‘ബ്ലാക്ക്‌മെയിൽ’ രാഷ്‌ട്രീയത്തിന്റെ കളരി


സി കെ ദിനേശ്
Published on Aug 26, 2025, 10:37 PM | 2 min read
ചരിത്രത്തിലില്ലാത്തവിധം നിലംപതിച്ചിട്ടും അതിലും നേട്ടമുണ്ടാക്കാൻ സതീശൻ ശ്രമിച്ചതാണ്, നാണക്കേട് ചുമക്കേണ്ട അവസ്ഥയിൽ കോൺഗ്രസ് ഇപ്പോൾ എത്തിനിൽക്കുന്നതെന്നാണ് നേതാക്കളുടെ മറ്റൊരു പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെ പാർടിയിൽനിന്ന് മാത്രമല്ല എംഎൽഎ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാൻഡിൽ ശക്തമായ ആലോചനയുണ്ടായിരുന്നു. എന്നാൽ, സംരക്ഷകനായ താൻ തന്നെയാണ് നീക്കാനും മുൻകൈയെടുത്തത് എന്ന് സ്ഥാപിക്കാൻ യുഡിഎഫ് പത്രത്തിന്റെ സഹായത്തോടെ സതീശൻ നടത്തിയ നാടകങ്ങളാണ് തിരിച്ചടിച്ചത്
രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ലൈംഗിക, പീഡന പരാതികൾ മുമ്പും പലതുമുണ്ടായിട്ടുണ്ടെങ്കിലും കോൺഗ്രസിന്റെ യുവ എംഎൽഎ നേരിടുന്നതുപോലുള്ള അതീവ ഗുരുതരമായ പരാതികൾ കേരളചരിത്രത്തിൽ ഇല്ലാത്തതാണ്. മറ്റേതെങ്കിലും കേസുകൾ ചൂണ്ടിക്കാട്ടി സംരക്ഷണവലയം തീർക്കാനുള്ള കോൺഗ്രസിന്റെയും യുഡിഎഫ് മാധ്യമങ്ങളുടെയും ശ്രമം, ഇതിനകം പുറത്തുവന്ന തെളിവുകൾ റദ്ദാക്കുന്നു. ഏതൊരു അമ്മയുടെയും നെഞ്ച് കിടുക്കുന്ന സംഭവങ്ങൾ ഉണ്ടായി എന്നാണ് രാഹുലിന്റെ ശബ്ദ, ടെക്‌സ്റ്റ് സന്ദേശങ്ങൾ തെളിയിക്കുന്നത്. ആരോപണമോ ആക്ഷേപമോ പരാതിയോ ഒരു കേസോ അല്ല, പച്ചയായ തെളിവുകളാണ് മുന്നിലുള്ളത്. പെൺകുട്ടികളുമായുള്ള രാഹുലിന്റെ സംഭാഷണങ്ങൾതന്നെ വ്യക്തമാക്കിയത് പ്രണയം നടിച്ച് വശത്താക്കി ചൂഷണം ചെയ്യുന്നത് ഒന്നോ രണ്ടോ പേരെയല്ല, നിരവധി പേരെയാണ് എന്നാണ്. വഞ്ചിക്കപ്പെട്ട സ്‌ത്രീകളുടെ രോദനം കേൾക്കാൻ കോൺഗ്രസിൽ ആളില്ലാതെ പോയോ.

കെ സി വേണുഗോപാലിന്റെ ഭാര്യ ഡോ. ആശ ഫെയ്‌സ്‌ബുക്കിൽ കുറിച്ചതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേര് കേൾക്കുന്നത് ഭയമുണ്ടാക്കുന്നു സ്‌ത്രീകൾക്ക്. കോൺഗ്രസിലെ മഹിളാനേതാക്കൾ രംഗത്തിറങ്ങി ആത്മാർഥമായി പറഞ്ഞത് ഇയാളെ കോൺഗ്രസിന്റെ ഏഴയലത്ത് നിർത്തരുതെന്നാണ്. ഇത്രയൊക്കെ രൂക്ഷമായ പ്രതിഷേധമുണ്ടായിട്ടും എന്തുകൊണ്ടാണ് രാഹുലിന് സംരക്ഷണവലയം തീർക്കാൻ നേതൃത്വം മുന്നോട്ടുവന്നത് എന്നത് ഗൗരവമേറിയ വിഷയമാണ്. കേരളരാഷ്‌ട്രീയത്തിന്റെ ഭാവിയെത്തന്നെ ബാധിക്കാൻ പോകുന്ന ഗുരുതര പ്രതിസന്ധിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. ക്രിമിനലിസത്തിന്റെയും ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്റെയും കൂടാരമായി കോൺഗ്രസ് മാറിയാൽ സംസ്ഥാനത്തിന്റെ സ്ഥിതിയെന്താകും.
ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും അടങ്ങുന്ന നിരയെ കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ മുഖ്യവക്താക്കളായി അവതരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പ്രദേശവാസികളായ ചിലരുടെ പേര് കാര്യമായ എതിർപ്പില്ലാതെ മുന്നോട്ട് വന്നപ്പോൾ രാഹുലിനായി ബലം പിടിച്ചത് ഷാഫിയായിരുന്നു. ഇവരെ രണ്ടുപേരെയും ഏറ്റുപിടിച്ചത് വി ഡി സതീശനും. അന്ന് പരസ്യമായി സതീശൻ പറഞ്ഞത് എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നാണ്, അത് നിറവേറ്റിയോ.
രാഹുലിനെ പാലക്കാട് സ്ഥാനാർഥിയാക്കുമ്പോൾ, മകളെപ്പോലെ കാണുന്ന നടിയുടെ പരാതി മാത്രമല്ല, തലസ്ഥാനത്തെ ചില പ്രമുഖ മാധ്യമപ്രവർത്തകരുടെ പരാതിയും വി ഡി സതീശൻ അടക്കമുള്ള നേതാക്കളുടെ കൈയിലുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പോക്ക് അധാർമിക വഴികളിലൂടെയാണെന്നും പരിധിവിട്ട് പ്രോത്സാഹിപ്പിക്കുന്നത് തിരിച്ചടിക്കുമെന്നുംതന്നെയായിരുന്നു പരാതി.

രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പാർടിക്കകത്തും ചില ഘട്ടങ്ങളിൽ പരസ്യമായും മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസിൽ രൂപപ്പെട്ട, രാഷ്‌ട്രീയ ധാർമികതയെ ഒട്ടും വകവയ്ക്കാത്ത ‘കോക്കസി’ നെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു അത്. കോൺഗ്രസുകാർ എക്കാലത്തും ബഹുമാനിക്കുന്ന നേതാവ് കെ കരുണാകരന്റെ ഭാര്യയെ അപഹസിച്ചപ്പോഴും നിപായുടെ പേരിൽ തെറ്റായ പ്രചാരണം നടത്തിയപ്പോഴും രാഹുലിനെ ചെന്നിത്തല തള്ളിപ്പറഞ്ഞു. ലൈംഗിക പീഡന സംഭവങ്ങളുടെ തെളിവുകൾ ഓരോന്നായി പുറത്തുവന്നപ്പോൾ രാഹുൽ രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും ചെന്നിത്തലയാണ്. അതൊന്നും വകവയ്ക്കാതെ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും മാങ്കൂട്ടത്തിലും അടക്കമുള്ളവർ തെളിച്ച പാതയിൽ കോൺഗ്രസ് മുന്നോട്ടുപോയി.

ചരിത്രത്തിലില്ലാത്തവിധം നിലംപതിച്ചിട്ടും അതിലും നേട്ടമുണ്ടാക്കാൻ സതീശൻ ശ്രമിച്ചതാണ്, നാണക്കേട് ചുമക്കേണ്ട അവസ്ഥയിൽ കോൺഗ്രസ് ഇപ്പോൾ എത്തിനിൽക്കുന്നതെന്നാണ് നേതാക്കളുടെ മറ്റൊരു പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെ പാർടിയിൽനിന്ന് മാത്രമല്ല എംഎൽഎ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാൻഡിൽ ശക്തമായ ആലോചനയുണ്ടായിരുന്നു. എന്നാൽ, സംരക്ഷകനായ താൻ തന്നെയാണ് നീക്കാനും മുൻകൈയെടുത്തത് എന്ന് സ്ഥാപിക്കാൻ യുഡിഎ-ഫ് പത്രത്തിന്റെ സഹായത്തോടെ സതീശൻ നടത്തിയ നാടകങ്ങളാണ് തിരിച്ചടിച്ചത്. ‘പ്രതിപക്ഷനേതാവ് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് എടുത്തതിനാൽ രാഹുലിന് ഉറപ്പായും എംഎൽഎ സ്ഥാനം നഷ്ടമാകു’ മെന്ന് ഒന്നാം പേജിൽ പലകുറി യുഡിഎഫ് പത്രം വാർത്തയെഴുതി. ചില ചാനലുകളും അതേറ്റുപാടി. ഇതൊരു ആസൂത്രിത നീക്കമാണെന്ന് കോൺഗ്രസിലെ ഡൽഹി നേതാക്കൾക്ക് മനസ്സിലായി. ‘ഉപതെരഞ്ഞെടുപ്പ് പേടി’ എന്നൊരു നിയമോപദേശത്തിന്റെ പേര് പറഞ്ഞ് സതീശന്റെ നാടകം പൊളിക്കുകയായിരുന്നു. അത്തരത്തിൽ ഒരു പേടി തങ്ങൾക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്‌തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പാർടിയെ ആകെ പടുകുഴിയിൽ തള്ളിയിട്ടത് യുവനേതാവ് മാത്രമല്ല, സംരക്ഷകർകൂടിയാണെന്ന ചർച്ച കോൺഗ്രസിൽ സജീവമാണ്. ഇത് പാർടിയിലെ പുതിയ മാറ്റങ്ങൾക്കുകൂടിയുള്ള നാന്ദിയായേക്കാം.














