ad
Deshabhimani

Articles

സിപിഐ എമ്മിന്റെ മതനിരപേക്ഷ രാഷ്ട്രീയ

ചെറുത്തുനിൽപ്പിന്റെ പുതുഗാഥ

cpim delhi
എം പ്രശാന്ത്‌

Published on Mar 23, 2026, 09:40 PM | 3 min read

തലസ്ഥാനനഗരമായ ഡൽഹിയിൽ വർഷങ്ങളായി ജോലിയെടുക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ ഇ‍ൗദ്‌ ദിനത്തിൽ യാത്രയ്‌ക്കായി റാപിഡോ ടാക്‌സി ബുക്ക്‌ ചെയ്‌തു. സുഭാഷ്‌ റാവത്ത്‌ എന്ന റാപിഡോ ഡ്രൈവർ ബുക്കിങ്‌ സ്വീകരിച്ചു. എന്നാൽ, യാത്രക്കാരൻ മുസ്ലിമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ റാവത്തിന്റെ സമീപനം മാറി. യാത്ര സാധ്യമല്ലെന്ന്‌ റാവത്ത്‌ അറിയിച്ചു. തന്റെ വാഹനത്തിൽ മുസ്ലിങ്ങളെ കയറ്റില്ലെന്നായിരുന്നു നിലപാട്‌. ഒപ്പം ഫോണിലൂടെ മുസ്ലിം വിരുദ്ധത നിറഞ്ഞ അസഭ്യവർഷവും.


പതിറ്റാണ്ടുകൾ നീണ്ട വിദ്വേഷപ്രചാരണത്തിലൂടെ സംഘപരിവാർ ഉത്തരേന്ത്യയിൽ സൃഷ്ടിച്ചിട്ടുള്ള മുസ്ലിം അന്യവൽക്കരണം അതിന്റെ പാരമ്യത്തിലേക്ക്‌ എത്തിയതിന്‌ ഉദാഹരണമാണ്‌ റാവത്തുമാരെപോലെയുള്ള ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ. സംഘപരിവാർ ഇത്തരം വിദ്വേഷമനസ്സുകളെ സൃഷ്ടിക്കുന്നതിന്റെ അനന്തരഫലംകൂടിയാണ്‌ കേന്ദ്രത്തിലെ തുടർച്ചയായ ബിജെപി സർക്കാരുകൾ. ഒരു വശത്ത്‌ കോർപറേറ്റ്‌ പ്രീണനവും മറുവശത്ത്‌ ന്യൂനപക്ഷ വിദ്വേഷവും പ്രചരിപ്പിച്ചാണ്‌ സംഘപരിവാർ നീങ്ങുന്നത്‌. ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രമാണ്‌. സംഘപരിവാറിന്റെ വർഗീയതയെ മുഖാമുഖം നേരിടാനാകാതെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്‌ പിന്നാക്കം പോകുമ്പോൾ ഇ‍ൗ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്‌ സിപിഐ എം പോലുള്ള മതനിരപേക്ഷ പാർടികൾ. ഫെബ്രുവരി– മാർച്ച്‌ മാസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഐ എം സംഘടിപ്പിച്ച ജൻ ആക്രോശ്‌ ജാഥകൾ ചൊവ്വാഴ്‌ച വൻജനാവലിയായി ഡൽഹി രാംലീല മൈതാനത്ത്‌ ഒത്തുചേരുമ്പോൾ ചെറുത്തുനിൽപ്പിന്റെ പുതിയൊരു അധ്യായത്തിനാണ്‌ തുടക്കമാകുക.


ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ വർഗീയരാഷ്ട്രീയത്തെ മതനിരപേക്ഷ രാഷ്ട്രീയമുയർത്തി പ്രതിരോധിക്കുകയാണ്‌ സിപിഐ എം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘടനാശേഷി വർധിപ്പിച്ചും മതനിരപേക്ഷ പാർടികളെ യോജിപ്പിച്ചും സംഘപരിവാറിനെ ആശയപരമായി എതിരിടാനാണ്‌ സിപിഐ എം തയ്യാറെടുക്കുന്നത്‌. രാംലീല മൈതാനിയിൽ പതിനായിരങ്ങളെ അണിനിരത്തി സിപിഐ എം ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന ജൻ ആക്രോശ്‌ റാലിയിൽ മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരായ പോരാട്ട കാഹളമുയരും.


രാംലീല മൈതാനിയിലെ ജൻ ആക്രോശ്‌ റാലിയെ സിപിഐ എമ്മിന്റെ ദേശീയ നേതാക്കൾ അഭിസംബോധന ചെയ്യും. ജമ്മു കശ്‌മീർ മുതൽ ജാർഖണ്ഡ്‌ വരെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരാണ്‌ റാലിക്കെത്തുക. വീടുവീടാന്തരം കയറിയുള്ള പ്രചാരണമടക്കം മാസങ്ങൾ നീണ്ട മുന്നൊരുക്കം ജൻ ആക്രോശ്‌ റാലിക്കായി പാർടിയുടെ ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ നടത്തിയിരുന്നു.


ഫെബ്രുവരി 27 മുതൽ മാർച്ച്‌ 20 വരെയുള്ള കാലയളവിൽ 33 ജാഥകൾ റാലിയുടെ പ്രചാരണാർഥം സംഘടിപ്പിച്ചു. ജമ്മു കശ്‌മീരിനും ജാർഖണ്ഡിനും പുറമെ ഹിമാചൽ, പഞ്ചാബ്‌, ഹരിയാന, ഉത്തരാഖണ്ഡ്‌, യുപി, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഛത്തിസ്‌ഗഡ്‌ എന്നിവിടങ്ങളിലായി പതിനായിരങ്ങൾ ജാഥകളിൽ അണിനിരന്നു. ആയിരത്തിലേറെ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ വിവിധ പരിപാടികളിൽ പങ്കാളികളായി. 35,000 കൈപ്പുസ്‌തകങ്ങളും പത്തുലക്ഷം ലഘുലേഖകളും വിതരണം ചെയ്‌തു. ജാഥകൾക്കൊപ്പം സഞ്ചരിച്ച സാംസ്‌കാരിക സംഘങ്ങൾ മോദി സർക്കാരിന്റെ ദുർഭരണം പ്രമേയമാക്കിയുള്ള തെരുവുനാടകങ്ങളും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചു.


വർഗീയതയും കോർപറേറ്റ്‌ പ്രീണനവും സമാസമം ചേരുന്ന ബിജെപി ഭരണം സാധാരണക്കാരുടെ ജീവിതത്തെ ഏതെല്ലാം വിധം നാശത്തിലേക്ക്‌ തള്ളിവിടുന്നുവെന്ന്‌ ബോധ്യപ്പെടുത്തിയാണ്‌ ജാഥകൾ പുരോഗമിച്ചത്‌. പുതിയ തൊഴിൽ ചട്ടങ്ങൾ ജാഥകളിൽ പ്രധാനവിഷയമായി.


തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ കവരുന്നതാണ്‌ പുതിയ ചട്ടങ്ങളെന്ന്‌ നേതാക്കൾ വിശദീകരിച്ചു. തൊഴിൽ ചൂഷണത്തിലുടെ വൻകിട കോർപറേറ്റുകളുടെ കൊള്ളലാഭം വർധിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണ്‌ തൊഴിൽ ചട്ടങ്ങൾക്ക്‌ പിന്നിലെന്നും ജാഥകളിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ്‌ പദ്ധതിയുടെ അട്ടിമറിയും മുഖ്യമായും പ്രതിപാദിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗമാണ്‌ തൊഴിലുറപ്പ്‌ പദ്ധതി. വർഷം കുറഞ്ഞത്‌ നൂറുദിവസം തൊഴിൽ എന്ന അവകാശത്തെ പുതിയ പദ്ധതി എങ്ങനെയെല്ലാം അട്ടിമറിച്ചുവെന്ന വിശദീകരണം ജാഥകളിലുണ്ടായി. പദ്ധതി ചെലവിന്റെ ബാധ്യതയിൽനിന്ന്‌ കേന്ദ്ര സർക്കാർ തന്ത്രപൂർവം പിൻവാങ്ങിയതും സംസ്ഥാനങ്ങൾക്കുമേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിച്ചതും വിവരിച്ചാണ്‌ ജാഥകൾ മുന്നേറിയത്‌.


വൈദ്യുതി മേഖലയെ അപ്പാടെ സ്വകാര്യവൽക്കരിക്കാനും കർഷകർക്ക്‌ ഗുണകരമായ ക്രോസ്‌സബ്‌സിഡി അട്ടിമറിക്കാനും വൈദ്യുതി നിയമങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതിയും ജാഥകളിൽ പ്രധാനവിഷയമായി. വിത്തുകൾക്കുമേൽ കർഷകർക്കുള്ള അവകാശത്തെ ഇല്ലാതാക്കിയും വിത്തുമേഖലയെ അപ്പാടെ കോർപറേറ്റുകൾക്ക്‌ തീറെഴുതിയുമുള്ള വിത്ത്‌ ഭേദഗതി ബില്ലും ജൻ ആക്രോശ്‌ ജാഥകൾ ചർച്ചാവിഷയമാക്കി. കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട സംരംഭങ്ങൾക്കുമെല്ലാം ദോഷം ചെയ്യുന്ന ഇന്ത്യ– യുഎസ്‌ വ്യാപാര കരാർ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്ന ആവശ്യവും ജാഥകൾ മുന്നോട്ടുവച്ചു.


ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ സിപിഐ എം ജാഥകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെയാണ്‌ പശ്‌ചിമേഷ്യയെ അപ്പാടെ യുഎസും ഇസ്രയേലും ചേർന്ന്‌ സംഘർഷത്തിലേക്ക്‌ തള്ളിവിട്ടത്‌. ഇറാന്‌ നേരെയുള്ള യുഎസ്‌– ഇസ്രയേൽ കടന്നാക്രമണത്തിനെതിരായ പ്രതിഷേധം ജാഥകളിൽ അലയടിച്ചു. പശ്‌ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച ഉ‍ൗർജ പ്രതിസന്ധിയും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന്‌ സംഭവിച്ച ഗുരുതര വീഴ്‌ചയും ജാഥകൾ ജനങ്ങളിലേക്ക്‌ എത്തിച്ചു. എൽപിജി വരവ്‌ നിലച്ചതോടെ രാസവള ക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്കയിലാണ്‌ കർഷകർ. വിളകൾക്ക്‌ മിനിമം താങ്ങുവിലപോലും ഉറപ്പാക്കാത്ത സർക്കാരിന്റെ കർഷകദ്രോഹ സമീപനത്തിനെതിരായ പ്രതിഷേധംകൂടിയായി ജാഥകൾ മാറി.


ഭഗത്‌ സിങ്ങിന്റെയും രാജ്‌ഗുരുവിന്റെയും സുഖ്‌ദേവിന്റെയും രക്തസാക്ഷിത്വ ദിനത്തിന്‌ പിന്നാലെയാണ്‌ രാംലീല മൈതാനിയിലെ ജൻ ആക്രോശ്‌ റാലി. ഫെബ്രുവരി 12 ന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ സംഘടിപ്പിച്ച അഖിലേന്ത്യ പണിമുടക്ക്‌ സർക്കാരിന്‌ വലിയ താക്കീതായി മാറിയിരുന്നു. കർഷക– കർഷക തൊഴിലാളി സംഘടനകൾകൂടി പിന്തുണച്ച പണിമുടക്ക്‌ പകർന്നുനൽകിയ ആവേശംകൂടി ഉൾക്കൊണ്ടാണ്‌ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്ന്‌ ആയിരങ്ങൾ കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക്‌ നീങ്ങിയത്‌. ബിജെപി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ നാളെകളിലെ പ്രക്ഷോഭങ്ങൾക്ക്‌ ഉ‍ൗർജമായി സിപിഐ എമ്മിന്റെ ജൻ ആക്രോശ്‌ റാലി മാറുമെന്ന്‌ തീർച്ച.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home