ഉയർന്നു കേൾക്കുന്ന ഒരു ഇന്ത്യൻ ശബ്ദം

ബാനു മുഷ്‌താഖും പരിഭാഷക ദീപ ബസ്‌തിയും ബംഗളുരു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

എൻ ഇ സുധീർ
Published on May 28, 2025, 04:42 PM | 5 min read
നൊേബൽ സമ്മാനം കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള വായനക്കാർ ഉറ്റുനോക്കുന്ന സാഹിത്യപുരസ്‌കാരമാണ് അന്താരാഷ്‌ട്ര ബുക്കർ പുരസ്‌കാരം. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ചതുമായ നോവലുകളും ചെറുകഥാ സമാഹാരങ്ങളും ആണ് ഈ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നത്...
ബാനു മുഷ്താഖും ബുക്കർ പുരസ്‌കാരവും
ഇതെഴുതാനിരിക്കുമ്പോൾ ആ സന്തോഷവാർത്ത ഞാനറിഞ്ഞു. 2025‐ലെ അന്താരാഷ്‌ട്ര ബുക്കർ പുരസ്‌കാരം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാ സമാഹാരം നേടിയിരിക്കുന്നു.

പ്രതീക്ഷിച്ചതായിരുന്നില്ലെങ്കിലും വലിയ ആഹ്ലാദം തോന്നുന്നു. ലോകത്തിലെ പ്രധാനപ്പെട്ട ഒരു സാഹിത്യ പുരസ്‌കാരം ഒരിന്ത്യൻ എഴുത്തുകാരിക്കു ലഭിക്കുന്നു എന്ന സന്തോഷവും അഭിമാനവും. ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെയൊരു സന്തോഷവും അഭിമാനവും അനുഭവിക്കാൻ സാധിക്കുന്നത്. 2022‐ൽ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’ എന്ന നോവലിനും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ബുക്കർ പ്രൈസുകൾ
രണ്ട് പുരസ്‌കാരങ്ങളാണ് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ എല്ലാ വർഷവും നൽകി വരുന്നത്. ഒന്ന് ഇംഗ്ലീഷിലെഴുതി ഇംഗ്ലണ്ടിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച നോവലിനുള്ളതാണ്. 1969 മുതൽ ഈ പുരസ്‌കാരം നിലവിലുണ്ട്. അതാണ് അരുന്ധതി റോയിക്കും അരവിന്ദ് അഡിഗയ്‌ക്കുമൊക്കെ ലഭിച്ചത്.
അരുന്ധതി റോയി
ആദ്യമൊക്കെ ഇത് മാൻ ബുക്കർ പ്രൈസ് എന്നാണ് അറിയപ്പെട്ടിരുന്നത്. മാൻ ഗ്രൂപ്പ് കമ്പനി സമ്മാനത്തിന്റെ സ്‌പോൺസർഷിപ്പ് ഉപേക്ഷിച്ചതോടെ ബുക്കർ പ്രൈസ് എന്ന് മാത്രം അറിയപ്പെട്ടു തുടങ്ങി. അതത് വർഷത്തെ
അരവിന്ദ് അഡിഗ
മികച്ച ഇംഗ്ലീഷ് നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. അമ്പതിനായിരം പൗണ്ട് ആണ് സമ്മാനത്തുക. ചുരുക്കപ്പട്ടികയിൽ വരുന്ന ആറ് കൃതികൾക്ക് 2500 പൗണ്ട് വീതവും ലഭിക്കും.
ദി ഇന്റർനാഷണൽ ബുക്കർ പ്രൈസ്
രണ്ടാമത്തേതാണ് ‘ദി ഇന്റർനാഷണൽ ബുക്കർ പ്രൈസ്.' ലോകത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നൊേബൽ സമ്മാനം കഴിഞ്ഞാൽ ലോകമെമ്പാടുമുള്ള വായനക്കാർ ഉറ്റുനോക്കുന്ന സാഹിത്യപുരസ്‌കാരം. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ചതുമായ നോവലുകളും ചെറുകഥാ സമാഹാരങ്ങളും ആണ് ഈ സമ്മാനത്തിന് പരിഗണിക്കപ്പെടുന്നത്.
ഓരോ വർഷവും ഒരു പുസ്‌തകത്തിന് എന്ന നിലയിലാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. സമ്മാനത്തുകയായ അമ്പതിനായിരം പൗണ്ട് എഴുത്തുകാരിക്കും/ കാരനും പരിഭാഷകയ്‌ക്കും/പരിഭാഷകനും തുല്യമായി വീതിച്ചു നൽകുന്നു എന്ന പ്രത്യേകതയും ഈ പുരസ്‌കാരത്തിനുണ്ട്.
2005 മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. ആദ്യകാലത്ത് ഇംഗ്ലീഷിലെഴുതിയ രചനകളെയും ഈ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. ആലിസ് മൺറോ, ലിഡ്യാ ഡേവിസ്, ഫിലിപ്പ് റോത്ത് തുടങ്ങിയ ഇംഗ്ലീഷിലെഴുതുന്ന വിഖ്യാത എഴുത്തുകാർക്കും അൽബേനിയൻ എഴുത്തുകാരനായ ഇസ്മയിൽ ഖദാരേ, ഹംഗേറിയൻ നോവലിസ്റ്റായ ലെസ്ല്ലോ ക്രഷ്നഹോർക്കയി തുടങ്ങിയവർക്കും ആദ്യകാലത്ത് ഈ പുരസ്‌കാരം ലഭിക്കുകയുണ്ടായി.
2016 മുതൽ ഇതിന്റെ നിയമത്തിൽ മാറ്റങ്ങളുണ്ടായി. തുടർന്നിങ്ങോട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട കൃതികൾ മാത്രമേ പരിഗണിക്കുന്നുള്ളൂ. അന്ന് തൊട്ട് രചയിതാക്കൾക്കും പരിഭാഷകർക്കും പുരസ്‌കാരത്തുക തുല്യമായി പങ്കിട്ടുകൊടുത്തു തുടങ്ങി.
ചിനുവാ അച്ചേബേ, ഹാൻകാങ്ങ്, ഡേവിഡ് ഗ്രോസ്മാൻ, ഓൾഗ ടൊകോർച്ചുക്ക്, ലുകാസ് റിജ്‌നെവെൽഡ്, ദേവിദ് ഡിയോപ്, ജ്യോർജി ഗുസ്‌പിദിനോവ്, ജെന്നി എർപെൻബെക് തുടങ്ങിയവരുടെയാക്കെ രചനകൾ ഈ പുരസ്‌കാരം നേടുകയുണ്ടായി.
ലോകത്തിലെ ഏറ്റവും മികച്ച നോവലിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പുരസ്‌കാരവും 2019 വരെ മാൻ ഗ്രൂപ്പ് സ്‌പോൺസർ ചെയ്‌തിരുന്നു. ഇപ്പോഴത്തെ സ്‌പോൺസറായ ക്രാങ്ക്സ്റ്റാർട് ഈ സമ്മാനം പഴയതുപോലെ ബുക്കർ എന്ന പേരിൽ അറിയപ്പെട്ടാൽ മതി എന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ വീണ്ടും ബുക്കർ പുരസ്‌കാരം എന്ന പഴയ പേരിലേക്ക് തിരിച്ചുവന്നു.
ഇന്ത്യൻ ഭാഷകളിലെ സാഹിത്യം
ഗീതാഞ്ജലി ശ്രീയുടെ നോവലിന് ഈ പുരസ്‌കാരം നേടാനായത് ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യത്തിന് പുതിയൊരുണർവ് നൽകുകയുണ്ടായി. പൊതുവിൽ നമ്മുടെ ഭാഷകളിലുള്ള എഴുത്തിനോട് നമുക്കെല്ലാം ഒരു അവഗണനാ മനോഭാവമാണുള്ളത്. അതുകൊണ്ടു തന്നെയാണ് ഗീതാഞ്ജലി ശ്രീയെപ്പോലെ പ്രതിഭാശാലിയായ ഒരെഴുത്തുകാരിയെ അറിയാൻ ഒരു അന്താരാഷ്‌ട്ര അംഗീകാരം തന്നെ വേണ്ടി വന്നത്.
ഗീതാഞ്ജലി ശ്രീ നമുക്കൊപ്പം ഈ രാജ്യത്ത് ജീവിച്ച് എത്രയോ കാലമായി എഴുതിക്കൊണ്ടിരുന്നു. എന്നാൽ ഹിന്ദിയുടെ വായനാലോകത്തിന് പുറത്ത് അവരറിയപ്പെട്ടില്ല. ഇന്ത്യയിലെ പ്രധാന സാഹിത്യ
ഗീതാഞ്‌ജലി ശ്രീ ബുക്കർ പുരസ്‌കാരവുമായി
പുരസ്‌കാരങ്ങളൊന്നും ഇതുവരെ അവരെ തേടിയെത്തിയതുമില്ല.
ഇന്ത്യയിലെ ഭാഷാസാഹിത്യങ്ങളെ അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലുമുള്ള വിമുഖത കൂടി ഇതിന്റെ പിറകിലുണ്ട്. ആ വർഷത്തെ ചുരുക്കപ്പട്ടികയിൽ കടന്നുവന്ന നൊേബൽ സാഹിത്യ പുരസ്‌കാര ജേതാക്കളെക്കൂടി പിറകിലാക്കിക്കൊണ്ടാണ് 2022‐ൽ ബുക്കർ അന്താരാഷ്‌ട്ര സാഹിത്യ പുരസ്‌കാരം അവർ നേടിയത്.
ഇപ്പോഴിതാ ബാനു മുഷ്താഖ് കന്നഡ ഭാഷയിലെഴുതിയ കഥാസമാഹാരത്തിന്റെ പരിഭാഷയും ഈ പുരസ്‌കാരലബ്ധിയിലൂടെ ലോകാംഗീകാരം നേടിയിരിക്കുന്നു. ബാനു മുഷ്താഖ് എന്ന എഴുത്തുകാരിയെ ബുക്കർ പുരസ്‌കാരത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുംവരെ വായിച്ചിട്ടില്ല എന്ന് അത്യധികമായ കുറ്റബോധത്തോടെ മാത്രമേ എനിക്കു പറയാനാവൂ. അതൊരു യാഥാർഥ്യമാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിലാണ് അവരുടെ കുറേ കഥകൾ വായിച്ചത്.
ബാനു മുഷ്താഖിന്റെ രചനാലോകം
ബുക്കർ അന്താരാഷ്‌ട്ര പുരസ്‌കാരത്തിന്റെ ഇത്തവണത്തെ ചുരുക്കപ്പട്ടികയിൽ എത്തിയ ആറു പുസ്‌തകങ്ങളിൽ ഒന്നാണ് ബാനു മുഷ്താഖിന്റെ ‘ഹാർട്ട് ലാംപ്.’ വിൻസന്റെ ദിലക്വയുടെ ‘സ്മോൾ ബോട്ട്’, സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, ഹിരോമി കവാകാമിയുടെ ‘അണ്ടർ ദ് ഐ ഓഫ് ദ് ബിഗ് ബേഡ്’, ആന്ന സേറയുടെ ‘എ ലെപേഡ് സ്‌കിൻ ഹാറ്റ്’, വിൻസെൻസോ ലാേട്രാനിക്കോയുടെ ‘പെർഫെക്ഷൻ’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റു കൃതികൾ.
ഈ അഞ്ചു പുസ്‌തകങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായ ഒരു രചനാശൈലിയാണ് ‘ഹാർട്ട് ലാംപി’ലുള്ളത്. പൊതുവിൽ നമുക്കൊക്കെ പരിചിതമായ ഒരു റിയലിസ്റ്റിക് രീതിയിലുള്ള എഴുത്ത്. വളച്ചുകെട്ടില്ലാതെ, ആഖ്യാന പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ നേരിട്ടുള്ള കഥ പറച്ചിൽ. ഈ കഥകളിലെ പ്രമേയവും മലയാളി വായനക്കാർക്ക് ഏറെ പരിചിതമായിരിക്കും.
പത്രവാർത്തകളിലൂടെപോലും നമ്മളറിഞ്ഞ സംഭവങ്ങളെ ഈ കഥകൾ ഓർമിപ്പിക്കും. എന്നാൽ ആഖ്യാനരീതി ഒരേസമയം ലളിതവും സുന്ദരവും സ്വച്ഛന്ദവുമാണ്.
യാഥാസ്ഥിതികതയെ മടികൂടാതെ വിമർശിക്കുമ്പോഴും അവരുടെ ഭാഷയുടെ താളം തെറ്റുന്നില്ല.
സ്വന്തം ജീവിതത്തിൽ കടന്നുപോയ അനുഭവങ്ങളുടെ തീവ്രത ബാനു മുഷ്താഖിന്റെ കഥകളെ കരുത്തുറ്റതാക്കുന്നു. 1990 മുതൽ അവരെഴുതിയ കഥകളിൽനിന്നും തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് പുരസ്‌കാരം നേടിയ ഈ സമാഹാരത്തിലുള്ളത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തിനകത്തെ സ്‌ത്രീ ജീവിതമാണ് അവർ കഥകളിലൂടെ പ്രധാനമായും വരച്ചുകാട്ടുന്നത്.
സ്വന്തം ജീവിതത്തിൽ കടന്നുപോയ അനുഭവങ്ങളുടെ തീവ്രത ബാനു മുഷ്താഖിന്റെ കഥകളെ കരുത്തുറ്റതാക്കുന്നു. 1990 മുതൽ അവരെഴുതിയ കഥകളിൽനിന്നും തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് പുരസ്‌കാരം നേടിയ ഈ സമാഹാരത്തിലുള്ളത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തിനകത്തെ സ്‌ത്രീ ജീവിതമാണ് അവർ കഥകളിലൂടെ പ്രധാനമായും വരച്ചുകാട്ടുന്നത്.
പൊതുവിൽ മതവും അതിന്റെ ശാഠ്യങ്ങളും സാധാരണ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയെല്ലാം പരിമിതപ്പെടുത്തുന്നു, ദുരിതപൂർണമാക്കുന്നു എന്നാണ് ഈ കഥകൾ കാണിച്ചുതരുന്നത്. എപ്പോഴും മതശാഠ്യങ്ങളുടെ ഇരകൾ സ്‌ത്രീകളായിരിക്കുമല്ലോ. അത്തരം ഇരകളുടെ ലോകം വിവരിക്കുന്ന പന്ത്രണ്ട് കഥകളാണ് ‘ഹാർട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്.
മുസ്ലിം കുടുംബങ്ങൾക്കകത്ത് പുരുഷാധിപത്യവും മതാധിപത്യവും പ്രവർത്തിക്കുന്ന രീതി തന്റെ കഥകളിലൂടെ അവർ തുറന്നുകാട്ടുന്നു. വിവാഹം, കുടുംബ ജീവിതം എന്നീ ചട്ടക്കൂടുകൾക്കകത്ത് ദിവസേനയെന്നപോൽ നരകയാതന അനുഭവിക്കുന്ന കഥാപാത്രങ്ങൾ വായനക്കാരെ വേദനിപ്പിക്കും.
അവരിൽ വലിയ ചോദ്യങ്ങൾ അവശേഷിപ്പിക്കും. അവയിലെ ചില സ്‌ത്രീ കഥാപാത്രങ്ങൾ ആന്തരിക പ്രതിരോധം സൃഷ്ടിക്കുന്നതും കാണാം. യാഥാസ്ഥിതികത്വത്തോടുള്ള ഒരു കലാപം, വ്യക്തിസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഇതൊക്കെ ഈ കഥകളിൽ നിറയുന്നുണ്ട്.
ബാനു മുഷ്താഖ്
മനുഷ്യാവസ്ഥയുടെ ഇതിലെ വേറിട്ട ചിത്രങ്ങൾ തീർച്ചയായും പാശ്ചാത്യ വായനക്കാരെ വിസ്മയിപ്പിക്കും. അവർക്കിത് പുതിയൊരു ലോകത്തെ അറിയലാണ്; മതത്തിന്റെയും പുരുഷ മേൽക്കോയ്‌മയുടെയും പിടിയിൽ നിസ്സഹായരും നിരാലംബരുമാവാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ആന്തരിക ജീവിതത്തെ മനസ്സിലാക്കലാണ്.
ചില കഥകളിൽ വർഗ വ്യത്യാസത്തിന്റെ പ്രതിസന്ധികളും കാണാൻ കഴിയുന്നു. ‘റെഡ് ലുങ്കി’ എന്ന കഥയിൽ (ഈ കഥ കഴിഞ്ഞ വർഷം അമേരിക്കയിൽ നിന്നുള്ള പ്രശസ്‌തമായ പാരീസ് റിവ്യു മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു) മുസ്ലിം സമുദായത്തിലെ സാമ്പത്തികവിടവ് വരച്ചുകാട്ടുന്നുണ്ട്.
അതേസമയം പാവപ്പെട്ടവന്റെ ജീവിതം ചില കാര്യങ്ങളിലെങ്കിലും മെച്ചപ്പെട്ടതാണ് എന്ന് സൂചിപ്പിക്കുന്നു. മതത്തിന്റെ ചട്ടക്കൂട് ഭേദിക്കുവാൻ പണക്കാരനുപോലും കഴിയുന്നില്ല എന്ന ഒരു സത്യമാണ് അവർ കാണിച്ചുതരുന്നത്. മിക്ക കഥകളും വായനക്കാരൻ പ്രതീക്ഷിക്കുന്നതു പോലെയല്ല അവസാനിക്കുന്നത്. അവിടെ കഥാകാരി ഭാവനാകൗശലം കാണിക്കുന്നു.
ബാനു മുഷ്താഖ്
വ്യക്തിയുടെ സ്വതന്ത്രമായ നിലനിൽപ്പിനെ ഉയർത്തിക്കാട്ടാനാണ് കഥാകാരി ശ്രമിക്കുന്നത്. മതബോധത്തിനാൽ പ്രശ്നനിബദ്ധനായ വ്യക്തിയെ എങ്ങനെ സ്വതന്ത്രനാക്കാം എന്നൊരന്വേഷണം ഈ എഴുത്തിന്റെ അന്തർധാരയായി വർത്തിക്കുന്നുണ്ട്.
നീതീകരിക്കാനാവാത്ത ആ യാതനകൾ ലോകവായനയിലേക്കെത്തുന്നു എന്നത് വലിയ കാര്യമാണ്. എന്നാൽ കഥാപാത്രസൃഷ്ടിയിലോ, ഇതിവൃത്ത സങ്കൽപ്പത്തിലോ നൂതനത്വം ഈ കഥകളിൽ കാണാനില്ല. മികച്ച കലാസൃഷ്ടിക്കു പകർന്നുതരാൻ കഴിയുന്ന ദർശനബോധവും അർഥസൂചകങ്ങളും ഇവയിലില്ല.
കണ്ട അനുഭവങ്ങളെ ലളിതമായ സാഹിത്യ ശൈലിയിലൂടെ ആവിഷ്‌കരിച്ചു എന്നു മാത്രം. അഥവാ അതിനു മാത്രം ശ്രമിച്ചു. സമാനസ്വഭാവമുള്ള സംഭവങ്ങളാണ് മിക്ക കഥകളിലും കാണുന്നത് എന്ന ദോഷവുമുണ്ട്.
പുതിയകാല രചനകൾ സാഹസികമായ പരീക്ഷണങ്ങൾക്കായി ഏതറ്റംവരെയും ശ്രമിക്കുന്നത് നമ്മൾ വായനക്കാർ കാണുന്നുണ്ട്.
ഇത്തവണത്തെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ചില കൃതികളും അത്തരത്തിലുള്ളവയാണ്. മുൻകാല ജേതാക്കൾ മിക്കവരും അതേ പാത പിന്തുടർന്നവരാണ്. ബാനു മുഷ്താഖ് ‘ഹാർട്ട് ലാംപ്’എന്ന കഥാസമാഹാരത്തിൽ മനുഷ്യാവസ്ഥയുടെ ബാഹ്യമായ തലത്തിൽ മാത്രമേ വിഹരിക്കുന്നുള്ളൂ. സമകാലിക സാഹിത്യത്തിൽ ഗൗരവമായ സഞ്ചാരം നടത്തുന്ന വായനക്കാരെ ഒരുപക്ഷേ ഈ രചനയും പുരസ്‌കാര വാർത്തയും ചെറിയ തോതിൽ നിരാശപ്പെടുത്തിയേക്കും.
തീർച്ചയായും ഇതിന്റെ പരിഭാഷ മികച്ചതാണ്. കാരണം ഒരു പരിഭാഷാ കൃതി വായിക്കുന്ന തോന്നൽ ഇതുണ്ടാക്കുന്നില്ല. കന്നഡയിൽ നിന്നും മൊഴിമാറ്റം നടത്തിയ ദീപ ബസ്‌തിയുടെ ഇംഗ്ലീഷ് ഭാഷ അത്രമാത്രം നൈസർഗികമാണ് എന്നു പറയാതെ വയ്യ.
ബാനു മുഷ്‌താഖും ദീപ ബസ്‌തിയും ലണ്ടനിലെ ഒരു ചടങ്ങിൽ
സ്വാഭാവികമായ മനുഷ്യജീവിതത്തെ തടസ്സപ്പെടുത്തുകയും അസാധ്യമാക്കുകയും ചെയ്യുന്ന, ജീവിതത്തെ കുഴക്കുന്ന വിവേചനത്തോടുള്ള കലാപം കുറിക്കലായി സാഹിത്യത്തെ ബാനു മുഷ്താഖ് മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ സർഗാത്മകമായ പ്രതികരണമാണ് അവരുടെ എഴുത്ത്.
ദേശാഭിമാനി വാരികയിൽ നിന്ന്















