ബിഹാറിലെ അഭിനവ ജ്വാലാസിങ്ങുമാർ


കെ രാജേന്ദ്രൻ
Published on Oct 07, 2025, 11:06 PM | 3 min read
1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലം. ബിഹാറിലെ അരാ മണ്ഡലത്തിലെ ധൻവാർ ഭാട്ടിയ ഗ്രാമത്തിലെ 22 ദളിതരെ ജ്വാലാസിങ്ങിന്റെ നേതൃത്വത്തിലുള്ള സവർണ ഗുണ്ടാസംഘം കൊലപ്പെടുത്തി. ഗ്രാമത്തിലെ ദളിതർ വോട്ട് ചെയ്യാറില്ലായിരുന്നു. അവർക്ക് ഭയമായിരുന്നു. പക്ഷേ, ബൂത്തുകൾ പിടിച്ചെടുത്ത് ജ്വാലാസിങ്ങിന്റെ ഗുണ്ടാസംഘം പാവപ്പെട്ട ദളിതരുടെ വോട്ടുകൾ രേഖപ്പെടുത്തുമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ നക്സലൈറ്റ് നേതാവ് രാമേശ്വർ പ്രസാദ് മത്സരിച്ചു. സവർണ ഗുണ്ടാസംഘത്തിന്റെ ഭീഷണികൾക്ക് വഴങ്ങാതെ രാമേശ്വർ പ്രസാദിന് വോട്ട് ചെയ്യാൻ ആ ദളിത് ഗ്രാമം തീരുമാനിച്ചു. അവർ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തി. പിന്നാലെ ജ്വാലാസിങ്ങിന്റെ ഗുണ്ടാസംഘം ഗ്രാമത്തിലെ 22 ദളിതരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി.
അന്ന് അരായിലെ കലക്ടറായിരുന്ന എം എ ഇബ്രാഹിം തന്റെ ആത്മകഥയിൽ എഴുതിയത് ഇങ്ങനെ: "ആ മേഖല അടക്കിവാണിരുന്നത് ജ്വാലാസിങ്ങായിരുന്നു. അന്ന് തെരഞ്ഞെടുപ്പിനുശേഷം അവിടത്തെ പൊലീസുകാർക്കും മജിസ്ട്രേട്ടുമാർക്കും ജ്വാലാസിങ് വിരുന്നൊരുക്കി. വിരുന്ന് നടന്നുകൊണ്ടിരിക്കെ ധൻവാർ ഭാട്ടിയ ഗ്രാമത്തിലെ ദളിതരെ ജ്വാലാസിങ്ങിന്റെ ഗുണ്ടാസംഘം കൂട്ടക്കൊല ചെയ്യുകയായിരുന്നു.’ പക്ഷേ, തെരഞ്ഞെടുപ്പിൽ ധൻവാർ ഭാട്ടിയ ഗ്രാമം ഉൾപ്പെടുന്ന അരാ മണ്ഡലത്തിൽ രാമേശ്വർ പ്രസാദ് വിജയിച്ചു. രാജ്യത്തെ ലോക്‌സഭാംഗമായ ആദ്യ നക്സലൈറ്റ് രാമേശ്വർ പ്രസാദാണ്. മുപ്പത്താറുവർഷത്തിനുശേഷം ബിഹാറിൽ മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ബിഹാറിലെ 68.66 ലക്ഷംപേർക്ക് വോട്ടവകാശമില്ല. ഇവരിലെ ഭൂരിഭാഗവും ദളിതരും മുസ്ലിങ്ങളുമാണ്. പണ്ട് വോട്ടവകാശം നിഷേധിച്ചിരുന്നത് ജ്വാലാസിങ്ങിനെപ്പോലുള്ളവരുടെ ഗുണ്ടാസംഘങ്ങളായിരുന്നെങ്കിൽ, ഇപ്പോൾ ഈ പ്രവൃത്തി ചെയ്യുന്നത് ബിജെപി പിന്തുണയോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറാണ്.
ആദ്യതെരഞ്ഞെടുപ്പിൽ 46.66 ശതമാനം വോട്ട്
1952ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യ ജനസംഖ്യയിലെ 85 ശതമാനം നിരക്ഷരരായിരുന്നു. വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതുപോലും നിഷിദ്ധമെന്ന് ഒരു വിഭാഗം സ്ത്രീകൾ കരുതിയിരുന്ന കാലം. വോട്ടർപ്പട്ടികയിൽ സ്വന്തം പേരിന്റെ സ്ഥാനത്ത് ഭർത്താവിന്റെ പേര് ചേർത്താൽ മതിയെന്ന് അറിയിച്ചത് 20 ലക്ഷം സ്ത്രീകൾ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂഢമൂലമായ സാമൂഹ്യ സാഹചര്യത്തിൽപ്പോലും രാജ്യത്തെ ആകെ വോട്ടർമാരിലെ 46.66 ശതമാനം വോട്ട് രേഖപ്പെടുത്തി.

വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നതിനായി ആദ്യ തെരഞ്ഞെടുപ്പ് കമീഷണർ സുകുമാർ സെന്നിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിച്ചത്. എന്നാൽ, 2025ൽ സ്ഥിതി വ്യത്യസ്തമാണ്. സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ബിജെപിക്ക് എതിരായ നിലപാട് കൈക്കൊള്ളുന്ന, അരികുവൽക്കരിക്കപ്പെട്ടവരെ കണ്ടെത്തി വോട്ടർപ്പട്ടികയിൽനിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ്. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനുള്ള ബിജെപിയുടെ ഈ നൂതനതന്ത്രത്തിന്റെ ആദ്യ പരീക്ഷണശാലയാണ് ബിഹാർ.
ബിഹാറിൽ 243 നിയമസഭാ സീറ്റുകൾ. ആകെ 7.43 കോടി വോട്ടർമാർ. സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണം എന്ന പേരിൽ ഓരോ മണ്ഡലത്തിലും ശരാശരി 27,000 വോട്ടർമാരെവരെയാണ് വെട്ടിയത്. ഒഴിവാക്കപ്പെട്ടവർ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പ്. മുസ്ലിം വോട്ടർമാർ 17 ശതമാനമുള്ള ഗോപാൽഗഞ്ച് ജില്ലയിലെ 12.13 ശതമാനത്തെയും 68 ശതമാനമുള്ള കിഷൻഗഞ്ച് ജില്ലയിലെ 9.69 ശതമാനത്തെയും 39 ശതമാനമുള്ള പൂർണിയ ജില്ലയിലെ 8.41 ശതമാനത്തെയും പട്ടികയിൽനിന്ന് ഒഴിവാക്കിയത് യാദൃച്ഛികമല്ല.
വോട്ടുകോഴയുടെ പുതിയ മാർഗങ്ങൾ
പണം കൊടുത്ത് വോട്ട് വാങ്ങുന്ന പഴയരീതി തുടരുന്നുണ്ട്. എന്നാൽ, സർക്കാരുകൾതന്നെ ചില ജനപ്രിയ പദ്ധതികളുടെ പേരിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതാണ് പുതിയ രീതി. മഹാരാഷ്ട്രയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് മഹായുതി സഖ്യം "ലഡ്കി ബഹൻ യോജന’ എന്ന പേരിൽ ഒരു സ്‌ത്രീശാക്തീകരണ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം പാവപ്പെട്ട സ്‌ത്രീകൾക്ക് മാസംതോറും 1500 രൂപ ലഭിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൂന്നുമാസത്തെ തുകയായ 4500 രൂപ മഹാരാഷ്ട്രയിലെ രണ്ടുകോടി സ്‌ത്രീകളുടെ അക്കൗണ്ടുകളിലെത്തി. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം അധികാരത്തിൽ വന്നാൽ മാസവിഹിതം 3000 രൂപയായി ഉയർത്തുമെന്നും വാഗ്ദാനം നൽകി. സ്‌ത്രീകൾ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തു. 288 സീറ്റുകളിലെ 235ഉം മഹായുതി നേടി. എന്നാൽ, അനർഹർ കടന്നുകൂടി എന്ന കാരണം പറഞ്ഞ് മഹാരാഷ്ട്ര സർക്കാർ പദ്ധതി ഇപ്പോൾ നിർത്തി. നയാപൈസപോലും ഇപ്പോൾ അക്കൗണ്ടുകളിൽ എത്തുന്നില്ല.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞമാസം ബിഹാറിലും ഒരു സ്‌ത്രീശാക്തീകരണ പദ്ധതി പ്രഖ്യാപിച്ചു- "ലാഡ്‌ലി ബഹൻ യോജന’. സ്വയംതൊഴിലിലൂടെ ശാക്തീകരിക്കുന്നതിനായി ബിഹാറിലെ 75 ലക്ഷംസ്ത്രീകളുടെ അക്കൗണ്ടുകളിൽ 10,000 രൂപവീതം എത്തി. എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ സഹായം രണ്ടുലക്ഷം രൂപവരെ ഉയർത്തുമത്രേ. ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ഗ്രാമീണ ആരോഗ്യമിഷൻ തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ പണം നൽകാൻ തയ്യാറാകാത്തവരാണ് വോട്ട് നേടുക എന്ന ഏകലക്ഷ്യത്തോടെ ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുന്നത്. വോട്ടുകോഴയുടെ ആധുനികരൂപമാണ് ഇത്തരം പദ്ധതികൾ.
പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ
സമഗ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം ഉൾപ്പെടെ ബിഹാറിൽ ഭരണം നിലനിർത്താനുള്ള ആസൂത്രിതനീക്കങ്ങൾ വളരെ മുമ്പുതന്നെ ബിജെപി ആരംഭിച്ചിരുന്നു. പക്ഷേ, സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാർ സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. ജനകീയപ്രശ്നങ്ങൾ മുൻനിർത്തി പ്രതിപക്ഷം നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞതവണ 70 സീറ്റുകളിൽ മത്സരിച്ച് 19ൽമാത്രം വിജയിച്ച കോൺഗ്രസിന്റെ ദയനീയ പ്രകടനംകൊണ്ടുമാത്രമാണ് ആർജെഡിയും ഇടതുപക്ഷപാർടികളുമെല്ലാം ഉൾപ്പെടുന്ന മതനിരപേക്ഷസഖ്യത്തിന് പരാജയമുണ്ടായത്. ഇത്തവണ മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വികാസ് ശീൽ ഇൻസാൻ പാർടിയും ഇന്ത്യാകൂട്ടായ്‌മയിലുണ്ട്. സിപിഐ എംഎല്ലും സിപിഐ എമ്മും സിപിഐയും ഉൾപ്പെടുന്ന ഇടതുപക്ഷം കൂടുതൽ സീറ്റുകളിൽ മത്സരിച്ച് കരുത്ത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിഹാർ തെരഞ്ഞെടുപ്പുഫലം ദേശീയരാഷ്‌ട്രീയത്തെ നിർണായകമായി സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം തീപാറും.















