ലയിപ്പിച്ച് ഇല്ലാതാക്കൽ


എ കെ രമേശ്
Published on Oct 24, 2025, 12:00 AM | 3 min read
വീണ്ടും ഒരു ബാങ്ക് ലയനത്തിന്റെ കേളികൊട്ട് തുടങ്ങി. സെപ്തംബറിൽ ഡൽഹിയിൽ ചേർന്ന പൊതുമേഖലാ ബാങ്ക് മൻഥനിലാണ് അതുയർന്നത്. നിതി ആയോഗിന്റെ നിർദേശമുണ്ടത്രേ, 2047 ആകുന്നതോടെ ലോകത്തെ ഏറ്റവും വലിയ 20 ബാങ്കുകളുടെ പട്ടികയിൽ എങ്ങനെയും ഇന്ത്യയിലെ രണ്ടു ബാങ്കുകളെ ഉന്തിക്കയറ്റി എത്തിക്കാൻ. 2017ൽ പൊതുമേഖലാ ബാങ്കുകൾ 27 എണ്ണമായിരുന്നു. അതിപ്പോൾ പരസ്പരം ലയിച്ച് പന്ത്രണ്ടായി ചുരുങ്ങി. അന്ന് ലയനത്തിന് പറഞ്ഞ ന്യായം, ആഗോള റാങ്കിങ്ങിൽ 50നുള്ളിൽ ഇടംപിടിക്കലാണെന്നാണ്. പിടിച്ചിട്ടെന്ത് നേട്ടമെന്ന് അന്നും ചോദ്യമുയർന്നതാണ്.
നരസിംഹത്തിന്റെ പഴയ ചോദ്യം
നമുക്കെന്തിനാണ് ഇത്രയേറെ പൊതുമേഖലാ ബാങ്കുകളെന്ന് ഇന്ത്യയിൽ ആദ്യമായി ചോദിച്ചുകേട്ടത് നരസിംഹറാവുവിന്റെ കാലത്താണ്. ആഗോള ധനമൂലധന താൽപ്പര്യത്തിനൊത്ത് നയങ്ങളാകെ തിരിച്ചിടാൻ തുടങ്ങിയ അക്കാലത്ത്, ബാങ്കിങ് മേഖലാ പരിഷ്കരണത്തിനായി നിയോഗിച്ച നരസിംഹം കമ്മിറ്റിയാണ്, അന്താരാഷ്ട്രതലത്തിൽ മത്സരക്ഷമതയുള്ള ശക്തമായ ഒന്നോ രണ്ടോ ബാങ്കുകളും പിന്നെ ഏഴെട്ട് വലിയ ബാങ്കുകളും മതിയെന്ന് നിർദേശിച്ചത്. അന്താരാഷ്ട്ര ബാങ്കുകളുമായി മത്സരിച്ച് ജയിക്കണമെങ്കിൽ വണ്ണംകൂടണമെന്നാണ് അന്നത്തെയും ഇന്നത്തെയും ന്യായം.
നരസിംഹം കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് പത്തുവർഷം കഴിഞ്ഞാണ് 2001ൽ ബാങ്കിങ് മേഖലയിലെ ലയനങ്ങൾ തൊഴിൽമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച ഐഎൽ റിപ്പോർട്ട് പുറത്തുവരുന്നത്. 15 യൂറോപ്യൻ രാജ്യങ്ങളിലായി 1990ൽ ഉണ്ടായിരുന്ന 14,640 ബാങ്കുകൾ 8820 എണ്ണമായി ചുരുങ്ങിയ കാര്യം ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവനക്കാരെയും നാലിലൊന്ന് ശാഖകളെയും വെട്ടിച്ചുരുക്കാനായി എന്നല്ലാതെ ജനങ്ങൾക്ക് നേട്ടമൊന്നും ഉണ്ടായില്ല. മാത്രമല്ല, അതുവഴി ഗ്രാമീണമേഖലയിലെ ഇടപാടുകാരും താഴ്‌ന്ന വരുമാനക്കാരായ നഗരവാസികളും അതിന്റെ ഭാരം ചുമക്കേണ്ടിവരികയും ചെയ്തു എന്നാണ് ആ റിപ്പോർട്ട് പറഞ്ഞത്. "പഠനങ്ങൾ വെളിപ്പെടുത്തിയത്, സ്ഥാപനങ്ങൾ വലുതാകുന്നതോടെ ചെറുതായിരുന്നപ്പോൾ ഈടാക്കിയിരുന്നതിലും വലിയ ഫീസുകൾ ചുമത്തുന്നതാണ് പ്രവണത’ എന്നും അത് കൃത്യമായി ചൂണ്ടിക്കാട്ടി. അതേയവസരത്തിൽ, സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് നേട്ടം വർധിക്കുക ബാങ്ക് എക്സിക്യൂട്ടീവുകൾക്കാണെന്നും ആ രേഖ എടുത്തുപറയുന്നുണ്ട്.
നമ്മുടെ ലയനാനുഭവം
ഇന്ത്യയിലെ ലയനാനുഭവവും മറിച്ചല്ല. താഴ്ന്നവരുമാനക്കാർക്കുമാത്രമല്ല, മേലേപ്പാളി ഇടത്തരക്കാർക്കും എതിരായിരുന്നല്ലോ അതിന്റെ ഫലം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കമുള്ള സബ്സിഡിയറി ബാങ്കുകളെ വിഴുങ്ങിക്കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങൾക്കുള്ള ചാർജ് വർധനയിലൂടെ ഒറ്റയടിക്ക് 235 കോടി രൂപ ഊറ്റിയെടുത്തത്. ഒരുകോടിയിൽ താഴെ നിക്ഷേപമുള്ളവരുടെ എസ്ബി അക്കൗണ്ടുകൾക്കുള്ള പലിശ രായ്ക്കുരാമാനം അരശതമാനം വെട്ടിക്കുറയ്ക്കുകയായിരുന്നു. അന്ന് കേരളത്തിൽമാത്രം 157 ശാഖകളാണ് ആദ്യഘട്ടത്തിൽ അടച്ചുപൂട്ടാൻ പട്ടികപ്പെടുത്തിയത്. വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന ചിലേടങ്ങളിൽമാത്രമാണ് അടച്ചുപൂട്ടൽ ഒഴിവായത്.
മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സി ഡി ദേശ്‌മുഖിന്റെ സ്മരണാർഥം മുംബൈയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ നവ ഉദാരനയത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് കൃത്യമായി പറഞ്ഞ ഒരു കാര്യം ‘ Banks that are too big to fail, too interconnected to fail, and / or too corelated to fail present a real danger to the financial system and the economy’ എന്നാണ്. ബാങ്കുകൾ വല്ലാതെ വലുതായാൽ, തകരാൻ വിടാൻ പറ്റാത്ത അത്രയ്‌ക്ക് വലുതായാൽ, അത് ധനകാര്യസംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്‌ക്കുതന്നെയും യഥാർഥ അപകടമായിരിക്കും എന്നുതന്നെ. ടൂ ബിഗ് ടു ഫെയിൽ എന്നുവച്ചാൽ, ഒരു ബാങ്ക് പൊളിഞ്ഞാൽ നാടുതന്നെ പൊളിയുമെന്ന അവസ്ഥ വരുമ്പോൾ എന്ത് വിലയും കൊടുത്ത് സർക്കാർ അതിനെ രക്ഷിക്കാൻ ഇറങ്ങേണ്ടിവരുന്ന സാഹചര്യമാണ്. അങ്ങനെയൊരു ബാങ്ക് പൊളിയാൻ സാഹചര്യം വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരുകൾക്ക് കഴിയാതെപോകുന്നതിനെയാണ്, ടൂ ബിഗ് ടു ഫെയിൽ എന്ന് വിശേഷിപ്പിക്കുക.
എന്തിനീ ലയനശാഠ്യം
ആഗോള റാങ്കിങ്ങിൽ ആദ്യത്തെ 50 എണ്ണത്തിൽ ഉൾപ്പെട്ടപ്പോൾ, സാധാരണക്കാരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷം ഇടപാടുകാർക്കും നഷ്ടമാണുണ്ടായത്. ഇനിയിപ്പോൾ ലയിപ്പിച്ച് തടിപ്പിച്ച് ആദ്യ 20ൽ ഉൾപ്പെട്ടാൽ അതിലും വലിയ നഷ്ടമേ വരാനുള്ളൂ. പക്ഷേ, വലുതായാൽ ഒരു ഗുണമുണ്ട്. വൻകിട വായ്പകൾ ആരോടും ചോദിക്കാതെ ഒറ്റയടിക്ക് പാസാക്കാം. മുമ്പ്, ആയ കാലത്ത്, എൻറോൺ ഒരു ഭീമൻ വായ്പക്കപേക്ഷിച്ചപ്പോൾ അത്രയും തുക നൽകാൻ ഒരു ബാങ്കിനുമാത്രമായി കഴിഞ്ഞിരുന്നില്ല. ബാങ്കുകളുടെ കൺസോർഷ്യം വേണ്ടിവന്നു. ലയിപ്പിച്ച് തടിപ്പിച്ച് വലുതാക്കിയാൽ ഇമ്മാതിരി വമ്പൻ കമ്പനികളുടെ വായ്പാവശ്യം നിറവേറ്റും എന്നുമാത്രമല്ല, തൂക്കിവിൽക്കുമ്പോൾ ഒറ്റയടിക്ക് പതിച്ചുകൊടുക്കാനും എളുപ്പമാണ്. വലുതിലാണ് വലിയവർക്ക് നോട്ടം.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും സ്വകാര്യ ബാങ്കുകളെ വിദേശവൽക്കരിക്കാനും ലക്ഷ്യംവയ്‌ക്കുന്ന ഒരു സർക്കാർ ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടത്തുന്നത്, കൈലാസം നന്നാക്കാനല്ല. ഇന്ത്യൻ മുതലാളിമാരിൽ പലരും ബഹുരാഷ്ട്ര കുത്തകകളായി മാറിക്കഴിഞ്ഞ സ്ഥിതിക്ക്, അവർക്കിണങ്ങിയമട്ടിൽ ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെ മാറ്റിത്തീർക്കാനുള്ള ഒരേർപ്പാടുമാത്രമാണ് ഈ രണ്ടാംഘട്ട ലയനനീക്കം. സ്വാതന്ത്ര്യം നേടി 100 വർഷമാകുമ്പോൾ 2047ൽ ഇന്ത്യൻ ബാങ്കിങ് മേഖലയെ ആഗോള റാങ്കിങ്ങിൽ ആദ്യത്തെ 20ലേക്ക് ഉന്തിക്കയറ്റും എന്നൊക്കെപ്പറഞ്ഞ് കപട ദേശീയവാദികൾ ആളെ പറ്റിക്കുന്നത് കോർപറേറ്റ് സേവ നിർബാധം നടത്താൻമാത്രമാണ്.














