായുമുണ്ട്‌. അത്‌ പോട്ടെ. അതായത്‌ വിവിധ സ്‌ത്രീകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ മൂന്നു ബലാത്സംഗക്കേസ്‌. മൂന്നാമത്തെ ലൈംഗികാതിക്രമ കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം പാലക്കാട്ടെ ഒരു ഹോട്ടലിൽനിന്ന് വിദ്വാനെ അറസ്റ്റ് ചെയ്തു, ജാമ്യത്തിലിറങ്ങി. അങ്ങനെയുള്ള പ്രസിഡന്റുണ്ടായിരുന്ന യൂത്ത്‌ കോൺഗ്രസിൽ പുതുതായി ഭാരവാഹികളാകുന്നവരും മോശക്കാരാകരുതല്ലോ. ചുരുങ്ങിയത്‌ ഒരു എംഡി ‘എംഎ’ എങ്കിലും വേണം.


മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്ററും യൂത്ത് കോൺഗ്രസ്‌ ബൂത്ത് ഭാരവാഹിയുമാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ. പ്രധാന ജോലി, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയവഴി അദ്ദേഹത്തെ വെളുപ്പിച്ചെടുക്കലാണ്‌. വന്നു വന്ന്‌ ഇപ്പൊ കൺവീനർക്ക്‌ സോഷ്യൽ മീഡിയയിൽ കയറാനാകാത്ത സ്ഥിതി! ലുങ്കിവാലയൊക്കെ എന്ത്‌. വാല എന്നുപറഞ്ഞാൽ എംഡിഎംഎ വാലയാണെന്ന്‌ സോഷ്യൽ മീഡിയ നമ്മെ പഠിപ്പിക്കും.

സോറി നവകേരള യാത്രക്കാലം, അന്ന്‌ നല്ല വെയിലുണ്ടായിരുന്നു... സതീശൻ കഥ തുടങ്ങിയപ്പോഴേ പത്രക്കാർക്ക്‌ കാര്യം മനസ്സിലായി. കാരണം, രണ്ടുദിവസം മുന്പേതന്നെ സോഷ്യൽ മീഡിയയിൽ വൈറലായത്‌ വ്യാഴാഴ്‌ചത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്ന മറുപടികൾ. അവ ആരൊക്കെയോ മുൻകൂർ വിക്ഷേപിച്ചിരുന്നു. ശൊ, അച്ചട്ട്‌.

മുഖ്യമന്ത്രി അതുതന്നെ മൂഡ്‌: ‘‘തല്ലുകൊണ്ടതല്ലേ, ഒന്ന്‌ കാണാമെന്നു കരുതി, തെറ്റുണ്ടോ.’’ പക്ഷേ, ടൈം ലൂപോ മറ്റോ വേണ്ടിവരും അത്‌ സാധിക്കാനെന്ന്‌ സതീശന്‌ മനസ്സിലായില്ല. 2021 മുതൽ മുഹമ്മദ്‌ ഹുസൈനുമായി ബന്ധമുള്ള സതീശൻ 2023ലെ നവകേരള യാത്രയ്ക്കുശേഷം ഇ‍ൗ മഹാനെ ആദ്യമായി അറിയുന്നു! ‘ലവ്‌ യു ഡാ’!


ഇനി കാര്യത്തിലേക്ക്‌ വരാം. മാങ്കൂട്ടത്തിൽ വാല ബിസിനസ്‌ തുടരുന്നവർ യൂത്ത്‌ കോൺഗ്രസ്‌ തലപ്പത്ത്‌ വിവിധ സ്ഥാനങ്ങളിൽ ഇല്ലെങ്കിലേ വാർത്തയാക്കേണ്ടൂ. പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന മല്ലികാർജുൻ ഖാർഗേ സുല്ല്‌ പറഞ്ഞു. എംഡിഎംഎ സൂക്ഷിപ്പുകാരൻ അകത്തായി മണിക്കൂറുകൾ കഴിഞ്ഞില്ല, സംസ്ഥാന വൈസ്‌ പ്രസിഡന്റും ഉള്ളിലായി. റെയിൽവേയിൽ ജോലി കൊടുക്കാമെന്നു പറഞ്ഞ്‌ പലരുടെയും കൈയിൽനിന്ന്‌ ലക്ഷങ്ങൾ വാങ്ങി മുക്കി, അയിനാണ്‌. അതും ബിജെപിക്കാരനുമായി ചേർന്ന്‌. തട്ടിപ്പിൽ പിടിക്കപ്പെടുമെന്നായപ്പോൾ ബിജെപി നേതാവ്‌ ആത്മഹത്യ ചെയ്തു. ആ ആത്മഹത്യക്കുപിന്നാലെ പോയ പൊലീസ്‌ എത്തിയത്‌ യൂത്ത്‌ കോൺഗ്രസ്‌ ആപ്പീസിൽ! എങ്ങനെയിരിക്കുന്നു.


യൂത്ത്‌ കോൺഗ്രസുകൊണ്ട്‌ നാടിന്‌ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നു പ്രസംഗിച്ച കോൺഗ്രസിലെ മുതിർന്ന നേതാവ്‌ ഇപ്പൊ ആരായി. അതാണോ ഇ‍ൗ തൂഫാൻ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home