ശുഭപ്രതീക്ഷയുടെ ‘ആനന്ദം’


എം സ്വരാജ്
Published on Feb 24, 2026, 03:09 AM | 2 min read
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ദീർഘസംഭാഷണത്തിനുശേഷം ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ ആനന്ദ് പറഞ്ഞു: ‘സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ചിലപ്പോൾ അല്പം വൈകിയേക്കാം. പക്ഷേ ഉദിക്കാതിരിക്കില്ല.’ ആശങ്കപ്പെടുത്തുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് വിരാമം കുറിച്ചുകൊണ്ടാണ് അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞത്. ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്ന എഴുത്തുകാരൻ വർത്തമാനത്തിന്റെ ഘോരാന്ധകാരത്തിന് അപ്പുറം മാനവികതയുടെ ഒരു പൂക്കാലം പിറക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട്.
ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ശുഭപ്രതീക്ഷയാണെന്ന് എക്കാലത്തും ആനന്ദ് എന്ന എഴുത്തുകാരനെ വഴികാട്ടുന്നത്. ഒരു വർഷം മുമ്പ് എഴുതിയ ലേഖനത്തിൽ അദ്ദേഹം തീർച്ചയോടെ അത് ആവർത്തിക്കുന്നുണ്ട്. ‘രക്തവും സാക്ഷികളും’ എന്ന പേരിൽ പുറത്തിറങ്ങിയ ലേഖനസമാഹാരത്തിലാണ് ഒരിടത്ത് ആനന്ദ് ഇങ്ങനെ പറയുന്നത്: ‘പീഡനത്തിന്റെ രാത്രി ശാശ്വതമല്ല. ഒരു രാത്രിയും ശാശ്വതമല്ല. ഇരുട്ട്, രാത്രി മാത്രം നിൽക്കുന്ന അതിഥിയാണ്. രാത്രികളെ അവസാനിപ്പിച്ചുകൊണ്ട് പകൽ വന്നുകൊണ്ടിരിക്കും. സൂര്യൻ ഇനിയും ഉദിക്കും.’
മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും കൊന്നൊടുക്കുകയും ചെയ്യുന്നതിന്റെ വാർത്തകൾ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ദിനംപ്രതി കേൾക്കുന്നവരാണ് നാം. ഇന്ത്യയിലും സ്ഥിതിഗതികൾ ശാന്തമല്ല. വൈവിധ്യങ്ങളുടെ രാജ്യമായി ഇന്ത്യ നിലനിൽക്കുന്നത് മതനിരപേക്ഷതയുടെ അടിത്തറയിലാണെന്നത് ഒരു ചിരന്തന സത്യമാണ്. ആ അടിത്തറ തകർത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള പദ്ധതിയാണ് രാജ്യം ഭരിക്കുന്നവർക്കുള്ളത്. അതിനുവേണ്ടി ഏതു ഹീനമാർഗവും സ്വീകരിക്കാൻ സംഘപരിവാറിന് മടിയില്ല. വേഷവും ഭാഷയും ഭക്ഷണവും പ്രദേശവുമെല്ലാം വിദ്വേഷത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുകയാണ് ഇവർ. പശുവിന്റെ പേരിൽ ആരെയും കൊല്ലാം. വിദ്വേഷത്തിന്റെ വിത്തുകൾ വടവൃക്ഷങ്ങളായി വളരുന്നു. മനുഷ്യർക്കിടയിൽ സ്നേഹരാഹിത്യത്തിന്റെ മതിലുകൾ കെട്ടി ഉയർത്തുന്നു. അനീതി സ്ഥാപനവൽക്കരിക്കപ്പെടുകയാണ്. എങ്കിലും, പടരുന്ന ഇരുട്ടിനപ്പുറം പ്രകാശം പരത്തുന്ന ഒരു കാലം വരുമെന്ന് സ്വപ്നം കാണുന്നത്, എല്ലാ മനുഷ്യർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവസരമുണ്ടായാൽ മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവും പൂർണ്ണമാവുകയുള്ളൂവെന്ന് ആഴത്തിൽ തിരിച്ചറിയുന്നതുകൊണ്ടാണ്.
നീതി നിഷേധിക്കപ്പെടുകയും അധികൃതവൽക്കരിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ ആനന്ദ് എങ്ങനെയാണൊക്കെയോ പ്രവർത്തിക്കുന്നുവെന്ന് ആനന്ദ് മൂർച്ചയുള്ള വാക്കുകളാൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തിൽ നിന്നും ഇറങ്ങിക്കടക്കുന്ന ഗോവർദ്ധൻ ഒരു പ്രതീകമാണ്. ലോകമെങ്ങുമുള്ള നിസ്സഹായരായ മനുഷ്യരുടെ പ്രതീകം. അധികാരം ഇരകളാക്കുന്നവരുടെ വിലാപങ്ങളാണവിടെയെങ്ങും അലയടിക്കുന്നത്. പൊരുതി നേടിയതിൽ നിന്നുംപോലും അഭയം തേടി പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യജീവിതത്തിന്റെ സമസ്യയാണ് ‘അയോധ്യ’കളിൽ വായിക്കുന്നവരെ അസ്വസ്ഥരാക്കുന്നത്. നഗരങ്ങളുടെ അന്യവൽക്കരണം വ്യക്തിയെ രൂപപ്പെടുത്തുന്നതെങ്ങനെയെന്ന് നഗരവൽക്കരണത്തിനു മുന്നേ ‘ആൾക്കൂട്ട’ത്തിലൂടെ പറഞ്ഞുവെച്ച എഴുത്തുകാരനാണ് ആനന്ദ്. ഓരോ വ്യക്തിയുടെയും ഉള്ളിൽ ഒരാൾക്കൂട്ടം രൂപപ്പെടുന്നതിനെക്കുറിച്ച് അക്കാലത്ത് മറ്റാരും ചിന്തിച്ചിട്ടുണ്ടാവില്ല.
എഴുത്തുകാരനും ദാർശനികനുമായി ആനന്ദ് ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. അധികാരത്തിൽ അന്തർലീനമായ അനീതിയും വെറും വാക്കുകൾ മാത്രമായി ദുർബലപ്പെടുന്ന ജനാധിപത്യവും ആനന്ദിനെ എന്നും അസ്വസ്ഥനാക്കിയിട്ടുണ്ട്. എങ്കിലും സംസ്കാരം യാത്ര തുടരുമെന്നും പിന്നേയും പിന്നേയും ഉയർത്തെഴുന്നേൽക്കുമെന്നും, അത് മനുഷ്യരെ വീണ്ടും വീണ്ടും സൃഷ്ടിക്കുമെന്നും ആനന്ദിന് തീർച്ചയുണ്ട്.
നമ്മുടെ കാലത്ത് വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട കൃതികളും ചർച്ച ചെയ്യപ്പെടേണ്ട കാഴ്ചപ്പാടുകളുമാണ് ആനന്ദിന്റേത്. ആനന്ദിന്റെ എഴുത്തിനോടും കാഴ്ചപ്പാടുകളോടും സൂക്ഷ്മതലത്തിൽ വിയോജിക്കുന്നവരുണ്ടാകാം. എന്നാൽ എല്ലാറ്റിനും മുകളിൽ അദ്ദേഹം പ്രതീക്ഷിക്കുന്ന മാനവികതയും നീതിബോധവും എഴുത്തിലെ സത്യസന്ധതയും സ്വീകരിക്കപ്പെടും.















