ad
Deshabhimani

ബിജെപിക്ക് കുടപിടിക്കുന്നതാര്

bjp congress alliance
avatar
പുത്തലത്ത് ദിനേശന്‍

Published on Jan 02, 2026, 12:15 AM | 4 min read

​തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നു. എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നത് വസ്തുതയാണ്. എന്നാല്‍, പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു മുന്നണികള്‍ക്ക് വോട്ട് കുറഞ്ഞപ്പോഴും എല്‍ഡിഎഫിന് 17,35,715 വോട്ടുകള്‍ അധികം ലഭിച്ചു. നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ്. ആഗോളവല്‍ക്കരണ കാലത്ത് കേരളത്തിലെ 30 ശതമാനം ജനങ്ങളുടെ ജീവിതം പിന്നോട്ടുപോകുന്നുവെന്ന യാഥാര്‍ഥ്യം കണക്കിലെടുത്തുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്. ഒപ്പം, നാടിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പശ്ചാത്തലസൗകര്യം ഉള്‍പ്പെടെ വികസിപ്പിച്ചു. വൈജ്ഞാനിക സമ്പദ്ഘടന നടപ്പാക്കുന്നതിനുള്ള ഇടപെടലും വലിയ മതിപ്പ് പൊതുവില്‍ ഉണ്ടാക്കി. രാജ്യത്തെമ്പാടും വര്‍ഗീയസംഘര്‍ഷങ്ങളും വംശഹത്യകളും നടക്കുന്ന ഘട്ടത്തില്‍, വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നിലനിര്‍ത്തിയത്‌ മതനിരപേക്ഷശക്തികള്‍ക്ക് സര്‍ക്കാരിനോടുള്ള മമത വര്‍ധിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വികസനത്തിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും അധികാരവികേന്ദ്രീകരണം ശരിയായ രീതിയില്‍ നടപ്പാക്കുന്നതിനും വോട്ട് നല്‍കണമെന്ന് എല്‍ഡിഎഫ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.


വികസനത്തിന്റെ കാര്യംപറഞ്ഞ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ യുഡിഎഫും ബിജെപിയും, വര്‍ഗീയധ്രുവീകരണം നടത്തി അവയെ ഇടതുപക്ഷത്തിനെതിരെ യോജിപ്പിക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്. അതോടൊപ്പം ബിജെപിയേക്കാള്‍ അപകടകാരിയാണ് ഇടതുപക്ഷമെന്നുള്ള പ്രചാരവേല യുഡിഎഫും സഖ്യകക്ഷിയായ വെല്‍ഫെയര്‍ പാര്‍ടിയും സംഘടിപ്പിച്ചു. ബിജെപിയാകട്ടെ, ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാൽമാത്രമേ വിശ്വാസികള്‍ക്കുംമറ്റും രക്ഷയുള്ളൂ എന്ന പ്രചാരണം നടത്തി. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ക്വാഡുകൾ നടത്തിയ വർഗീയ പ്രചാരണം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ സിപിഐ എംന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നുള്ള കള്ളപ്രചാരവേലയായിരുന്നു പ്രധാനം. ഇടതുപക്ഷം വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം ബിജെപി സംഘടിപ്പിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി വിതരണം ചെയ്ത പ്രചാരണസാമഗ്രികള്‍ തെരഞ്ഞെടുപ്പുചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ വ്യക്തമാക്കി. അവ പിടിച്ചെടുക്കാന്‍ കലക്ടറോട് നിര്‍ദേശിക്കുകയും ചെയ്തു.


CONGRESS BJP


കമീഷന്റെ ഈ നടപടി കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ക്ക് വാര്‍ത്തയായില്ല. ഈ ഘട്ടത്തില്‍ത്തന്നെയാണ് ഇതേവിഷയത്തില്‍ പാട്ടുകളും നോട്ടീസുകളുമായി യുഡിഎഫും രംഗത്തുവന്നത്. വിശ്വാസത്തെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുകയെന്ന രീതിയാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചത്. മുസ്ലിംലീഗ് വെല്‍ഫെയര്‍ പാര്‍ടിയുടെ മതരാഷ്ട്രസിദ്ധാന്തങ്ങളെ പുല്‍കി പ്രചാരണരംഗത്ത്‌ വന്നു. മതസംഘടനകള്‍ എതിര്‍ത്തിട്ടും ലീഗിനും യുഡിഎഫിനും മാറ്റമുണ്ടായില്ല. കോണ്‍ഗ്രസും ഇതോടൊപ്പംതന്നെ നിലയുറപ്പിച്ചു. മതവിശ്വാസികളേക്കാള്‍ മതരാഷ്ട്രവാദികളാണ് തങ്ങളുടെ കൂട്ടുകാരെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ലീഗും യുഡിഎഫും നടത്തിയത്.


യുഡിഎഫും ബിജെപിയും മുന്നോട്ടുവയ്‌ക്കുന്ന ഈ ധ്രുവീകരണസിദ്ധാന്തം കേരളത്തിന്റെ ഉന്നതമായ മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണ്. ഒന്നിച്ചുകഴിഞ്ഞ ജനതയെ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും ലോകത്തേക്ക് നയിക്കുകയാണ് മതരാഷ്ട്രവാദികള്‍ ചെയ്യുന്നത്. ഇതിലൂടെ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയുംപോലെ കേരളത്തെയും വര്‍ഗീയകലാപത്തിന്റെയും വംശഹത്യയുടെയും നാടാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.


എല്‍ഡിഎഫിനെ ഇരുഭാഗത്തുനിന്നും ആക്രമിച്ച്‌, യോജിച്ചുനില്‍ക്കുന്ന സമീപനമാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചത്. അതിന്റെ ഫലമായി ഇരുവിഭാഗത്തിനും ചില താല്‍ക്കാലികനേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രചാരണമുണ്ടാക്കിയ അകല്‍ച്ച കേരളത്തിന്റെ മതനിരപേക്ഷപാരമ്പര്യത്തിന്റെ മാറ് പിളര്‍ക്കുന്നതാണ്. ബിജെപിയുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്നത് തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണമാണ്. തലസ്ഥാന നഗരി വര്‍ഗീയവാദികളുടെ കൈകളിലെത്തിയെന്നത് മതനിരപേക്ഷശക്തികളില്‍ വേദന നിറയ്‌ക്കുന്നതാണ്.


കേരളത്തിലെ പല വാര്‍ഡുകളിലും ഡിവിഷനുകളിലും ബിജെപിയും എല്‍ഡിഎഫും ഏറ്റുമുട്ടുന്നിടത്ത് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. യുഡിഎഫും എല്‍ഡിഎഫും ഏറ്റുമുട്ടുന്ന പലയിടങ്ങളിലും ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭ്യമായി. ഇത്തരത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന അജൻഡ നടപ്പാക്കുന്നതിന് പരസ്പരസഹായസംഘങ്ങളായി അവര്‍ പ്രവര്‍ത്തിച്ചു


തിരുവനന്തപുരത്തെ ബിജെപി ഭരണത്തിന്റെ അടിവേരുകള്‍ തേടിപ്പോയാല്‍ യുഡിഎഫ്-ബിജെപി സഖ്യത്തിലാണ് നാം എത്തിച്ചേരുക. കണക്ക് പരിശോധിച്ചാല്‍ 1,67,802 വോട്ട് നേടി എല്‍ഡിഎഫ് കോര്‍പറേഷനില്‍ ഏറ്റവും കൂടുതൽ വോട്ടുകള്‍ ലഭിച്ച മുന്നണിയായി. യുഡിഎഫും ബിജെപിയും അതിനു പിന്നിലാണ്. എന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിക്ക് മാറാനായത് പ്രധാനമായും യുഡിഎഫ്–ബിജെപി കൂട്ടുകെട്ടിലൂടെയാണ്. ബിജെപി വിജയിച്ച 41 മണ്ഡലങ്ങളില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോയി. യുഡിഎഫ് വിജയിച്ച ഡിവിഷനുകളില്‍ സമാനമായ സ്ഥിതി ബിജെപിക്കുമുണ്ടായി. കേരളത്തിലെ പല വാര്‍ഡുകളിലും ഡിവിഷനുകളിലും ബിജെപിയും എല്‍ഡിഎഫും ഏറ്റുമുട്ടുന്നിടത്ത് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. യുഡിഎഫും എല്‍ഡിഎഫും ഏറ്റുമുട്ടുന്ന പലയിടങ്ങളിലും ബിജെപി വോട്ടുകള്‍ യുഡിഎഫിന് ലഭ്യമായി. ഇത്തരത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന അജൻഡ നടപ്പാക്കുന്നതിന് പരസ്പരസഹായസംഘങ്ങളായി അവര്‍ പ്രവര്‍ത്തിച്ചു.


തിരുവനന്തപുരത്തെ ഈ കൂട്ടുകെട്ട് ഇവിടംകൊണ്ട് അവസാനിക്കില്ലെന്ന് വട്ടിയൂര്‍ക്കാവിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. വട്ടിയൂര്‍ക്കാവിലെ എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കുന്നതിന് എല്ലാ മാനദണ്ഡവും മറികടന്ന് ബിജെപി കൗണ്‍സിലര്‍ രംഗത്തെത്തി. സ്വാഭാവികമായും ഈ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് എതിരുനില്‍ക്കുമെന്ന് നിഷ്കളങ്കരായ ജനാധിപത്യവാദികള്‍ ചിന്തിച്ചു. അത്തരക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബിജെപിക്കുവേണ്ടി തൃശൂരില്‍ വോട്ട് മറിച്ച് തോറ്റ കെ മുരളീധരനും തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്കെതിരെ മതനിരപേക്ഷ കൗണ്‍സിലുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച കെ എസ്‌ ശബരീനാഥനും രംഗത്തെത്തി. തെരഞ്ഞെടുപ്പിലെ ബിജെപി–യുഡിഎഫ് സഖ്യം എല്‍ഡിഎഫ് എംഎല്‍എയായ പ്രശാന്തിനുനേരെ തിരിഞ്ഞു. വട്ടിയൂര്‍ക്കാവ് നേരത്തേ കെ മുരളീധരന്‍ മത്സരിച്ച മണ്ഡലമാണ്. ആ സീറ്റും തിരുവനന്തപുരത്തെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായി വന്ന കരാറിൽ ഉള്‍പ്പെടുന്നുവെന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.


കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് അംഗം പ്രസിഡന്റായി. തൃശൂര്‍ ജില്ലയിലെ പാറളത്തും ബിജെപിക്ക് കോണ്‍ഗ്രസ് സഹായമുണ്ടായി. അന്തര്‍ധാരയെക്കുറിച്ച് പ്രസംഗിച്ചുനടന്നവര്‍ എന്താണ്‌ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കാകെ ബോധ്യമായി


തെരഞ്ഞെടുപ്പുഫലത്തിനുശേഷം തുല്യത വന്നയിടങ്ങളിലും ഉണ്ടായ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാകും. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ കൂടണഞ്ഞത് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കു മറിഞ്ഞ് ബിജെപിക്ക് എംപിയെ നല്‍കിയ തൃശൂരിലാണ് ഇത് നടന്നതെന്ന്‌ ഓര്‍ക്കണം. കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് അംഗം പ്രസിഡന്റായി. തൃശൂര്‍ ജില്ലയിലെ പാറളത്തും ബിജെപിക്ക് കോണ്‍ഗ്രസ് സഹായമുണ്ടായി. അന്തര്‍ധാരയെക്കുറിച്ച് പ്രസംഗിച്ചുനടന്നവര്‍ എന്താണ്‌ ചെയ്യുന്നതെന്ന് ജനങ്ങള്‍ക്കാകെ ബോധ്യമായി.


ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീയവാദിയല്ല എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പ്രതിപക്ഷനേതാവാണ്. വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ബിജെപിക്കാര്‍ പ്രതിയാണെന്ന് മാധ്യമങ്ങൾ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടും അത് പറയാനുള്ള ചങ്കൂറ്റംപോലും പ്രതിപക്ഷനേതാവിന്‌ ഉണ്ടായില്ല. തിരുവനന്തപുരത്തിന്റെ മതനിരപേക്ഷപാരമ്പര്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കുമെന്നു പറഞ്ഞ് വോട്ട് നേടിയ ശശി തരൂര്‍, ബിജെപി സ്തുതി ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. ആര്‍എസ്എസ് ശാഖയ്‌ക്ക് കാവല്‍ നിന്നുവെന്ന് പറഞ്ഞ കെപിസിസി മുൻപ്രസിഡന്റിനെതിരെ ഒരു നടപടിയും എടുക്കാതിരുന്ന കോണ്‍ഗ്രസില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.


ഒരു പാര്‍ടി മുന്നോട്ടുവച്ച രാഷ്ട്രീയം ഇല്ലാതായിത്തീരുമ്പോള്‍ പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനമെന്നത് പണവും അധികാരവും നേടാനുള്ള വഴിമാത്രമായി ചുരുങ്ങും. അതുകൊണ്ടാണ് ബിജെപി നീട്ടുന്ന പണത്തിനും അധികാരസ്ഥാനങ്ങള്‍ക്കും ഒപ്പിച്ച് അവര്‍ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലാത്തത്


യുഡിഎഫ് വിജയിച്ച കോര്‍പറേഷനുകളിൽ ഉള്‍പ്പെടെ മേയര്‍ തെരഞ്ഞെടുപ്പിന് മാനദണ്ഡമായത് പണമാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍തന്നെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്ന മതനിരപേക്ഷതയുടെയും സാമ്രാജ്യത്വവിരുദ്ധതയുടെയും അഴിമതിവിരുദ്ധ സമീപനത്തിന്റെയും ആശയങ്ങള്‍ അവര്‍ കൈയൊഴിഞ്ഞു. ഒരു പാര്‍ടി മുന്നോട്ടുവച്ച രാഷ്ട്രീയം ഇല്ലാതായിത്തീരുമ്പോള്‍ പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനമെന്നത് പണവും അധികാരവും നേടാനുള്ള വഴിമാത്രമായി ചുരുങ്ങും. അതുകൊണ്ടാണ് ബിജെപി നീട്ടുന്ന പണത്തിനും അധികാരസ്ഥാനങ്ങള്‍ക്കും ഒപ്പിച്ച് അവര്‍ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടില്ലാത്തത്. അരുണാചല്‍പ്രദേശിലും ഗോവയിലും പുതുച്ചേരിയിലുമെല്ലാം നാമിത് കണ്ടതാണ്. മുഖ്യമന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും ബിജെപിക്ക് സംഭാവന ചെയ്ത ദേശീയരാഷ്ട്രീയത്തിന്റെ വഴികളിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നതും ബിജെപി ഉപയോഗപ്പെടുത്തുന്നതും.


ബിജെപിയെ പരാജയപ്പെടുത്താൻ രാഷ്ട്രീയമായും പ്രായോഗികമായും ഇടപെടുന്നത് ഇടതുപക്ഷമാണെന്ന് ഈ തെരഞ്ഞെടുപ്പുഫലവും വ്യക്തമാക്കുന്നു. പന്തളം നഗരസഭ ബിജെപിയില്‍നിന്ന്‌ എല്‍ഡിഎഫ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്ത്, കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പത്തനംതിട്ട ജില്ലയിലെ കുളനട, ചെറുകോല്‍ തുടങ്ങിയ പഞ്ചായത്തുകളും ബിജെപിയില്‍നിന്ന്‌ പിടിച്ചെടുത്തത് എല്‍ഡിഎഫാണ്. ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച കൊടുങ്ങല്ലൂര്‍ നഗരസഭയിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിന് വിജയിക്കാനായത്.


തിരിച്ചടികളെ ശരിയായ അര്‍ഥത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയെന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. 1957 തൊട്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ജാതി–-മത ശക്തികളെ വലതുപക്ഷം ഉപയോഗിച്ചതായി കാണാം. ഇ എം എസിനെയും എ കെ ജിയെയും പരാജയപ്പെടുത്താൻ സഖ്യമുണ്ടാക്കിയതിനെ, ബിജെപിയെ പാർലമെന്റിലും നിയമസഭയിലും എത്തിക്കാന്‍ കോ–-ലീ-–ബി സഖ്യമുണ്ടാക്കിയവരെ തുറന്നുകാട്ടിയാണ്‌ എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. ഇ‍ൗ അവിശുദ്ധസഖ്യങ്ങൾക്കെതിരായ പ്രവര്‍ത്തനപദ്ധതികള്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻവിജയം നൽകി നാടിന്റെ വികസനവും മതനിരപേക്ഷപാരമ്പര്യവും സംരക്ഷിക്കാം. അതിനായി വിശാലമായ ജനകീയഐക്യം നമുക്ക് കെട്ടിപ്പടുക്കാം.​



Deshabhimani
Home