ടേക്ക് ഓഫ് ഘട്ടം തന്നെ

ഒ വി സുരേഷ്
Published on Jun 02, 2025, 09:34 PM | 4 min read
കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും തനത് വരുമാനം വർധിപ്പിച്ച് നമുക്ക് മുന്നേറാനും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകാനുമായി. ഒമ്പതുവർഷത്തെ ഭരണനേട്ടം ശൂന്യതയിൽനിന്ന് ഉണ്ടായതല്ല. മറിച്ച്, കൃത്യമായ ആസൂത്രണത്തിലൂടെയും വിഭവ സമാഹരണത്തിലൂടെയുമാണ് അതെന്നും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ആർ രാംകുമാർ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. തയ്യാറാക്കിയത് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ഒ വി സുരേഷ്
ധനപരമായ ദൃഢീകരണം സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യും. ചെലവ് വെട്ടിക്കുറച്ചും വരുമാനം വർധിപ്പിച്ചും അത് കൈവരിക്കാം. ഇതിൽ ആദ്യത്തേത് നവഉദാരനയങ്ങൾ പ്രതിനിധാനംചെയ്യുന്നു. ഇതാണ് കേന്ദ്രസർക്കാരിന്റേത്. വരുമാനം വർധിപ്പിച്ച് ധനപരമായ ദൃഢീകരണം കൈവരിക്കുകയെന്നതാണ് ഇടതുപക്ഷ ബദൽ. ഇതാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. പദ്ധതിച്ചെലവ്, ദരിദ്ര-– -പാർശ്വവൽകൃത ജനവിഭാഗത്തിനുള്ള സാമ്പത്തിക സഹായം, വിദ്യാഭ്യാസ– --ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സഹായം എന്നിവയൊന്നും വെട്ടിക്കുറയ്ക്കാതെ നികുതി-– -നികുതിയേതര വരുമാനം വർധിപ്പിച്ച് സംസ്ഥാനവികസനത്തിന് അവശ്യംവേണ്ട വിഭവങ്ങൾ തേടുകയാണ്. ഈ ബദൽ മാർഗത്തിന്റെ വിജയഘട്ടത്തെയാണ് ടേക്ക് ഓഫ് ഘട്ടം എന്ന് ധനമന്ത്രി വിശേഷിപ്പിച്ചത്. സാമ്പത്തിക ബദലുകൾക്കുള്ള അന്വേഷണത്തിൽ പ്രധാന മാതൃക കേരളത്തിനുണ്ട് എന്ന് മറ്റു സംസ്ഥാനങ്ങൾക്ക് കാട്ടിക്കൊടുക്കാനും സാധിച്ചു.
വരുമാനം വർധിപ്പിച്ച് സ്വന്തം കാലിൽ
തനതുവരുമാനം കാര്യക്ഷമമായി സംഭരിച്ചാണ് കേരളം ബദൽ സൃഷ്‌ടിച്ചത്. കേന്ദ്രത്തിന്റെ നികുതി വിഹിതവും ഗ്രാന്റുകളും കുറയുകയോ, നിന്നുപോവുകയോ ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നേട്ടം. 2020– --21ൽ 54,987 കോടി രൂപയായിരുന്നു കേരളത്തിന്റെ തനത് (നികുതി+ നികുതിയേതര) വരുമാനം. 2023–--24ൽ 93,891 കോടിയായി. അതായത് മൂന്നുവർഷത്തിൽ 38,904 കോടി വർധിച്ചു. റിസർവ് ബാങ്കിന്റെ "റിപ്പോർട്ട് ഓൺ സ്റ്റേറ്റ് ഫിനാൻസസ്’ എന്ന പ്രസിദ്ധീകരണത്തിൽ ശ്രദ്ധേയമായ കണക്കുണ്ട്. 2016– 17ൽ മൊത്തം നികുതി വരുമാനത്തിന്റെ വിഹിതമായി തനത് നികുതി വരുമാനം കേരളത്തിൽ 74.5 ശതമാനം. എല്ലാ സംസ്ഥാനത്തിനുംകൂടി 62.8 ശതമാനം. 2023– --24ൽ കേരളത്തിൽ 78.4 ശതമാനം. എല്ലാ സംസ്ഥാനത്തിനുംകൂടി 64.8 ശതമാനം. മൊത്തം നികുതി വരുമാനത്തിന്റെ വിഹിതമായി തനത് നികുതിയേതര വരുമാനം 2016– --17ൽ കേരളത്തിൽ ആറു ശതമാനം. എല്ലാ സംസ്ഥാനത്തിനുംകൂടി 12 ശതമാനം. എന്നാൽ, 2023-– -24ൽ കേരളത്തിൽ 17.2 ശതമാനം. എല്ലാ സംസ്ഥാനത്തിനുംകൂടി 10.7 ശതമാനമാണ്. അടുത്ത് പുറത്തുവന്ന 2024– -25ലെ കണക്കുകളിൽ കേരളത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി കടക്കുമെന്നാണ്. തനത് നികുതി വരുമാനം 84,000 കോടിയും നികുതിയേതര വരുമാനം 16,000 കോടിയും കടക്കും.
നികുതിപിരിവിലെ കാര്യക്ഷമത
ഈ മേഖലയെക്കുറിച്ച് അറിവില്ലാത്തവരാണ് കേരളത്തിൽ നികുതിപിരിവ് കാര്യക്ഷമമല്ലെന്ന് പറയുന്നത്. ഘടനാപരമായ പ്രശ്നം പ്രതിപാദിക്കണം. ഒരു സംസ്ഥാനത്തിന്റെ സമ്പദ്ഘടന വളരുന്നതിനനുസരിച്ച് നികുതിവരുമാനം കൂടണമെങ്കിൽ, ആ സംസ്ഥാനത്തെ ഉപഭോഗം അവിടത്തെതന്നെ ഉൽപ്പാദനം വർധിപ്പിച്ചാകണം വളരേണ്ടത്. പക്ഷേ, കേരളത്തിലെ കാർഷിക വ്യാവസായിക ഉൽപ്പാദനം താരതമ്യേന കുറവാണ്. അതുകൊണ്ട്, കേരളത്തിൽ പ്രതിശീർഷ വരുമാനവും ഉപഭോഗവും വർധിച്ചാലും അതിന്റെ ഭാഗമായി വളരേണ്ട ചോദനവും തൊഴിലും ഉണ്ടാകുന്നത് മറ്റ് സംസ്ഥാനങ്ങളിലാണ്. ഇവിടെയാണ് നമ്മൾ വിജയകരമായി നടപ്പാക്കുന്ന ആഭ്യന്തര വ്യവസായ വികസന നയങ്ങളുടെ പ്രാധാന്യം.
മറുവശത്ത്, ജിഎസ്ടിയുടെ വരവോടെ ആഭ്യന്തരമായി നികുതി വർധിപ്പിച്ച് വരുമാനം കൂട്ടാനുള്ള സാധ്യതകളില്ലാതായി. ചുരുക്കം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമേ സംസ്ഥാനത്തിന് നികുതി വർധിപ്പിക്കാൻ അവകാശമുള്ളൂ.
ജിഎസ്‌ടിയും വരുമാന നഷ്‌ടവും
സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണ് കേന്ദ്രത്തിന്റെ രാഷ്ട്രീയ നിലപാട്. സംസ്ഥാന വാറ്റ്, സെൻട്രൽ സെയിൽസ് ടാക്സ്, പർച്ചേസ് ടാക്സ്, ലക്ഷ്വറി ടാക്സ്, എൻട്രി ടാക്സ്, എന്റർടെയിൻമെന്റ് ടാക്സ്, പരസ്യങ്ങൾക്കുള്ള നികുതി, ലോട്ടറി/ ചൂതാട്ടം എന്നിവയ്ക്കുള്ള നികുതി, സംസ്ഥാന സെസുകളും സർചാർജുകളും... ഇവയെല്ലാം ജിഎസ്ടിയിലേക്ക് ചേർക്കപ്പെട്ടു. അന്തർ സംസ്ഥാന വ്യാപാരത്തിനുള്ള ഐജിഎസ്ടി പിരിക്കൽ, വിതരണംചെയ്യുന്നതിലുമുള്ള കേന്ദ്രസർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും കേരളത്തെ ബുദ്ധിമുട്ടിച്ചു.
ചെക്പോസ്റ്റില്ലാത്തതിനാൽ സ്വർണംപോലെ കേരളത്തിൽ ഒരുപാട് ആവശ്യക്കാരുള്ള ചരക്കിന് ഇ–--വേ ബില്ലിങ് കൃത്യമായി നടപ്പാക്കാൻ കേന്ദ്രം തയ്യാറാകാത്തത് പ്രധാനപ്രശ്നമാണ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുംപിടിത്തമാണ് കാരണം. ഒടുവിൽ 2023 ജൂലൈയിലാണ് ജിഎസ്ടി കൗൺസിൽ അനുമതി നൽകിയത്. അപ്പോഴും അങ്ങനെ ചെയ്യാൻ ആഗ്രഹമുള്ള സംസ്ഥാനങ്ങൾക്ക് ആകാം എന്നേ പറഞ്ഞിട്ടുള്ളൂ.
കേരളവും കടക്കെണിയും
സമ്പദ്ഘടന വളരുംതോറും കടം എടുക്കാനുള്ള അതിന്റെ പ്രാപ്തി വർധിക്കും. കടം എന്നത് സമ്പദ്ഘടനയുടെ വലിപ്പത്തിന് ആപേക്ഷികമായേ നിർവചിക്കാനാകൂ. അതിനെയാണ് നമ്മൾ റവന്യു കമ്മി, ധനകമ്മി, ജിഡിപിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ കടഭാരമെത്ര എന്നിങ്ങനെയൊക്കെ പരിശോധിക്കുന്നത്. ഒരുദാഹരണം പറയാം: 2023-–-24ലെ കേരളത്തിന്റെ ജിഎസ്ഡിപി 11.5 ലക്ഷം കോടി രൂപയ്ക്കടുത്ത് വരും. ഇതിന്റെ 36 ശതമാനത്തോളംവരും കേരളത്തിന്റെ കടഭാരമായ ഏകദേശം നാലുലക്ഷം കോടി രൂപ. നോമിനൽ കണക്കിൽ വർഷം 12 ശതമാനംകണ്ട് വളരുന്ന സമ്പദ്ഘടനയുടെ ജിഎസ്ഡിപി ഓരോ ഏഴുവർഷം കഴിയുമ്പോഴും ഇരട്ടിക്കും. അങ്ങനെയായാൽ ഏഴുവർഷം കഴിഞ്ഞ് കേരളത്തിന്റെ ജിഎസ്ഡിപി ഏകദേശം 23 ലക്ഷം കോടി രൂപയാകും. അന്ന് നമ്മുടെ മൊത്തം കടഭാരം ഇപ്പോഴത്തെ 36 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി എന്ന് കരുതുക. അപ്പോഴും കേരളത്തിന്റെ കേവലമായ പൊതുകടം ആറുലക്ഷം കോടിയോളം വരും. അതായത് കടഭാരം കുറഞ്ഞെങ്കിലും കേവലമായ കടം ഉയരും. പക്ഷേ, സ്ഥിതി മെച്ചപ്പെട്ടു എന്നാകും സാമ്പത്തിക ശാസ്ത്രജ്ഞർ പറയുക. ഈ പ്രാഥമിക സാക്ഷരതയാണ് കേരളം കടക്കെണിയിലാണെന്ന് പറയുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്ക് ഇല്ലാത്തത്. ജിഎസ്ഡിപിയുടെ അനുപാതമായാണ് കടഭാരം എത്രയെന്ന് പരിശോധിക്കേണ്ടത്. കേരളത്തിന്റെ കടഭാരം മറ്റ് സംസ്ഥാനത്തേക്കാൾ, സ്ഥിരമായി വർധിച്ചു നിൽക്കാൻ സാധ്യതയില്ല. ഓരോ വർഷവും സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന കടം കേന്ദ്രസർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ, അതിൽ കൂടുതൽ കടമെടുക്കാൻ കഴിയില്ല.
ശൂന്യതയിൽനിന്ന് ഉണ്ടായതല്ല
വർധിച്ചുവരുന്ന തനത് വരുമാനത്തിന്റെ ഒരുഭാഗമാണ് പദ്ധതി ചെലവിനും കിഫ്ബിപോലുള്ള ഏജൻസികൾക്കും സർക്കാർ കൈമാറുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ നവീകരണ പ്രവർത്തനത്തിനും ലൈഫ് ഭവന പദ്ധതികൾക്കും കിഫ്ബി വഴിയുള്ള പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താനായത് അങ്ങനെയാണ്. ഒമ്പതുവർഷത്തെ ഭരണനേട്ടങ്ങൾ ശൂന്യതയിൽനിന്ന് ഉണ്ടായതല്ല. മറിച്ച്, കൃത്യമായ ആസൂത്രണത്തിലൂടെയും വിഭവ സമാഹരണത്തിലൂടെയുമാണ്. അതേസമയം, ആവശ്യം വർധിച്ചുവരികയാണ്. അതിനാൽ കൂടുതൽ ഊർജിതമായി തനത് വരുമാനം വർധിപ്പിക്കാനുള്ള ഇടപെടൽ തുടരണം. അങ്ങനെ മാത്രമേ കേന്ദ്രത്തിന്റെ പ്രതിലോമ സമീപനത്തിനിടയിലും നവകേരളം സൃഷ്ടിക്കാനാകൂ.
സാമ്പത്തിക വളർച്ച
മുൻദശകങ്ങളിലെ കേരളം ലോകപ്രസിദ്ധമായത് കുറഞ്ഞ പ്രതിശീർഷ വരുമാനത്തിനിടയിലും മികച്ച സാമൂഹ്യ പുരോഗതി നേടിയതിനാലാണ്. എന്നാൽ, ഇന്ന് കേരളത്തെ പ്രസിദ്ധമാക്കുന്നത് പഴയ വരുമാന-ദാരിദ്ര്യമല്ല, മറിച്ച് ദ്രുതഗതിയിലുള്ള സാമ്പത്തിക വികാസവും വരുമാന-ദാരിദ്ര്യത്തിന്റെ നിർമാർജനവുമാണ്. 2023–--24ൽ സംസ്ഥാനത്തെ മൊത്തം മൂല്യവർധന 7.2 ശതമാനം നിരക്കിലാണ് വളർന്നത്. ഇതേ നിരക്കിലാണ് ഇന്ത്യൻ സമ്പദ്ഘടനയും വളർന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തുണ്ട്. ഗ്രാമീണ മേഖലയിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോഗ-ചെലവുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതും. നഗരമേഖലകളിൽ അഞ്ചാം സ്ഥാനത്തും. ഈ വളർച്ചയ്‌ക്കൊപ്പം കേരളം ചരിത്രപരമായി നേടിയിട്ടുള്ള വിദ്യാഭ്യാസ-, ആരോഗ്യ-, സാമൂഹ്യ സുരക്ഷാ മേഖലകളിലെ പുരോഗതിയെ ചേർത്തുനിർത്തണം. അപ്പോഴാണ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലേക്കും ഗുണങ്ങൾ കിനിഞ്ഞിറങ്ങിയിട്ടുള്ള സാമ്പത്തികവളർച്ച പ്രക്രിയയാണ് ഇവിടെയുണ്ടായത് എന്ന് പറയാനാകുക. വിശാലമായ ആഭ്യന്തര വിപണിയെ അടിസ്ഥാനമാക്കിയതാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ച. ഇത് ഉൽപ്പാദന മേഖലകളെ അടിസ്ഥാനപ്പെടുത്തിയ വളർച്ചാഘട്ടത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി.
തലതിരിഞ്ഞ കേന്ദ്രനയം
മെച്ചപ്പെട്ട ധനസമാഹരണത്തിന് ആദ്യം വേണ്ടത് കേന്ദ്രത്തിന്റെയും ഫിനാൻസ് കമീഷനുകളുടെയും തലതിരിഞ്ഞ നിലപാട് തിരുത്തുകയാണ്. അവകാശപ്പെട്ട വിഹിതം കേരളത്തിന് കിട്ടിയേ മതിയാകൂ. ഇത് നിഷേധിക്കുന്ന കേന്ദ്രനിലപാടുകൾക്കെതിരെ സംസ്ഥാനങ്ങളുടെ യോജിച്ച സമീപനം വേണം. ഇതിനൊപ്പം ആഭ്യന്തര വരുമാന വർധനയ്‌ക്കുള്ള സാധ്യതകൾ തേടണം. അസമത്വം വർധിച്ചുവരുന്ന സംസ്ഥാനമാണിത്. അതിനാൽ വരേണ്യ, -സമ്പന്ന വിഭാഗങ്ങളുടെ ചെലവുകളും ആസ്തികളും പഠിച്ച് അത്തരം ചരക്കുകൾക്കും സേവനങ്ങൾക്കുംമേൽ എങ്ങനെ കാര്യക്ഷമമായി നികുതി ചുമത്താമെന്നത് ആലോചിക്കണം. അത്തരത്തിൽ സാധാരണക്കാരുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കാത്ത നിലപാടുവേണം.














