ad
Deshabhimani

Articles

അടിയന്തരാവസ്ഥക്കാലം

അബുവും അടിയന്തരാവസ്ഥയും

abu cover.j

കാർട്ടൂണിസ്റ്റ്‌ അബു എബ്രഹാം

avatar
മാങ്ങാട് രത്‌നാകരൻ

Published on Jun 28, 2025, 12:48 PM | 8 min read


1975 ജൂൺ 25 അർധരാത്രിയിൽ, സുഖനിദ്രയിലായിരുന്ന രാഷ്ട്രപതിയെ വിളിച്ചുണർത്തി ഒപ്പിടുവിച്ചതത്രെ അടിയന്തരാവസ്ഥാ വിളംബരം. ഒരു അർധരാത്രിയിൽ സ്വാതന്ത്ര്യം നേടിയ മഹാരാജ്യത്തിൽ, മൂന്നുപതിറ്റാണ്ടു തികയും മുമ്പേ മറ്റൊരു അർധരാത്രിയിൽ പാരതന്ത്ര്യത്തിന്റെ അശനിപാതം.


ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ അപചയത്തുടക്കത്തെയും അടിയന്തരാവസ്ഥക്കാലത്തെയും പ്രതീകവൽക്കരിക്കുന്ന, ‘ഉജ്ജ്വലം' എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന കാർട്ടൂൺ അബുവിന്റേതാണ്‐ ലോകോത്തര കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റേത്.

രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ബാത്ത് ടബ്ബിലാണ്. കുളിമുറിവാതിലിലൂടെ രാഷ്‌ട്രപതിഭവനിലെ ഉദ്യോഗസ്ഥൻ നീട്ടിയ ഒരു ഓർഡിനൻസിൽ ഒപ്പുവച്ചതിനുശേഷം അദ്ദേഹം പറയുന്നു: ‘‘ഇനിയും ഓർഡിനൻസുകളുണ്ടെങ്കിൽ അവരോട് കുറച്ചു കാത്തിരിക്കാൻ പറയൂ.''


abu-fakrudheen cartoon


വിശദീകരണം ആവശ്യമില്ലാത്തത്ര ലളിതം, നിശിതം, മാരകം. 1975 ജൂൺ 25 അർധരാത്രിയിൽ, സുഖനിദ്രയിലായിരുന്ന രാഷ്ട്രപതിയെ വിളിച്ചുണർത്തി ഒപ്പിടുവിച്ചതത്രെ അടിയന്തരാവസ്ഥാ വിളംബരം. ഒരു അർധരാത്രിയിൽ സ്വാതന്ത്ര്യം നേടിയ മഹാരാജ്യത്തിൽ, മൂന്നുപതിറ്റാണ്ടു തികയും മുമ്പേ മറ്റൊരു അർധരാത്രിയിൽ പാരതന്ത്ര്യത്തിന്റെ അശനിപാതം.


ഈ കാർട്ടൂൺ പൊതുവേ കരുതപ്പെടുന്നതുപോലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടുള്ള പ്രതികരണമല്ല. നീണ്ടരാത്രി തുടങ്ങി ഏഴുമാസത്തിനുശേഷം പ്രസിദ്ധീകരിച്ചതാണ് (10‐12‐1975). ജനാധിപത്യ വ്യവസ്ഥയെ നോക്കുകുത്തിയാക്കി, നിയമപരമായ പഴുതുകൾ സമർഥമായി ഉപയോഗപ്പെടുത്തി പുറപ്പെടുവിച്ചുകൊണ്ടിരുന്ന ഓർഡിനൻസുകൾക്കു നേരെയുള്ള ക്രൂരപരിഹാസമായിരുന്നു അബുവിന്റേത്.


അബുവിന്റെ അടിയന്തരാവസ്ഥ വിരുദ്ധ കാർട്ടൂണുകളിൽ പ്രസിദ്ധവും ഇന്ത്യൻ കാർട്ടൂൺകല എത്തിച്ചേർന്ന ഉയരങ്ങളുടെ സാക്ഷ്യവുമായ ഈ ‘കുളിമുറി കാർട്ടൂൺ' ആ നീണ്ടരാത്രിയെ ഓർമിക്കുമ്പോൾ ഇന്ത്യൻ മനസ്സിലുണ്ടാവും. കാർട്ടൂണുകളെക്കുറിച്ച് പൊതുവേ പറയാറുള്ളത് അതു വീട്ടിൽ വാങ്ങിവച്ച മീനാണ് എന്നാണ്, ഇന്ന് ഉപയോഗിക്കാതിരുന്നാൽ നാളെയും ഉപയോഗിക്കാനാവില്ല, അത്രയ്‌ക്ക്‌ ദൈനംദിനസ്വഭാവമുള്ള കാർട്ടൂൺ, അമ്പതുവർഷത്തിനുശേഷവും പിടയ്‌ക്കുന്ന മീൻപോലെ ഇരിക്കുന്നത്, അതിന്റെ സത്യസന്ധതയും ആർജവവും തെളിഞ്ഞ ഫലിതവും ദിനേന പ്രസരിക്കുന്നതുകൊണ്ടാണ്.


അതിലേറെ, സമകാലീന ചരിത്രവുമായി സംവദിക്കുന്നതുകൊണ്ടാണ്. വർത്തമാനവുമായുള്ള നിരന്തര സംവാദമാണല്ലോ ചരിത്രം. ‘ചരിത്രത്തിന്റെ തത്വശാസ്‌ത്ര'ത്തിൽ വാൾട്ടർ ബെന്യാമിൻ എഴുതുന്നതുപോലെ, ‘‘ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്‌കാരം അതു യഥാർഥത്തിൽ എങ്ങനെയായിരുന്നു എന്ന കണ്ടെത്തലല്ല, ആപദ്‌സന്ധിയിൽ മിന്നിമറയുന്ന ഒരോർമയെ കൈയെത്തിപ്പിടിക്കലാണ്.'' അത്തരമൊരു ഓർമയാണ് ഈ കാർട്ടൂൺ.


walter benyaminവാൾട്ടർ ബെന്യാമിൻ


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള ആദ്യദിനങ്ങളിൽ ഒരുപക്ഷേ ഈ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെടുമായിരുന്നില്ല; അബുവിന്റെ ‘പ്രൈവറ്റ് വ്യൂ' എന്ന പേരിലുള്ള പോക്കറ്റ് കാർട്ടൂണുകളിൽ പലതിനുമെന്നപോലെ, സെൻസർ കത്രിക വീഴുമായിരുന്നു. കത്രികപ്രയോഗത്തെ ഒരു പരിധിവരെ അകറ്റിനിർത്താൻ കാരണമായത് അന്നു രാജ്യസഭാംഗം കൂടിയായിരുന്ന അബുവിന്റെ ഇടപെടലായിരുന്നുവെന്നതും കൗതുകകരമായ ചരിത്രം.

private view 2


ഈ ചരിത്രം അബു തന്നെയും ഒരഭിമുഖത്തിൽ (1996) ഇതെഴുതുന്നയാളോട്‌ പറഞ്ഞിരുന്നു. അത് എടുത്തെഴുതുന്നതിനെക്കാൾ, ആ മുഹൂർത്തത്തിന്‌ സാക്ഷിയായിരുന്ന, ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്ററും രാജ്യസഭാംഗവുമായിരുന്ന എച്ച് കെ ദുവ എഴുതിയ അനുഭവവിവരണം ചേർക്കുന്നതാവും ഉചിതം.


‘‘ഇന്ദിരാ ഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതലയിൽനിന്ന് ഐ കെ ഗുജ്‌റാളിനെ നീക്കി വിദ്യാചരൺ ശുക്ലയെ തൽസ്ഥാനത്തു കൊണ്ടുവന്നു. ശുക്ല നിർദയം തന്റെ കടമകൾ നിർവഹിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു.


i k gujral.ഐ കെ ഗുജ്‌റാൾ


അടിയന്തരാവസ്ഥയുടെ സന്ദേശത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പത്രസമ്മേളനം വിളിക്കാൻ ശുക്ല ആലോചിച്ചു. ‘‘കിംവദന്തികൾ (romours) പരക്കുന്നത് തടയാനാണ് പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയത്,'' ശുക്ല ആജ്ഞാസ്വരത്തിൽ പറഞ്ഞു. ‘‘പക്ഷേ, അതിനു നർമം പരക്കുന്നത് തടയുന്നതെന്തിന്? (‘‘But why stop the spread of humours?'') എന്റെ തൊട്ടടുത്തിരുന്ന അബു എബ്രഹാം ചോദിച്ചു. അത് ആ അന്തരീക്ഷത്തിന് അയവുണ്ടാക്കി.''1 വാർത്തകൾക്കുള്ള സെൻസർഷിപ്പ് തുടർന്നെങ്കിലും കാർട്ടൂണുകളുടെ കാര്യത്തിൽ കത്രികപ്രയോഗത്തിന് അയവുവന്നു.


the games of emergency.ദെ ഗയിംസ്‌ ഓഫ്‌ എമർജൻസിയുടെ കവർച്ചട്ട


അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചുള്ള അബുവിന്റെ ‘ഹൃദയരേഖ'കളാണ് അടിയന്തരാവസ്ഥയുടെ കളികൾ 2 എന്നു പേരിട്ട കാർട്ടൂണുകളുടെയും ചെറുലേഖനങ്ങളുടെയും പുസ്തകം. അടിയന്തരാവസ്ഥയിലേക്കു നയിച്ച രാഷ്‌ട്രീയസാഹചര്യങ്ങളിൽനിന്ന് അതു തുടങ്ങുന്നു. അഴിമതി, അമിതാധികാര കേന്ദ്രീകരണം, ജാതിധ്രുവീകരണം, ക്രമസമാധാനത്തകർച്ച, ഹിംസയുടെ വ്യാപനം തുടങ്ങിയവയുടെ പരിസമാപ്തിയായിരുന്നു അടിയന്തരാവസ്ഥ.


abu charkka.


‘‘നാം അഴിമതിയെ എതിർക്കുകയാണോ ഭേദഗതി ചെയ്യുകയാണോ വേണ്ടത്,'' എന്ന് ഒരു നേതാവ് ചോദിക്കുന്ന കാർട്ടൂണിൽ (21‐7‐74) സമസ്‌തമേഖലകളെയും ഗ്രസിച്ച അഴിമതിയുടെ കരിനിഴൽ വീണുകിടപ്പുണ്ട്. 1972 മുതൽ 1977 വരെയുള്ള കാലഘട്ടമാണ് ഈ അബുരേഖകളിൽ ഉള്ളത്. അവ ദൈനംദിന വൈകാരിക പ്രതികരണങ്ങളാണെന്ന് അബു മുഖവുരയിൽ സാക്ഷ്യപ്പെടുത്തുന്നു.


abu cartoon shukla


‘‘ഇതിലെ ഏതെങ്കിലും കാർട്ടൂണോ ലേഖനമോ സംഭവത്തിനുശേഷമുള്ള പഠനമനനങ്ങളുടെ ഫലമല്ല. രാഷ്‌ട്രീയത്തെക്കുറിച്ച് അന്യാദൃശമായ ധാരണയുള്ളതായി ഞാൻ അവകാശപ്പെടുന്നുമില്ല. അവ വരയ്‌ക്കുകയും എഴുതുകയും ചെയ്‌ത ദിവസങ്ങളിൽ ഞാൻ അനുഭവിച്ച വികാരങ്ങളാണ് അവയിലുള്ളത്.''3 അടിയന്തരാവസ്ഥയ്‌ക്ക്‌ തൊട്ടുമുമ്പുള്ള വർഷങ്ങളിൽ, അഴിമതി, ഹിംസ, ജാതീയത എന്നിവയുടെ വ്യാപനത്തെക്കുറിച്ച് ഈ സമാഹാരത്തിലുള്ള മൂന്ന്‌ കാർട്ടൂണുകൾ അബുവിന്റെ ഏറ്റവും മൂർച്ചയുള്ള ഇന്ത്യൻ കാർട്ടൂണുകളത്രെ.


u p poll.j


ആദ്യത്തെ കാർട്ടൂൺ യേശുവിൽ നിന്നും രണ്ടാമത്തേത് ഗാന്ധിജിയിൽ നിന്നും മൂന്നാമത്തേത് അംബേദ്കറിന്റെ ജാതി ഉന്മൂലനം എന്ന കാഴ്‌ചപ്പാടിന് ഇന്ത്യൻ സമൂഹത്തിൽ വന്നുപെട്ട വൈപരീത്യത്തിന്റെ സ്മൃതിയിൽനിന്നും ഊർജം സംഭരിക്കുന്നു. അവ സ്വയം സംസാരിക്കും. വ്യാഖ്യാനവും വിശകലനവും സാരസ്യം ഊറ്റിക്കളഞ്ഞേക്കാം.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ രണ്ടാംദിവസം ഇന്ത്യൻ എക്‌സ്പ്രസ്സിൽ പ്രത്യക്ഷപ്പെട്ട കാർട്ടൂണിൽ (28‐6‐75) ‘പ്രൈവറ്റ് വ്യൂ' എന്ന പോക്കറ്റ് കാർട്ടൂൺ പംക്തിയുടെ പേരുപോലും അബു പുതുക്കിയിരുന്നു: ‘വെരി പ്രൈവറ്റ് വ്യൂ.' മഹാത്മാഗാന്ധി സദാ കൈവശംവച്ചിരുന്ന ചുരുക്കം വസ്‌തുക്കളിലൊന്നായ ‘തിന്മ കേൾക്കരുത്, പറയരുത്, കാണരുത് വാനരന്മാ'രുടെ (സൽസ്വഭാവത്തെക്കുറിച്ചുള്ള കൺഫൂഷിയസ് കഥയെ ഉപജീവിച്ച) ചീനക്കളിമൺശിൽപ്പങ്ങളുടെ ഓർമയിലേക്ക്‌ ചെല്ലുന്ന ഈ കാർട്ടൂൺ മാധ്യമങ്ങളുടെ വായടപ്പിക്കുന്നതിനെക്കുറിച്ചു മാത്രമല്ല, വരാനിരിക്കുന്ന സെൻസർഷിപ്പിനെക്കുറിച്ചും പ്രവചിച്ചു.


abu-private view

‘‘തിന്മ പറയരുത് വാനര'രുടെ പ്രതീകമായ ഈ കാർട്ടൂൺ ഉൾപ്പെടെയുള്ള ആദ്യത്തെ കാർട്ടൂണുകൾക്കുശേഷം സെൻസർഷിപ്പ് നിലവിൽ വന്നു,'' അബു എഴുതുന്നു.


അബുവിന്റെ ‘പ്രൈവറ്റ് വ്യൂ' കാർട്ടൂണുകളിൽ പലതും ‘പ്രസിദ്ധീകരണാനുമതി ഇല്ല' മുദ്രയോടെ സെൻസർ തിരസ്‌കരിച്ചു. ‘‘വളരെ നല്ല സെൻസർ ഓഫ് ഹ്യൂമറാണ് നമുക്കുള്ളത് എന്നു തോന്നുന്നില്ലേ?'' (4‐7‐1975) എന്ന കാർട്ടൂൺ സ്വാഭാവികമായും സെൻസർ ഉദ്യോഗസ്ഥരുടെ ചങ്കിൽത്തറച്ചിരിക്കാം, അതിനു കത്രിക പ്രയോഗിച്ചുവെന്നു പറയേണ്ടതില്ലല്ലോ.


‘‘സെൻസറിനെക്കാൾ വിശ്വസ്‌തരായ പത്രാധിപന്മാരെക്കുറിച്ച് എന്തുതോന്നുന്നു?'' എന്ന ‘പ്രൈവറ്റ് വ്യൂ' (13‐07‐75) ‘കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ' മാധ്യമങ്ങളെ പരിഹസിക്കുന്നു. ‘പ്രൈവറ്റ് വ്യൂ'വിലെ പേരില്ലാത്തവരായ നീണ്ടുമെലിഞ്ഞയാളും തടിച്ചുകുറുകിയ സന്തതസഹചാരിയും കോൺഗ്രസ്സുകാരാണെന്ന് അബു തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ, ഇത് ‘പുറത്തു'നിന്നുള്ള പ്രതികരണമല്ല, ‘അകത്തു' നിന്നുള്ള വിലയിരുത്തലാണ്!


vasectomy


ഇന്ത്യൻ ജനാധിപത്യത്തിന് ഇങ്ങനെയൊരു പരിണതിയുണ്ടാവുമെന്നത് അബുവിന്റെ ഭാവനയ്‌ക്കപ്പുറമായിരുന്നു. പുസ്‌തകത്തിലെ, ‘നർമത്തിന്റെ അവസ്ഥ' എന്ന ലേഖനത്തിൽ അബു തുറന്നെഴുതുന്നു: ‘‘ലോകത്തിൽ രാഷ്‌ട്രീയമല്ലാത്ത ഒന്നുംതന്നെയില്ലെന്ന് ഒടുവിൽ എനിക്കു ബോധ്യമായി.


വിവാദപരമായ എന്തും രാഷ്‌ട്രീയമാണ്, ലോകത്തിലെ എല്ലാ കാര്യങ്ങളും വിവാദപരവും.''4 ‘സമയത്തിന് ഓടുന്ന തീവണ്ടി'കളെച്ചൊല്ലിയുള്ള വാഴ്‌ത്തിനെ കണക്കിനു കശക്കിക്കൊണ്ടാണ് അബു ആ ലേഖനം അവസാനിപ്പിക്കുന്നത്.


mussolini.മുസ്സോളിനി


‘‘ഈ വർഷത്തെ ഏറ്റവും നല്ല തമാശയ്‌ക്കുള്ള സമ്മാനം ലണ്ടനിലെ ഒരു ഇന്ത്യൻ ഏജൻസിയുടെ ലേഖകന്‌ കൊടുക്കണം. ഒരു ബ്രിട്ടീഷ് ദിനപത്രത്തെ ഉദ്ധരിച്ച് അടിയന്തരാവസ്ഥക്കാലത്ത് ‘തീവണ്ടികൾ കൃത്യസമയം പാലിക്കുന്നു' എന്ന് ആ ലേഖകൻ സ്‌തുതിച്ചെഴുതി. മുസ്സോളിനിയുടെ ഇറ്റലിയെക്കുറിച്ചുള്ള ബ്രിട്ടീഷുകാരുടെ ‘ക്ലാസിക് പരിഹാസ'മാണതെന്ന് ആ പാവത്താന്‌ മനസ്സിലായില്ല.

abu-private view-3

വിദേശത്ത് ഇത്തരം ശുദ്ധാത്മാക്കൾ ഉള്ളിടത്തോളം കാലം നമുക്ക് നർമലേഖകരുടെ ആവശ്യം വരില്ല.''5


അടിയന്തരാവസ്ഥക്കാലം മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടു. 200 പത്രങ്ങളും 1500 മാസികകളും അക്കാലത്തു നിരോധിക്കപ്പെട്ടുവെന്നാണ് പിൽക്കാലത്തെ ചില ആധികാരിക റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നത്.


അടിയന്തരാവസ്ഥക്കാലം മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ടു. 200 പത്രങ്ങളും 1500 മാസികകളും അക്കാലത്തു നിരോധിക്കപ്പെട്ടുവെന്നാണ് പിൽക്കാലത്തെ ചില ആധികാരിക റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നത്.


ഇന്ത്യൻ കാർട്ടൂണിന്റെ തലതൊട്ടപ്പനായിരുന്ന കെ ശങ്കരപ്പിള്ള എന്ന ശങ്കർ ഇരുപത്തിയേഴുവർഷം തുടർച്ചയായി നടത്തിയിരുന്ന ശങ്കേർസ് വീക്ക്‌ലി, ‘ദുഃഖത്തോടെ വിടപറയുന്നു' എന്ന വിടവാങ്ങൽക്കുറിപ്പോടെ 1975 ജൂലൈ 27 ലക്കത്തോടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.


shanker.ശങ്കർ


ജവാഹർലാൽ നെഹ്‌റുവുമായി ആത്മബന്ധമുണ്ടായിരുന്ന ശങ്കർ (‘‘എന്നെ ഒഴിവാക്കരുതേ, ശങ്കർ,'' എന്ന നെഹ്‌റുവിന്റെ കുസൃതിമൊഴി പ്രസിദ്ധമാണല്ലോ), സാമ്പത്തികഞെരുക്കവും ആരോഗ്യപ്രശ്‌നങ്ങളുമാണ് വിടവാങ്ങൽക്കുറിപ്പിൽ സൂചിപ്പിച്ചത്. ഇന്ദിരാഗാന്ധിക്ക് പ്രിയപ്പെട്ട ‘അങ്കിൾ' ആയിരുന്ന ശങ്കർ ഇന്ദിരാഗാന്ധിയെയോ അടിയന്തരാവസ്ഥയോ വീക്ക്‌ലിയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാനുള്ള കാരണമായി പറഞ്ഞില്ല എന്നതു നേരാണ്.


ഇന്ദിരാഗാന്ധിയാകട്ടെ, ‘നയതന്ത്രപരമായ' ഒരു കത്തിലൂടെ ശങ്കറിനെ ആശ്വസിപ്പിക്കുകയുമുണ്ടായി. ‘‘വർഷങ്ങളുടെ കരുതലോടെയും കഠിനാധ്വാനത്തിലൂടെയും ഒരാൾ കെട്ടിപ്പടുത്ത ഒരു സംരംഭം അവസാനിപ്പിക്കാൻ വലിയ അളവിലുള്ള മനക്കരുത്ത് ആവശ്യമാണ്. പക്ഷേ താങ്കളുടെ തീരുമാനത്തെ മാനിക്കുന്നു... ഞങ്ങൾക്ക് അതൊരു നഷ്ടമാണ്.''6 (1975 ജൂലൈ 26) ‘‘ശങ്കേർസ് വീക്ക്‌ലിയെ ‘രക്ഷിക്കാൻ' ഇന്ദിരാഗാന്ധി തന്റെ ഉപദേശകനായ ശാരദാ പ്രസാദ് മുഖേന ശങ്കറിന് ഒരു കത്ത് കൊടുത്തുവിട്ടു.


ഒപ്പം അഞ്ചു ലക്ഷം രൂപ അടിയന്തരസഹായം നൽകാമെന്നും ശങ്കേർസ് വീക്ക്‌ലി നിർത്തരുതെന്നുമായിരുന്നു ഇന്ദിരാഗാന്ധിക്കു വേണ്ടി ശാരദാ പ്രസാദ് വഴി ശങ്കറിനെ അറിയിച്ചത്. പക്ഷേ ഇന്ദിരാഗാന്ധിയുടെ സഹായവാഗ്ദാനം ശങ്കർ നിരസിച്ചു. ഇതിനുശേഷം, കുറച്ചു ലക്കങ്ങൾക്കുശേഷം 1975 ആഗസ്‌ത്‌ 31‐നാണ് അവസാനലക്കം ശങ്കേർസ് വീക്ക്‌ലി ഇറങ്ങിയത്.'


'7 ‘‘സ്വേച്ഛാധിപതികൾ ഹാസ്യം ഉൾക്കൊള്ളുകയില്ല. ജനങ്ങൾ പരിഹസിക്കുന്നത് അവർക്ക് ഇഷ്ടമാവുകയുമില്ല. ഹിറ്റ്‌ലറുടെ കാലത്ത് നല്ലൊരു കോമഡിയോ നല്ല കാർട്ടൂണോ പാരഡിയോ ഉണ്ടായിട്ടില്ല. ഇന്നു ലോകവും, സങ്കടകരമെന്നേ പറയാവൂ, ഇന്ത്യയും അത്തരമൊരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,''8 ശങ്കർ പറഞ്ഞിരുന്നു. ‘അടിയന്തരാവസ്ഥ' എന്ന് അപ്പോഴും ശങ്കർ എടുത്തുപറഞ്ഞില്ല.


രാജ്യത്തെ മുൻനിര കാർട്ടൂണിസ്റ്റും അബുവിനെക്കാൾ പ്രശസ്‌തനും ജനപ്രിയനുമായിരുന്ന ആർ കെ ലക്ഷ്മണിനും അടിയന്തരാവസ്ഥ പീഡാനുഭവമായിരുന്നു. ഇന്ദിരാഗാന്ധിക്ക് ലക്ഷ്മണിനെ മതിപ്പായിരുന്നതിനാൽ ഒരു കൂടിക്കാഴ്‌ച പ്രയാസകരമായിരുന്നില്ല. ‘‘കാർട്ടൂൺ വരയ്‌ക്കാനല്ലാതെ മറ്റൊരു തൊഴിലിനും തന്നെ കൊള്ളില്ലെന്നും അതുമാത്രമാണ് ഒരേയൊരു ജീവനോപാധിയെന്നും ഇന്ദിരാഗാന്ധിയെ അറിയിക്കാൻ ഞാൻ നിശ്ചയിച്ചു.


r k laxman.ആർ കെ ലക്ഷ്‌മൺ


സെൻസർ എന്നോടു ചെയ്‌ത അനീതികൾ അക്കമിട്ടു നിരത്തി. വിസ്മയകരമായ അനുഭാവത്തോടെയാണ് അവർ ഞാൻ പറയുന്നത് കേട്ടത്. അമിതാവേശക്കാരായ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തിയതിനുശേഷം അവർ പറഞ്ഞു, ‘നിങ്ങളുടെ ജോലിയുമായി മുന്നോട്ടുപോകൂ. ജനാധിപത്യത്തിൽ അഭിപ്രായ സന്തുലനത്തിനായി ആക്ഷേപഹാസ്യം കൂടിയേ തീരൂ.''9 ‘‘ഇന്ദിരാഗാന്ധി അനുവദിച്ച സ്വാതന്ത്ര്യം ധൈര്യപൂർവം പ്രാവർത്തികമാക്കിയപ്പോൾ കാര്യങ്ങൾ അത്ര ലളിതമല്ലെന്ന് എളുപ്പം ബോധ്യപ്പെട്ടു.


കോൺഗ്രസിന്റെ ചണ്ഡീഗഡ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റ് ഡി കെ ബറുവ, ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ദിര ഇന്ത്യയും. ഇന്ത്യയെ വേട്ടയാടുന്ന ദുഷ്ടശക്തികളെ അടിയന്തരാവസ്ഥ ഉച്ചാടനം ചെയ്തു.


അത്തരം നീചജന്മങ്ങൾക്ക് ഇനിയൊരിക്കലും തലയുയർത്താനാവാത്ത വിധത്തിൽ അടിയന്തരാവസ്ഥ തുടരും' എന്ന് അഭിപ്രായപ്പെട്ടു. അപലപനീയമായ ആ പ്രസംഗം വിഷയമാക്കി വരച്ച കാർട്ടൂൺ ഉള്ള ടൈംസ് ഓഫ് ഇന്ത്യ ആ സമ്മേളനത്തിൽ വിതരണം ചെയ്യപ്പെട്ടു.


അധികം വൈകിയില്ല. ഡൽഹിയിൽനിന്ന് ചീഫ് സെൻസർ ഓഫീസർ എന്നെ വിളിച്ചു. സമ്മേളനത്തിലെ പ്രതിനിധികൾക്ക് കാർട്ടൂൺ ഏറെ അപ്രിയമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വാർത്താവിതരണ മന്ത്രാലയം രാജ്യത്തെ ഛിദ്രശക്തികളെ ജാഗ്രതയോടെ കാണുന്നില്ലെന്ന് അവർ വിമർശനമുയർത്തി.


വാർത്താവിതരണ പ്രക്ഷേപണമന്ത്രി തന്നെ എന്നെ കാണാനായി ബോംബെയിലെത്തി, എന്നോട് ചെന്നുകാണാൻ ആവശ്യപ്പെട്ടു. അദ്ദേഹം രാജ്ഭവനിലുണ്ടാകും എന്നാണ് എന്നോടു പറഞ്ഞിരുന്നത്. പക്ഷേ നഗരഹൃദയത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു അദ്ദേഹം. അതിലെ ആഡംബര മുറിയിലേക്ക് കടന്നുചെന്നപ്പോൾ അദ്ദേഹം ഇരിക്കാൻപോലും പറഞ്ഞില്ല.


രാജ്യത്തെ ആദരിക്കപ്പെടുന്ന കോൺഗ്രസ് നേതാക്കളെ പരിഹസിക്കുന്ന രീതി തുടർന്നാൽ പിടിച്ച് ജയിലിലടയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി തനിക്ക് ഉറപ്പുതന്നിരുന്നുവെന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. എന്റെ ദുർബലമായ പ്രതിഷേധം ചെവിക്കൊള്ളാതെ അദ്ദേഹം ഗർജിച്ചു: അതെല്ലാം എനിക്കറിയാം. താങ്കൾ നിയമത്തിന് അതീതനല്ല. എനിക്ക് എന്റെ ദൗത്യമുണ്ട്, എന്തുവന്നാലും ഞാനതു ചെയ്‌തിരിക്കും.''


abu cartoon corruption


10 ആ മുഹൂർത്തത്തിൽ കാർട്ടൂൺ വരയിൽ നിന്ന് വിരമിക്കാൻ ലക്ഷ്മൺ തീരുമാനിച്ചു. രാജിവയ്‌ക്കാൻ തീരുമാനിച്ച് അവധിയെടുത്ത് ഭാര്യാസമേതം മൗറീഷ്യസിൽ അവധിക്കാലം ആഘോഷിക്കാൻ പോയി. ‘‘തിരിച്ചുവന്നപ്പോൾ ഞാനാകെ മാനസികത്തകർച്ചയുടെ വക്കിലായിരുന്നു.


അതേസമയം, ഇന്ദിരാഗാന്ധി സ്വേച്ഛാധിപതിയായി തുടരുമെന്നും അതിനാൽ ഇനി വരുന്നതു വിശ്രമകാലമാണെന്നും ഉള്ളാലെ സന്തോഷിച്ചു. പക്ഷേ തെരഞ്ഞെടുപ്പിൽ അവർ തോറ്റു, ഞാൻ തീരുമാനം മാറ്റി, എന്റെ തൊഴിലിലേക്കു മടങ്ങി.''11 ആർ കെ ലക്ഷ്മണിനുണ്ടായ അനുഭവം അബുവിന് ഉണ്ടാകാഞ്ഞത് ഇന്ദിരാഗാന്ധിയുമായുള്ള അടുപ്പവും രാജ്യസഭാംഗമെന്ന പദവിയും ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ പിൻബലവും കൂടിച്ചേർന്ന സവിശേഷമായ പ്രഭാവം കാരണമാണെന്നു കരുതാൻ ന്യായമുണ്ട്. ആ കാർട്ടൂണുകൾ കുറേക്കൂടി ‘ബൗദ്ധിക'മായതിനാൽ അവയുടെ സ്വാധീനം പരിമിതമാണെന്നും പത്രത്തിന്റെ പ്രഖ്യാപിതമായ വിമതസ്വരത്തിന്റെ ഭാഗമാണെന്നും കണക്കുകൂട്ടിയിരിക്കാം.


അബുവിന് ഇന്ദിരാഗാന്ധിയോട് ‘മൃദുസമീപന'വും പാരസ്‌പര്യവും ഉണ്ടായിരുന്നു. അബുവിനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യുന്നത് ഇന്ദിരാഗാന്ധിയാണ് (1972). അവർ സ്വയം കൈക്കൊണ്ട തീരുമാനമായിരുന്നു അത്. ഒരു കാർട്ടൂണിസ്റ്റിന്റെ സാന്നിധ്യം ഇദംപ്രഥമമായി ഇന്ത്യൻ പാർലമെന്റിൽ ഉണ്ടാവുന്നത് അങ്ങനെയാണ്.


അടിയന്തരാവസ്ഥയുടെ നാളുകളിൽ ഇന്ദിരാഗാന്ധിയെ നഖശിഖാന്തം എതിർത്ത പത്രമായിരുന്നു ഇന്ത്യൻ എക്‌സ്പ്രസ്സ്. പത്രമുടമയായ രാംനാഥ് ഗോയങ്ക ഇന്ദിരയുടെ നിശിതവിമർശകനായിരിക്കെ, ‘‘അബുവിന്റെ മൃദുസമീപനം അദ്ദേഹത്തിനു ദഹിച്ചില്ല.


പക്ഷേ അദ്ദേഹം തന്റെ അമർഷം ഉള്ളിലൊതുക്കി.''12 ‘‘ഇന്ദിരാഗാന്ധിയുടെ വികലവും ഏകപക്ഷീയവുമായ നയങ്ങളോട് വളരെ മൃദുവായ സമീപനമാണ് അബു എബ്രഹാം സ്വീകരിച്ചത്. ഒരിക്കൽ ഒരു സഹപ്രവർത്തകൻ ഇതു ചൂണ്ടിക്കാണിച്ചപ്പോൾ,‘പ്രശ്‌നസങ്കീർണമായ ഈ രാജ്യം ഭരിക്കുവാൻ ഇന്ദിരയോളം കഴിവും തന്റേടവുമുള്ള വേറെ ആരാണുള്ളത്?' എന്നായിരുന്നു അബുവിന്റെ ചോദ്യം.


abu & wifeഅബു എബ്രഹാമും ഭാര്യ സൈക്കിയും


‘അപ്പോൾ നിങ്ങൾ ഇന്ദിരയുടെ പക്ഷത്താണോ?' എന്ന ചോദ്യത്തിന് ‘അതെ' എന്നായിരുന്നു മറുപടി.''13 ഇത് അധികാരരാഷ്‌ട്രീയത്തോടുള്ള ദാസ്യമായോ സമരസപ്പെടലായോ വ്യാഖ്യാനിക്കപ്പെടാം. അബുവിന്റെ കാര്യത്തിൽ അങ്ങനെ കരുതുക വയ്യ. ബാല്യകാലം തൊട്ട് ഗാന്ധിജിയായിരുന്നു അബുവിന്റെ മാർഗദീപം. ഹിമാലയമാണ് മാനദണ്ഡം എന്ന് കാളിദാസൻ പറഞ്ഞതുപോലെ ഗാന്ധിജിയായിരുന്നു അബുവിന് ദേശീയ മനസ്സാക്ഷിയുടെ മാനദണ്ഡം.


ആനയെ തപ്പിനോക്കുന്ന അന്ധന്മാരുടേതുൾപ്പെടെ ഗാന്ധിജി പ്രത്യക്ഷപ്പെടുന്ന ഇരുപതോളം കാർട്ടൂണുകളിൽ അബുവിന്റെ മൂല്യബോധവും ധാർമികതയും വിശ്വാസദാർഢ്യവും നാം കണ്ടു. തുടർന്നുവന്ന ‘നെഹ്‌റു യുഗ'ത്തിൽ അബു ലണ്ടനിലായിരുന്നു (1953‐69). ലണ്ടനിൽ നിന്നുതന്നെ ഇന്ത്യയുടെയും നെഹ്‌റുവിന്റെയും നിരീക്ഷകനായിരുന്നു. സോഷ്യലിസ്റ്റ് ആദർശം, മതേതരത്വം, ചേരിചേരാനയം തുടങ്ങിയ നെഹ്‌റുവിയൻ ആശയങ്ങളോട് അനുഭാവമുണ്ടായിരുന്നു.


ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, ഇന്ദിരാഗാന്ധിയുടെ നയസമീപനങ്ങളിലും നെഹ്‌റുവിയൻ മൂല്യങ്ങളുടെ തുടർച്ച അബു കണ്ടു. അടിയന്തരാവസ്ഥ പ്രഖ്യാപനം വരെയും അബുവിന് ഇന്ദിരാഗാന്ധിയോട് ‘മൃദുസമീപന'മായിരുന്നു. കാർട്ടൂണുകളിലെ പരിഹാസം നിഗ്രഹോത്സുകമായിരുന്നില്ല.


അബുവിന്റെ അടിയന്തരാവസ്ഥ കാർട്ടൂണുകൾ ജനാധിപത്യത്തിന്റെ അഴുകലിനെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സാമൂഹിക തിന്മയെക്കുറിച്ചും ഉത്കണ്ഠ പ്രകടിപ്പിച്ചതുപോലെ എന്തുകൊണ്ട് ഭരണകൂടഭീകരതയും നിഷ്ഠുരമായ അടിച്ചമർത്തലും രേഖപ്പെടുത്തിയില്ല? അവയിൽ അധികവും മൂടിവയ്‌ക്കപ്പെട്ട രഹസ്യങ്ങളായിരിക്കാമെങ്കിലും അബുവിന്റെ ജാഗ്രത്തായ മനസ്സ് അതൊന്നും അറിഞ്ഞില്ലെന്നു കരുതുമോ? ഊഹത്തിന്റെ പേരിൽ ഒരു വിലയിരുത്തൽ നടത്തുന്നത് ഉചിതമല്ല.


abu ebrahamകാർട്ടൂണിസ്റ്റ്‌ അബു എബ്രഹാം


‘അബുവും ദേശീയമനസ്സാക്ഷിയും' എന്ന എണ്ണംപറഞ്ഞ പഠനത്തിൽ14 ക്രിസ്റ്റൽ ആർ ദേവദാസൻ എഴുതുന്നു: ‘‘അബുവിന്റെ കാർട്ടൂണുകളിലെ അടിയന്തരാവസ്ഥ പ്രതിനിധാനത്തെക്കുറിച്ച് നമ്മുടെ മുന്നിൽ നിരന്തരമായ ചോദ്യങ്ങൾ ഉയരും.

അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളെക്കുറിച്ചും നീതിനിഷേധത്തെയും ജനാധിപത്യസംവിധാനങ്ങൾക്കുമേൽ


ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെയും വിമർശിക്കാൻ അബു മടി കാണിക്കുന്നില്ല, ഭരണകൂടം സ്വന്തം ജനതയ്‌ക്കുമേൽ നടത്തിയ കൊടിയ ആക്രമണങ്ങളെ കാണാൻ അബു മുതിരുന്നുണ്ടോ? അക്കാര്യത്തിൽ അബുവിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് കൂടുതൽ തെളിവുകളുടെ അഭാവത്തിൽ അനുചിതമാവും.


ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെയും വിമർശിക്കാൻ അബു മടി കാണിക്കുന്നില്ല, ഭരണകൂടം സ്വന്തം ജനതയ്‌ക്കുമേൽ നടത്തിയ കൊടിയ ആക്രമണങ്ങളെ കാണാൻ അബു മുതിരുന്നുണ്ടോ? അക്കാര്യത്തിൽ അബുവിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് കൂടുതൽ തെളിവുകളുടെ അഭാവത്തിൽ അനുചിതമാവും.


തെളിവുകൾ വച്ചല്ലാതെ സിദ്ധാന്തീകരിക്കാനും വിഷമമത്രെ. ‘പ്രൈവറ്റ് വ്യൂ' ഇത്തരം അതിക്രമങ്ങൾ കാണുന്നില്ല, അഥവാ അതിലൂടെ ആ യാഥാർഥ്യങ്ങൾ നമുക്ക് കാണിച്ചുതരുന്നില്ല.''.

(കാർട്ടൂണുകൾക്ക് ജാനകി എബ്രഹാമിനോടും ആയിഷ എബ്രഹാമിനോടും കടപ്പാട് )


കുറിപ്പുകൾ


1. ‘എ മാൻ ഓഫ് സിംപിൾ ലൈൻസ്', എച്ച് കെ ദുവ, ദ് ട്രിബ്യൂൺ, 2008 ജൂലൈ 20

2,3,4,5. ദ് ഗെയിംസ് ഓഫ് എമെർജെൻസി, അബു എബ്രഹാം, വികാസ് പബ്ലിഷിംഗ് ഹൗസ്, ന്യൂഡൽഹി, 1977

6. https://archive.org-shanker-weakly-souvenir

7. കാർട്ടൂണിസ്റ്റ് ശങ്കർ കല കാലം ജീവിതം, സുധീർനാഥ്, കേരള ലളിതകല അക്കാദമി, 2021

8. ‘പാക്കിംഗ് എ പഞ്ച്', ജിനോയ് ജോസഫ് പി. ‘ഫ്രണ്ട്‌ലൈൻ, 2024 മേയ് 28

9,10,11. ദ് ടണൽ ഓഫ് ടൈം, ആർ കെ ലക്ഷ്മൺ, വൈക്കിംഗ്, ന്യൂഡൽഹി, 1998

12,13. മായാത്ത വരകൾ, പ്രേംജിത്ത് കായംകുളം, ഡോൺ ബുക്‌സ്, കോട്ടയം, 2020

14. ഔട്ട് ഓഫ് ലൈൻ കാർട്ടൂൺസ്, കാരിക്കേച്ചേർസ് ആൻഡ് കണ്ടമ്പററി ഇന്ത്യ, ക്രിസ്റ്റൽ ആർ ദേവദാസൻ, ഓറിയന്റ് ബ്ലാക്‌സ്വാൻ, ന്യൂഡൽഹി, 2014.



ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home