Deshabhimani

Articles

വഖഫ് ബിജെപി–യുഡിഎഫ് ഡീൽ

വഖഫ് ബിജെപി–യുഡിഎഫ് ഡീൽ

BJP deal
avatar
പി രാജീവ്

Published on Aug 01, 2026, 12:39 AM | 5 min read

വഖഫ് ബോർഡുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ സ്വീകരിച്ച വഞ്ചനാപരവും മുസ്ലിംവിരുദ്ധവും ബിജെപി വിധേയത്വപരവുമായ നിലപാട് കേരളീയ സമൂഹം തിരിച്ചറിഞ്ഞതോടെ പുതിയ നുണകളുടെ പുകമറ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതൃത്വവും വൃഥാ ശ്രമിക്കുകയാണ്. ബിജെപി നേതാവ് നൽകിയ കേസിൽ വാദിക്കൊപ്പം സർക്കാരും കൈകോർത്തതോടെയാണ് വിവാദം ആരംഭിക്കുന്നത്. അതുസംബന്ധിച്ച് സർക്കാരും ലീഗും നടത്തുന്ന നുണപ്രചാരവേലയും വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്.


കേസ്‌ പിൻവലിക്കാനാണോ 
സർക്കാർ ആവശ്യപ്പെട്ടത്


മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും മുസ്ലിംലീഗ് നേതൃത്വവും പ്രചരിപ്പിക്കുന്നത് നാല്‌ കേസുകളും തള്ളണമെന്നുമാത്രമാണ് സർക്കാർ ആവശ്യപ്പെട്ടതെന്നാണ്. എന്നാൽ, സംസ്ഥാന സർക്കാരിനുവേണ്ടി സമർപ്പിച്ച സ്റ്റേറ്റ്മെന്റ് പൊതു ഇടത്തിൽ ലഭ്യമാണ്, അതിൽ ഹൈക്കോടതി പരിഗണിക്കുന്ന നാല്‌ കേസുകളെയും പരാമർശിക്കുന്നു. ഖണ്ഡിക 1 (ii)ൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിടണമെന്ന് ഹർജിയിലെ ആവശ്യം സൂചിപ്പിക്കുന്നു. പുതിയ നിയമത്തിലെ 14–ാംവകുപ്പ് അനുസരിച്ചല്ല പുതിയ ബോർഡ് രൂപീകരിച്ചിട്ടുള്ളതെന്നും അത് റദ്ദാക്കണമെന്ന മറ്റൊരു ഹർജിയിലെ ആവശ്യവും പരാമർശിച്ചതിനുശേഷം ഖണ്ഡിക നാലിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നു. പുതിയ വഖഫ് നിയമത്തിലെ 14–ാംവകുപ്പ് കർശനമായും അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ഹൈക്കോടതിയിൽ രേഖാമൂലം സമർപ്പിക്കുന്നു. അതായത്, ഹർജിക്കാരുടെ ആവശ്യം പൂർണമായും കർശനസ്വഭാവത്തോടെ നടപ്പാക്കുമെന്ന് നിയമന അധികാരിയായ സർക്കാർതന്നെ ഉറപ്പുനൽകിയ സാഹചര്യത്തിൽ കേസുകളെല്ലാം തള്ളണമെന്നാണ് അവസാന ഖണ്ഡികയിൽ ആവശ്യപ്പെടുന്നത്. ഹർജിയിലെ അമുസ്ലിം അംഗത്വം ഉൾപ്പെടെ എല്ലാ ആവശ്യവും അംഗീകരിച്ച സർക്കാർ, ഫലത്തിൽ പിൻവലിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടെന്ന് അഭിമാനപൂർവം പറയാൻ ഈ സർക്കാരിനുമാത്രമേ കഴിയൂ!


അമുസ്ലിം അംഗങ്ങളെ പിന്നീട് 
ഉൾപ്പെടുത്താമെന്ന് കഴിഞ്ഞ സർക്കാർ 
വിജ്ഞാപനത്തിൽ പറഞ്ഞിരുന്നോ


കഴിഞ്ഞ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം പൊതുമണ്ഡലത്തിൽ ലഭ്യമാണ്. രണ്ട് ഒഴിവുകൾ പിന്നീട് നികത്തുന്നതാണെന്നുമാത്രം ഉത്തരവിൽ പറഞ്ഞത് വ്യക്തമായ ധാരണയോടെയാണ്. പുതിയ വഖഫ് നിയമപ്രകാരം ഇന്ത്യയിൽ ആദ്യമായി വഖഫ് ബോർഡ് രൂപീകരിച്ചത് 2025 നവംബറിൽ തമിഴ്നാടാണ്. അല്ലാതെ മുഖ്യമന്ത്രി മാധ്യമസമ്മേളനത്തിൽ ആധികാരികമായി പറഞ്ഞതുപോലെ കേരളമല്ല. 2026 ഫെബ്രുവരിയിലാണ് കേരളം വഖഫ് ബോർഡ് രൂപീകരിക്കുന്നത്. രണ്ട്‌ സംസ്ഥാനങ്ങളും വിജ്ഞാപനത്തിൽ പുതിയ വഖഫ് നിയമത്തിലെ വകുപ്പ് 14 പ്രകാരമെന്ന്‌ വ്യക്തമാക്കിയെങ്കിലും ആ വകുപ്പ് നിർദേശിക്കുന്ന രണ്ട്‌ അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയില്ല. വഖഫ് ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും ഇത് ഭരണഘടനയുടെ 14, 25, 26 ആർട്ടിക്കിളുകൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരാണെന്നുമുള്ള നിലപാടാണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ആ നിലപാടിന് അനുസൃതമായാണ് അമുസ്ലിം വിഭാഗത്തിൽനിന്ന്‌ ആരെയും നിയമിക്കാതിരുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലും സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനും അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് ഉറപ്പ്‌ നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.


എന്തിനാണ് എൽഡിഎഫ് സർക്കാർ 
ഒഴിവുകളിട്ടത്


രണ്ട് ഒഴിവുകൾ ഇടാതെ മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരെ നിയമിച്ചിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നാണ് ലീഗ് പ്രചാരവേല. രാജ്യത്ത് നിലവിലുള്ള വഖഫ് നിയമമനുസരിച്ച് ബോർഡിൽ രണ്ട് അമുസ്ലിം വേണം. അത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. അമുസ്ലിമിനുപകരം മുസ്ലിം വിഭാഗത്തിൽത്തന്നെയുള്ള 11 അംഗങ്ങളെയും ഉൾപ്പെടുത്തി ബോർഡ് രൂപീകരിച്ചാൽ ഉത്ഭവത്തിൽത്തന്നെ നിയമവിരുദ്ധമാകും. കേസ്‌ വന്നാൽ വാദംപോലും കേൾക്കാതെ ഏതു കോടതിയും ബോർഡ് രൂപീകരണവിജ്ഞാപനം റദ്ദാക്കുമെന്നറിയാൻ നിയമം പഠിക്കേണ്ടതുപോലുമില്ല. എന്നാൽ, സുപ്രീംകോടതിയിൽ ഈ പ്രശ്നം പരിഗണനയ്‌ക്ക് എടുക്കുന്നതുകൊണ്ട് അന്തിമവിധിവരെ ഒഴിച്ചിടുന്നതിന്‌ ന്യായം പറയാം. എന്നുമാത്രമല്ല, വകുപ്പ് 22 പ്രകാരം അംഗങ്ങളുടെ ഒഴിവുണ്ടായാലോ ബോർഡ് രൂപീകരണംതന്നെ ക്രമവിരുദ്ധമായാലോ നയപരമായി പ്രവർത്തിക്കാൻ തടസ്സവുമില്ല.


എന്നാൽപ്പിന്നെ ബോർഡ് 
രൂപീകരിക്കാതിരുന്നാൽ മതിയായിരുന്നില്ലേ


പുതിയ നിയമം വന്നതിനുശേഷം വഖഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിക്കുകയും നിയമം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഉടൻ ബോർഡ് രൂപീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. കോടതി ഇടപെടലിന്റെകൂടി ഭാഗമായാണ് പുതിയ നിയമപ്രകാരം സർക്കാർ ബോർഡ് രൂപീകരിക്കുന്നത്.


വഖഫ് നിയമംതന്നെയാണ് നിയമമെന്ന് 
മുസ്ലിംലീഗ് പ്രസിഡന്റ്‌ ആധികാരികമായി 
പറഞ്ഞല്ലോ


സുപ്രീംകോടതിവിധി വരുന്നതിനുമുമ്പ് വഖഫ് നിയമത്തെ ആധികാരികമായി പിന്തുണയ്‌ക്കുകയാണ് ലീഗ് പ്രസിഡന്റ്‌ ചെയ്തത്. ഇസ്ലാമിക വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങൾ അമുസ്ലിം കൈകാര്യം ചെയ്യുന്നതിനെയാണ് പാണക്കാട് തങ്ങൾ അംഗീകരിക്കുന്നത്. നിയമത്തിലെ 16–ാംവകുപ്പ് അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ചാണ്. 1995ലെ നിയമപ്രകാരം അമുസ്ലിമാകുന്നത് അംഗത്വത്തിന് അയോഗ്യതയാണ്. എന്നാൽ, ഇപ്പോഴത്തെ നിയമത്തിൽ അത് ഒഴിവാക്കി. നാല്‌ അംഗങ്ങൾക്കുമാത്രമേ ഇത് ബാധകമാവുകയുള്ള‍ൂ. സുപ്രീംകോടതി പരമാവധി മൂന്ന്‌ അമുസ്ലിം എന്ന് ഇടക്കാലവിധിയിൽ പറഞ്ഞിട്ടുണ്ടെങ്കിലും നിയമത്തിൽ അത് ഏഴുവരെയാകാം. നിയമം ചോദ്യംചെയ്യുന്ന കേസിൽ കക്ഷിയായ മുസ്ലിംലീഗാണ് ഇപ്പോൾ അതിന്റെ നടത്തിപ്പുകാരായി മാറിയത്. എന്നാൽ, ഈ കേസ്‌തന്നെ തള്ളിപ്പോയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. അതുകൊണ്ടുതന്നെ അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത് നുണയാണെന്നും ആഗസ്ത് 25ന് വീണ്ടും കേസ് പരിഗണിക്കുകയാണെന്നും തെളിവുകൾ സഹിതം തുറന്നുകാട്ടിയിട്ടും തന്റെ നിലപാട് മുഖ്യമന്ത്രി തിരുത്തിയില്ല. അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ ഏതറ്റംവരെയും പോകാൻ മുഖ്യമന്ത്രിക്ക് മടിയില്ല.


എൽഡിഎഫ് ബോർഡ് പുനഃസംഘടന വൈകിപ്പിച്ചോ


2024ൽ ബോർഡിന്റെ കാലാവധി കഴിഞ്ഞെന്നും സാധാരണ കാലാവധിക്കു മുമ്പുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൃത്യസമയത്ത് പുതിയ ബോർഡ് രൂപീകരണം നടക്കാറുണ്ടെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, തെരഞ്ഞെടുപ്പിൽ ചില പ്രത്യേക നുണവിഭവങ്ങൾ യുഡിഎഫിന്റെ അടുക്കളയിൽ ചുട്ടെടുത്തതാണിത്‌. എക്കാലത്തും തെരഞ്ഞെടുപ്പുപ്രക്രിയ പൂർത്തിയാക്കാൻ സമയമെടുക്കുന്നതാണ് വൈകുന്നതിന്റെ പ്രധാന കാരണം. യുഡിഎഫ് ഭരണത്തിൽ 2013ൽ കാലാവധി കഴിഞ്ഞ ബോർഡ് പുനഃസംഘടിപ്പിക്കുന്നത് 2014 ഒക്ടോബറിൽമാത്രമാണ്. ഇടക്കാലത്ത് ടി സൂരജ് ഐഎഎസിനെ അഡ്‌മിനിസ്ട്രേറ്ററായി നിയമിച്ചാണ് ഭരണം നടത്തിയത്. ഒരുവർഷം വൈകി രൂപീകരിച്ച വഖഫ് ബോർഡിലെ അംഗമായിരുന്നയാളാണ് ഇന്ന് വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രി ഷംസുദ്ദീൻ. 2019ലും കാലതാമസമുണ്ടായപ്പോൾ ഷാജഹാൻ ഐഎഎസിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു.


2024 ഡിസംബറിലാണ് കഴിഞ്ഞ ബോർഡിന്റെ കാലാവധി പൂർത്തിയാകേണ്ടത്. അതിനു മുമ്പുതന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് വഖഫ് കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയെ റിട്ടേണിങ് ഓഫീസറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി തെരഞ്ഞെടുപ്പ്‌ സമയക്രമം പ്രസിദ്ധപ്പെടുത്തി. ഇതിനിടയിൽ വഖഫുമായി ബന്ധപ്പെട്ട കേസിൽ ഉടൻ തീരുമാനമെടുക്കണമെന്ന്‌ നിർദേശിച്ച ഹൈക്കോടതി ബോർഡിന്റെ കാലാവധി തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നീട്ടിക്കൊടുത്തു. 2025ൽ ഏപ്രിൽ നാലിന്‌ പാർലമെന്റ്‌ പുതിയ നിയമം പാസാക്കുന്ന‍ു. ഇതിനെതിരെയുള്ള കേസിൽ സുപ്രീംകോടതി അടുത്ത വാദം കേൾക്കുന്നതുവരെ കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ ബോർഡുകൾ രൂപീകരിക്കില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.


ഇക്കാര്യം യൂണിയൻ ഗവൺമെന്റ് എല്ലാ ചീഫ് സെക്രട്ടറിമാരെയും രേഖാമൂലം അറിയിച്ചു. പിന്നീട് ഇടക്കാല ഉത്തരവ് വന്നപ്പോൾ ബോർഡുകളുടെ രൂപീകരണം സംബന്ധിച്ച വകുപ്പ് 14 സ്റ്റേ ചെയ്തില്ല. വിശദമായി വാദം കേൾക്കാൻ തീരുമാനിച്ചു. വകുപ്പ് 14 സ്റ്റേ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് വഖഫ് ബോർഡ് രൂപീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് വഖഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാലയളവിൽ തമിഴ്നാട്, അമുസ്ലിമിനെ ഉൾപ്പെടുത്താതെ ഒഴിവുകളോടെ ബോർഡ് രൂപീകരിച്ചത് മാതൃകയാക്കി എൽഡിഎഫ് സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചു. ഈ വിജ്ഞാപനം കോടതിയിൽ സമർപ്പിച്ചതോടെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു.


എങ്ങനെയെങ്കിലും പുതിയ നിയമം പാസാകുന്നതിനുമുമ്പ് ബോർഡ് രൂപീകരിച്ചിരുന്നെങ്കിൽ അഞ്ചുവർഷത്തേക്ക് അമുസ്ലിമിനെ ഉൾപ്പെടുത്തേണ്ടി വരുമായിരുന്നില്ലല്ലോ


ഇതും അടിസ്ഥാനമില്ലാത്ത നുണപ്രചാരവേലയാണ്. 14–ാംവകുപ്പിന്റെ വ്യവസ്ഥ ഇപ്രകാരമാണ്– Provided also that the elected members of Board holding office on the commencement of the Waqf (Amendment) Act, 2025 (14 of 2025) shall continue to hold office as such until the expiry of their term of office. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അവരുടെ കാലാവധിവരെ തുടരാമെന്നുമാത്രമാണ് നിയമം പറയുന്നത്. നിലവിലുള്ള ബോർഡിന് കാലാവധി കഴിയുംവരെ തുടരാമായിരുന്നുവെന്ന പ്രചാരവേലയ്ക്ക് നിയമം പിന്തുണ നൽകുന്നില്ല. എന്നുമാത്രമല്ല, രണ്ട്‌ അമുസ്ലിങ്ങൾ അംഗങ്ങളാകണമെന്ന വ്യവസ്ഥയിൽനിന്ന്‌ ഒഴിവും നിയമം നൽകുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രം പരിഗണന നൽകുന്നത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നതാണെങ്കിലും നിലവിലെ വ്യവസ്ഥ അതാണെന്നുമാത്രം.


സർക്കാരിന്‌ വേണമെങ്കിൽ ബോർഡിനെ പിരിച്ചുവിടാമായിരുന്നുവോ


പുതിയ നിയമമനുസരിച്ച് നോമിനേറ്റ് ചെയ്ത ബോർഡായതുകൊണ്ട് സർക്കാരിന് പ്രീതി (pleasure) ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന് വഖഫ് മന്ത്രി പറഞ്ഞതും നുണയാണ്. ചെയർമാനെയും അംഗങ്ങളെയും remove ചെയ്യുന്നതിനുള്ള 1995ലെ നിയമത്തിലെ അതേ വ്യവസ്ഥകൾതന്നെയാണ് പുതിയ നിയമത്തിലുള്ളത്. രൂപീകരണരീതിയല്ല, നിയമത്തിലെ വ്യവസ്ഥയാണ് പാലിക്കേണ്ടതെന്ന പ്രാഥമികധാരണ അഭിഭാഷകൻകൂടിയായ മന്ത്രിക്ക്‌ അറിയാത്തതല്ല. എന്നാൽ, പുതിയ നിയമത്തിലെ പ്രകടമായ വ്യത്യാസമാണ് യുഡിഎഫിനെ അലട്ടുന്നത്. നേരത്തേയുള്ള നിയമത്തിൽ ചെയർമാനെ അവിശ്വാസംവഴി പുറത്താക്കാൻ കഴിയും. എന്നാൽ, ഇപ്പോഴത്തെ നിയമത്തിൽ ആ വകുപ്പുതന്നെ ഒഴിവാക്കി. നോമിനേഷൻ വഴി എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിച്ചാലും ചെയർമാനെ തൊടാൻ കഴിയില്ലെന്ന് വ്യക്തം.


ഇതെല്ലാം മറച്ചുവച്ച് നുണകൾ പ്രചരിപ്പിച്ച് എങ്ങനെയെങ്കിലും ബോർഡ് പിടിച്ചെടുക്കാനാണ് മുസ്ലിംലീഗും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ തൽസ്ഥിതി തുടരാൻ അനുവദിക്കണമെന്ന് തമിഴ്നാടിനെപ്പോലെ കോടതിയോട് ആവശ്യപ്പെടുന്നതിനുപകരം, ഇപ്പോൾത്തന്നെ അമുസ്ലിമിനെ നിയമിക്കാമെന്ന് രേഖാമൂലം ഉറപ്പുകൊടുത്ത യുഡിഎഫ് സർക്കാർ ഫലത്തിൽ ബിജെപി സർക്കാർതന്നെ.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home