സരളമല്ലാത്ത നിഗൂഢ നിയമം


പി രാജീവ്
Published on Nov 02, 2026, 01:00 AM | 4 min read
നിയമസഭ പാസാക്കിയ സരൾ നിയമം സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്നതും ഗുരുതര പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തുന്നതുമാണ്. നിലവിലുള്ള നിയമങ്ങളെ പഠിക്കാതെയും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയുമാണ് ഈ ബിൽ തയ്യാറാക്കിയതെന്ന് വ്യക്തം. നിയമങ്ങളിലും ചട്ടങ്ങളിലും കഴിഞ്ഞ 10 വർഷം അന്നത്തെ സർക്കാർ മാറ്റങ്ങൾ വരുത്തിയത് വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തിയും വിദഗ്ധസമിതിയുടെ ശുപാർശകൾ പരിഗണിച്ചുമായിരുന്നു. ഈ നടപടികളുടെ ഭാഗമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28–-ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് കേരളം വളർന്നത്. കേന്ദ്രസർക്കാരിന്റെ ഉദ്യം രജിസ്ട്രേഷനിൽ സംസ്ഥാനത്ത് 2021ൽ 85,143 എംഎസ്എംഇകളായിരുന്നെങ്കിൽ 23ൽ 16,71,113 ആയും 2026ൽ 23,71,533 ആയും ഉയർന്നു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ 58,000 കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർഥ്യമാകുന്നതിലേക്ക് എത്തി. ഈ സർക്കാർ കൃത്യമായ മോണിറ്ററിങ്ങും പിന്തുണയും നൽകിയാൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർഥ്യമാക്കാൻ കേരളത്തിന് കഴിയും. ഇതുസംബന്ധിച്ച വിശദാംശങ്ങൾ വകുപ്പിന്റെതന്നെ ഡാഷ് ബോർഡിൽ ലഭ്യമാണ്.
സംരംഭകനെ കുരുക്കിലാക്കും
നിലവിലുള്ള നിയമപ്രകാരം എംഎസ്എംഇകൾ ആരംഭിക്കുന്നതിന് അപേക്ഷ നൽകിയാൽ തത്വത്തിലുള്ള അനുമതി ലഭിക്കും. ഇതുപയോഗിച്ച് മൂന്നര വർഷത്തേക്ക് മറ്റൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കാം. കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതി പ്രകാരം 125 കോടി രൂപവരെയുള്ള നിക്ഷേപങ്ങൾ എംഎസ്എംഇ നിർവചനത്തിൽ ഉൾപ്പെടും. വ്യവസായം തുടങ്ങാൻ നിയമാനുസൃതം സാധ്യമാകുന്ന ഭൂമിയിൽ 125 കോടി രൂപവരെയുള്ള റെഡ് കാറ്റഗറിയിൽപ്പെടാത്ത നിക്ഷേപങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ തത്വത്തിലുള്ള അനുമതി ലഭിക്കും. കാപ്പി കുടിക്കുന്ന സമയംകൊണ്ട് കേരളത്തിൽ വ്യവസായ അനുമതി ലഭിച്ചെന്ന് വിപ്രോയുടെ പ്രതിനിധി പറഞ്ഞത് ഈ അനുഭവത്തിലാണ്. ഈ അനുമതി നമ്പർ താൽക്കാലിക കെട്ടിട നമ്പരായും മറ്റു വകുപ്പുകളുടെ രജിസ്ട്രേഷൻ നമ്പരായും പരിഗണിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ചട്ടങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. വ്യവസായം തുടങ്ങി മൂന്നര വർഷത്തിനുള്ളിൽ ബന്ധപ്പെട്ട ലൈസൻസുകൾ എടുത്താൽ മതിയാകും. ഈ കാലയളവിൽ സമയബന്ധിതമായി ലൈസൻസ് ഓൺലൈനായി ലഭിക്കുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്നില്ലെങ്കിൽ ഡീംഡായി ലഭിക്കുന്നതിനുമുൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന ചട്ടഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഏറ്റവും വിപ്ലവകരമായി പ്രവർത്തിച്ചത് നൂറുകണക്കിന് ചട്ടങ്ങൾ ഭേദഗതി ചെയ്ത തദ്ദേശ സ്വയംഭരണ വകുപ്പാണ്.
എന്നാൽ, സരൾ നിയമം പാസായതോടെ ഈ സാഹചര്യം മാറി. സരൾ നിയമത്തിലെ വകുപ്പ് 3 (3)ൽ 25 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഈ നിയമം മാത്രമാണ് ബാധകമെന്ന് ആധികാരികമായി വ്യക്തമാക്കുന്നു, അതോടെ ഓൺലൈൻ വഴി തത്വത്തിലുള്ള അനുമതി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധ്യമാകില്ല. അതേസമയം നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം. ഒരേസമയം രണ്ടു നിയമം പ്രാബല്യത്തിലുള്ളപ്പോൾ സംരംഭകൻ ആശയക്കുഴപ്പത്തിലാകും. ഏതു നിയമപ്രകാരം ലൈസൻസ് നൽകിയാലും പൊതുതാൽപ്പര്യ ഹർജികളിലൂടെ അനാവശ്യ കോടതി വ്യവഹാരങ്ങൾക്ക് വഴിതുറക്കും.
ഒരേ കാര്യത്തിന് രണ്ട് വ്യവസ്ഥ
1999ൽ പാസാക്കിയ നിയമവും തുടർന്ന് കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് പാസാക്കിയ ഭേദഗതികളും പ്രകാരം സ്ഥിരം ലൈസൻസ് നൽകുന്നതിലുള്ള പ്രായോഗിക തടസ്സങ്ങൾ ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയും കലക്ടർ അധ്യക്ഷനായ ജില്ലാതല സമിതിയും ഏകജാലക സംവിധാനങ്ങളാണ്. സരൾ നിയമത്തിലും ഇതേ സമിതിയാണ്. രണ്ടു നിയമവും ഇപ്പോൾ പ്രാബല്യത്തിലുമുണ്ട്. നിലവിലുള്ള നിയമത്തിൽ 15 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതല സമിതിയും അതിനുമുകളിലുള്ളതിന് സംസ്ഥാനതല സമിതിയുമാണ്. സരൾ നിയമം 25 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ്. അപ്പോൾ 15 കോടിക്കും 25 കോടിക്കും ഇടയിലുള്ള നിക്ഷേപങ്ങൾ പരിശോധിക്കാൻ ഒരു സമിതിയുമില്ലാതാകും. നിലവിലുള്ള നിയമത്തിൽ ഏകജാലക സമിതിയുടെ തീരുമാനങ്ങൾ 30 ദിവസത്തിനുള്ളിൽ നടപ്പാക്കാതിരുന്നാൽ അനുമതി ലഭിച്ചതായി പരിഗണിക്കുന്ന ഡീംഡ് വ്യവസ്ഥയുണ്ട്, സരൾ നിയമത്തിൽ ഡീംഡ് വ്യവസ്ഥയില്ല. ഒരേസമയം പ്രാബല്യത്തിലുള്ള രണ്ടു നിയമത്തിൽ ഒരേ കാര്യത്തിന് രണ്ടു വ്യവസ്ഥയാണെന്നർഥം.
അവ്യക്തതകളേറെ
വൻകിട നിക്ഷേപങ്ങൾക്ക് അതിവേഗത്തിൽ അനുമതി ലഭിക്കുന്നതിന് രണ്ടു പ്രധാന നിയമനിർമാണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തുകയുണ്ടായി. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് എല്ലാ രേഖകളോടുംകൂടി അപേക്ഷ നൽകിയാൽ ഏഴുദിവസത്തിനുള്ളിൽ ഒരൊറ്റ ലൈസൻസ് നൽകാൻ അധികാരമുള്ള ബ്യൂറോയാണ് ഒരു നിയമത്തിലുള്ളത്. ഈ ബ്യൂറോയുടെ Back office എല്ലാ വകുപ്പുകളുടെയും പ്രാഥമിക പരിശോധനകൾ സമയബന്ധിതമായി ഉറപ്പുവരുത്തുന്നു. അതോടൊപ്പം വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനത്തിന് മുഖ്യമന്ത്രി ചെയർമാനും വ്യവസായമന്ത്രി കോ ചെയർമാനും ധനം, റവന്യു, വൈദ്യുതി, തൊഴിൽ വകുപ്പ് മന്ത്രിമാർ ഉപാധ്യക്ഷന്മാരുമായ സമിതിയും ചീഫ് സെക്രട്ടറി ചെയർമാനായും വ്യവസായ സെക്രട്ടറി കൺവീനറായും മോണിറ്ററിങ് സംവിധാനവും പ്രവർത്തിക്കുന്നു, ഈ നിയമവ്യവസ്ഥയുള്ളപ്പോൾത്തന്നെ മുഖ്യമന്ത്രി ചെയർമാനും വ്യവസായമന്ത്രി വൈസ് ചെയർമാനുമായി മറ്റു വകുപ്പ് മന്ത്രിമാരൊന്നും ഉൾപ്പെടാത്ത ഏകോപന സംവിധാനം രൂപീകരിക്കുന്നതായി ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ പ്രഖ്യാപിക്കുകയുണ്ടായി. സരൾ നിയമത്തിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി മിക്കവാറും നിലവിലുള്ള നിയമത്തിലെ അതേ ഘടനയോടെ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഈ സമിതിയുടെ അധികാരങ്ങളിൽ വ്യത്യസ്തത നിലനിൽക്കുന്നു.
കൃത്യസമയത്ത് സേവനം ഉറപ്പുവരുത്തുന്നതാണ് ഈ നിയമത്തിന്റെ സവിശേഷതയായി പറയുന്നത്. നിലവിലുള്ള നിയമത്തിലും സമയക്രമമുണ്ട്. പ്രായോഗികമായി ഈ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഭേദഗതികൾ കൊണ്ടുവരുന്നതിൽ തെറ്റില്ല. എന്നാൽ, ഈ സമയം പാലിച്ചില്ലെങ്കിൽ എന്തു നടപടി സ്വീകരിക്കുമെന്ന് സരൾ നിയമത്തിൽ വ്യക്തമല്ല. കഴിഞ്ഞ സർക്കാരിന്റെ സമയത്ത് പാസാക്കിയ ഭേദഗതി നിയമം ഇവർ കണ്ടില്ലേ? ആ നിയമപ്രകാരം വ്യവസായം തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും ആവശ്യമായ സേവനങ്ങളിൽ നിശ്ചിതസമയത്തിനുള്ളിൽ നൽകിയില്ലെങ്കിൽ പതിനായിരം രൂപ വരെ ഉദ്യോഗസ്ഥന് പിഴ ഈടാക്കാനും വകുപ്പ്തല നടപടി ശുപാർശ ചെയ്യാനും അധികാരമുള്ള പരാതി പരിഹാര സമിതി വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിലെ വ്യവസ്ഥകൾ ഇനി ബാധകമാകുമോ എന്നതിലും വ്യക്തതയില്ല.
നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നു
എന്നാൽ, ഈ നിയമത്തിലെ ഏറ്റവും അപകടകരമായ വ്യവസ്ഥ നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതാണ്. ഒരു നിയമത്തിലെ അധികാരവും സരൾ അതോറിറ്റി എടുക്കുന്നില്ലെന്നും സമയം നിശ്ചയിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വ്യവസായമന്ത്രി, സ്പീക്കർക്കുപോലും നൽകിയ മറുപടിയിൽ പറഞ്ഞത് ബിൽ വായിച്ചു നോക്കാതെയാണെന്ന് കരുതാനാകില്ല. മൂന്നാം വകുപ്പാണ് സരൾ അതോറിറ്റിയുടെ അധികാരം നിർവചിക്കുന്നത്. നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം ഉൾപ്പെടെ ഷെഡ്യൂളിൽ പറയുന്ന നിയമങ്ങളിൽ ലൈസൻസ് നൽകാൻ കോന്പിറ്റന്റ് അതോറിറ്റിക്കുള്ള അധികാരം പൂർണമായും സരൾ അതോറിറ്റിക്ക് നൽകിയിരിക്കുന്നു. നിലവിലുള്ള നിയമപ്രകാരം അനുമതി നൽകാൻ അധികാരമുള്ള സമിതിയെ സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് നൽകാനുള്ളതാക്കി പരിമിതപ്പെടുത്തി. ഭൂമി തരംമാറ്റം നടത്താൻ അനുമതി നൽകാൻ നെൽവയൽ സംരക്ഷണ നിയമം അധികാരപ്പെടുത്തിയ സംവിധാനത്തിന് മാത്രമേ അധികാരമുള്ളൂവെന്ന് ആർഡിഒ ഫോർട്ട്കൊച്ചി വേഴ്സസ് ജലജ ദിലീപ് കേസിലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിക്ക് കടകവിരുദ്ധമാണ് സരൾ ബില്ലിലെ വ്യവസ്ഥകൾ.
കഴിഞ്ഞ സർക്കാരിന്റെ സമയത്ത് വ്യവസായങ്ങൾക്കുള്ള ഭൂമിയുടെ തരംമാറ്റം മുൻഗണനാ പട്ടികയിൽ റവന്യുവകപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായമന്ത്രി വിശദീകരിച്ചതുപോലെ ആ കമ്മിറ്റിയിലുള്ളവർ ഈ കമ്മിറ്റിയിലുമുണ്ടെന്ന ലളിത യുക്തി നിയമത്തിന്റെ മുമ്പിൽ നിലനിൽക്കില്ല. നിയമം വ്യവസ്ഥ ചെയ്യുന്ന അധികാരകേന്ദ്രമായിരിക്കും ആ നിയമത്തിലെ കോന്പിറ്റന്റ് അതോറിറ്റി.
ഇനി നിയമത്തിലും പ്രത്യേകം സമയം ആവശ്യമെങ്കിൽ നിശ്ചയിക്കാവുന്നതാണ്. പക്ഷേ, അതിനുവേണ്ടത് ആ നിയമങ്ങൾ ഭേദഗതി ചെയ്യുകയാണ്. വിവിധ നിയമങ്ങൾ ഒരേസമയം ഭേദഗതി ചെയ്യുന്ന omnibus legislation വഴിയാണ് എൽഡിഎഫ് സർക്കാർ വലിയ മാറ്റം കേരളത്തിൽ കൊണ്ടുവന്നത്.
ഇപ്പോൾ കേരളം നിക്ഷേപങ്ങളുടെ ലക്ഷ്യസ്ഥാനമാണ്. ഐകെജിഎസിലും ലോക സാമ്പത്തിക ഫോറത്തിലും ഒപ്പിട്ട താൽപ്പര്യപത്രങ്ങൾ യാഥാർഥ്യമാകുമ്പോൾ അത് ഞങ്ങളുടെ ‘വിസ്മയം’ വഴിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഈ നിയമനിർമാണത്തിലുള്ളത്. പക്ഷേ, അത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചാൽ നിലവിലുള്ള വ്യവസായ സൗഹൃദാന്തരീക്ഷം തകർക്കുന്നതിലേക്ക് എത്തും.














