ad
Deshabhimani

Articles

ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് 
33 വർഷം

ഇന്ത്യയുടെ മുറിവ്‌: ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് 33 വർഷം

babrimasjid
avatar
എം സ്വരാജ്‌

Published on Dec 05, 2025, 10:46 PM | 4 min read

ഇന്ത്യൻ ബഹുസ്വരതയുടെ പ്രതീകങ്ങളിൽ ഒന്നായിരുന്ന ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് 33 വർഷങ്ങൾ തികയുന്നു. 464 വർഷം പഴക്കമുള്ള മുസ്ലിം പള്ളിയാണ് 1992 ഡിസംബർ ആറിന് സംഘടിച്ചെത്തിയ സംഘപരിവാർ വർഗീയവാദികൾ തകർത്തത്. അന്ന് പള്ളി തകർക്കപ്പെട്ടതോടൊപ്പം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ആഴത്തിൽ മുറിവേറ്റു. ഇന്ത്യയെ മതരാഷ്ട്രമാക്കുകയെന്ന പ്രഖ്യാപിത അജൻഡയെ മുൻനിർത്തി വർഗീയധ്രുവീകരണത്തിന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന ആർഎസ്എസിന്റെ പദ്ധതിയായിരുന്നു ബാബ്‌റി മസ്ജിദ് ധ്വംസനം. മതനിരപേക്ഷതയുടെ അടിത്തറയിൽ ഉറച്ചുനിൽക്കുന്ന രാജ്യത്തെ എളുപ്പത്തിൽ മതരാഷ്ട്രമാക്കി മാറ്റാനാകില്ല എന്ന തിരിച്ചറിവിൽനിന്നാണ് ജനങ്ങളെ വർഗീയമായി വിഭജിക്കുന്നതിന് ആർഎസ്എസ് കരുക്കൾ നീക്കിയത്. ധ്രുവീകരണത്തിന് അവർ കണ്ടെത്തിയ എളുപ്പവഴി വർഗീയകലാപങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലുണ്ടായ മിക്ക വർഗീയകലാപങ്ങളും ഇത്തരത്തിൽ ആസൂത്രണം ചെയ്യപ്പെട്ടവയാണ്. ഓരോ കലാപവും രാജ്യത്തിന്റെ ഐക്യത്തെ ശിഥിലമാക്കുകയും മതപരമായ ധ്രുവീകരണത്തിന് ഇടയാക്കുകയും ചെയ്തു.


​ഇന്ത്യൻ സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമായാണ് ബാബ്‌റി മസ്ജിദ് മുൻനിർത്തിയുള്ള ‘രാമജന്മഭൂമി' എന്ന മുദ്രാവാക്യം ആർഎസ്എസ് ഉയർത്തിയത്. അതിനായി ആസൂത്രണം ചെയ്യപ്പെട്ട നാടകത്തെ മുളയിലേ നുള്ളാൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലുപതിറ്റാണ്ടുകൾക്കുശേഷം എൽ കെ അദ്വാനിയുടെയും മുരളീമനോഹർ ജോഷിയുടെയും ഉമ ഭാരതിയുടെയുംമറ്റും നേതൃത്വത്തിൽ സംഘടിച്ചെത്തിയ കർസേവകരാണ് ബാബ്‌റി മസ്ജിദ് തകർത്തത്. അതിനുപിന്നിൽ ദീർഘനാളത്തെ ആസൂത്രണവുമുണ്ടായിരുന്നു. പള്ളി തകർത്തത് സംഘപരിവാർ ഭീകരരാണെങ്കിലും അത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചതിൽ കോൺഗ്രസിന്റെ പങ്കും ചെറുതല്ല.


babrimasjid


​രാമജന്മഭൂമി എന്ന മുദ്രാവാക്യമുയർത്തിയുള്ള വർഗീയപ്രചാരണങ്ങളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 1980കളുടെ ഒടുവിലാണ്. അതിന് സഹായകരമായ അന്തരീക്ഷം ഒരുക്കുന്നതിൽ അക്കാലത്ത് ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം സീരിയൽ പങ്കുവഹിച്ചിട്ടുള്ളതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1987–-88 കാലഘട്ടത്തിലായിരുന്നു അത്. രാജീവ് ഗാന്ധിയായിരുന്നു അപ്പോൾ പ്രധാനമന്ത്രി. തുടർന്നാണ് അതുവരെ ഉത്തരേന്ത്യയിൽ ഏറെക്കുറെ അവഗണിക്കപ്പെട്ടിരുന്ന ശ്രീരാമൻ ഏറ്റവും ശക്തനായ ദൈവമായി മാറുന്നത്. അക്കാലത്ത് രാമഭക്തി ജ്വരംപോലെ പടർന്നുപിടിച്ചു. രാമജന്മഭൂമി എന്ന സംഘപരിവാർ മുദ്രാവാക്യത്തിന് ഉത്തരേന്ത്യയിൽ സ്വാധീനം ചെലുത്താനാകുമെന്ന സ്ഥിതി വന്നു.


​തൊട്ടുപുറകെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയായിരുന്നു. ബൊഫോഴ്സ് കുംഭകോണത്തെ തുടർന്ന് പ്രതിച്ഛായനഷ്ടത്തിന്റെ ഭീതിയിലായിരുന്നു രാജീവ് ഗാന്ധി. ഭരണത്തിൽ തുടരുന്നതിന് ആർഎസ്എസുമായി ധാരണയുണ്ടാക്കാൻ അദ്ദേഹം മടിച്ചില്ല. ഇക്കാര്യം മാധ്യമപ്രവർത്തകൻ ദിനേശ് നാരായണൻ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട് (The RSS: And The Making of The Deep Nation). രാജീവ് ഗാന്ധിയുടെ പ്രതിനിധി ആർഎസ്എസ് സർസംഘചാലകുമായി കൂടിക്കാഴ്ച നടത്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചാൽ ശിലാന്യാസം അനുവദിക്കാമെന്ന വാഗ്‌ദാനം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇത് ആർഎസ്എസിന് സ്വീകാര്യമായിരുന്നു. രാമക്ഷേത്രം നിർമിക്കണമെന്ന് പരസ്യനിലപാട് സ്വീകരിച്ച നാഗ്‌പുർ എംപിയായ കോൺഗ്രസ് നേതാവ് ബൻവാരി ലാൽ പുരോഹിത് ആയിരുന്നു ഇടനിലക്കാരൻ. (രാമജന്മഭൂമി ക്യാമ്പയിന് നേതൃത്വം കൊടുത്ത അദ്ദേഹം വൈകാതെ ബിജെപിയിൽ ചേർന്നു). അങ്ങനെയാണ് വിശ്വഹിന്ദു പരിഷത്തിന് ശിലാന്യാസം നടത്താൻ ബാബ്‌റി മസ്ജിദ് തുറന്നുകൊടുത്തത്. കോൺഗ്രസ് ചെയ്ത ഈ രാഷ്ട്രീയകുറ്റകൃത്യമാണ് പിന്നീട് ബാബ്‌റി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.


sanghparivar hate speech


​1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പക്ഷേ, കോൺഗ്രസിന് അധികാരത്തിൽ തുടരാനായില്ല. ആർഎസ്എസിന്റെ സഹായംകൊണ്ട് മറികടക്കാൻ കഴിയുന്നതായിരുന്നില്ല ഇന്ത്യയിൽ ഉയർന്നുവന്ന അഴിമതിവിരുദ്ധ വികാരം. വി പി സിങ്‌ പ്രധാനമന്ത്രിയായി ദേശീയ മുന്നണി സർക്കാർ അധികാരത്തിൽ വന്നു. അക്കാലത്ത് ബാബ്‌റി മസ്ജിദ് തകർത്ത് ക്ഷേത്രം പണിയണമെന്ന ആവശ്യം സംഘപരിവാർ ശക്തിപ്പെടുത്തി. അതിനായി അദ്വാനിയുടെ നേതൃത്വത്തിൽ ആരംഭിച്ച രഥയാത്രയെ ബിഹാറിൽവച്ച് തടഞ്ഞ്‌, അദ്വാനിയെ അറസ്റ്റും ചെയ്തു.


ഒരുപക്ഷേ, അന്ന് തകർക്കപ്പെടുമായിരുന്ന ബാബ്‌റി മസ്ജിദ് സംരക്ഷിക്കപ്പെട്ടത് വിട്ടുവീഴ്ചയില്ലാത്ത സർക്കാർ നടപടികൊണ്ടാണ്. എന്നാൽ, അതിന്‌ വിലയായി വി പി സിങ്ങിന് നൽകേണ്ടിവന്നത് രാജ്യത്തിന്റെ ഭരണംതന്നെയായിരുന്നു. കോൺഗ്രസും ബിജെപിയും കൈകോർത്ത അവിശ്വാസപ്രമേയത്തിൽ വി പി സിങ് സർക്കാർ അധികാരത്തിൽനിന്ന്‌ പുറത്തായി. പിന്നീട് 1991ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. സഹതാപതരംഗത്തിന്റെ പിൻബലത്തിൽപ്പോലും കഷ്ടിച്ചൊരു വിജയമാണ് ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേടാനായത്. പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ആർഎസ്‌എസിനോട് സാഹോദര്യഭാവം പുലർത്തിയ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് 1992ൽ മസ്ജിദ് തകർക്കപ്പെട്ടത്. അക്കാര്യത്തിൽ നരസിംഹറാവുവിന്റെ സമീപനം അന്നും ഇന്നും വിമർശിക്കപ്പെടുന്നു.


​പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും രാമക്ഷേത്രനിർമാണം ബിജെപിയുടെ മുഖ്യ മുദ്രാവാക്യമായി മാറി. മതനിരപേക്ഷവാദിയായ ഹിന്ദുവിനെ വർഗീയവാദിയാക്കി മാറ്റാനുള്ള ആസൂത്രണപദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഒടുവിൽ സുപ്രീംകോടതിയിൽനിന്ന്‌ വിചിത്ര വിധിയുണ്ടായി. ബാബ്‌റി മസ്ജിദ് തകർത്തത് തെറ്റാണെന്ന് കണ്ടെത്തിയ കോടതി പള്ളിനിന്ന സ്ഥലം ക്ഷേത്രനിർമാണത്തിനായി വിട്ടുനൽകി! പകരം പള്ളി നിർമിക്കാനായി അഞ്ചേക്കർ സ്ഥലം നൽകണമെന്നും വിധിച്ചു. വിധി പുറപ്പെടുവിച്ച ജഡ്‌ജിമാർ വിരമിച്ചശേഷം ഉന്നതപദവികളിൽ പ്രതിഷ്ഠിക്കപ്പെട്ടു.


AYODHYA KSHETRAM


ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്ത സ്ഥലത്ത് രാമക്ഷേത്രത്തിന്റെ പണി പൂർത്തിയായി. പ്രാണ പ്രതിഷ്ഠ എന്ന പേരിൽ ഉദ്ഘാടനവും നടത്തി. പ്രസ്തുത ക്ഷേത്രനിർമാണത്തിന് വെള്ളി ഇഷ്ടികകളുമായി കോൺഗ്രസ് നേതാക്കൾ വരിനിന്നു. കോടതിവിധി അനുസരിച്ച് നിർമിക്കേണ്ട പള്ളി ഇപ്പോഴും യാഥാർഥ്യമായതുമില്ല.


​എന്നാൽ, രാമക്ഷേത്രം യാഥാർഥ്യമായതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ നിറംമങ്ങിയ വിജയമാണ് ബിജെപിക്ക് നേടാനായത്. ക്ഷേത്രം ഉൾക്കൊള്ളുന്ന ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടു. വർഗീയചേരിതിരിവ് ഉദ്ദേശിച്ചതുപോലെ ഫലംകാണുന്നില്ലെന്നത് ആശ്വാസകരമാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ വിദ്വേഷത്തിന്റെ രാഷ്ട്രീയംമാത്രം ഉയർത്തിപ്പിടിച്ച് എക്കാലവും ജനങ്ങളെ പറ്റിക്കാനാകില്ലെന്ന പ്രതീക്ഷാനിർഭരമായ രാഷ്ട്രീയസന്ദേശമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നൽകിയത്.


ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തിൽ പാകിസ്ഥാനെപ്പോലെ ഇന്ത്യയും മതരാഷ്ട്രമാകുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ മൗദൂദിക്ക്. ആർഎസ്എസിന്റെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുകയോ മതനിരപേക്ഷ ഇന്ത്യക്കായി ഒരു വാക്കെങ്കിലും പറയുകയോ ചെയ്ത ആളായിരുന്നില്ല അദ്ദേഹം


​വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതോടൊപ്പം കേന്ദ്ര ഭരണാധികാരം ദുരുപയോഗം ചെയ്തും തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെക്കൊണ്ട് അടിമവേല ചെയ്യിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള സാധ്യതകളാണ് ആർഎസ്എസ് ഇപ്പോൾ ആരായുന്നത്. ​എന്നാൽ, കയ്‌പേറിയ പരാജയങ്ങൾ ആവർത്തിച്ച് ഏറ്റുവാങ്ങേണ്ടിവന്നിട്ടും വർഗീയമായി ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് തയ്യാറാകുന്നതേയില്ല. ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ നയിക്കാനുള്ള ആർജവമോ കരുത്തോ കോൺഗ്രസ് പ്രകടിപ്പിക്കുന്നില്ല.


അഖിലേന്ത്യാതലത്തിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിനുപകരം യുദ്ധഭൂമിയിൽ പൊരുതാതെ കീഴടങ്ങുന്നു. സംഘപരിവാറിനോട്‌ പൊരുതാനുള്ള കരുത്തില്ലെന്ന പരസ്യസമ്മതംപോലെ രാഹുൽ ഗാന്ധി സ്വന്തം കസേര ഉറപ്പിക്കാൻ വയനാട്ടിലേക്ക് ഒളിച്ചോടുന്നതിനും രാജ്യം സാക്ഷിയായി. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ കുന്തമുനയായി മാറേണ്ട നേതാവ്, ഇന്ത്യ കൂട്ടായ്മയിലെ സഖ്യകക്ഷിക്കെതിരായി സുരക്ഷിതവിജയം തേടിയാണ് വയനാട്ടിലേക്ക് ചുരം കയറിയത്. ഇവിടെ കേരളത്തിലാകട്ടെ മതരാഷ്ട്രവാദത്തിന്റെ കാര്യത്തിൽ ആർഎസ്എസിന്റെ കാർബൺ പതിപ്പായ ജമാഅത്തെ ഇസ്ലാമിയെ കോൺഗ്രസ് യുഡിഎഫിലെ പ്രബലകക്ഷിയായി അംഗീകരിച്ച മട്ടാണ്. ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തിൽ പാകിസ്ഥാനെപ്പോലെ ഇന്ത്യയും മതരാഷ്ട്രമാകുന്നതിൽ തെറ്റില്ലെന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യനായ മൗദൂദിക്ക്. ആർഎസ്എസിന്റെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുകയോ മതനിരപേക്ഷ ഇന്ത്യക്കായി ഒരു വാക്കെങ്കിലും പറയുകയോ ചെയ്ത ആളായിരുന്നില്ല അദ്ദേഹം. ആർഎസ്എസിനെപ്പോലെ ജമാഅത്തെ ഇസ്ലാമിയും മതനിരപേക്ഷതയെ നഖശിഖാന്തം എതിർത്തുപോന്നു.


​ഇപ്പോഴാകട്ടെ മൗദൂദിയുടെ കാൽപ്പാടുകളെ പിന്തുടർന്ന് ആർഎസ്എസിന്റെ പാതയിൽ ജമാഅത്തെ ഇസ്ലാമിയും സഞ്ചരിക്കുകയാണ്. സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള പദ്ധതിയാണ് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഏറ്റെടുത്തിട്ടുള്ളത്. രാജ്യഭരണത്തിലേറാൻ കഴിഞ്ഞ വർഗീയത എന്ന നിലയിൽ ആർഎസ്എസിനെ അതിശക്തമായി എതിർക്കുമ്പോൾത്തന്നെ ആർഎസ്എസിന്റെ മതരാഷ്ട്രവാദത്തിന് ബദലല്ല ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇരുകൂട്ടരും സമൂഹത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നവരാണെന്ന യാഥാർഥ്യവും ജനങ്ങളുടെ മുന്നിലുണ്ട്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തിൽ രാജ്യത്തെ തകർക്കുന്ന വർഗീയതയ്‌ക്കെതിരെ, എല്ലാത്തരം വർഗീയതയ്ക്കുമെതിരെ മതനിരപേക്ഷവാദികളുടെ വിപുലമായ പ്രതിരോധനിര ഉയർന്നുവരേണ്ടതുണ്ട്.



Recommended for you

Deshabhimani
Home