ad
Deshabhimani

Articles

വിഴിഞ്ഞം തുറമുഖം സർക്കാർ ഉടമസ്ഥത തുടരണം

വിഴിഞ്ഞം തുറമുഖം സർക്കാർ ഉടമസ്ഥത തുടരണം

vizhinjam
avatar
പിണറായി 
വിജയൻ

Published on Jul 15, 2026, 10:06 PM | 4 min read

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡും തമ്മിൽ വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറുന്നതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന്‌ നൽകിയ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. എന്നാൽ, കത്തിൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, ഊഹാപോഹങ്ങളും കെട്ടുകഥകളും അടിസ്ഥാനപ്പെടുത്തി വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.


നിയമസഭാ സമ്മേളനം നടക്കുമ്പോൾ ജൂലൈ ഒന്നിന്‌ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഞാൻ ചില ആശങ്കകൾ സഭയിൽ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിൽ ഇതൊന്നും അറിയില്ല എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിറ്റേദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിലും ഓഹരിക്കൈമാറ്റം സർക്കാരിനെ അദാനി അറിയിച്ചത് സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു. എന്നാൽ, ജൂലൈ ഒന്നിനുതന്നെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ വിവരം സർക്കാരിനെ അറിയിച്ചതായി സ്ഥിരീകരിച്ചു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സെബിയെ ഓഹരിക്കൈമാറ്റം അറിയിച്ചതിലെ അപാകവും കരാർലംഘനവും ഞാൻ സൂചിപ്പിച്ചതിനെ തുടർന്ന് മൂന്നിന്‌ അദാനി കമ്പനി ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു കത്തുകൂടി നൽകിയതായി മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.


ഇത്രയൊക്കെയായിട്ടും ജൂലൈ എട്ടുവരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ദുരൂഹമാണ്. എട്ടിന് ചേർന്ന മന്ത്രിസഭായോഗം വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത് പ്രതിപക്ഷനേതാവ് അറിഞ്ഞില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഞാൻ ജൂലൈ ആറിന്‌ നൽകിയ കത്തിൽ എട്ടിന്റെ മന്ത്രിസഭാതീരുമാനത്തെ സംബന്ധിച്ച് എങ്ങനെ പരാമർശിക്കും? മന്ത്രിസഭ എടുക്കുന്ന തീരുമാനം രണ്ടുദിവസംമുമ്പ് എന്റെ ശ്രദ്ധയിൽ വരാനിടയില്ലല്ലോ?


വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ വെബ്സൈറ്റിൽ പ്രോജക്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമാണ്. ടെർമിനൽ ഓപ്പറേറ്ററായിട്ടുള്ള (കൺസഷണയർ) അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നിശ്ചിതകാലയളവിൽ പണി പൂർത്തിയാക്കണമെന്നും അനുബന്ധ പശ്ചാത്തലവികസനം സംസ്ഥാനവും കേന്ദ്രവും മുതൽമുടക്കി പൂർത്തിയാക്കണമെന്നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ടെർമിനൽ വികസനം അദാനി ലിമിറ്റഡ് പൂർത്തിയാക്കുമ്പോഴും അതടക്കമുള്ള വിഴിഞ്ഞം തുറമുഖം സമ്പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന വസ്തുത വിസ്മരിക്കരുത്. പിപിപി മാതൃകയിൽ (Design-Build- Finance -Operate-Transfer) അദാനി കമ്പനിക്ക്‌ നിർമാണച്ചുമതലയും നിശ്ചിത കരാർ കാലയളവിൽ തുറമുഖനടത്തിപ്പും പരിപാലന അധികാരവും മാത്രമാണുള്ളത്. കൺസഷണയർ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിയല്ലെന്ന് സമർഥിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി വിഴിഞ്ഞത്തിന്റെ സർക്കാർ ഉടമസ്ഥതയും സർക്കാരിന് അതിലുള്ള താൽപ്പര്യവും തുറമുഖം കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുമെന്ന നിലപാടും അസന്ദിഗ്ധമായി പറയുമെന്നാണ് കരുതിയത്.


കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാർ എടുത്ത ഓരോ ചുവടും സൂക്ഷ്മതയോടെയും സുതാര്യതയോടെയുമായിരുന്നു. വെല്ലുവിളികൾ തരണംചെയ്ത്‌ തുറമുഖം നാടിന് സമർപ്പിക്കാൻ കഴിഞ്ഞത് ആ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ദൃഷ്ടാന്തമാണ്. രാജ്യത്തിന് മുതൽക്കൂട്ടായ തുറമുഖം ഒരു കുത്തകശക്തിയുടെയും വലയത്തിൽപ്പെടാതെ നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായി വളരണമെന്നതാണ് ഉറപ്പുവരുത്തേണ്ടത്. അതിന് ഭംഗംവരുത്തുന്ന ഏത്‌ ഇടപെടലും സ്വാധീനവും സംസ്ഥാനത്തിന് എതിരാണ്.


മുഖ്യമന്ത്രിയുടെ കത്തിലെ ചില ചോദ്യങ്ങൾ കൗതുകമുണർത്തി. 2025 ജനുവരിയിൽ തലസ്ഥാനത്ത്‌ സംഘടിപ്പിച്ച കോൺക്ലേവ് തുറമുഖത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും അനുബന്ധ വ്യാവസായികവളർച്ചയ്‌ക്കും വേണ്ടിയുള്ള ചർച്ചകൾ നടത്താനും ആശയങ്ങൾ സമ്പാദിക്കാനുമായിരുന്നുവെന്ന് അതിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പാർടിയിലെ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ ബോധ്യമുണ്ട്‌.​

അദാനി കമ്പനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച നടപടികൾ അവർ മുമ്പുതന്നെ ആരംഭിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ 2025ൽ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‌സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നതിനാൽ അന്നേ ഓഹരിക്കൈമാറ്റ ചർച്ചകൾ നടന്നുവെന്ന ദുരാരോപണം മുഖ്യമന്ത്രിയുടെ കത്തിൽ കണ്ടു. എൽഡിഎഫ് ഭരണകാലത്ത് ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. മുഖ്യമന്ത്രിതന്നെ ചുമതലവഹിക്കുന്ന തുറമുഖവകുപ്പിലെ ഫയലുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.


മറ്റൊരു കാര്യംകൂടി ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജനുവരി 26ന്‌ വിഴിഞ്ഞം രണ്ടാംഘട്ട നിർമാണോദ്ഘാടന വേദിയിൽ അദാനി പോർട്സിന്റെ മാനേജിങ്‌ ഡയറക്ടർ കരൺ അദാനി, രണ്ടാംഘട്ട വികസനം 2029ഓടെ 5.7 മില്യൺ ടിഇയു ശേഷിയിലേക്ക് വർധിപ്പിക്കുമെന്നും അതിന് 16,000 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം നടക്കുമ്പോൾ അന്നത്തെ പ്രതിപക്ഷനേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് നേരിട്ട് 16,000 കോടി രൂപ ടെർമിനൽ വികസനത്തിനുവേണ്ടിയും മറ്റ്‌ അനുബന്ധ വികസനത്തിന് വൻ നിക്ഷേപം നടത്തുമെന്നും അടുത്ത മൂന്നുവർഷംകൊണ്ട് 30,000 കോടി മുടക്കുമെന്നുമാണല്ലോ അന്ന് പ്രഖ്യാപിച്ചത്. ഇതിൽ എവിടെയാണ് പോർട്ടിൽ എംഎസ്‌സിയുടെ ഓഹരിപങ്കാളിത്തം സംബന്ധിച്ച സൂചനയുള്ളത്?


കൺസഷൻ എഗ്രിമെന്റിൽ 5(9) ക്ലോസ് പ്രകാരം വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരിയെടുക്കാൻ അദാനി കമ്പനിക്കോ സഹോദരസ്ഥാപനങ്ങൾക്കോ അധികാരമില്ല. മാത്രമല്ല, 250 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഓഹരി ഉടമസ്ഥതയുള്ള കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിന്റെ 25 ശതമാനത്തിലധികം ഓഹരി വാങ്ങാനോ അധികാരമില്ല. എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞത്തുനിന്ന് 187 കിലോമീറ്ററകലെ തൂത്തുക്കുടിയിൽ ഒരു ടെർമിനലിന്റെ പൂർണ അവകാശമുണ്ട്. അതുകൊണ്ടുതന്നെ എംഎസ്‌സിയുമായി ഒരു നീക്കുപോക്കിനും അദാനി ഗ്രൂപ്പിന് കഴിയില്ല. അത്തരം നിയമപരമല്ലാത്ത ആവശ്യം മെയ് നാലിന്‌ സർക്കാർമാറ്റത്തിനുശേഷം മാത്രമാണ് മുന്നോട്ടുനീക്കിയതെന്ന് അദാനി ഗ്രൂപ്പ് സെബി മുമ്പാകെ സമർപ്പിച്ച രേഖകളിൽനിന്ന് വ്യക്തം. പക്ഷേ, അത്തരം ഗൂഢനീക്കങ്ങൾക്കെതിരായി സർക്കാർ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തത വരുത്താനും തയ്യാറായില്ല. കൺസഷൻ കരാറിലെ ക്ലോസ്‌ 5(9) പ്രകാരം ഓഹരിക്കൈമാറ്റം അനുവദിക്കാൻ കഴിയില്ലെന്ന് പറയാനും തയ്യാറല്ല. പകരം അടിസ്ഥാനരഹിതമായി മുൻസർക്കാരിന്റെ തലയിൽ ഇതെല്ലാം കെട്ടിവയ്‌ക്കാനാണ് ശ്രമം.


ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുന്നതിന് മുഖ്യമന്ത്രി ആസ്പദമാക്കിയത് ജൂൺ അഞ്ചിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ്. ജൂലൈ എട്ടിന്റെ വാർത്താസമ്മേളനത്തിലും ഇത് സമർഥിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ദേശാഭിമാനിക്ക് ഓഹരിക്കൈമാറ്റം മുൻകൂട്ടി അറിയാമായിരുന്നുവെന്നും ഇത് മുൻ സർക്കാർ വൃത്തങ്ങളിൽനിന്ന്‌ ലഭിച്ച വിവരമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനി വാർത്തയ്ക്കുംമുമ്പേ ജൂൺ ഒന്നിനും ജൂൺ മൂന്നിനും വന്ന ഇക്കണോമിക് ടൈംസിലെയും മാതൃഭൂമിയിലെയും സമാനമായ വാർത്തകൾ കാണാതെ ജൂൺ അഞ്ചിന്റെ ദേശാഭിമാനിമാത്രമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ വാർത്തകളെല്ലാം നാട്ടിൽ പാട്ടായിട്ടും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ബോർഡ് ചെയർമാനായ തുറമുഖവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ജൂലൈ ഒന്നിന് സഭയിലും അജ്ഞത നടിച്ചതും വിശദീകരിക്കേണ്ടതല്ലേ? ഈ അസ്വാഭാവികമായ ഡീലിനെക്കുറിച്ച് ജൂലൈ എട്ടിന്റെ വാർത്താസമ്മേളനത്തിൽപ്പോലും വ്യക്തത വരുത്തിയില്ല.


സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ, കരാർ ലംഘിച്ച്‌ നടക്കുന്ന ഏകപക്ഷീയമായ ഓഹരിവിൽപ്പന തടയാൻ സർക്കാർ എന്തു നടപടികളാണ് സ്വീകരിച്ചത് എന്നത് വ്യക്തമാക്കണം. കരാർപ്രകാരം ദേശീയസുരക്ഷയും പൊതുജനതാൽപ്പര്യവും കണക്കിലെടുത്തുമാത്രമേ അനുമതി നൽകാനാകൂ എന്നു നിഷ്‌കർഷിച്ചിട്ടുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിൽ ആർമി, നേവി, എയർഫോഴ്സ് തുടങ്ങി സായുധസേനകൾ വിഴിഞ്ഞത്ത് സാന്നിധ്യം ഉറപ്പുവരുത്താൻ അഭ്യർഥിച്ചിരിക്കുന്നതും അതിൽ അദാനി ഗ്രൂപ്പിന്റെ താൽപ്പര്യമില്ലായ്മയും ശ്രദ്ധിക്കണം. കൺസഷൻ എഗ്രിമെന്റ്‌ ക്ലോസ്‌ 5.8.1 നിഷ്‌കർഷിക്കുന്ന നോൺ ഡിസ്ക്രിമിനേറ്ററി അക്സസ്സ് എല്ലാവർക്കും ഉറപ്പുവരുത്തണം. കൺസഷണയർ കരാർപ്രകാരമുള്ള വ്യവസ്ഥകൾ സ്വകാര്യ കമ്പനി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അവർക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകി സംസ്ഥാനതാൽപ്പര്യം ബലികഴിക്കരുതെന്നുമാണ് ആവർത്തിച്ച് ആവശ്യപ്പെടാനുള്ളത്.​






Deshabhimani
Home