ad
Deshabhimani

Articles

എഐയും തൊഴിൽ വിപണിയിലെ തളർച്ചയും

എഐയും തൊഴിൽ വിപണിയിലെ തളർച്ചയും

AI.jpg

എ ഐ നിർമിത ചിത്രം

പി രാജീവൻ

Published on Aug 20, 2026, 01:30 AM | 2 min read

അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ
എൽഒ) കഴിഞ്ഞദിവസം പുറത്തുവിട്ട "ഗ്ലോബൽ എംപ്ലോയ്‌മെന്റ് ട്രെൻഡ്‌ ഫോർ യൂത്ത് 2026: ബാക്ക് ടു ദ ഫ്യൂച്ചർ' എന്ന റിപ്പോർട്ട് പ്രധാനമാണ്‌. മാന്ദ്യത്തിലേക്ക് നീങ്ങുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയുടെയും അതിവേഗം മാറുന്ന തൊഴിൽ അന്തരീക്ഷത്തിന്റെയും ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് യുവതലമുറയാണെന്ന വസ്തുതയിലേക്ക് ഇത്‌ വെളിച്ചം വീശുന്നു. കോവിഡാനന്തര കാലഘട്ടത്തിൽ തൊഴിൽമേഖല കൈവരിച്ച താൽക്കാലിക പുരോഗതിക്ക്‌ അന്ത്യംകുറിച്ച്‌, ആഗോളതലത്തിൽ യുവാക്കളുടെ തൊഴിൽ ലഭ്യതയിൽ കടുത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.


സാമ്പത്തിക വളർച്ചയിലെ മാന്ദ്യം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, നിർമിതബുദ്ധിയുടെയും ഓട്ടോമേഷന്റെയും ദ്രുതഗതിയിലുള്ള വ്യാപനം, തൊഴിൽ വിപണിയിൽ അനുഭവപരിചയത്തിനുള്ള വർധിച്ച മുൻഗണന എന്നിവ തൊഴിൽപ്രവേശന പാതയെ കൂടുതൽ സങ്കീർണമാക്കുന്നു.


​തൊഴിലില്ലായ്മയുടെ പുതിയ കണക്കുകൾ​


ആഗോളതലത്തിൽ 2023-ൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ യുവജന തൊഴിലില്ലായ്മ നിരക്ക് 2025-ഓടെ 12.4 ശതമാനമായി വർധിച്ചു. ലോകമെമ്പാടുമായി 6.7 കോടി തൊഴിൽരഹിതരായ യുവജനങ്ങളുണ്ട്‌. ഇതിനേക്കാൾ ആശങ്കാജനകം, തൊഴിലോ വിദ്യാഭ്യാസമോ പരിശീലനമോ കിട്ടിയിട്ടില്ലാത്തവരുടെ എണ്ണത്തിലുണ്ടായ വർധനയാണ്. ​2023-ൽ 19.7 ശതമാനമായിരുന്ന ഇ‍ൗ നിരക്ക് 2025-ൽ 20 ശതമാനമായി. തൊഴിൽ– വിദ്യാഭ്യാസ മേഖലകളിൽനിന്ന്‌ പൂർണമായി വിച്ഛേദിക്കപ്പെട്ട 25.7 കോടി യുവാക്കൾ ഇന്ന് ആഗോളതലത്തിലുണ്ട്. തൊഴിലന്വേഷണങ്ങളിൽ നിരന്തരം നേരിടുന്ന പരാജയങ്ങൾ കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ട് തൊഴിൽ വിപണിയിൽനിന്ന് പൂർണമായി പിന്മാറാൻ യുവാക്കൾ നിർബന്ധിതരാകുന്നു.


ലിംഗവിവേചനം


​റിപ്പോർട്ടിൽ ഏറ്റവും പ്രസക്തമായ മറ്റൊരു കാര്യം തൊഴിൽമേഖലയിലെ ആഴത്തിലുള്ള ലിംഗവിവേചനമാണ്. 2025-ലെ കണക്കനുസരിച്ച്, മേൽസൂചിപ്പിച്ച വിഭാഗത്തിൽ വരുന്ന യുവജനങ്ങളിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. യുവതികളിൽ ഇ‍ൗ നിരക്ക് 27.4 ശതമാനവും യുവാക്കളിൽ 13.1 ശതമാനവുമാണ്. വിദ്യാഭ്യാസ പ്രവേശനത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും തൊഴിൽ വിപണിയിലെ പ്രവേശനത്തിൽ ഈ തുല്യത ദൃശ്യമാകുന്നില്ല. വീട്ടുജോലികളുടെയും പരിചരണങ്ങളുടെയും അസമമായ പങ്കുവയ്‌ക്കൽ, സാമൂഹിക വിവേചനങ്ങൾ, സുരക്ഷിതമായ തൊഴിലവസരങ്ങളുടെ അഭാവം എന്നിവയാണ് പെൺകുട്ടികളെ സാമ്പത്തിക ഉൽപ്പാദനക്ഷമതയുള്ള മേഖലകളിൽനിന്ന് പുറന്തള്ളുന്നത്.


​എഐ തരംഗം


​സാങ്കേതികവിദ്യയുടെ വളർച്ച പ്രായോഗിക തലത്തിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്. മുൻകാലങ്ങളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിനും സാങ്കേതിക പരിശീലനങ്ങൾക്കും ശേഷം യുവാക്കൾ പ്രവേശിച്ചിരുന്ന ഇടത്തരം നൈപുണ്യമുള്ള ജോലികൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 15-നും 29-നും ഇടയിൽ പ്രായമുള്ളവർ നിലവിൽ ചെയ്യുന്ന ജോലികളിൽ 6.1 ശതമാനവും നിർമിതബുദ്ധി (എഐ) കാരണം ഭീഷണിയിലാണ്. ക്ലറിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, സർവീസ് മേഖലകളിലാണ് ഈ ആഘാതം ഏറ്റവുമധികം പ്രതിഫലിക്കുന്നത്.


​യുവതലമുറ നേരിടുന്ന ഈ പ്രതിസന്ധി സാമ്പത്തിക പ്രശ്നം മാത്രമല്ല, രാജ്യങ്ങളുടെ ഭാവി വികസനത്തെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന ഗുരുതര വിഷയമാണ്. പരമ്പരാഗത രീതിയിലുള്ള തൊഴിൽ സൃഷ്ടിക്കൽ പദ്ധതികൾകൊണ്ട് ഈ ഘടനാപരമായ മാറ്റങ്ങളെ നേരിടാനാകില്ല.


​ഐഎൽഒ നിർദേശങ്ങൾ


എഐ സാങ്കേതികവിദ്യകൾ നടപ്പാക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന യുവാക്കൾക്ക് പുനരധിവാസവും തത്തുല്യമായ നൈപുണ്യ പരിശീലനവും ഉറപ്പാക്കണം. എഐക്ക് പകരമാക്കാൻ കഴിയാത്ത സർഗാത്മകത, ചിന്താശേഷി, ആശയവിനിമയ ശേഷി എന്നിവ ബോധപൂർവം വളർത്തിയെടുക്കണം. സ‍ൗജന്യവും കുറഞ്ഞ ചെലവിലുള്ളതുമായ ശിശുപരിചരണ സംവിധാനങ്ങളും സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കണം. ഗിഗ് വർക്കർമാർ, അസംഘടിത മേഖല ജീവനക്കാർ, ആദ്യമായി തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുന്നവർ എന്നിവർക്ക് വേതന സുരക്ഷയും അടിസ്ഥാന ആരോഗ്യ- സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കണം.​


തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന ഈ തളർച്ച തുടരുകയാണെങ്കിൽ, അത് യുവതലമുറയിൽ കടുത്ത നിരാശയ്‌ക്കും ഭരണകൂടങ്ങളോടുള്ള വിശ്വാസക്കുറവിനും വഴിവയ്‌ക്കും. ഭാവിയിലെ സാമ്പത്തികവളർച്ചയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കാൻ യുവാക്കളുടെ തൊഴിലവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്ന തരത്തിൽ വികസന നയങ്ങൾ പുനക്രമീകരിക്കണം.

​​(മുൻ സംസ്ഥാന വൊക്കേഷണൽ ഗൈഡൻസ് ഓഫീസറാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home