ad
Deshabhimani

Articles

ആനന്ദിന്റെ സഞ്ചാര പഥങ്ങൾ

ആനന്ദിന്റെ സഞ്ചാര പഥങ്ങൾ

anand
avatar
പുത്തലത്ത് ദിനേശന്‍

Published on Feb 14, 2026, 10:35 PM | 5 min read

മനുഷ്യരെ സ്വാതന്ത്ര്യത്തിന്റെ സർഗാത്മകലോകത്തേക്ക് എത്തിക്കുന്ന ഇടപെടലുകൾക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. മതസ്ഥാപകർ ഉൾപ്പെടെ ഇത്തരം അന്വേഷണങ്ങൾക്ക് മുന്നിട്ടുനിന്നിട്ടുണ്ട്. തങ്ങളുടെ മുന്നിലുള്ളവരുടെ പ്രതിസന്ധികളെ മറികടക്കാനുള്ള ഇടപെടലുകളായിരുന്നു അവ. അതിനെ പുതിയ ലോകത്തിന്റെ വെളിച്ചത്തിൽ വായിച്ചപ്പോഴാണ് നവോത്ഥാനപരമായ മുന്നേറ്റങ്ങൾ ലോകത്തെമ്പാടും പ്രത്യക്ഷപ്പെട്ടത്. ഭക്തിപ്രസ്ഥാനമായും സൂഫിസമായും വിമോചന ദൈവശാസ്ത്രമായുമെല്ലാം വികസിച്ച ചിന്താധാരകളുടെ അടിസ്ഥാനം ഇവയായിരുന്നു.


മതദർശനങ്ങളെ ആധുനികതയുടെ വെളിച്ചത്തിൽ വായിച്ചിരുന്ന ഘട്ടത്തിലാണ് മാർക്സിന്റെ ധൈഷണിക ജീവിതം തുടങ്ങുന്നത്‌. മുതലാളിത്തസമൂഹത്തെ അഥവാ ആധുനികലോകത്തെ വിശകലനം ചെയ്തുവെന്നതാണ് മാർക്സിസത്തിന്റെ സവിശേഷത. അതിലൂടെ മുതലാളിത്തം മനുഷ്യസ്വാതന്ത്ര്യത്തിന് നൽകിയ സാധ്യതകളെയും പരിമിതികളെയും മാർക്സ് വിശകലനം ചെയ്തു. ആധുനികതയുടെ വിമർശകനായി മാർക്സ് മാറുകയായിരുന്നു.


മുതലാളിത്ത ചൂഷണത്തെയും അന്യവൽക്കരണത്തെയും നീതിരാഹിത്യത്തെയും മറികടന്ന് മനുഷ്യസമൂഹത്തെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സർഗാത്മകതയുടെയും ലോകത്തിലേക്ക് നയിക്കാനുള്ള ഇടപെടലായിരുന്നു മാർക്സിന്റെ ധൈഷണികജീവിതം. എല്ലാ ആധിപത്യങ്ങളും അവസാനിച്ച് ഭരണകൂടങ്ങൾ കൊഴിഞ്ഞുവീഴുന്ന ഒരു ലോകത്താണ് സാമൂഹ്യസ്വാതന്ത്ര്യത്തിന്റെ പുതുലോകം തുറന്നുകിട്ടുകയെന്ന് അദ്ദേഹം നിരീക്ഷിച്ചു. മനുഷ്യസ്വാതന്ത്ര്യത്തിന് തടസ്സമായി നിൽക്കുന്നവയാണ് അതത് കാലത്തെ നിയമങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും. ഇത്തരം നിയമങ്ങളുടെയും ചങ്ങലക്കെട്ടുകളുടെയും വേരുകൾ അതത് കാലത്ത് നിലനിൽക്കുന്ന സാമ്പത്തിക അടിത്തറയിലാണ്‌. സാമ്പത്തികഘടനയിൽ നിലനിൽക്കുന്ന ഈ അസമത്വത്തെ ഉന്മൂലനം ചെയ്തുകൊണ്ടുമാത്രമേ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളെയും മാറ്റിമറിക്കാനാകൂ എന്നും മാർക്സ് വ്യക്തമാക്കി. സാമ്പത്തികരംഗത്തെ ഇത്തരം സമരത്തിനോടൊപ്പംതന്നെ വ്യവസ്ഥയെ താങ്ങിനിർത്തുന്ന ആശയപരവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങൾക്കെതിരായ സമരവും വിഭാവനം ചെയ്തു. സാമ്പത്തികഘടകങ്ങൾക്ക് സാമൂഹ്യവളർച്ചയുമായി ബന്ധമില്ലെന്ന് കരുതിയ കാലത്ത് ആ ഘടകങ്ങളുടെ പ്രാധാന്യം ഓർമിപ്പിക്കാനാണ് അക്കാര്യത്തിൽ ഊന്നിനിന്നത്‌.


മുതലാളിത്തലോകത്ത് മറ്റെല്ലാ വർഗങ്ങളും ഇല്ലാതായാലും തൊഴിലാളിവർഗം നിലനിൽക്കുമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. മുതലാളിത്തത്തെ പുനക്രമീകരിച്ച് ആധിപത്യങ്ങളില്ലാത്ത ലോകം സൃഷ്ടിക്കാൻ കഴിയുക തൊഴിലാളിവർഗത്തിനാണ്‌. അതിനായി ഇടക്കാല സംവിധാനമെന്ന നിലയിൽ എല്ലാ ആധിപത്യങ്ങളെയും അവസാനിപ്പിക്കുന്ന വ്യവസ്ഥയെന്ന നിലയിൽ സോഷ്യലിസത്തെ അവതരിപ്പിച്ചു. എല്ലാ മർദനങ്ങളും അവസാനിപ്പിച്ചാൽമാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവും പുലരുകയുള്ളൂവെന്ന കാര്യവും വ്യക്തമാക്കപ്പെട്ടു. ‘ഭരണകൂടവും വിപ്ലവവും’ എന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ ലെനിൻ ഇങ്ങനെ രേഖപ്പെടുത്തി: “എവിടെ മർദനമുണ്ടോ, എവിടെ നിർബന്ധമുണ്ടോ അവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല.’’ അതായത് അടിച്ചമർത്തലില്ലാത്ത നീതിയുടെ ലോകത്താണ് മനുഷ്യസ്വാതന്ത്ര്യം സാധ്യമാവുകയെന്ന് മാർക്സിസം നിരീക്ഷിച്ചു. മനുഷ്യർക്കെല്ലാം നീതി ഉറപ്പുവരുത്തുന്ന മനുഷ്യവിമോചനത്തിന്റെ തത്വശാസ്ത്രമെന്ന നിലയിലാണ് മാർക്സിസം രംഗപ്രവേശനം ചെയ്യുന്നത്. എല്ലാത്തിനെയും ചരിത്രവൽക്കരിച്ച് വിലയിരുത്തുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.


അന്വേഷണവഴി


മനുഷ്യവിമോചനത്തിനായി ലോകത്തെമ്പാടും നടന്ന മനുഷ്യമുന്നേറ്റങ്ങളുടെയും അവയെ നയിച്ച ആശയങ്ങളുടെയും ശക്തിയെയും ദൗർബല്യത്തെയും തുറന്നുകാട്ടുകയാണ് തന്റെ കൃതികളിലൂടെ ആനന്ദ് ചെയ്തത്. മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ച് മുന്നോട്ടുവന്ന പ്രത്യയശാസ്ത്രങ്ങൾതന്നെ എങ്ങനെയാണ് പ്രതിലോമകരമായിത്തീർന്നതെന്ന അന്വേഷണവും ആനന്ദിന്റെ പ്രധാന വിഷയമാണ്. മാർക്സ് മുന്നോട്ടുവച്ച ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും അന്യവൽക്കരണത്തിന്റെയും ചൂഷണത്തിന്റെയും പ്രകൃതിനശീകരണത്തിന്റെയും പ്രശ്നങ്ങൾതന്നെയാണ് ആനന്ദിന്റെയും അന്വേഷണവഴി. ഇത്തരം കാര്യങ്ങൾ വർത്തമാനലോകത്ത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന അന്വേഷണമാണ് ആനന്ദിന്റേത്. സോവിയറ്റ് അനുഭവങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇവ പരിശോധിക്കപ്പെടുന്നുവെന്നതും സമകാലീന ലോകത്തെ അന്വേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് ഇവയെ നയിക്കുന്നു.


മാനുഷികമായതൊന്നും അന്യമല്ല


വ്യവസ്ഥയുമായി ബന്ധപ്പെടുത്തി മാർക്സ് ഉയർത്തിക്കാണിച്ച പ്രശ്നങ്ങൾ ആധുനികജീവിതത്തിന്റെ ഓരോ അടരിലും എങ്ങനെയാണ് ഉൾച്ചേർന്നിരിക്കുന്നതെന്ന് വിശദമാക്കുകയാണ് ആനന്ദിന്റെ എഴുത്തുകൾ. നോവലുകളിലും നാടകത്തിലും ചെറുകഥകളിലും സംഭാഷണങ്ങളിലുമെല്ലാം ഈയൊരു കാഴ്ച നിറഞ്ഞുനിൽക്കുന്നു. മനുഷ്യർ നിസ്സഹായമായി എത്തിച്ചേരുന്നുവെന്നതല്ല, അവർ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അതിജീവനപ്രക്രിയയായി ചരിത്രത്തെ നിരീക്ഷിക്കുന്ന എഴുത്തുകാരനായി ആനന്ദ് മാറുന്നു. അങ്ങനെ മനുഷ്യസമൂഹത്തിന്റെ സ്വാതന്ത്ര്യവും നീതിയും തേടിയുള്ള അന്വേഷണമായി ആനന്ദിന്റെ കൃതികൾ മാറിത്തീരുകയാണ്.


കാലികപ്രധാനമായ പ്രശ്നങ്ങളിൽനിന്ന് പിന്നോട്ടേക്കും മുന്നോട്ടേക്കും തുടർച്ചയായി സഞ്ചരിച്ച് പ്രശ്നങ്ങളുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്ന ചിന്തകളാണ് അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നത്. മനുഷ്യന്റെ ജൈവികമായ സവിശേഷതകളെയും സമൂഹത്തിൽ അവരുടെ ജീവിതപ്പൊരുത്തവും പൊരുത്തക്കേടുകളും അനാവരണം ചെയ്യുന്നതുകൂടിയാണ് ആ എഴുത്തുകളിലെ സഞ്ചാരം. മാനുഷികമായതൊന്നും തനിക്ക് അന്യമല്ലെന്ന് പറയുകയും എല്ലാത്തിനെയും ചരിത്രവൽക്കരിക്കുകയും ചെയ്‌ത മാർക്സിന്റെ വഴിയാണ് ആനന്ദും സ്വീകരിച്ചത്. ചരിത്രവും മാനുഷികതാൽപ്പര്യവുമുള്ള എല്ലാ കാര്യങ്ങളുമാണ് താൻ വായിക്കുന്നതെന്ന് ആനന്ദ് സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.


ചരിത്രപരമായ അന്വേഷണത്തിലൂടെ മനുഷ്യനെ വിലയിരുത്തുകയും മനുഷ്യാവസ്ഥ എത്തിച്ചേരുന്ന പ്രതിസന്ധികളെ ഓർമപ്പെടുത്തുകയും ചെയ്യുന്നതാണ്‌ ആനന്ദിന്റെ എഴുത്തുകൾ. മുതലാളിത്തത്തിന്റെ ദൗർബല്യങ്ങളായി മാർക്സ് എടുത്തുപറഞ്ഞ ഘടകങ്ങളിലൂടെത്തന്നെയാണ് ആനന്ദിന്റെയും സഞ്ചാരം. മാർക്സിസവും അതിന്റെ പ്രയോഗവും ലോകത്തിൽ നടത്തിയിട്ടുള്ള ഇടപെടലുകളെ വിമർശനാത്മകമായി പരിശോധിക്കുന്നുണ്ട് അദ്ദേഹം. മാർക്സിന്റെ അന്വേഷണങ്ങളിലെ ചില പ്രശ്നങ്ങളിലേക്ക് ചൂണ്ടുന്ന വിരലുകൾ മാർക്സിസത്തെ കാലോചിതമായി വികസിപ്പിക്കേണ്ടതിന്റെ ഓർമപ്പെടുത്തൽകൂടിയാണ്.


​ഇന്ത്യൻ അവസ്ഥയുടെ പ്രതീകം


ആനന്ദിന്റെ ശ്രദ്ധേയ നോവലായ ‘ആൾക്കൂട്ടം’ എഴുതുന്നത് 1960-കളിലാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ബോംബെയിൽ എത്തിച്ചേരുന്ന മനുഷ്യരുടെ അനുഭവങ്ങളെയും ചിന്തകളെയും കോർത്തിണക്കിയാണ്‌ നോവൽരചന. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന പ്രതിസന്ധി അവതരിപ്പിച്ച ഇന്ത്യൻ നോവലെന്ന് വിളിക്കപ്പെടുന്ന ഒന്നായി ആൾക്കൂട്ടം മാറി. മനുഷ്യബന്ധങ്ങളെയും അതിന്റെ വൈകാരികതകളെയും ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന നോവലെന്ന സവിശേഷതയും ആൾക്കൂട്ടത്തിനുണ്ട്. വ്യത്യസ്തമായ ജീവിതത്തിന്റെയും അന്വേഷണങ്ങളുടെയും ലോകമാണ് ഇവിടെ വരച്ചുവച്ചത്. അവരുടേതായ വഴികളിൽ ജീവിച്ചുപോയവർ ആൾക്കൂട്ടങ്ങളിലേക്ക് വീണ്ടും മടങ്ങിപ്പോകുന്ന ചിത്രം. നോവലിന്റെ ആരംഭത്തിൽ ‘‘വിക്ടോറിയ ടെർമിനലിന്റെ പ്ലാറ്റ്ഫോമുകളിലൊന്നിൽ ഒരു വണ്ടി നിന്നു. ആൾക്കൂട്ടത്തിലേക്ക് എത്തിച്ചേർന്ന മനുഷ്യരെയാണ് അത്‌ ഓർമപ്പെടുത്തുന്നത്. അവിടെനിന്ന് സ്വന്തം വഴികൾ കണ്ടെത്തി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടത്തിൽത്തന്നെ എത്തിച്ചേരുന്ന മനുഷ്യർ.’’ നോവലിന്റെ അവസാനമാകട്ടെ, ബൂതർഖാനയുടെ മുന്നിൽവച്ച് അയാൾ ചെറിയ ആൾക്കൂട്ടത്തിൽ എത്തിച്ചേർന്ന് മാഞ്ഞുപോകുന്നു.


തങ്ങളുടേതായ വഴികളും ചെറുത്തുനിൽപ്പുകളും അന്യമായിത്തീരുന്ന ഇന്ത്യൻ അവസ്ഥയുടെ പ്രതീകമാണത്‌. അഭയാർഥികളിൽ മനുഷ്യാവസ്ഥയെയും ഇന്ത്യൻ സാഹചര്യത്തെയും ദാർശനികമായ ബോധത്തോടെ അവതരിപ്പിക്കുകയാണ് ആനന്ദ് ചെയ്യുന്നത്. ഒരു വ്യവസ്ഥയും ഭരണവും രാജ്യവും അസഹ്യമാംവിധം പീഡനസ്വഭാവം കൈവരിക്കുമ്പോൾ മനുഷ്യർ പലായനം ചെയ്യാതെ മറ്റെന്താണ് ചെയ്യുക? ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെയും അഭയാർഥിപ്രവാഹങ്ങളുടെയും അവസ്ഥയിൽ ആനന്ദിന്റെ ചോദ്യങ്ങൾ പ്രസക്തമാണ്‌. വർത്തമാനലോകത്ത് മാറിനിന്നുകൊണ്ട് മറ്റൊരു സ്ഥലത്തോ കാലത്തോ ആണ് നാം അഭയംപ്രാപിക്കുന്നതെന്ന് ഓർമപ്പെടുത്തുന്ന നോവൽകൂടിയാണിത്.


ആൾക്കൂട്ടത്തിൽ ലയിച്ചുചേരുന്ന വ്യക്തികൾ ചെറുത്തുനിൽപ്പിന്റെ പാതകൾ ഉയർത്തി മുന്നേറുന്നതിന്റെ ചിത്രങ്ങളാണ് ആനന്ദിന്റെ പിൽക്കാലത്തെ എഴുത്തുകളിലെ സവിശേഷത. ‘മരണസർട്ടിഫിക്കറ്റി’ൽ ദുരന്തങ്ങളെ അതിജീവിക്കുന്ന വ്യക്തിയുടെ കഥയിലൂടെ എന്തിനെയും അതിജീവിച്ച് മുന്നേറാനുള്ള മനുഷ്യന്റെ ശേഷിയെ അവതരിപ്പിക്കുന്നു. അടിയന്തരാവസ്ഥയുടെ നാളുകളെ ഓർമപ്പെടുത്തുന്നതാണ് ‘ഉത്തരായനം.’ ‘വ്യാസനും വിഘ്‌നേശ്വരനും’ എന്ന നോവൽ ജനാധിപത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.


നീതിയുക്തമായ ഒരു ലോകമെന്നതാണ് ആനന്ദിന്റെ കാഴ്ചപ്പാട്. 1983-ൽ എഴുതിയ ‘ഹർജി’യെന്ന കഥയിൽ രൂപപ്പെടുന്ന ഈ ആശയം വളർന്ന് പന്തലിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള നീതിവ്യവസ്ഥയിലെ അസംബന്ധത്തെക്കുറിച്ച് ‘ഗോവർധന്റെ യാത്രകൾ’ ഓർമപ്പെടുത്തുന്നു. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന നോവൽ നീതിക്കായുള്ള പോരാട്ടങ്ങൾക്കിടയിൽ ഇരയായിത്തീരുന്ന മനുഷ്യരെക്കുറിച്ചാണ്.


സെക്കുലറാകാതെ തരമില്ല


ബൗദ്ധദർശനത്തെ ഗുണപരമായി ആനന്ദ് വീക്ഷിക്കുന്നുണ്ട്. നിർവാണമെന്നതാണ് ആത്യന്തികലക്ഷ്യം. അതിനായി ചിന്തകൊണ്ട് ലോകത്തെ മനസ്സിലാക്കുന്ന പ്രജ്ഞയെന്ന അവസ്ഥയെ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയായി വിലയിരുത്തുന്നു. പ്രജ്ഞയെന്ന സൈദ്ധാന്തികമായ വശവും കരുണയെന്ന പ്രവൃത്തിയുടെ വശവും നിർവാണത്തിനുള്ള വഴികളായാണ് ബുദ്ധൻ കാണുന്നത്. ഈ ചിന്തകളെയും പ്രവൃത്തിയെയും സമന്വയിപ്പിക്കുകയെന്ന ഘട്ടത്തിലേക്ക് എത്തുന്നതിലുള്ള ശൂന്യത ബൗദ്ധദർശനത്തിന്റെ പരിമിതിയായി അവതരിപ്പിക്കുന്നു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള സമന്വയത്തിന്റെ പ്രശ്നമാണ് ഇവിടെ മുന്നോട്ടുവരുന്നത്. തീർച്ചയായും ഏതൊരു പ്രസ്ഥാനവും സിദ്ധാന്തവും നേരിടുന്ന ഒരു വെല്ലുവിളിതന്നെയാണ് ബുദ്ധനും അഭിമുഖീകരിച്ചത് എന്ന ഓർമപ്പെടുത്തലാണ് യഥാർഥത്തിൽ ഇത്.

വേട്ടക്കാരനും വിരുന്നുകാരനുമെന്ന അദ്ദേഹത്തിന്റെ കൃതി മതമൗലികവാദത്തെക്കുറിച്ച് ഇന്ത്യയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണമാണ്.


വർഗീയതയും സ്വത്വരാഷ്ട്രീയവും വിതയ്ക്കുന്ന ആപത്തുകളെ ആഘാതമായി രേഖപ്പെടുത്തിയ എഴുത്തുകാർ അപൂർവമാണ്‌. മനുഷ്യരെ സാംസ്കാരിക അധഃപതനത്തിലേക്കും രാഷ്ട്രീയ അപചയത്തിലേക്കും നയിക്കുന്ന ഒന്നായി മതമൗലികവാദത്തെയും തീവ്രവാദത്തെയും ആനന്ദ് നിരീക്ഷിക്കുന്നു. ഹിന്ദുമതത്തിന്റെ മതമൗലികധാരയെക്കുറിച്ച് അന്വേഷിച്ച് ലേഖനമെഴുതിയ ആനന്ദ് ഇന്ത്യയുടെ മറ്റ് വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് വേട്ടക്കാരനും വിരുന്നുകാരനുമെന്ന പുസ്തകത്തിലേക്ക്‌ എത്തുന്നത്. ഇന്ത്യയുടെ ഉടമസ്ഥർ ഹിന്ദുക്കൾമാത്രമല്ലെന്ന തിരിച്ചറിവാണ് അതിലേക്ക് നയിച്ചത്‌. മതമൗലികവാദത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന ആർക്കും മാറ്റിവയ്‌ക്കാവുന്ന ഒന്നല്ല ആനന്ദിന്റെ ഈ കൃതി.


സംഘപരിവാറിന്റെ കടന്നുവരവിനെക്കുറിച്ച് സംഭാഷണത്തിനിടയിൽ ഇങ്ങനെ പറയുന്നുണ്ട്: “സംഘപരിവാറിന്റെ ആദിമരൂപങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത രാമൻ എന്ന സിംബലിനെ ഇന്നവർ തങ്ങളുടെ ലോഗോതന്നെ ആക്കിയതിൽ പ്രത്യക്ഷത്തിൽ കാണാത്ത കൗശലമുണ്ട്. ഗാന്ധിജി ഉപയോഗിച്ച ഒരു സിംബലായിരുന്നു രാമൻ. രാമൻ, സ്വരാജ് എന്നീ ഗാന്ധിയൻ സിംബലുകൾ അപഹരിച്ച് വളച്ചൊടിച്ച് പ്രയോഗിക്കുന്നത് ഗാന്ധിയൻ പാരമ്പര്യത്തിന്‌ ഉള്ളിൽക്കയറി ഗാന്ധിയെ തുരത്തുന്ന അതീവ സമർഥമായ രീതിയാണ്. ഗാന്ധിയായിരുന്നു അവരുടെ ഏറ്റവും വലിയ ശത്രു, ഇന്നുമാണ്.’’ മതനിരപേക്ഷതയെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ആനന്ദ് മുന്നോട്ടുവയ്‌ക്കുന്നുണ്ട്: “ആധുനിക ജനാധിപത്യ വ്യവസ്ഥ സ്വീകരിക്കുന്ന ഒരു രാഷ്ട്രത്തിന് സെക്കുലറാകാതെ തരമില്ല.


തിരിച്ചുപറഞ്ഞാൽ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുന്ന ഒരു രാഷ്ട്രത്തിന് ജനാധിപത്യവ്യവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. മതരാഷ്ട്രങ്ങളെ ജനാധിപത്യ രാഷ്ട്രങ്ങളെന്ന് ഞാൻ വിളിക്കില്ല. അതുപോലെ മതത്തെ വ്യാപകമായ തോതിൽ രാഷ്ട്രീയത്തിന്‌ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെയും ഒരു സെക്കുലർ ഭരണഘടന ഉണ്ടായിട്ടുകൂടി ജനാധിപത്യമെന്ന് വിളിക്കാൻ പ്രയാസമുണ്ടായിക്കൊണ്ടിരിക്കുന്നു.’’ ഇന്ത്യൻ അവസ്ഥയെ ഇത്രയേറെ ശരിയായ രീതിയിൽ വിലയിരുത്തുന്ന ആനന്ദിന്റെ വാക്കുകൾ, വർത്തമാനകാലത്ത് മതരാഷ്ട്രവാദങ്ങൾക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നതാണ്.


കാലത്തെ അതിജീവിക്കും


ചെറുകഥകളിലും ലേഖനങ്ങളിലും രൂപപ്പെട്ട ആശയങ്ങളാണ് പിന്നീട് നോവലിന്റെ സമഗ്രതയിലേക്ക് കടന്നുവരുന്നത്. തന്റെ മനസ്സിൽ അസ്വസ്ഥത വിതച്ച ദാർശനികപ്രശ്നങ്ങളെ തേച്ചുമിനുക്കി വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന രീതിയാണ് ആനന്ദ് മുന്നോട്ടുവയ്‌ക്കുന്നത്. മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോയിട്ടുള്ളതും കൊണ്ടുപോയിക്കൊണ്ടിരിക്കുന്നതുമായ ഒന്നായി സ്വാതന്ത്ര്യത്തെ അദ്ദേഹം കാണുന്നു. അതിനെ അനുഭൂതിയാക്കി മാറ്റാനുള്ള ത്വരയും മനുഷ്യനിൽ രൂപപ്പെടുന്നതായി നിരീക്ഷിക്കുന്നു. മനുഷ്യൻ മറ്റു ജന്തുക്കളെപ്പോലെ പ്രകൃതിദത്തമായ സ്വാതന്ത്ര്യത്തോടെയല്ല ജനിക്കുന്നത്. ജീവിതത്തെ സ്വന്തം ഇച്ഛാശക്തികൊണ്ട് നേടിയെടുത്ത് അനുഭവിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ എങ്ങനെ നേടുന്നുവെന്നും നേടാതിരിക്കുന്നുവെന്നതുമാണ് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനമായ കാര്യങ്ങളെന്ന്‌ ആനന്ദ് ഓർമപ്പെടുത്തുന്നു.


സ്വാതന്ത്ര്യത്തിനായുള്ള ഈ യാത്രകളിൽ മനുഷ്യാവസ്ഥ ചെന്നെത്തുന്ന പ്രതിസന്ധികളാണ് ആനന്ദിന്റെ എഴുത്തുകളിലെ പ്രതിപാദ്യവിഷയമെന്ന് പറയാം. കാലികപ്രശ്നങ്ങളെ ചരിത്രവുമായി ബന്ധപ്പെടുത്തുകയും അവയെ മനുഷ്യാവസ്ഥയുടെ സാധ്യതകളും പരിമിതിയുമായി ചേർത്തുവയ്‌ക്കുകയും ചെയ്യുന്നതാണ് പൊതുരീതി. അദ്ദേഹത്തോട്‌ നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ഉന്നയിക്കുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. ജീവിതാവസ്ഥയെയാണ് പ്രതിപാദിക്കുന്നത് എന്നതിനാൽ, കാലത്തെ അതിജീവിക്കുന്ന മലയാളത്തിലെ അപൂർവം എഴുത്തുകാരിലൊരാളായി ആനന്ദുണ്ടാകുമെന്ന് നമുക്ക്‌ ഉറപ്പിക്കാം.



Deshabhimani
Home