ad
Deshabhimani

Articles

ഡാറ്റാ സെന്ററുകൾ നേട്ടമോ ബാധ്യതയോ: യുഎസ് അനുഭവം

ഡാറ്റാ സെന്ററുകൾ നേട്ടമോ ബാധ്യതയോ: യുഎസ് അനുഭവം

artifitial intelligence
avatar
ഡോ. രാമന്തളി രവി

Published on Aug 04, 2026, 10:27 PM | 2 min read

നിർമിത ബുദ്ധി സങ്കേതങ്ങളുടെ വികസനത്തിന്‌ പിന്തുണ നൽകുന്ന ഡാറ്റാ സെന്ററുകളുടെ നിർമാണത്തിന് യുഎസിലെ ന്യൂയോർക്കിൽ ഒരുവർഷത്തെ വിലക്ക്‌ ഏർപ്പെടുത്തിയെന്ന വാർത്ത വന്നിരിക്കുന്നു. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു, ജലവിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണിത്‌. 50 മെഗാവാട്ടോ അതിലധികമോ വൈദ്യുതി ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകളുടെ നിർമാണത്തിനാണ് വിലക്ക്‌. വൈദ്യുതി–ജലവിതരണ രംഗത്തുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്ന് ഗവർണർ കാത്തി ഹോകൾ വിശദീകരിച്ചു. ഹൈ പവർ ഡാറ്റാ സെന്ററുകൾക്കുള്ള വിൽപ്പന നികുതിയിളവ്‌ പിൻവലിക്കുന്നതിനാവശ്യമായ നിയമനിർമാണം കൊണ്ടുവരുമെന്നും ഗവർണർ പറഞ്ഞിട്ടുണ്ട്‌. ഡാറ്റാ സെന്ററുകൾ നിർമിക്കാനുള്ള കിടമത്സരത്തിലാണ് ടെക് കമ്പനികൾ. അതേസമയം, ഡാറ്റാ സെന്ററുകൾ വ്യാപിക്കുന്നതിനെതിരെ അമേരിക്കയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നുണ്ട്‌.


നിർമിത ബുദ്ധി സമൂഹത്തിന്റെ സമസ്തമേഖലകളിലും മാറ്റംവരുത്തുന്ന ശക്തിയായി മാറിയിട്ടുണ്ട്. വിപുലമായ ഡാറ്റ, മികച്ച അൽഗോരിതങ്ങൾ, വലിയ കംപ്യൂട്ടർശേഷി, ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, മനുഷ്യവൈദഗ്ധ്യം എന്നിവയാണ് അനിവാര്യമായ അടിസ്ഥാനസൗകര്യങ്ങൾ. ഇതിൽ എന്തുകൊണ്ടും പ്രാധാന്യം കൽപ്പിച്ചിരിക്കുന്നത് ഡാറ്റാ സെന്ററുകൾക്കാണ്.


​ലോകത്തിലെ ആദ്യത്തെ സമഗ്ര നിർമിത ബുദ്ധി നിയമം, യൂറോപ്യൻ പാർലമെന്റ് പാസാക്കിയ ഇയു എഐ ആക്ടാണ്. 2024 ആഗസ്‌ത് മുതൽ 2026 ഡിസംബർവരെ നീളുന്ന നിർവഹണപദ്ധതിയാണ് നിയമത്തിലുള്ളത്. സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ചയെക്കാളും കോർപറേറ്റുകളുടെ ലാഭത്തെക്കാളും ഉപരിയായി മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് പരിഗണന നൽകുന്ന നിയമം എന്നതാണ് ഇതിന്റെ മേന്മ. മനുഷ്യകേന്ദ്രീകൃതമായ സമീപനമാണ് കൈക്കൊള്ളുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ഹനിക്കുന്ന ഏഴ് എഐ സാങ്കേതികവിദ്യക്ക് ഈ ആക്ടുപ്രകാരം നിരോധനം ഏർപ്പെടുത്തി. വിവേചനത്തിനെതിരെയുള്ള പ്രതിരോധം ഉറപ്പുവരുത്തുകയും പരാതിപ്പെടാനും സുതാര്യതയ്‌ക്കുമുള്ള അവകാശം നിലനിർത്തുകയും ചെയ്യുന്നു. അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ട് ചില കാര്യങ്ങൾ ഉറപ്പുവരുത്താൻ ഈ നിയമത്തിലൂടെ ശ്രമിക്കുമ്പോഴും ജനങ്ങളുടെ സുരക്ഷയും സാങ്കേതികവളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ നിയമത്തിന് കഴിയുന്നില്ലെന്ന വിമർശം ഉയർന്നു.


​ഏറ്റവും വലിയ നിർമിത ബുദ്ധി കമ്പനികളുടെ ആസ്ഥാനമായ അമേരിക്ക എഐ നിയന്ത്രണങ്ങളെ എങ്ങനെ കാണുന്നുവെന്നത് ലോകത്തിന്റെ ഭാവിയെക്കൂടി ബാധിക്കും. എന്നാൽ അമേരിക്കൻ നയം, പൂർണമായും കമ്പോളാധിഷ്ഠിതവും കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതുമാണെന്ന്‌ ഒറ്റനോട്ടത്തിൽ ബോധ്യമാകും. 2022 മുതൽ 2026 വരെയുള്ള അമേരിക്കൻ എഐ നയങ്ങൾ സുരക്ഷയിൽ തുടങ്ങി കോർപറേറ്റുകൾക്ക്‌ തീറെഴുതിക്കൊടുക്കുന്നതിൽ അവസാനിക്കുന്നു. കമ്പനികളുടെ സ്വയംനിയന്ത്രിത പ്രതിജ്ഞകൾ, സുരക്ഷാപരിശോധന നിർബന്ധമാക്കൽ എന്നിവ മുൻനിർത്തി പ്രസിഡന്റായിരുന്ന ജോ ബൈഡൻ ഇറക്കിയ എക്സിക്യൂട്ടീവ് ഓർഡർ 2023, ഒരുവിധത്തിൽ അമേരിക്കൻ സുരക്ഷയ്ക്ക് നേരിയ മുൻഗണന നൽകിയിരുന്നു. എന്നാൽ, ഏകീകൃത ഫെഡറൽ നിയമങ്ങളുടെ അഭാവത്തിൽ കലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തമായി നിയമം കൊണ്ടുവന്നപ്പോൾ കമ്പനികൾ വൻതോതിൽ പണമൊഴുക്കി നിയമത്തെ അട്ടിമറിച്ചു. 2025ൽ ട്രംപിന്റെ അരങ്ങേറ്റത്തോടെ പഴയ സുരക്ഷാനയങ്ങളെല്ലാം വൃഥാവിലായി. നിയന്ത്രണങ്ങൾ മിക്കവാറും ഒഴിവാക്കി. 2026 മാർച്ചിൽ പുറത്തിറങ്ങിയ ദേശീയ എഐ നയചട്ടക്കൂടാകട്ടെ സുരക്ഷ എന്ന ആശയത്തെ ഏറെക്കുറെ ഇല്ലാതാക്കി. ചൈനയെ എന്തുവില കൊടുത്തും മറികടക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണങ്ങൾ മിക്കവാറും ഒഴിവാക്കി. 2026ലെ വ്യവസ്ഥകളിൽ ചില ഗൗരവമുള്ള പ്രശ്നങ്ങൾ ഇടംനേടി. പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾ സ്വന്തമായി ഉണ്ടാക്കിയിരുന്ന നിയമങ്ങൾ അസാധുവായി. ഇത് കോർപറേറ്റ് സ്ഥാപനങ്ങൾക്ക് എങ്ങനെയും കാര്യങ്ങൾ നടത്താൻ പ്രേരണ നൽകി. അനുവാദമില്ലാതെയും പ്രതിഫലം നൽകാതെയും മനുഷ്യരുടെ ബൗദ്ധിക സൃഷ്ടികൾ എടുക്കുന്നതിനും എഐ പരിശീലനത്തിന്‌ ഉപയോഗിക്കുന്നതിനും അനുവാദം നൽകുകയും ചെയ്തു. ദേശീയസുരക്ഷയുടെ പേരിൽ ഓപ്പൺ സോഴ്സ് എഐ മോഡലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് ആഗോള കുത്തകവൽക്കരണത്തിന് വേഗം വർധിപ്പിക്കുകയും മൂന്നാംലോക രാജ്യങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് ആക്കംകൂട്ടുകയും ചെയ്തു.


​മാനവരാശിയെ ഭയപ്പെടുത്തുന്ന തോതിൽ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചുവിടൽ, നിയന്ത്രണമില്ലാത്ത ചൂഷണം, പൗരാവകാശനിഷേധം എന്നിവ ശക്തിയായി നിലനില്ക്കുമ്പോഴും യുഎസ്‌ താൽപ്പര്യം ഇതുവരെ കോർപറേറ്റുകളുടെ വളർച്ചയായിരുന്നു. എന്നാൽ, അവർക്കുപോലും ഡാറ്റാ സെന്ററുകൾക്ക്‌ വിലക്ക്‌ പ്രഖ്യാപിക്കേണ്ടിവരുന്നു. ഡാറ്റാ സെന്ററുകൾ വൻതോതിൽ വെള്ളവും വൈദ്യുതിയും അപഹരിക്കുന്നതും പരിസ്ഥിതിക്ക്‌ ഏൽപ്പിക്കുന്ന ആഘാതവുമാണ്‌ ഇതിന്‌ കാരണം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home