Articles
തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നോയെന്ന് ആരാഞ്ഞ് കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും വേദനയകറ്റാൻ ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം.
പാവങ്ങളുടെ പടത്തലവൻ

എം വി ഗോവിന്ദൻ
Published on Mar 22, 2026, 07:09 AM | 3 min read
പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന എ കെ ജിയുടെ വേർപാടിന്റെ 49–ാം വാർഷികദിനമാണ് ഞായറാഴ്‌ച. കണ്ണൂർ ജില്ലയിലെ പെരളശേരിക്കടുത്ത് ആയില്യത്ത് കുറ്റ്യേരി തറവാട്ടിൽ 1904 ഒക്ടോബർ ഒന്നിന് ജനിച്ച എ കെ ഗോപാലൻ കമ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവും മികച്ച പാർലമെന്റേറിയനും പ്രക്ഷോഭകാരിയുമായി വളർന്നു. എ കെ ജി എന്ന മൂന്നക്ഷരത്തിലറിയപ്പെട്ട നേതാവ്, ദുരിതമനുഭവിക്കുന്ന സകല മനുഷ്യരുടെയും മോചനം ലക്ഷ്യമിട്ട് ജീവിതാന്ത്യംവരെ പൊരുതിയ പോരാളിയുമായിരുന്നു. മികച്ച സംഘാടകനും പ്രാസംഗികനും പ്രക്ഷോഭകാരിയും അധ്യാപകനുമെല്ലാമായിരുന്ന അദ്ദേഹം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.
1977 മാർച്ച് 22ന് ആണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായ വേളയിലാണ് ഇത്തവണ നാം എ കെ ജിയുടെ സ്‌മരണ പുതുക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്തമായ പ്രത്യയശാസ്ത്ര– സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ– കമ്യൂണിസ്റ്റ് ധാരയ്ക്ക് ധീരമായ നേതൃത്വം നൽകിയവരിൽ പ്രമുഖനാണ് എ കെ ജി. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും ജനതയെയും തട്ടിയുണർത്തി മുന്നോട്ടുനയിച്ച നേതൃത്വം.
ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന് കെട്ടുകെട്ടിക്കാൻ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും നിറഞ്ഞ സമൂഹത്തെ മാറ്റി ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ച ആശയം. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പയ്യന്നൂരിലെത്തിയ എ കെ ജി അവിടെ കൊടികുത്തിവാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനുമെതിരെ സമരരംഗത്തിറങ്ങി.
കേരളീയനും ഒപ്പമുണ്ടായിരുന്നു. എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം വർഗീയവാദികൾ മർദിച്ചു. മരണമൊഴിപോലും മജിസ്ട്രേട്ട് രേഖപ്പെടുത്തിയെങ്കിലും മരണത്തെയും അതിജീവിച്ച് പോരാട്ടം തുടരുകയാണ് എ കെ ജി ചെയ്തത്. ഗുരുവായൂർ സത്യഗ്രഹത്തിൽ വർഗീയവാദികളുടെ കഠിനമായ മർദനം ഏൽക്കേണ്ടി വന്നെങ്കിലും പിന്നീട് ആ സമരം വിജയംകണ്ടു.
ബ്രിട്ടീഷ് ഭരണത്തിലും പിൽക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള ജനവിരുദ്ധ കേന്ദ്രസർക്കാർ ഭരണത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ എ കെ ജി നിർണായക പങ്കുവഹിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ആഗസ്‌ത് 14ന് അർധരാത്രിയിൽ അദ്ദേഹം കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദീർഘകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആൾ ആദ്യത്തെ സ്വാതന്ത്ര്യദിനം ജയിലിലാണ് ആഘോഷിച്ചത്. ദേശീയ പതാകയേന്തി ജയിൽവളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് എ കെ ജിയെ തടവറയിൽ അടച്ചത്. സഖാവിന്റെ ജയിൽവാസം 17 വർഷം നീണ്ടതാണ്.
ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ൽ സുപ്രീംകോടതിയിൽനിന്നുണ്ടായ ഈ സുപ്രധാന വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച രാജ്യത്തെ ആദ്യത്തെ വിധിന്യായമാണ്.
തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നോയെന്ന് ആരാഞ്ഞ് കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും വേദനയകറ്റാൻ ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായിത്തീർന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത് എ കെ ജിയെ അറസ്റ്റ് ചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യഭരണത്തിന് എതിരായി ഉജ്വല താക്കീതുനൽകി. ഇന്ദിരാഗാന്ധി പെൺ ഹിറ്റ്‌ലർ ആകരുതെന്ന് പറഞ്ഞു. ‘എന്നെയും സഖാവ് ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലിൽനിന്ന് വിടുന്നില്ല എന്നും മാർക്സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും സഖാവ് ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത്’എന്നും അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂർ ജയിൽചാടി ഒളിവിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവുതന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിർത്തിരുന്നു. വർഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമന ശക്തികൾ എന്തു സമീപനം സ്വീകരിക്കണമെന്നതിന് എ കെ ജിയുടെ പ്രവർത്തനശൈലി ഉത്തരം നൽകുന്നതാണ്. സമരങ്ങളിൽ വ്യാപൃതനായ താൻ കാലിടറി വീണെന്നുവരും പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുകതന്നെ ചെയ്യും. ഇത്തരമൊരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് യാഥാർഥ്യമായിരിക്കുന്നു.
കഴിഞ്ഞ പത്തുകൊല്ലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് കേരളം ഭരിച്ചത്. ഇൗ നാടിന്റെ ചിത്രംതന്നെ മാറ്റിമറിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. സമസ്‌തമേഖലയിലും വികസനമെത്തിച്ച ഭരണമായിരുന്നു എൽഡിഎഫ് കാഴ്‌ചവച്ചത്. മുടങ്ങിയ എത്രയോ വികസനപദ്ധതികൾ പൂർത്തിയാക്കി. നേട്ടങ്ങളുടെ പാതയിലൂടെ അനുദിനം കുതിക്കുന്ന കേരളത്തെ തടസ്സപ്പെടുത്താനാണ് സംഘപരിവാർ നയിക്കുന്ന ബിജെപി കേന്ദ്രഭരണം ശ്രമിച്ചത്. കേന്ദ്രത്തിന്റെ അധികാരമുപയോഗിച്ച് എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിച്ചു.
കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാകട്ടെ ബിജെപിയുടെ സഹായികളായി പ്രവർത്തിക്കുകയാണ്. യുഡിഎഫിന്റെ എംപിമാർ ഒരു ജനകീയ ആവശ്യംപോലും പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല. നാടിനുവേണ്ടി ശബ്‌ദമുയർത്തുന്നതിനു പകരം അർഹതയുള്ളതുകൂടി വിലക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അവരാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പലവിധ നുണകളുമായി രംഗത്തുവരുന്നത്. അത്തരം നുണയൻമാരെ ഇൗ നാട്ടിലെ ജനത തിരിച്ചറിയും.
നാം വലിയ പോരാട്ടത്തിന് മുന്നിലാണ്. ഇൗ നാട്ടിലെ സാധാരണക്കാർക്ക് ഒപ്പംനിന്ന ഇടതുപക്ഷം വീണ്ടും ജയിക്കണം. കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ എൽഡിഎഫിന് തുടർഭരണം ഉറപ്പാക്കിയേ മതിയാകൂ. എൽഡിഎഫിനെയും സിപിഐ എമ്മിനെയും കൂടുതൽ കരുത്തുറ്റതാക്കാനുള്ള പോരാട്ടത്തിൽ എ കെ ജിയുടെ ധീരസ്മരണ എന്നും നമുക്ക് ഊർജമാകും.













