ഹോ എന്തൊരു ചൂട്


അഖില ബാലകൃഷ്‌ണൻ
Published on Apr 18, 2026, 07:57 PM | 5 min read
‘April is the cruellest month'
പൂർണമായും കവി ഉദ്ദേശിച്ച അർഥത്തിലല്ലെങ്കിലും കാലം പിന്നിടുമ്പോൾ ഏപ്രിലിന്റെ ക്രൂരതയുടെ ആഴം കൂടിയിട്ടേയുള്ളൂ. വേനൽമഴയിൽ വിടരുന്ന പുതുനാമ്പുകൾക്കൊപ്പം ഉയരുന്ന യുദ്ധത്തിന്റെ വേദനിക്കുന്ന ഓർമകളായിരുന്നു കവിയെ സംബന്ധിച്ചിടത്തോളം ഏപ്രിലിന്റെ ക്രൂരത. എന്നാൽ, ഇന്ന് ആ വേനലിന്റെ ക്രൂരതയ്‌ക്ക് മറ്റൊരു മുഖമാണ്. ഉച്ചവെയിലിൽ കൂട്ടിനെത്തിയ നിഴലിനെപ്പോലും അത് കരുണയില്ലാതെ കവർന്നു. കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട മാസത്തിന് ക്രൂരതയുടെ വിശേഷണം നൽകിയ ടി എസ് എലിയറ്റിനോട് തോന്നിയ അമർഷം ഇന്ന് തെല്ലുമില്ല.
ഏപ്രിലിനെ മാധുര്യമുള്ള മാസമെന്ന് വിളിച്ച ജോഫ്രി ചോസറിനൊപ്പമായിരുന്നു അന്ന് മനസ്സ്. എന്നാൽ, വേനലുകളെ സ്നേഹിച്ചിരുന്ന കാലത്തുനിന്ന് പ്രകൃതിയും ജീവിതവും ഏറെ ദൂരം സഞ്ചരിച്ചു. മണ്ണിനെയും മനസ്സിനെയും ചൂടുപിടിപ്പിച്ചും മണമുള്ള ഓർമകളെ കവർന്നെടുത്തും വേനൽ അതിന്റെ ഉഗ്രരൂപത്തിൽ തുടരുന്നു. ചുരം കടന്നുള്ള ചുടുകാറ്റിൽ ചുട്ടുപഴുത്ത ഭൂമിയിൽ ഉഷ്ണവായു ശ്വസിച്ചും വിയർപ്പും തളർച്ചയും മരവിപ്പിക്കുന്ന പകലുകളിൽ ഒരിറ്റു തണലിനായി അലഞ്ഞുതളരുമ്പോൾ ഈ മാസമൊന്ന് തീർന്നെങ്കിലെന്ന് പഴിക്കുന്നവർ പാലക്കാട്ടുമാത്രമല്ല.
കാറ്റും കനലായി
വേനലിന് ഇന്ന് പഴയ ആഘോഷങ്ങളുടെ നിറക്കൂട്ടുകളില്ല. കുളിച്ചിറങ്ങിയ നിമിഷംതന്നെ വിയർപ്പിൽ കുതിരുന്ന ശരീരവുമായി വീടിനുള്ളിൽ ജീവിതം കൊട്ടിയടച്ചു. ജനലഴികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങുന്ന ഉഷ്ണക്കാറ്റ്, വസ്ത്രങ്ങൾക്കിടയിലൂടെ വന്ന് ശരീരത്തെ വരിഞ്ഞുമുറുക്കും. പകൽസൂര്യൻ കനലായി മാറുമ്പോൾ, രാത്രികൾ ഉറക്കമില്ലാത്ത ഉഷ്ണശയ്യകളാണ്. പാടത്തും പറമ്പിലും ആർപ്പുവിളികളുമായി ഓടിനടന്നിരുന്ന കുട്ടികൾ ഇന്ന് പഴയൊരു ഓർമമാത്രം. പകൽ പുറത്തിറങ്ങിയാൽ പുറംപൊള്ളുന്ന തരത്തിലാണ് ചൂട്.
സൺസ്‌ക്രീനുകൾക്കും തടയാനാകാത്തവിധമാണ് തൊലിപ്പുറത്ത് പതിക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ. വേനൽമഴയെ കാത്തിരുന്ന് മടുത്ത കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ ഹൃദയവേദനയാൽ വിണ്ടുകീറി. മീനുകൾ കുളത്തിൽ ചത്തുപൊങ്ങി. പുഴകളിൽ ആർത്തുല്ലസിക്കാൻ നീരൊഴുക്കില്ല. ഒരുകാലത്ത് വേലയും പൂരവും പ്രകൃതിയുടെ വർണാഭമായ മാറ്റങ്ങളും നിറഞ്ഞുനിന്നിരുന്ന പാലക്കാടൻ വർണനകളിലും ചൂടുമാത്രം. കരിമ്പനകളുടെ നാട്ടിൽ കാറ്റും കനലായി മാറുന്ന കാഴ്ച.
ഇനിയും കൂടുമോ
രാജ്യം കടുത്ത ഉഷ്ണതരംഗത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇതിനകം കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 40 ഡിഗ്രിക്കുമുകളിൽ ഉയർന്ന ചൂടുള്ള പാലക്കാട്ടുതന്നെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നുതന്നെയാണ് മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസിനുമുകളിലാണ് ചൂട്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണവകുപ്പിന്റെ കർശന നിർദേശവുമുണ്ട്. പുറത്തിറങ്ങിയാൽ പൊള്ളുന്ന സ്ഥിതിയിലാണ് പാലക്കാട് ജില്ലയിലെ ചൂട്. വീടിനുള്ളിൽ എസി ഇല്ലാതെ ഇരിക്കാനാകാത്ത അവസ്ഥ. കഴിഞ്ഞ കുറച്ചുവർഷങ്ങളുടെ കണക്കെടുത്താൽ താപനിലയിൽ ക്രമാതീതമായ വർധന കാണാം. മുമ്പ് ജില്ലയിൽ എത്തുന്നവരോട് വേലയും പൂരവും നെല്ലിയാമ്പതിയിലെ തണുപ്പിനെപ്പറ്റിയും സംസാരിച്ചിരുന്ന പാലക്കാട്ടുകാർക്ക് ഇന്ന് ചോദിക്കാനുള്ളത് ചൂടിനെപ്പറ്റിമാത്രം.
പുലരാൻ കാത്തുനിൽക്കാതെ
നേരം പുലരുംമുമ്പേതന്നെ വിയർത്തുകുളിച്ചാണ് പാലക്കാട്ടുകാരുടെ ദിവസം തുടങ്ങുന്നത്. രാവിലെ എട്ടിന് 30 ഡിഗ്രിക്കുമുകളിലാണ് കഴിഞ്ഞദിവസം കൊല്ലങ്കോട്ട് രേഖപ്പെടുത്തിയ ചൂട്. പത്തുമണി കഴിഞ്ഞപ്പോൾ ഇത് 35 കടന്നു. ഉച്ചകഴിഞ്ഞപ്പോൾ 40 ഡിഗ്രി സെൽഷ്യസിനോടടുത്തു. വൈകിട്ട് ചൂട് കുറയുമെന്ന് കരുതിയെങ്കിൽ അവിടെയും തെറ്റി. അഞ്ചുമണി കഴിഞ്ഞപ്പോൾ വീശിയ കാറ്റിന് 34 ഡിഗ്രിയിലധികം ചൂട്. അന്തരീക്ഷത്തിലെ ഈർപ്പം കാരണം രാത്രിയും സൂര്യൻ തലയ്ക്കു മുകളിലാണോയെന്ന് തോന്നും. 95 ശതമാനംവരെയാണ് അന്തരീക്ഷ ഈർപ്പം. രാത്രിച്ചൂട് 30 ഡിഗ്രിക്കുമുകളിൽ.
ആ ചൂടല്ല ഈ ചൂട്
ഇത് ചില്ലറ ചൂടൊന്നുമല്ലല്ലോ എന്നു പറഞ്ഞ് ഫോണിൽ നോക്കുമ്പോൾ 34 ഡിഗ്രി സെൽഷ്യസ്. ‘ങേ... അത്രേ ഉള്ളൂ’ എന്ന് ചോദിച്ചുപോകും. വറചട്ടിയിൽ വറുക്കുന്നതുപോലെയാണ് യഥാർഥത്തിൽ അനുഭവപ്പെടുന്നത്. ഫീൽ ലൈക് ടെമ്പറേച്ചർ (feel like temperature) അതായത് യഥാർഥ താപനിലയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുന്ന അവസ്ഥ. 31 ഡിഗ്രി സെൽഷ്യസ് താപനിലയാണെങ്കിലും 38 ഡിഗ്രി ചൂടെങ്കിലും ശരീരത്തിന് തോന്നും. അന്തരീക്ഷ ഈർപ്പവും കാറ്റുംതന്നെയാണ് കാരണം. വിയർപ്പ് കുറയുകയും ശരീര താപനില കൂടുകയും ചെയ്യും. ഇത് ശരീരത്തിൽ നിർജലീകരണത്തിന് കാരണമാകുകയും അസ്വസ്ഥതകളുണ്ടാകുകയും ചെയ്യും.
റിയലല്ല റീൽ
ഈ ചൂടൊന്നും നമുക്കേൽക്കില്ലെന്നു പറഞ്ഞ് പൊരിഞ്ഞ വെയിലിലേക്കിറങ്ങുന്ന സോഷ്യൽ മീഡിയക്കാരല്ല ഗ്രൗണ്ട് റിയാലിറ്റി. ഒരിറ്റു തണൽ കണ്ടാൽ ഒരുനിമിഷമെങ്കിലും അരികുപറ്റുന്ന തൊഴിലാളികളാണ്. പകൽ 11 മുതൽ മൂന്നുവരെ വെയിൽ കൊള്ളരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശമുണ്ടെങ്കിലും പലർക്കും അതിന് കഴിയുന്നില്ല. പണിയെടുക്കുന്നവർക്ക് എന്ത് വെയിലും മഴയുമെന്ന് ചോദിക്കാനല്ലാതെ വേറെ മാർഗമില്ല. നിർമാണത്തൊഴിലാളികൾക്ക് സമയമാറ്റം അനുവദിച്ചിട്ടുണ്ടെങ്കിലും ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഓൺലൈൻ ഡെലിവറി ചെയ്യുന്നവർ തുടങ്ങിയവർ നന്നേ കഷ്ടപ്പെടുന്നുണ്ട്. മുഖവും കൈയും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിച്ചിട്ടും ചൂടിന് അതൊന്നും കാര്യമല്ലെന്നമട്ടാണ്. ചൂടുകുരുക്കളും സൂര്യതാപംപോലുള്ള പ്രശ്നങ്ങൾ വേറെയും. കഴിഞ്ഞദിവസം നിർജലീകരണം കാരണം യുവാവ് മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2024ൽ മൂന്നുപേരാണ് സൂര്യതാപത്തിൽ മരിച്ചത്.
ചൂടാകരുതെന്ന് പറയാനാമോ
40.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞദിവസം പാലക്കാട്ട് രേഖപ്പെടുത്തിയ ചൂട്. സാധാരണ താപനിലയേക്കാൾ മൂന്നു ഡിഗ്രി അധികം ചൂടാണിത്. 2016 ഏപ്രിൽ 26-ന് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ ഔദ്യോഗികമായ ഏറ്റവും ഉയർന്ന ചൂട്. അതിനുമുമ്പ് 1987 ഏപ്രിൽ 15-ന് രേഖപ്പെടുത്തിയ 41.8 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന ചൂട്. എന്നാൽ, സമീപകാലത്ത് ചില ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇതിലും ഉയർന്ന കണക്കുകൾ വന്നിട്ടുണ്ട്. 2024-ൽ കാഞ്ഞിരപ്പുഴയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 44.8 ഡിഗ്രി സെൽഷ്യസുവരെ താപനില രേഖപ്പെടുത്തിയിരുന്നു. പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുനലൂരാണ്. നിലവിൽ 38 ഡിഗ്രിക്കുമുകളിലാണ് ഇവിടെ വേനൽച്ചൂട്. കോട്ടയത്തും കോഴിക്കോട്ടും സാധാരണയിലും രണ്ടു ഡിഗ്രി അധികമാണ് താപനില. ഉത്തർപ്രദേശിലെ ബന്ദയിലും മഹാരാഷ്ട്രയിലെ അകോളയിലും കർണാടകത്തിലെ കൽബുർഗിയിലും 44 ഡിഗ്രി സെൽഷ്യസിനുമുകളിലാണ് ഉയർന്ന ചൂട്.
മടിച്ച് മഴ
ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമാകേണ്ട വേനൽമഴ ഇക്കുറി പാലക്കാടിനെ കൈവിട്ടിരിക്കുകയാണ്. റെക്കോഡ് മഴ ലഭിച്ച കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞവർഷം മെയ് അവസാനത്തോടെ, സാധാരണ ലഭിക്കേണ്ട 100 മില്ലിമീറ്ററിനു പകരം നൂറ് ശതമാനത്തിലേറെ അധികമായി 207.8 മില്ലിമീറ്റർ മഴ ജില്ലയിൽ പെയ്തിരുന്നു. മഴ പെയ്തെങ്കിലും ചൂടിന് കുറവുണ്ടായില്ലെന്നത് മറ്റൊരു വസ്തുത. ഈ വർഷം ഒറ്റപ്പെട്ട ഇടങ്ങളിൽമാത്രമാണ് മഴയെത്തിയത്. മഴയുടെ ഈ കുറവ് ജില്ലയിലെ നദികളെയും മറ്റു ജലസ്രോതസ്സുകളെയും സാരമായി ബാധിച്ചുകഴിഞ്ഞു. ജില്ലയിലെ പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് കഴിഞ്ഞവർഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാൾ വളരെ താഴെയാണ്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 13 വരെ 53.4 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്യേണ്ടത്. എന്നാൽ, 23.2 മില്ലിമീറ്റർമാത്രമാണ് ഈ കാലയളവിൽ പെയ്തിട്ടുള്ളത്. അതായത്, 57 ശതമാനം കുറവ്.
ഹീറ്റ് ട്രാപ്പ്
പാലക്കാടൻ ചൂടിനെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഒരു കാരണമാണ്. പശ്ചിമഘട്ടത്തിന്റെ മഴനിഴൽപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ സ്വാഭാവികമായും ലഭിക്കുന്ന മഴയുടെ അളവ് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണ്. കോട്ടമൈതാനത്ത് കുളിർക്കാറ്റ് പ്രതീക്ഷിച്ചുപോയാൽ ചൂടുകാറ്റുമാത്രമാണ് ഫലം. ഭാരതപ്പുഴയുടെ വലിയ തടങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം വർധിപ്പിക്കുകയും ചൂടിന്റെ അസ്വസ്ഥതയും വിയർപ്പും ഇരട്ടിയാക്കുകയും ചെയ്യുന്നു. ചുറ്റും സ്ഥിതി ചെയ്യുന്ന ഉയർന്ന മലനിരകൾ സ്വാഭാവികമായ കാറ്റിനെ തടഞ്ഞുനിർത്തുന്നു. ഇതിനെല്ലാം പുറമെയാണ് അതിർത്തി കടന്നെത്തുന്ന വരണ്ട ഉഷ്ണക്കാറ്റ്. തിരുച്ചിറപ്പള്ളി, മണപ്പാറൈ, കരൂർ, അരവക്കുറിച്ചി, ധാരാപുരം, തിരുപ്പൂർ, കോയമ്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ തമിഴ്നാടൻ പ്രദേശങ്ങളിൽനിന്ന് പാലക്കാടൻ ചുരം കടന്നുവരുന്ന ഈ ചുട്ടുപൊള്ളുന്ന കാറ്റാണ് ജില്ലയെ അക്ഷരാർഥത്തിൽ പൊള്ളിക്കുന്നത്.
കാഴ്ചകൾക്കും വരൾച്ച
പരീക്ഷച്ചൂടും തെരഞ്ഞെടുപ്പുചൂടും കഴിഞ്ഞ് പ്ലാൻ ചെയ്ത അവധിക്കാലത്തിന് കരിനിഴൽ വീഴ്ത്തിയാണ് കൊടുംവേനലെത്തിയത്. പ്രധാന ടൂറിസം സ്പോട്ടുകളായ ഡാമുകളിലെല്ലാം ജലനിരപ്പ് നന്നേ കുറഞ്ഞു. സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് കുറഞ്ഞു. നെൽപ്പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതും തുറന്ന നിലങ്ങളിൽ ചൂട് വർധിക്കുകയും ചെയ്തതോടെ കൊല്ലങ്കോട്ടും ആളൊഴിഞ്ഞു. ഒരിറ്റു കുളിരു തേടി നെല്ലിയാമ്പതിയിലാണ് കുറച്ചെങ്കിലും സഞ്ചാരികളെത്തുന്നത്.
മുറിവേറ്റ് മണ്ണും ജീവനും
കനത്ത ചൂടിൽ കർഷകരും ആശങ്കയിലാണ്. രണ്ടാംവിള കഴിഞ്ഞുള്ള ഇടക്കൃഷിയെ കൊടുംവേനൽ ഗുരുതരമായി ബാധിച്ചു. പച്ചക്കറിത്തൈകൾ പലതും വാടിയ നിലയിലാണ്. മുതലമടയിൽ മാന്തോപ്പുകളെയും എരിവെയിൽ വല്ലാതെ വലച്ചു. ചൂടുതാങ്ങാനാകാതെ മൊട്ടിട്ട മാമ്പൂക്കൾ പൊഴിഞ്ഞതും മാങ്ങകൾ വാടിവീണതും ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്. പാൽ, മീൻ ഉൽപ്പാദനവും ചൂടിൽ കാര്യമായി കുറഞ്ഞു. പുതുശേരിയിൽ കുളത്തിലെ ചൂടുതാങ്ങാനാകാതെ മീനുകൾ ചത്തുപൊങ്ങിയിരുന്നു. 30 ശതമാനംവരെയാണ് പാലുൽപ്പാദനത്തിലെ കുറവ്.
മരുപ്പച്ച തേടി
വർഷാന്ത്യപരീക്ഷ കഴിഞ്ഞ് തൊടിയിലും പറമ്പിലും ഓടിനടന്നത് ഇന്ന് കുളിരുള്ള ഓർമമാത്രമാണ്. വേനലിനെ സ്‌നേഹിച്ചിരുന്ന കാലമുണ്ടായിരുന്നു എന്ന് ഒരു തലമുറയോട് പറയേണ്ടി വരുന്നവിധം അസഹനീയമായി മാറിയിട്ടുണ്ട് ചൂട്. വെയിലുകൊണ്ട് വളരണമെന്ന് കുട്ടികളോടാരും ഇനി പറയില്ല. കഴിയുന്നത്ര അകത്തിരിക്കാൻ ചട്ടം കെട്ടും. മാമ്പഴത്തിന്റെ മാധുര്യമില്ലാതെ അവരുടെ ബാല്യകാലം കടന്നുപോകും. കാട്ടുമുല്ലയുടെയും കനകാംബരത്തിന്റെയും ഗന്ധമില്ലാതെ പിന്നീടാ ബാല്യകാലം ഓർക്കപ്പെടും. കൂട്ടുകാർക്കൊപ്പം ചെലവഴിക്കാതെ നഷ്‌ടനിമിഷങ്ങളാൽ ഏപ്രിൽ വീണ്ടും ക്രൂരനാകും.
ഹീറ്റ് ആക്‌ഷൻ പ്ലാൻ
പാലക്കാട് ജില്ലയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, ദുരന്തനിവാരണ അതോറിറ്റിയുടെയും (KSDMA) ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ഹീറ്റ് ആക്‌ഷൻ പ്ലാനിലൂടെ പ്രതിരോധം തീർക്കുന്നുണ്ട്. ചൂടുമൂലമുള്ള അസുഖങ്ങൾ ചികിത്സിക്കാൻ പ്രത്യേക ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് തുടങ്ങി. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൂര്യാതപം ഏറ്റവർക്ക് അടിയന്തരചികിത്സ നൽകാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. തണ്ണീർപ്പന്തലുകളിലും ആരോഗ്യകേന്ദ്രങ്ങളിലും ഒആർഎസ് ലായനിയും മറ്റു പാനീയങ്ങളും ലഭ്യമാക്കി. കരുതലൂടെ ചൂടിന്റെ കരങ്ങളെ പ്രതിരോധിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡെത്തിയ സാഹചര്യത്തിൽ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.















