മോദിവാഴ്‌ചയ്‌ക്കെതിരെ ഒറ്റക്കെട്ടായി രാജ്യം


എം വി ഗോവിന്ദൻ
Published on Feb 11, 2026, 08:39 PM | 4 min read
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് പണിമുടക്കുകയാണ്. ദശാബ്‌ദങ്ങൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കാനായി കൊണ്ടുവന്ന നാല് തൊഴിൽ കോഡുകൾ ഉൾപ്പെടെ മോദിസർക്കാരിന്റെ തൊഴിലാളിദ്രോഹ, കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. കർഷക, കർഷകത്തൊഴിലാളി, ബഹുജനസംഘടനകളും കേന്ദ്ര–സംസ്ഥാന ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചതോടെ പണിമുടക്ക് മോദിസർക്കാരിനെതിരായ വലിയ ജനകീയമുന്നേറ്റമാകും. പണിമുടക്കിന് എല്ലാപിന്തുണയും സിപിഐ എമ്മും എൽഡിഎഫും നൽകും.
സംസ്ഥാനത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂന്ന് വികസനജാഥകൾ പര്യടനം നടത്തുകയാണ്. ഈ മൂന്നു ജാഥയിലും കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തോടൊപ്പം പണിമുടക്കിന് ആധാരമായവകൂടി വിശദീകരിക്കുന്നുണ്ട്. ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് കടകവിരുദ്ധമായി മോദിസർക്കാർ യൂറോപ്യൻ യൂണിയനും അമേരിക്കയുമായി ഒപ്പിട്ട വ്യാപാരക്കരാറുകളും പരാമർശവിധേയമാകുന്നുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾ തീരുവയേതുമില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുമ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവയാണ് യുഎസ് ചുമത്തുക. ഇത് എങ്ങനെയാണ് ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് അനുകൂലമാകുക? ഓരോ വർഷവും ചുരുങ്ങിയത് അരലക്ഷം കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ നാം വാങ്ങണമെന്ന് നിർബന്ധിക്കുന്ന കരാർ എങ്ങനെയാണ് ഇന്ത്യക്ക് അനുകൂലമാകുന്നത്? യുഎസ് ഉൽപ്പന്നങ്ങൾ തള്ളുന്ന ഇടമായി ഇന്ത്യ മാറാനേ ഇത് കാരണമാകൂ. അതോടൊപ്പം വില കുറവുള്ള റഷ്യൻ എണ്ണ വാങ്ങരുതെന്നും യുഎസിൽനിന്ന് വില കൂടിയ എണ്ണ വാങ്ങണമെന്നും യുഎസ് പറയുമ്പോൾ ഉരുണ്ടുകളിക്കുകയാണ് മോദിസർക്കാർ. ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കില്ലെന്ന് വാണിജ്യമന്ത്രി ആവർത്തിക്കുമ്പോൾ ജനിതകമാറ്റം വരുത്തിയ സോയാബീനുംമറ്റും ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. "അമേരിക്ക തീരുമാനിക്കുന്നു; ഇന്ത്യ അനുസരിക്കുന്നു’ എന്ന നാണംകെട്ട നിലയിലാണ് കാര്യങ്ങൾ. രാജ്യത്തിന്റെ പരമാധികാരംതന്നെ അടിയറവച്ച മോദിസർക്കാരിനെതിരെയുള്ള ജനരോഷംകൂടിയാണ് വ്യാഴാഴ്ച ദേശവ്യാപകമായി ഉയരുന്നത്. ഈ ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എൽഡിഎഫിന്റെ മൂന്നു ജാഥകളും വ്യാഴാഴ്ച പര്യടനം നടത്തില്ല.

ഫെബ്രുവരി ഒന്നിന് കാസർകോട് ജില്ലയിലെ കുമ്പളയിൽനിന്ന് എന്റെ നേതൃത്വത്തിൽ വടക്കൻ മേഖലാ ജാഥ ആരംഭിക്കുമ്പോഴുള്ള രാഷ്ട്രീയസ്ഥിതിഗതിയല്ല ഇപ്പോഴുള്ളത്. ജാഥ തുടങ്ങുന്പോൾ പ്രതിപക്ഷവും അവരുടെ ഭാഗമായ മാധ്യമങ്ങളും സൃഷ്ടിച്ചെടുത്ത ആഖ്യാനം, തുടർഭരണം നേടാൻ എൽഡിഎഫിന് കഴിയില്ലെന്നായിരുന്നു. ശബരിമല സ്വർണക്കൊള്ള ഉയർത്തി സിപിഐ എമ്മിനെയും എൽഡിഎഫിനെയും സംശയനിഴലിൽ നിർത്തി, എല്ലാ വർഗീയശക്തികളെയും കൂടെനിർത്തി തുടർഭരണം തടയാനാകുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. വികസനം ഒരുതരത്തിലും ചർച്ചയാകാതിരിക്കാനും യുഡിഎഫ് ശ്രദ്ധിച്ചു. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ശബരിമല സ്വർണക്കൊള്ളയിൽ പ്രതിസ്ഥാനത്ത് കോൺഗ്രസ്, ബിജെപി നേതാക്കൾ വന്നുവെന്നതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ശബരിമല വിഷയം ഉയർത്തി തെക്കൻ കേരളത്തിൽ വിശ്വാസസംരക്ഷണ യാത്രയ്‌ക്ക് നേതൃത്വം നൽകിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള നേതാവ് എന്ന നിലയിലാണ് അടൂർ പ്രകാശിനെ മൂന്നുമണിക്കൂറോളം എസ്‌ഐടി ചോദ്യം ചെയ്തത്. ബംഗളൂരുവിൽ പൂജാരിയായിരുന്ന പോറ്റി, 2004ൽ യുഡിഎഫ് ഭരണകാലത്താണ് തന്ത്രി കണ്ഠര് രാജീവരുടെ സഹായിയായി ശബരിമലയിൽ എത്തുന്നത്. അന്നത്തെ ദേവസ്വംമന്ത്രി കെ സി വേണുഗോപാലായിരുന്നു. അടൂർ പ്രകാശും അന്ന് മന്ത്രിയാണ്. ഇടതുപക്ഷ ഭരണകാലത്തെ ഇടവേളയ്‌ക്കുശേഷം യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് പോറ്റി വീണ്ടും ശബരിമലയിൽ എത്തുന്നത്. പോറ്റി, അദ്ദേഹത്തിൽനിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ വ്യാപാരിയുമായി സോണിയ ഗാന്ധിയെ കണ്ടപ്പോൾ എംപിമാരായ അടൂർ പ്രകാശും ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. എങ്ങനെയാണ് പെരുങ്കള്ളന്മാർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ലഭിച്ചത്. കൂടെയുണ്ടായിരുന്ന എംപിമാരാണോ അതോ മറ്റാരെങ്കിലുമാണോ അവസരം ഒരുക്കിയത്? കോൺഗ്രസ് ഹൈക്കമാൻഡ് ഇതിന് ഉത്തരം പറഞ്ഞേ തീരൂ.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ രണ്ടുകോടി രൂപ ആന്റോ ആന്റണി കടമായി വാങ്ങിയെന്നും 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നുമാണ് വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പുസമയത്തെ ഈ ഇടപാട് സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കേണ്ടതാണ്. അതിന് അവർ തയ്യാറാകുമോ?
സോണിയ ഗാന്ധിയെ കണ്ട വേളയിൽമാത്രമല്ല, പോറ്റിയുടെ കൂടെ അടൂർ പ്രകാശ് നിൽക്കുന്ന ചിത്രം പുറത്തുവന്നത്. ശബരിമലയിൽ പോറ്റി സ്പോൺസർ ചെയ്ത സദ്യയും അന്നദാനവും ഉദ്ഘാടനം ചെയ്തതും അടൂർ പ്രകാശായിരുന്നു. ഇതിന്റെ പേരിലും വൻ പണപ്പിരിവ് നടന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. പോറ്റിയുടെ കിളിമാനൂരിലെ വീട്ടിലും ബംഗളൂരുവിലെ ഫ്ലാറ്റിലും പലതവണ അടൂർ പ്രകാശ് സന്ദർശിച്ചതായി വാർത്ത വന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലയിലുള്ള പരിചയംമാത്രമേ പോറ്റിയുമായുള്ളൂ എന്ന അടൂർ പ്രകാശിന്റെ അവകാശവാദത്തെ തുറന്നുകാട്ടുന്ന വസ്തുതകളാണ് ഇതൊക്കെ. സോണിയ ഗാന്ധിയെ പോറ്റിയുമായി കണ്ടത് 2013ലാണെന്ന് കൂടെയുണ്ടായിരുന്ന ആന്റോ ആന്റണി പറഞ്ഞതോടെ ആറ്റിങ്ങൽ എംപിയായപ്പോഴാണ് ബന്ധം എന്ന അടൂർ പ്രകാശിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞു. ഇങ്ങനെ സൂക്ഷ്‌മ വിശകലനത്തിലേക്ക് പോയാൽ ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാകും. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു സംഭവമാണ് കണ്ഠര് രാജീവരുടെ നിക്ഷേപം കണ്ടെത്താൻ ഇഡി റെയ്ഡ് നടത്തിയ നെടുംപറമ്പിൽ ഫിനാൻസ് ഉടമ നടത്തിയ വെളിപ്പെടുത്തൽ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ രണ്ടുകോടി രൂപ ആന്റോ ആന്റണി കടമായി വാങ്ങിയെന്നും 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നുമാണ് വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പുസമയത്തെ ഈ ഇടപാട് സ്വാഭാവികമായും തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിക്കേണ്ടതാണ്. അതിന് അവർ തയ്യാറാകുമോ?
ഇതിനിടെ യുഡിഎഫ് ഭരണകാലത്ത് കോൺക്രീറ്റ് കൊടിമരം ചിതലരിച്ചുവെന്നു പറഞ്ഞ് മാറ്റി, സ്വർണം കൊള്ളയടിക്കുകയും വാജിവാഹനം അനധികൃതമായി തന്ത്രിക്ക് കൈമാറുകയും ചെയ്ത നടപടി വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. സ്വാഭാവികമായും അന്ന് ദേവസ്വം ബോർഡ് അംഗമായിരുന്ന കോൺഗ്രസ് നേതാവ് അജയ് തറയിലും പലതിനും ഉത്തരം പറയേണ്ടിവരും. അതായത് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിസ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കൾ ഒന്നിനുപിറകെ ഒന്നായി എത്തുന്നു. ശബരിമല സ്വർണക്കൊള്ള വിഷയം ഉയർത്തി യുഡിഎഫിന്റെ തെരഞ്ഞെടുപ്പുജയം എന്നത് ചീട്ടുകൊട്ടാരംപോലെ തകരും. വിശ്വാസസംരക്ഷണം ഉറപ്പുവരുത്താൻ യുഡിഎഫിനാകില്ലെന്ന് യഥാർഥ വിശ്വാസികൾ തിരിച്ചറിയുകയാണ്. അതിനാലാണ് വിശ്വാസികളെ വിട്ട് വർഗീയശക്തികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്താൻ പ്രതിപക്ഷനേതാവും കൂട്ടരും ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വർഗീയവാദിയല്ലെന്നും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്നും സർട്ടിഫിക്കറ്റ് നൽകാൻ പ്രതിപക്ഷനേതാവ് തയ്യാറാകുന്നതും നാം കണ്ടു.
ശബരിമല വിഷയത്തിൽ യുഡിഎഫിനെപ്പോലെ തുല്യദുഃഖിതരാണ് ബിജെപിയും. തന്ത്രി കണ്ഠര് രാജീവര് സ്വർണക്കൊള്ളക്കേസിൽ പിടിയിലായതോടെ ബിജെപി വെട്ടിലായിരുന്നു. ഇപ്പോഴിതാ കർണാടകത്തിലെ ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡയുമായും ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണുമായും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനും മുന്നേറാനും പ്രധാനമായി കണ്ട വിഷയം കൈവിട്ടുപോകുന്ന അങ്കലാപ്പിലാണ് യുഡിഎഫും ബിജെപിയും. ഈയൊരു സാഹചര്യത്തിലാണ് തുല്യദുഃഖിതരുടെ കോലീബി–ജമാഅത്ത് സഖ്യം രൂപംകൊള്ളുന്നതും അതിന്റെ കോ–ഓർഡിനേറ്ററായി പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നതും. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായീകരിക്കാൻ നുണക്കോട്ടതന്നെ കെട്ടിപ്പൊക്കുകയാണ് പ്രതിപക്ഷവും വലതുപക്ഷമാധ്യമങ്ങളും. അതിനും അൽപ്പായുസ്സുമാത്രമേ ഉണ്ടാകൂ. അസത്യങ്ങളും നുണകളുംകൊണ്ട് നിർമിച്ചെടുക്കുന്ന ആഖ്യാനങ്ങളെ സത്യസന്ധമായ വസ്തുതകളും ജീവിക്കുന്ന യാഥാർഥ്യങ്ങളും ഉയർത്തിപ്പിടിച്ച് ഇടതുപക്ഷം അതിജീവിക്കുകതന്നെ ചെയ്യും.












