ad
Deshabhimani

Articles

വിധിയെഴുതാൻ ബീഹാർ

ബിഹാർ ആവേശപ്പോരിലേക്ക്‌

bihar assembly election 2025
എം പ്രശാന്ത്‌

Published on Oct 21, 2025, 11:23 PM | 4 min read

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ പലപ്പോഴും നിശ്ചയിച്ചിട്ടുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുചൂടിലാണ്‌. 243 മണ്ഡലങ്ങളിലേക്ക്‌ നവംബർ ആറിനും 11നും രണ്ടുഘട്ടമായാണ്‌ വോട്ടെടുപ്പ്‌. നവംബർ 14ന്‌ വോട്ടെണ്ണും. ഹരിയാനയ്‌ക്കും മഹാരാഷ്ട്രയ്‌ക്കും ഡൽഹിക്കും പിന്നാലെ ബിഹാർകൂടി എൻഡിഎയ്‌ക്ക്‌ നിലനിർത്താനാകുമോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. മഹാസഖ്യം അധികാരം പിടിച്ചാൽ ദേശീയതലത്തിൽ പ്രതിപക്ഷപാർടികളുടെ കൂട്ടായ്‌മ കൂടുതൽ സജീവമാകും.


20 വർഷത്തെ നിതീഷ്‌ കുമാർ കാലം

2014–15 വർഷത്തിലെ ഒമ്പതുമാസത്തെ ഇടവേള മാറ്റിനിർത്തിയാൽ ബിഹാറിൽ 20 വർഷമായി നിതീഷ്‌ കുമാറിന്റെ ഭരണമാണ്‌. എൻഡിഎയുടെയും ഇടയ്‌ക്ക്‌ മഹാസഖ്യത്തിന്റെയും ഭാഗമായിരുന്നു നിതീഷ്‌. 15 വർഷം നീണ്ട ജനതാദൾ–ആർജെഡി ഭരണം അവസാനിപ്പിച്ച്‌ 2005ലാണ്‌ നിതീഷിന്റെ നേതൃത്വത്തിൽ എൻഡിഎ അധികാരം പിടിക്കുന്നത്‌. 2010ലും എൻഡിഎ ജയിച്ചുകയറി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിക്കാൻ നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ എൻഡിഎ വിട്ട നിതീഷ്‌ കുമാർ ആർജെഡിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ലോക്‌സഭയിൽ ജെഡിയു കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ 2014 മേയിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. മഹാദളിത്‌ വിഭാഗക്കാരനായ ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായി. 2015ൽ ആർജെഡിയും ജെഡിയുവും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യം 178 സീറ്റിൽ ജയിച്ച്‌ ഭരണം പിടിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡിയായിരുന്നെങ്കിലും നിതീഷ്‌തന്നെ മുഖ്യമന്ത്രിയായി.


ആർജെഡിയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ്‌ 2017ൽ വീണ്ടും എൻഡിഎ ക്യാമ്പിലെത്തി മുഖ്യമന്ത്രിയായി തുടർന്നു. 2020ൽ ആർജെഡിയും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെട്ട മഹാസഖ്യം കാഴ്‌ചവച്ച കടുത്ത പോരാട്ടത്തെ അതിജീവിച്ച്‌ എൻഡിഎ വീണ്ടും അധികാരത്തിലെത്തി. എന്നാൽ, 115 സീറ്റിൽ മത്സരിച്ച ജെഡിയു 43ൽ ഒതുങ്ങിയത്‌ നിതീഷിന്‌ കനത്ത തിരിച്ചടിയായി. 74 സീറ്റ്‌ നേടിയ ബിജെപി, മുഖ്യമന്ത്രിയായി തുടരാൻ നിതീഷിനെ അനുവദിച്ചു. ബിജെപിയുമായി വൈകാതെ തെറ്റിപ്പിരിഞ്ഞ നിതീഷ്‌ വീണ്ടും മഹാസഖ്യം പിന്തുണയിൽ മുഖ്യമന്ത്രിയായി. ആർജെഡിയുടെ തേജസ്വി യാദവ്‌ ഉപമുഖ്യമന്ത്രിയുമായി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പായി ബിജെപിക്കെതിരെ പ്രതിപക്ഷപാർടികളുടെ കൂട്ടായ്‌മ രൂപീകരിക്കാൻ നിതീഷ്‌ മുൻകൈയെടുത്തു. ഇന്ത്യകൂട്ടായ്‌മ രൂപപ്പെട്ടെങ്കിലും നിതീഷ്‌ വീണ്ടും മറുകണ്ടം ചാടി. ഇന്ത്യകൂട്ടായ്‌മയോട്‌ കോൺഗ്രസ്‌ ആത്മാർഥത കാട്ടുന്നില്ലെന്ന്‌ ആരോപിച്ചായിരുന്നു എൻഡിഎയിലേക്കുള്ള മടങ്ങിപ്പോക്ക്‌. നിതീഷിന്റെ ‘ചതി’ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഇന്ത്യകൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയായി.


തുടർച്ചയോ മാറ്റമോ

നിതീഷ്‌ കുമാറിന്റെ വീഴ്‌ചയോ തുടർവാഴ്‌ചയോ എന്ന ചോദ്യമാണ്‌ ബിഹാർ തെരഞ്ഞെടുപ്പ്‌ ഉയർത്തുന്നത്‌. ബിജെപിയും സംഘപരിവാറും കൊട്ടിഘോഷിക്കുന്ന ‘ഇരട്ട എൻജിൻ’ സർക്കാർ ബിഹാറിന്‌ കുതിപ്പേകിയില്ല എന്നതാണ്‌ യാഥാർഥ്യം. അതി പിന്നാക്ക സംസ്ഥാനങ്ങളിലൊന്നായി ബിഹാർ തുടരുന്നു. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുള്ള ചില പ്രഖ്യാപനങ്ങൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടത്തിയെങ്കിലും കടുത്ത ഭരണവിരുദ്ധവികാരം പ്രകടമാണ്‌. ന്യൂനപക്ഷ–പിന്നാക്ക വോട്ടുകളെ പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ്‌ കമീഷൻ തിടുക്കത്തിൽ നടത്തിയ വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധനയ്‌ക്കെതിരായി മഹാസഖ്യം സംഘടിപ്പിച്ച ‘വോട്ടർ അധികാർ’ യാത്രയ്‌ക്ക്‌ വലിയ സ്വീകാര്യത ലഭിച്ചു. വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന സാധാരണക്കാർക്ക്‌ സൃഷ്ടിച്ച പ്രയാസങ്ങളും സർക്കാരിനെതിരായ വികാരമായി മാറിയിട്ടുണ്ട്‌.

1990 മുതൽ 15 വർഷം നീണ്ട ലാലു–റാബ്രി ഭരണകാലത്തെ ഓർമിപ്പിച്ചാണ്‌ എൻഡിഎ മുഖ്യമായും സർക്കാർവിരുദ്ധ വികാരത്തെ മറികടക്കാൻ ശ്രമിക്കുന്നത്‌. എന്നാൽ, 20 വർഷത്തെ നിതീഷ്‌ ഭരണം ജനങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള മടുപ്പിനെ മറികടക്കാൻ ഇ‍ൗ പ്രചാരണങ്ങൾ പര്യാപ്‌തമല്ലെന്ന തിരിച്ചറിവ്‌ എൻഡിഎ നേതൃത്വത്തിനുണ്ട്‌. വർഗീയത ആളിക്കത്തിച്ചുള്ള ധ്രുവീകരണനീക്കങ്ങൾക്കും സംഘപരിവാർ തുടക്കമിട്ടിട്ടുണ്ട്‌.


തൊഴിലില്ലായ്‌മയും അതിദാരിദ്ര്യവും

തൊഴിലില്ലായ്‌മയും തൊഴിൽ തേടിയുള്ള പലായനവും അതിദാരിദ്ര്യവും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകും. ‘ഇരട്ട എൻജിൻ’ സർക്കാരുകളുണ്ടായിട്ടും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കാനാകാത്തത്‌ എൻഡിഎയുടെ പ്രധാന പരാജയമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 15–29 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്‌മനിക്ക്‌ 23.2 ശതമാനമാണ്‌. ദേശീയ ശരാശരിയാകട്ടെ 15.9 ശതമാനവും. തൊഴിലിനായി മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ യുപിക്കുപിന്നിൽ രണ്ടാമതാണ്‌ ബിഹാർ. ബിഹാറിലെ ജനസംഖ്യയിൽ 54.27 ശതമാനവും തൊഴിലെടുക്കുന്നത്‌ കൃഷിയടക്കമുള്ള പ്രാഥമികമേഖലയിലാണ്‌. എന്നാൽ, സംസ്ഥാന ജിഡിപിയിൽ പ്രാഥമികമേഖലയുടെ പങ്ക്‌ 19.9 ശതമാനവും. സ്‌ത്രീകളുടെ തൊഴിൽപങ്കാളിത്തം 15.6 ശതമാനംമാത്രം. അതിദാരിദ്ര്യമാണ്‌ മറ്റൊരു പ്രതിസന്ധി. ദേശീയതലത്തിൽ 1.07 ലക്ഷം ര‍ൂപയാണ്‌ ആളോഹരി വരുമാനമെങ്കിൽ ബിഹാറിൽ 32,174 രൂപമാത്രമാണ്‌. 2021ലെ കണക്കുപ്രകാരം 33.76 ശതമാനവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. ഗ്രാമീണമേഖലയിൽ ഒരു കുടുംബത്തിന്റെ മാസംതോറുമുള്ള ശരാശരി ചെലവ്‌ 3788 രൂപയും നഗരങ്ങളിൽ 5165 രൂപയുമാണ്‌.


പുനഃപരിശോധന സൃഷ്ടിക്കുന്ന 
ആശങ്കകൾ

തെരഞ്ഞെടുപ്പ്‌ കമീഷൻ നടത്തിയ വോട്ടർപ്പട്ടികയുടെ പുനഃപരിശോധനയും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും. വോട്ടർപ്പട്ടികയിൽനിന്ന്‌ നീക്കംചെയ്‌തത്‌ 68.66 ലക്ഷം വോട്ടുകളാണ്‌. ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള സീമാഞ്ചൽ ജില്ലകളിലാണ്‌ അധികംപേരെയും പുറത്താക്കിയത്‌. ഓരോ മണ്ഡലത്തിലും ശരാശരി 27,000 വോട്ടുവീതം നീക്കം ചെയ്‌തു. ദളിത്‌–പിന്നാക്ക വിഭാഗക്കാരെയും ന്യൂനപക്ഷങ്ങളെയും സ്‌ത്രീകളെയുമാണ്‌ കൂടുതലായി നീക്കം ചെയ്‌തത്‌. ഗോപാൽഗഞ്ച്‌, കിഷൻഗഞ്ച്‌, പൂർണിയ, മധുബനി, ഭഗൽപ്പുർ എന്നീ ജില്ലകളിലാണ്‌ കൂടുതൽ വോട്ടുകൾ നീക്കം ചെയ്‌തത്‌. നേപ്പാളിനോടും ബംഗാളിനോടും ചേർന്നുള്ള ഇ‍ൗ ജില്ലകളിൽ മുസ്ലിം വോട്ടർമാർ കൂടുതലാണ്‌.


രണ്ടാംഘട്ടത്തിനുള്ള പത്രികാസമർപ്പണ സമയപരിധി കഴിഞ്ഞിട്ടും സീറ്റുവിഭജനം പൂർത്തിയാക്കാനാകാത്തത്‌ മഹാസഖ്യത്തിന്‌ തിരിച്ചടിയാണ്‌. ആകെ 254 സീറ്റുകളിൽ മഹാസഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്‌. 11 സീറ്റുകളിൽ ഒന്നിലേറെ സ്ഥാനാർഥികളുണ്ട്‌. ഇതിൽ അഞ്ച്‌ സീറ്റുകൾ ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളാണ്‌. ഇവിടെ നാമനിർദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിനാൽ മഹാസഖ്യം പാർടികൾ തമ്മിൽ ‘സ‍ൗഹൃദ’മത്സരം ഉറപ്പായി. രണ്ടാംഘട്ടത്തിലേക്ക്‌ സമർപ്പിച്ചിട്ടുള്ള പത്രികകൾ പിൻവലിക്കാനുള്ള അവസാനതീയതി വ്യാഴാഴ്‌ച അവസാനിക്കും.


2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ 51ലും തോറ്റിരുന്നു. 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷമാകട്ടെ 16 സീറ്റിൽ ജയിച്ചു. കോൺഗ്രസിന്റെ കൂട്ടത്തോൽവിയാണ്‌ 2020ൽ മഹാസഖ്യത്തെ അധികാരത്തിൽനിന്ന്‌ അകറ്റിയത്‌


കോൺഗ്രസും മുകേഷ്‌ സാഹ്‌നിയുടെ വികാസ്‌ശീൽ ഇൻസാൻ പാർടിയും കാട്ടിയ പിടിവാശിയാണ്‌ മഹാസഖ്യം സീറ്റുചർച്ചകളെ തകിടംമറിച്ചത്‌. ജാർഖണ്ഡ്‌ മുക്തിമോർച്ച സഖ്യം വിടുകയും ചെയ്‌തു. അറുപതിലേറെ സീറ്റുകൾക്കായി കോൺഗ്രസ്‌ കാട്ടിയ പിടിവാശി ചർച്ചകളെ തുടക്കത്തിൽത്തന്നെ താളംതെറ്റിച്ചു. 2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ 51ലും തോറ്റിരുന്നു. 29 സീറ്റിൽ മത്സരിച്ച ഇടതുപക്ഷമാകട്ടെ 16 സീറ്റിൽ ജയിച്ചു. കോൺഗ്രസിന്റെ കൂട്ടത്തോൽവിയാണ്‌ 2020ൽ മഹാസഖ്യത്തെ അധികാരത്തിൽനിന്ന്‌ അകറ്റിയത്‌. എന്നാൽ, ഇപ്പോഴും പാഠം പഠിക്കാൻ അവർ തയ്യാറായിട്ടില്ല. മഹാസഖ്യത്തിൽ നിലവിൽ ആർജെഡിക്കും കോൺഗ്രസിനും ഇടതുപക്ഷപാർടികൾക്കും വിഐപിക്കും പുറമെ ഇന്ത്യ ഇൻക്ല‍ൂസീവ്‌ പാർടിയും (ഐഐപി) ഉൾപ്പെട്ടിട്ടുണ്ട്‌. നെയ്‌ത്ത്‌ തൊഴിലാക്കിയ പാൻ–തന്തി വിഭാഗക്കാരെ പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നയിക്കുന്ന ഐ പി ഗുപ്‌ത നേതൃത്വം നൽകുന്ന പാർടിയാണ്‌ ഐഐപി.


ആർജെഡി 143 സീറ്റിലും കോൺഗ്രസ്‌ 60ലും സ്ഥാനാർഥികളെ നിർത്തി. സിപിഐ എംഎൽ 20 സീറ്റിലും സിപിഐ ഒമ്പതിലും സിപിഐ എം നാല്‌ സീറ്റിലും മത്സരിക്കുന്നു. വിഐപി 15 സീറ്റിലും ഐഐപി മൂന്നിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്‌. എൻഡിഎയിൽ ജെഡിയുവും ബിജെപിയും 101 ഇടത്താണ്‌ മത്സരിക്കുന്നത്‌. 29 സീറ്റിൽ എൽജെപിയും ആറ്‌ സീറ്റുകളിൽവീതം ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്മോർച്ചയും മത്സരിക്കും.


കൂടുതൽ ഇടത്ത്‌ മത്സരിച്ചിരുന്ന ജെഡിയു ആദ്യമായാണ്‌ ബിജെപിക്കൊപ്പംതന്നെ സീറ്റുകളിൽ ഒതുങ്ങുന്നത്‌. നിതീഷ്‌ പ്രഭാവം മങ്ങുന്നതിന്‌ തെളിവായി ഇതിനെ കാണാം. ഇക്കുറി സീറ്റുചർച്ചകൾക്ക്‌ മുൻകൈയെടുത്തതും ബിജെപിയാണ്‌. പുതിയ രാഷ്ട്രീയപാർടിയായ പ്രശാന്ത്‌ കിഷോറിന്റെ ജൻ സുരാജ്‌ പാർടി 243 സീറ്റിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്‌. നൂറ്‌ സീറ്റുകളിൽ മത്സരിക്കുമെന്നാണ്‌ എഐഎംഐഎം നേതാവായ അസസുദ്ദീൻ ഒവെയ്‌സിയുടെ പ്രഖ്യാപനം. ഇ‍ൗ രണ്ടു പാർടികളും ഭരണവിരുദ്ധവോട്ടുകൾ ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷ ബിജെപിക്കും എൻഡിഎയ്‌ക്കുമുണ്ട്‌. എന്നാൽ, സീറ്റുതർക്കങ്ങൾ പരിഹരിച്ച്‌ വേഗത്തിലുള്ള തിരിച്ചുവരവ്‌ മഹാസഖ്യത്തിന്‌ സാധ്യമായാൽ ബിഹാറിൽ വിജയം ഉറപ്പിക്കാം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home