Deshabhimani

Articles

special intensive revision

ആദ്യ വോട്ടര്‍പ്പട്ടികയും
 തീവ്രപരിഷ്‌കരണവും

bihar voters list
avatar
ടി പി കുഞ്ഞിക്കണ്ണന്‍

Published on Oct 04, 2025, 12:00 AM | 4 min read

78–ാം സ്വാതന്ത്ര്യദിനത്തിലെ പ്രധാന മാധ്യമ തലക്കെട്ട് ബിഹാറിലെ വോട്ടര്‍പ്പട്ടികയില്‍നിന്ന്‌ പുറത്താക്കിയവരുടെ വിശദാംശങ്ങള്‍ സുതാര്യമായി പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോടുള്ള സുപ്രീംകോടതിയുടെ നിര്‍ദേശമായിരുന്നു. എന്നാല്‍, ഇന്ത്യയിലെ ആദ്യ വോട്ടര്‍പ്പട്ടിക തയ്യാറാക്കാനായി ഭരണഘടനാ നിര്‍മാണസഭയുടെ സെക്രട്ടറിയറ്റ് 1948 ജൂലൈ 15ന് നല്‍കിയ മാധ്യമപരസ്യം ‘ഇന്ത്യയില്‍ സാര്‍വത്രിക വോട്ടവകാശത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പ് നടത്തുന്നു; അതിനായുള്ള വോട്ടര്‍പ്പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളും നാട്ടുരാജ്യങ്ങളും ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം സഹായിക്കുകയും സഹകരിക്കുകയും വേണം’ എന്നായിരുന്നു. സര്‍. ബി എന്‍ റാവുവിന്റെ നേതൃത്വത്തില്‍ ഭരണഘടനാസഭാ നിർമാണസഭാ സെക്രട്ടറിയറ്റും സുകുമാര്‍ സെന്‍ ചെയര്‍മാനായ ആദ്യ തെരഞ്ഞെടുപ്പ് കമീഷനും ഒരാള്‍പോലും പുറത്താകാത്ത വോട്ടര്‍പ്പട്ടികയും തെരഞ്ഞെടുപ്പും ഉറപ്പാക്കുന്നതിനുള്ള ജാഗ്രതയിലായിരുന്നു. ഇന്ന് ബിഹാറില്‍ തുടങ്ങി രാജ്യവ്യാപകമാക്കുന്ന തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്കരണം (എസ്‌ഐആർ) ഒരാളെ എപ്രകാരം പുറത്താക്കാമെന്നതിലാണ് ഗവേഷണം നടത്തുന്നത്.


2025 ജനുവരിയിലെ പുതിയ വോട്ടര്‍പ്പട്ടികപ്രകാരം 7.89 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. അവരില്‍നിന്നാണ് 65 ലക്ഷംപേർ പുറത്തായത്. ഇതില്‍ 22 ലക്ഷം മരിച്ചവരും 36 ലക്ഷം കുടിയേറിയവരും ഏഴുലക്ഷം ഇരട്ടവോട്ടുകാരുമാണെന്ന് കമീഷന്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം ആധാർ അടക്കം തെളിവായി കണക്കാക്കി വെബ്സൈറ്റില്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.

പ്രൊഫ. ഒർണിത് ഷാനിയുടെ ‘ഇന്ത്യ എങ്ങനെ ജനാധിപത്യരാജ്യമായി’ (How India Became Democratic) എന്ന ഗ്രന്ഥം വോട്ടര്‍പ്പട്ടിക രൂപീകരണത്തെയും ആദ്യ പൊതുതെരഞ്ഞെടുപ്പിനെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയോടൊപ്പംതന്നെ ജനാധിപത്യവും പുലരണമെങ്കില്‍ സാര്‍വത്രിക വോട്ടവകാശത്തോടുകൂടിയ തെരഞ്ഞെടുപ്പ് നടക്കണമെന്നതില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനും ഭരണഘടനാസമിതിക്കും നിര്‍ബന്ധമായിരുന്നു. അതിനുള്ള ആദ്യ കാല്‍വയ്‌പായിരുന്നു വോട്ടര്‍പ്പട്ടിക. ആദ്യപട്ടിക തയ്യാറാക്കല്‍ അത്ര എളുപ്പമായിരുന്നില്ല. 21 വയസ്സായ, 180 ദിവസത്തിലധികം ഒരു പ്രദേശത്ത് താമസിക്കുന്നവരെല്ലാം വോട്ടര്‍മാരായിരിക്കുമെന്നായിരുന്നു പ്രസ്താവന. അതിനാല്‍, വയസ്സ് തെളിയിക്കുകയായിരുന്നു ഒന്നാമത്തെ കടമ്പ. 80 ശതമാനത്തിലധികവും നിരക്ഷരർ; സ്കൂള്‍ സര്‍ട്ടിഫിക്കറ്റും ജാതകവും ഉണ്ടായിരുന്നില്ല. 85 ശതമാനവും ഒരു തെരഞ്ഞെടുപ്പിലും പങ്കെടുത്തിരുന്നില്ല. 21 വയസ്സുകാര്‍ 18 കോടിയോളമായിരുന്നു. അതായത് അന്നത്തെ ജനസംഖ്യയുടെ ഏതാണ്ട് പകുതി.


ജനങ്ങളുടെ ഏത്‌ സംശയത്തെയും ബി എന്‍ റാവു സമന്വയത്തോടെ നേരിട്ടു. പൂര്‍ണ പങ്കാളിത്തമായിരുന്നു അവർക്ക്‌ ഉറപ്പാക്കേണ്ടിയിരുന്നത്. ഒഴിവാക്കലായിരുന്നില്ല; ഉള്‍ച്ചേര്‍ക്കലായിരുന്നു കമീഷന്റെ ലക്ഷ്യം


അടുത്ത കടമ്പ സ്ഥിരതാമസത്തിന്റേതായിരുന്നു. വിഭജനകാലമായിരുന്നതിനാല്‍ അഭയാര്‍ഥിക്യാമ്പുകളടക്കം പല ഇടങ്ങളിലായിരുന്നു താമസം. 180 ദിവസത്തെ സ്ഥിരതാമസം അസാധ്യം. അതിനാല്‍ നിബന്ധനകളില്‍ത്തന്നെ ഇളവ് വരുത്തുകയാണ് ചെയ്തത്.പ്രതിസന്ധികളെ അതിജീവിച്ച് സാങ്കേതികമായിത്തന്നെ ആരെയും ഒഴിവാക്കാതെയുള്ള വോട്ടര്‍പ്പട്ടികയിലേക്ക് സുഗമമായി കടക്കാന്‍ കഴിഞ്ഞത് ചരിത്രസംഭവമായിരുന്നു. അന്ന് പ്രശ്നപരിഹാരം ചര്‍ച്ചകളിലൂടെയായിരുന്നു. പരസ്‌പരവിശ്വാസമായിരുന്നു പ്രധാനം. ജനങ്ങളുടെ ഏത്‌ സംശയത്തെയും ബി എന്‍ റാവു സമന്വയത്തോടെ നേരിട്ടു. പൂര്‍ണ പങ്കാളിത്തമായിരുന്നു അവർക്ക്‌ ഉറപ്പാക്കേണ്ടിയിരുന്നത്. ഒഴിവാക്കലായിരുന്നില്ല; ഉള്‍ച്ചേര്‍ക്കലായിരുന്നു കമീഷന്റെ ലക്ഷ്യം.


വോട്ടര്‍പ്പട്ടികയില്‍ അംഗമായതോടെ, ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന്റെയും നാട്ടുരാജാക്കന്മാരുടെയും പ്രജ എന്നതില്‍നിന്ന് സ്വതന്ത്ര ഇന്ത്യയിലെ വോട്ടര്‍മാരായി. ഭരണഘടന നിലവില്‍വന്നതോടെ അവര്‍ പൗരരായി. തുടര്‍ന്ന് 1951-–52ലെ പൊതുതെരഞ്ഞെടുപ്പില്‍ അവരുടെ സർക്കാരുകളെ തെരഞ്ഞെടുത്തു. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസ്തിവാരമുറപ്പാക്കി. അങ്ങനെ ജനങ്ങള്‍ മാനസികമായ അടിമത്തത്തില്‍നിന്ന്, രാജ്യത്തിന്റെ ഭരണപരമായ ഉടമസ്ഥതയിലേക്ക് ഉയര്‍ന്നു. വിഭാഗീയത ചിന്തകള്‍ക്കതീതമായി; നമ്മള്‍ തുല്യരാണ്, സഹജീവികളാണ് എന്ന പുതിയൊരു ജനാധിപത്യബോധം വളരാനും ശക്തിപ്പെടാനും തുടങ്ങി. ഇന്ന് നടക്കുന്ന ബിഹാര്‍, കർണാടകം, മഹാരാഷ്ട്ര മോഡല്‍ പ്രവര്‍ത്തനങ്ങള്‍ ആ അസ്തിവാരത്തെയും മൂല്യത്തെയും മനോഭാവത്തെയും ഇളക്കുകയാണ്.


ജനാധിപത്യം വളരണമെങ്കില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം. വോട്ടര്‍പ്പട്ടികയില്‍ പങ്കാളികളാകുന്നവർ അവരറിയാതെതന്നെ, രാജ്യത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകുകയാണ്. എല്ലാ വിഭാഗവും അവരുടെ പ്രസ്ഥാനങ്ങളും പങ്കാളികളായിരുന്നു. ജനങ്ങളിൽ വളർത്തിയെടുത്ത ഈ വിശ്വാസമാണ് വോട്ടവകാശത്തെ ജനാധിപത്യത്തിന്റെ പ്രതീകമാക്കുന്നത്. വോട്ടർപ്പട്ടികയിൽ പേര് വരുന്നതും റേഷൻ കാർഡ് ഉണ്ടാക്കുന്നതും അസ്തിത്വബോധം ഉളവാക്കുന്ന രേഖകളാണ്.


ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പ്‌

ആദ്യ പൊതുതെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത് കഠിനാധ്വാനിയായ സുകുമാര്‍ സെന്നിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമീഷനായിരുന്നു. വോട്ടര്‍പ്പട്ടിക പുതുക്കല്‍, വീടുകയറി രജിസ്റ്റര്‍ ചെയ്യല്‍, നിയോജകമണ്ഡല നിര്‍ണയം, പോളിങ് പ്രക്രിയ പൂര്‍ത്തിയാക്കല്‍, ഫലപ്രഖ്യാപനം എന്നിവയൊക്കെ സാര്‍വത്രികമായി ആദ്യം നടക്കുന്നത് 1951-–52ലായിരുന്നു. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടന്നു. ബൂത്തില്‍ എത്താന്‍ പുതിയ വഴിവെട്ടി, പാലം ഉണ്ടാക്കി; നാവികസേനയുടെ സഹായത്തോടെ ബോട്ട് സര്‍വീസും ഉണ്ടായി. സ്ത്രീകള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടന്നു. 60 ശതമാനത്തിലധികംപേര്‍ വോട്ട്‌ ചെയ്തു. ഏറ്റവും കൂടുതല്‍ കേരളത്തില്‍ (കോട്ടയം 80.54 ശതമാനം) ആയിരുന്നു. ഇന്ത്യയിൽ മുക്കാല്‍പ്പങ്ക് വോട്ടര്‍മാരും ബൂത്തിലെത്തി വോട്ട്‌ ചെയ്യുന്നതിന്റെ ചരിത്രം ഇവിടെയാണ്‌ തുടങ്ങിയത്‌.


ഈ പ്രക്രിയ ഭരണഘടനയെയും തിരിച്ചും പരസ്പരം ശക്തിപ്പെടുത്തി. അതുവഴി സാര്‍വത്രിക വോട്ടവകാശം, ജനാധിപത്യ മതനിരപേക്ഷ ഇടപെടല്‍ രീതി, വൈവിധ്യത്തെ സംരക്ഷിക്കുന്ന ഫെഡറല്‍ വ്യവസ്ഥ, പ്രാതിനിധ്യ സര്‍ക്കാര്‍, വ്യക്തിസ്വാതന്ത്ര്യ സംരക്ഷണം, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, നിയമത്തിന്റെ മുന്നില്‍ തുല്യപരിഗണന എന്നിവയിലൂടെയെല്ലാം ഭരണഘടന ജനജീവിതത്തിലേക്ക് ഇറങ്ങിവരികയായിരുന്നു. ഇന്ന് നടക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ ജനാധിപത്യത്തിന്റെതന്നെ അട്ടിമറിയാണ്. തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾക്കെതിരെ ഒരുതരം കേസും പാടില്ല. അവർക്ക് എന്തും ചെയ്യാമെന്ന് 2023ൽ നിയമനിർമാണം നടന്നിരിക്കുന്നു. അതിന്റെ ബലത്തിൽ കമീഷൻ പ്രതിപക്ഷപാർടികളോട് ആഭാസകരമായി പ്രതികരിക്കുന്നു.


വോട്ടർപ്പട്ടികയുടെ സോഫ്‌റ്റ്‌ കോപ്പി കൊടുക്കാതിരിക്കുന്നു. ഒരു മുറിയുടെ വിലാസത്തിൽത്തന്നെ നൂറിൽപ്പരംപേരെ ചേർക്കുന്നു. ആദ്യം ചേർത്തവർ എന്നു പറയുന്നവരുടെ വയസ്സ്‌ 80, 85 എന്നിങ്ങനെയാണ്. മഹാരാഷ്ട്രയിൽ 2019ലെയും 2024ലെയും പാർലമെന്റ് തെരഞ്ഞെടുപ്പിനിടയിലെ അഞ്ചുവർഷത്തെ വോട്ടർമാരുടെ വർധനയേക്കാൾ കൂടുതലാണ്‌ 2024ലെ പാർലമെന്റ്–നിയമസഭാ തെരഞ്ഞെടുപ്പിലെ വർധന. ഇവ യഥാക്രമം 31 ലക്ഷവും 41 ലക്ഷവുമാണ്‌. കൃത്യമായ തെളിവുകളോടെ പരാതി നൽകിയിട്ടുപോലും സത്യവാങ്‌മൂലം ഹാജരാക്കാനാണ് കമീഷൻ പറയുന്നത്. കമീഷൻ ഭരണഘടനാസ്ഥാപനമാണെന്ന കാര്യംതന്നെ സ്വയം മറക്കുകയാണ്‌.


ഇന്നത്തെ ഇന്ത്യ

സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍നിന്ന് നാം ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യ ഏറെ സംഘര്‍ഷാത്മകമാണ്. സാങ്കേതികവിദ്യയില്‍ കുതിക്കുന്ന രാജ്യം അന്ധവിശ്വാസത്തിലും മത അസഹിഷ്ണുതയിലും അഭിരമിക്കുന്നു. സൗധങ്ങള്‍ ഉയരുന്നു, അതിന്റെ പിന്നിലെ അധ്വാനത്തെ അവമതിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തില്‍ വാചാലരാകുന്നു, മാധ്യമ–സാമൂഹ്യ പ്രവര്‍ത്തകര്‍ അഴിക്കുള്ളിലാകുന്നു. ഇന്ത്യ ഒരു ഭൂപടമല്ല, ആശയമാണെന്ന് ടാഗോര്‍ പറഞ്ഞിരുന്നു. പക്ഷേ, ഇന്ത്യയിന്ന് ചിതറിയ ഭൂപടമാകുകയാണ്. ഭരണഘടന ഒരു പുസ്തകമല്ല, ധാര്‍മികതയാണെന്ന് ഡോ. ബി ആർ അംബേദ്‌കര്‍ വിഭാവനം ചെയ്തെങ്കിലും ഇവിടെ വളരുന്നത് അധാര്‍മികതയാണ്.


ഇപ്പോൾ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് രണ്ടുതരം ആഘോഷങ്ങള്‍ നടക്കുന്നു. ഒന്ന്, സ്വാതന്ത്ര്യം പുലരാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ കൊണ്ടാടുന്നു. രണ്ട്, സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളല്ലാതിരുന്നവര്‍ രാജ്യത്തിന്റെ വിഭജനത്തെ ഓർമിപ്പിക്കുന്നു; അവർ വിഭജനദിനം ആഘോഷിക്കുന്നു. ലോകത്ത്‌ വേറൊരു രാജ്യത്തിനും അതിന്റെ സ്വാതന്ത്ര്യദിനത്തില്‍ ഈ ദുഃസ്ഥിതി ഉണ്ടാകില്ല.


ബിഹാറിലാണ് ഇന്ത്യയിലെ പല മുന്നേറ്റവും തുടങ്ങിയത്. ബ്രാഹ്മണ്യത്തിനെതിരെ ബുദ്ധന്‍ ആഞ്ഞടിച്ചു. ലോകത്തിനുതന്നെ അറിവുപകര്‍ന്ന ‘നളന്ദ’ ബിഹാറിലാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്കെത്തുന്ന ചമ്പാരന്‍ സമരം നടന്നത് ബിഹാറിലാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ജെപി പ്രസ്ഥാനം ശക്തിപ്പെട്ടത് ബിഹാറിൽ. പക്ഷേ, ഇവയുടെയൊന്നും സാമൂഹ്യനേട്ടങ്ങള്‍ പ്രയോജനപ്പെടുത്താൻ ബിഹാറിന്‌ കഴിഞ്ഞില്ല. ഇപ്പോള്‍ ബിഹാർ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന സമരത്തിന് പലതിനെയും ഇല്ലാതാക്കാന്‍ കഴിഞ്ഞേക്കുമെന്നു കരുതാം. ഇവിടെ സംരക്ഷിക്കേണ്ടത് നൈതികതയെയാണ്. ഭരണഘടനയാണ് പ്രധാനം; അതിന്‌ ശക്തിപകരുന്നത് ജനങ്ങളാണ്, അവരുടെ പ്രതിഷേധസമരങ്ങളാണ്. ഇതിലേക്ക് സാധാരണജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെറിയ ചെറിയ കാര്യങ്ങളായിരിക്കും. പക്ഷേ, ഗാന്ധിജി പറഞ്ഞതുപോലെ ‘എത്ര ചെറിയ ഇടപെടലിനും അതിന്റേതായ വലിയൊരു മാനമുണ്ട്.’


(പേരാമ്പ്ര സികെജി മെമ്മോറിയൽ കോളേജിലെ സാമ്പത്തിക ശാസ്‌ത്രവിഭാഗം മുൻമേധാവിയും എഴുത്തുകാരനുമാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home