ad
Deshabhimani

Articles

ഭരണഘടനാ ധാർമികതയെ മറന്ന വിധി

ഭരണഘടനാ ധാർമികതയെ മറന്ന വിധി

Court
avatar
അഡ്വ. കെ അനിൽകുമാർ

Published on Sep 01, 2026, 12:00 AM | 2 min read

അധ്വാനശക്തിയെ ചൂഷണംചെയ്ത് ലാഭാധിഷ്ഠിതമായിമാത്രം നിലനിൽക്കുന്ന മുതലാളിത്ത സമൂഹത്തിൽ മൂലധന പക്ഷപാതപരമായ നിയമങ്ങൾ ഉണ്ടാകുന്നതും അതിനെ ശരിവയ്‌ക്കുന്ന നിയമവ്യാഖ്യാനങ്ങൾ കോടതികൾ നടത്തുന്നതും സാധാരണമാണ്‌. എന്നാൽ, 1973ലെ കേശവാനന്ദ ഭാരതി കേസിലെ പതിമൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ ഇന്ത്യൻ ഭരണഘടനയുടെ മൗലികതത്വങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്‌ അധികാരമില്ലെന്ന നിലയുണ്ടായി. അതിന്റെ തുടർച്ചയിൽ, പുരോഗമന നിയമവ്യാഖ്യാനധാരയിൽ നാഴികക്കല്ലായ വിധിയായിരുന്നു 1978ൽ ബാംഗ്ലൂർ ജല ബോർഡ്‌ കേസിലുണ്ടായത്. 1947ലെ തൊഴിൽ തർക്ക നിയമത്തിലെ 2(പി) വകുപ്പിൽ വ്യവസായം എന്നതിന്റെ നിർവചനം വിപുലീകരിക്കുന്ന ത്രിമാന പരിശോധനാസംവിധാനം നിർദേശിക്കപ്പെട്ടു. മനുഷ്യർക്ക്‌ ആവശ്യമായ ചരക്കുകൾ ഉൽപ്പാദിപ്പിക്കാനും സേവനം നൽകാനുമായി തൊഴിലാളി–തൊഴിലുടമാ ബന്ധത്തിൽ നിലനിൽക്കുന്ന സ്ഥാപനപരമായ പ്രവർത്തനം വ്യവസായമായി നിർവചിക്കപ്പെടുകയും തൊഴിലാളിക്ക് ഒരുപരിധിവരെ നിയമപരമായ നീതി ഉറപ്പാക്കാനുള്ള നീക്കം ശക്തമാകുകയും ചെയ്‌തു.


നാൽപ്പത്തെട്ടുവർഷം രാജ്യത്തെ തൊഴിൽമേഖലയിൽ ലഭ്യമായിരുന്ന നീതിക്ക് തണലായിരുന്ന മഹാവൃക്ഷത്തിന്റെ വേരറുക്കുകയാണ്‌ ഇക്കഴിഞ്ഞ ആഗസ്‌ത്‌ 20ന്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധിയിലൂടെ ചെയ്തിരിക്കുന്നത്. ഇത്‌ ഭരണഘടനയിൽ അന്തർലീനമായ ധാർമികതയെ നിരാകരിക്കുന്ന മൂലധനദാസ്യം നിറഞ്ഞ അമിതോത്സാഹമായതോടെ ഭൂതകാലത്തേക്ക്‌ മടങ്ങലായി. ഇതോടെ ആർഎസ്എസ് ലക്ഷ്യമിടുംവിധം കേശവാനന്ദ ഭാരതി കേസ്‌തന്നെ അട്ടിമറിക്കാനായി പതിനഞ്ചംഗ ഭരണഘടനാ ബെഞ്ച് മതിയെന്ന്‌ വന്നിരിക്കുന്നു. നിരാശാജനകമായ ഈ വിധി ഭരണഘടനയുടെ മൗലികതത്വങ്ങൾ ഹനിക്കുന്ന തിരിച്ചുപോക്കിന്റെ തുടക്കവുമാണ്‌.


ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസിന്റെ സാധുത സംബന്ധിച്ച് ജയ് ബീർസിങ്‌ വേഴ്സസ് യുപി സർക്കാർ എന്ന പേരിലുള്ള 2005ലെ ഒരു വിധിയിലാണ്‌ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്‌ കേസ് റഫർ ചെയ്യപ്പെട്ടത്. 1978ലെ വിധി തൊഴിലുടമകളുടെ താൽപ്പര്യങ്ങൾക്ക്‌ നിരക്കാത്തതാണെന്നും പുനഃപരിശോധന വേണമെന്നുമാണ്‌ അന്ന്‌ അഞ്ചംഗ ബെഞ്ച് പറഞ്ഞത്. 1990കൾമുതൽ ഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ ജുഡീഷ്യറിയുടെ മനോഘടനയിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായി നീതിയുടെ തുലാസ് ഒരുവശത്തേക്ക് ചരിഞ്ഞത് 2005ൽ ജയ് ബീർസിങ്‌ കേസിൽ കാണാം. എന്നാൽ, 2020ൽ പുതിയ തൊഴിൽ കോഡുകൾ പാസാക്കുകയും 2025 നവംബർ 21ന്‌ പഴയ തൊഴിൽനിയമങ്ങളെല്ലാം റദ്ദാവുകയും ചെയ്‌തു. 2026 ഫെബ്രുവരി 16നാണ്‌, 21 വർഷത്തിനുശേഷം പഴയ ചോദ്യത്തിന്‌ ഉത്തരം തേടാൻ നാല്‌ പോയിന്റുകൾ സുപ്രീംകോടതിയുടെ ഒന്പതംഗ ബെഞ്ച് തുടങ്ങിവച്ചത്. വിയോജന വിധിയെഴുതിയ ജസ്റ്റിസ്‌ നാഗരത്ന ചൂണ്ടിക്കാട്ടിയതുപോലെ ബാംഗ്ലൂർ ജല ബോർഡ്‌ കേസിലെ വിധിക്കാധാരമായ നിയമംതന്നെ റദ്ദാക്കപ്പെട്ടപ്പോൾ പഴയ കേസിലെ റഫറൻസും റദ്ദാകും. അതിനാൽ 2020ലെ തൊഴിൽ ബന്ധ നിയമത്തിലെ വ്യവസായം എന്ന്‌ നിർവചിച്ചിട്ടുള്ള 2(പി) എന്ന വകുപ്പിനെ വ്യാഖ്യാനിക്കാനുള്ള ഉദ്യമം തങ്ങൾക്ക്‌ നൽകപ്പെട്ട ചുമതലകൾക്ക് പുറത്താണെന്ന്‌ ഒന്നിലേറെ സഹ ന്യായാധിപന്മാർ പറഞ്ഞു.


എന്നാൽ, ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഭൂരിപക്ഷം ബാംഗ്ലൂർ ജല ബോർഡ്‌ കേസിലെ നിയമതത്വം മേലിൽ രാജ്യത്തെ ഒരു കോടതിയും അനുസരിച്ചുപോകരുതെന്ന്‌ വിധിച്ചു. അതോടെ ഭരണഘടനതന്നെ പിച്ചിച്ചീന്തപ്പെട്ടു. മാർഗനിർദേശക തത്വങ്ങളിൽ അനുച്ഛേദം 43 പ്രകാരം ജീവിക്കാനുള്ള വേതനവും അന്തസ്സായ തൊഴിലിടങ്ങളും ഓരോ പൗരനും ഭരണകൂടങ്ങൾ ഉചിതമായ നിയമനിർമാണങ്ങളിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്‌ നേർവിപരീത നിയമവ്യാഖ്യാനം ആരും ആവശ്യപ്പെടാതെതന്നെ സുപ്രീംകോടതി നൽകിക്കഴിഞ്ഞു. പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിനുതാഴെയുള്ള ഒരു നീതിപീഠവും തൊഴിലാളികൾക്ക്‌ അനുകൂലമായ വിധിയൊന്നും തൊഴിൽ ബന്ധങ്ങളിൽ നൽകാനാകാത്തവിധം മണിച്ചിത്രത്താഴിട്ടുപൂട്ടുകയാണ് കോടതി ചെയ്തത്.


പാചകവാതകക്ഷാമവും വിലക്കയറ്റവും തങ്ങളുടെ നാമമാത്ര കൂലിക്ക് താങ്ങാനാകാത്തതാണെന്ന തിരിച്ചറിവാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികളുടെ തെരുവുപോരാട്ടങ്ങൾക്ക് പെട്ടെന്നുള്ള കാരണമായത്. തെരുവുകളിൽ നീതി തേടുകയെന്നതുമാത്രമാണ്‌ തൊഴിലാളിവർഗത്തിനുമുന്നിലുള്ള പോംവഴിയെന്ന്‌ ഇ‍ൗ വിധി ഉറപ്പിച്ചുപറയുകയാണ്. പോരാട്ടമില്ലെങ്കിൽ പട്ടിണിമൂലം നിർബന്ധിത തൊഴിലിന്‌ നിർബന്ധിക്കപ്പെടുമ്പോൾ ഭരണഘടനയിലെ 23–ാം അനുച്ഛേദം നോക്കുകുത്തിയാകും. സംഘടനാസ്വാതന്ത്ര്യവും അഭിപ്രായപ്രകടനാവകാശവും ഹനിക്കുന്നതിനൊപ്പം തൊഴിലിടങ്ങൾ മരണക്കയങ്ങളാകാൻ ഇടയാക്കുന്ന നിയമങ്ങളാണ്‌ ചുളുവിൽ സാധുവാക്കപ്പെട്ടത്. നീതിപീഠങ്ങൾ നവ ഫാസിസത്തിന്റെ താൽപ്പര്യങ്ങളോട് മറയില്ലാതെ താദാത്മ്യപ്പെടുകയാണ്‌. മൂലധനശക്തികളുടെ ലാഭേച്ഛയ്ക്ക് അതിർത്തികളില്ലാത്തവിധം ചൂഷണത്തിന്റെ ആകാശങ്ങളെ വിസ്‌തൃതമാക്കിക്കൊണ്ടിരിക്കുന്നു.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home