സിഇടിക്ക് നൽകേണ്ടത് അക്കാദമിക് സ്വയംഭരണം

ഡോ. പി കെ ബിജു
Published on Aug 14, 2026, 01:30 AM | 3 min read
എട്ടര പതിറ്റാണ്ടുമുമ്പ് സ്ഥാപിതമായ തിരുവനന്തപുരം എൻജിനിയറിങ് കോളേജ് (സിഇടി) സംസ്ഥാനത്തെ ആദ്യത്തേതും ഏറ്റവും അഭിമാനകരവും പ്രശസ്‌തവുമായ എൻജിനിയറിങ് വിദ്യാഭ്യാസ കേന്ദ്രമാണ്. പ്രവേശന പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വിദ്യാർഥികളെ സ്ഥിരമായി ആകർഷിക്കുകയും മികച്ച യോഗ്യതയും സമർപ്പണബോധവുമുള്ള അധ്യാപക സമൂഹത്തെ നിലനിർത്തുകയും ചെയ്യുന്ന സ്ഥാപനമാണിത്. എൻഐആർഎഫ്– കെഐആർഎഫ് എന്നിവയിൽ സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ ഒന്നാമതായ സിഇടിക്ക് ദേശീയതലത്തിൽ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി (കെടിയു) അഫിലിയറ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനമെന്ന നിലയിൽ പൊതുവായ പാഠ്യക്രമം പിന്തുടരേണ്ടിവരുന്നു എന്നതാണ് ഇതിനുള്ള പ്രധാന കാരണം. സർവകലാശാലയുടെ പാഠ്യപദ്ധതി, ബോധനക്രമം, മൂല്യനിർണയ രീതികൾ, പരീക്ഷാ സമ്പ്രദായം എന്നിവ ശരാശരി വിദ്യാർഥികളുടെ അക്കാദമിക് ആവശ്യങ്ങൾ പരിഗണിച്ചാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സിഇടിയിൽ പ്രവേശനം നേടുന്ന മികച്ച കഴിവുള്ള വിദ്യാർഥികളുടെ ശേഷിയും പഠന ആവശ്യങ്ങളും ഈ അക്കാദമിക് സംവിധാനങ്ങൾ വേണ്ടത്ര നിറവേറ്റുന്നില്ല.
സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ അക്കാദമിക് സ്വയംഭരണ സ്ഥാപനമായി രൂപപ്പെടുന്നതിനാവശ്യമായ മികവ്, ഗവേഷണശേഷി, അടിസ്ഥാന സൗകര്യങ്ങൾ, പാരമ്പര്യം, പ്രശസ്തി എന്നിവ സിഇടിക്ക് വേണ്ടുവോളമുണ്ട്. ഇക്കാര്യം എൽഡിഎഫ് സർക്കാർ പരിഗണിക്കുകയും ഇതിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്തിരുന്നു. സിഇടിയുടെ നേതൃത്വത്തിൽ ഒമ്പത് സർക്കാർ എൻജിനിയറിങ് കോളേജുകളെയും ഒറ്റ യൂണിറ്റായി അക്കാദമിക് സ്വയംഭരണം നൽകുന്നതാകും നല്ലതെന്നാണ് കണ്ടത്. നൂതന പഠന-–അധ്യാപന രീതികൾ സ്വീകരിക്കാനും കൂടുതൽ കർശന പരീക്ഷാ സമ്പ്രദായം നടപ്പാക്കാനും ഇതുവഴി സാധിക്കും എന്നാൽ സിഇടിയെ കെടിയുവിന്റെ ഘടക കോളേജാക്കി (കോൺസ്റ്റിറ്റ്യുവന്റ് കോളേജ്) മാറ്റുമെന്ന് യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽ പ്രഖ്യാപിക്കുകയും ഇതിനായി വർക്കിങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
സിഇടിയുമായോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റുമായോ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായോ ചർച്ച ചെയ്യാതെ ആരംഭിച്ച സർക്കാർ നടപടികൾ സിഇടി വിദ്യാർഥികളിലും അധ്യാപകരിലും ജീവനക്കാരിലും പൂർവ വിദ്യാർഥികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് വർക്കിങ് ഗ്രൂപ്പ് രൂപീകരണ ഉത്തരവ് പുതുക്കാൻ സർക്കാർ നിർബന്ധിതമായി. സിഇടിയുടെ സ്വത്തും മറ്റ് ആസ്‌തികളും ജീവനക്കാരെയും കെടിയുവിന് എങ്ങനെ കൈമാറാമെന്ന ശുപാർശ നൽകണമെന്ന പ്രധാന ദൗത്യം ഒഴിവാക്കിയാണ് പുതുക്കിയ ഉത്തരവിറക്കിയത്.
സർവകലാശാലയുടെ ഘടക സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന അഞ്ച് എൻജിനിയറിങ് കോളേജുകൾ ഇപ്പോൾത്തന്നെ കേരളത്തിൽ നിലവിലുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജുകളെ അപേക്ഷിച്ച് ഈ ഘടക സ്ഥാപനങ്ങളുടെ പ്രവർത്തനം പൊതുവിൽ മെച്ചപ്പെട്ടതല്ല. തമിഴ്‌നാട്ടിൽ ആരംഭിച്ച ഘടക കോളേജുകൾ ഇപ്പോൾ സർക്കാരിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. പ്രധാന കാരണം ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം നൽകാൻ കഴിയാത്ത പ്രതിസന്ധിയിലേക്ക് സ്ഥാപനങ്ങൾ പോയതാണ്. ആദ്യഘട്ടം 42 കോളേജിനെയും പിന്നീട് ബാക്കിയുള്ള സ്ഥാപനങ്ങളെയും സർക്കാരിലേക്ക് തിരിച്ചുകൊണ്ടുവന്നു. മാത്രമല്ല, എല്ലാ സർവകലാശാലകളെയും ഗവർണർമാർ വഴി സംഘപരിവാർ നിയന്ത്രിക്കുന്ന സ്ഥിതിയാണ് രാജ്യത്ത്.
കെടിയുവിന് ആസ്ഥാനം നിർമിക്കാൻ വിളപ്പിൽശാലയിൽ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് സാധിച്ചെങ്കിലും കുറേ വർഷങ്ങളായി ചാൻസലർ എന്ന പദവി ഉപയോഗിച്ച് ഗവർണർമാർ നടത്തിയ തെറ്റായ ഇടപെടലുകൾമൂലം കാര്യമായ പുതിയ പ്രവർത്തനങ്ങൾക്ക് കെടിയുവിന് സാധിച്ചില്ല. വിസി നിയമനത്തിനായി സംസ്ഥാന സർക്കാർ നൽകിയ ശുപാർശ മറികടന്ന് സർവകലാശാല നിയമത്തിനു വിരുദ്ധമായി സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ വിസി ആയി ചാൻസലർ നിയമിച്ചതോടെ സർവകലാശാലയുടെ പ്രവർത്തനം താളംതെറ്റി. കേരളത്തിലെ മഹത്തായ സാങ്കേതികസ്ഥാപനത്തെ ഘടക കോളേജാക്കുക വഴി ലോക്ഭവന്റെ പൂർണ നിയന്ത്രണത്തിൽ എത്തിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
ഘടക കോളേജ് എന്നതിന്റെ യുജിസി നിർവചനം ഇങ്ങനെ: ‘‘സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച്, പരിപാലിച്ച്, ഭരണനിർവഹണം നടത്തുന്ന, സർവകലാശാലയുടെ അവിഭാജ്യ ഘടകമായ സ്ഥാപനം’’. കെടിയുവിന്റെ ഘടക കോളേജായാൽ സിഇടിയുടെ സവിശേഷ സ്ഥാനം, ബ്രാൻഡ് മൂല്യം എന്നിവ ഇല്ലാതാകും. അണ്ണാ യൂണിവേഴ്‌സിറ്റിയുടെ ഘടക കോളേജുകൾക്ക് അവരുടേതായ നിലനിൽപ്പ് ഇല്ലാതായെന്ന വസ്‌തുത നമ്മുടെ മുമ്പിലുണ്ട്. അക്കാദമിക് സ്വയംഭരണമുള്ള സർക്കാർ സ്ഥാപനമാകേണ്ടത് ഒന്നാം സ്ഥാനത്ത് തുടരാൻ സിഇടിക്ക് അനിവാര്യമാണ്. കെടിയുവിന്റെ ഘടക സ്ഥാപനമായി സിഇടി മാറിയാൽ എൻജിനിയറിങ് പ്രവേശനത്തിൽ മുൻപന്തിയിലുള്ള വിദ്യാർഥികൾ നിലവിലെ എയ്‌ഡഡ് സ്വയംഭരണ കോളേജുകളിൽ പ്രവേശനം നേടുകയും മികച്ച വിദ്യാർഥികളുടെ അഭാവംമൂലം സിഇടി തകർച്ചയിലേക്ക് എത്തുകയും ചെയ്യും.
ഘടകസ്ഥാപനമായി മാറിയാൽ സിഇടിയിലെ അധ്യാപകരും ജീവനക്കാരും അക്കാദമികവും ഭരണപരവുമായ മറ്റ് ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. സിഇടിയിലെ അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. സെനറ്റംഗങ്ങളും വിസിമാരുമായി സംഘപരിവാർ ബന്ധമുള്ളവരെ നിയമിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ സിഇടിയിലെ നിയമനം പിഎസ്‌സിയിൽനിന്ന് മാറി സർവകലാശാലയിൽ നിക്ഷിപ്തമാക്കുന്നത് ഒട്ടും ആശാസ്യമല്ല. വിദ്യാർഥികളുടെ ഫീസിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽനിന്നാണ് ശമ്പളമടക്കമുള്ള ചെലവുകൾ സമാനസ്ഥാപനങ്ങളിൽ വഹിക്കുന്നത്.
കെടിയുവിന്റെ ഘടക കോളേജിലും ഈ രീതിയാണ് ഉണ്ടാകുന്നതെങ്കിൽ വിദ്യാർഥികളുടെ ഫീസിൽ വലിയ വർധനയുണ്ടാകും. സർക്കാർ പ്രതിവർഷം മുന്നൂറിലധികം കോടി രൂപ സിഇടിക്ക് ചെലവുകൾ നിർവഹിക്കാൻ നൽകുന്നുണ്ട്. അറുനൂറിലധികം പേരുടെ പെൻഷനും സർക്കാർ നൽകണം. ഇത്രയും ബാധ്യത എങ്ങനെയാണ് കെടിയുവിന് നിർവഹിക്കാനാകുക. സർക്കാർ ഫീസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ ഫീസ് നാലുമുതൽ എട്ട് ലക്ഷംവരെ ആക്കിയാലേ ഈ പ്രതിസന്ധി മറികടക്കാനാകൂ. സാമൂഹ്യനീതി ഉറപ്പാക്കി ചുരുങ്ങിയ ചെലവിൽ സാങ്കേതിക വിദ്യാഭ്യാസം നൽകിക്കൊണ്ടിരുന്ന ഒരു സ്ഥാപനത്തിന്റെ തകർച്ചയ്‌ക്കായിരിക്കും ഇത് ഇടയാക്കുക.















