ജനാധിപത്യത്തിന് കാവൽനിന്ന ജീവിതം

അശോകൻ ചരുവിൽ

അശോകൻ ചരുവിൽ
Published on May 11, 2025, 09:46 PM | 3 min read
നവോത്ഥാനവും ദേശീയപ്രസ്ഥാനവും രൂപംനൽകിയ ജനാധിപത്യമൂല്യങ്ങളുടെ പ്രതിരൂപമായിരുന്നു സുകുമാർ അഴീക്കോട്. വേദികളിൽ അലയടിച്ച ആ വാക്കിന്റെ അഭാവം കഴിഞ്ഞ 13 വർഷം കേരളം കൃത്യമായി അനുഭവിച്ചിട്ടുണ്ട്. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്‌ദി വർഷമാണ് 2025-– 26. 1926 മെയ് 12ന് ആരംഭിച്ച ആ മഹത് ജീവിതം 2012 ജനുവരി 24ന് അവസാനിച്ചു.
20 വയസ്സിലെ ഒരനുഭവത്തെ മുൻനിർത്തിയാണ് അഴീക്കോട് തന്റെ ആത്മകഥ ആരംഭിക്കുന്നത്. അന്ന് വാർധയിൽ പോയി മഹാത്മാഗാന്ധിയെ കണ്ടതിന്റെ വിവരണമാണ്. ജനനമല്ല; ആ കൂടിക്കാഴ്ചയാണ് തന്റെ ശരിയായ തുടക്കമെന്ന് അദ്ദേഹം കരുതുന്നു. സത്യത്തിൽ ആ 20 വയസ്സിനിടയ്ക്ക് സുകുമാർ അഴീക്കോട് ഏതാണ്ടൊക്കെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബിരുദം സമ്പാദിച്ചു. ധാരാളം ലേഖനങ്ങളും കുറച്ച് പുസ്തകങ്ങളും എഴുതിയിരുന്നു. സർദാർ പട്ടേലിന്റെ വലംകൈയായിരുന്ന വി പി മേനോനുള്ള ശുപാർശക്കത്തുമായി ഡൽഹിക്കു പോയതാണ്. മടങ്ങുംവഴിക്കാണ് വാർധയിൽ ചെന്നത്.
ഡൽഹിയിൽ വി പി മേനോനിൽനിന്ന് അനുകൂലമായ മറുപടിയാണ് അഴീക്കോടിന് കിട്ടിയത്. ഏതാനും ദിവസം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അന്നത്തെ ഡൽഹിയെ അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നില്ല. അതിനടുത്തെത്തിയിരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ ഭരണം നടത്തുന്നു. അഴിമുഖത്തോടടുക്കുമ്പോൾ പുഴയുടെ രൂപം മാറുമല്ലോ. അധികാരത്തിനടുത്ത് എത്തിനിൽക്കുന്ന തന്റെ രാഷ്ട്രീയകക്ഷിയിലും നേതാക്കളിലും വന്ന മാറ്റം ക്രാന്തദർശിയായ അഴീക്കോടിന്റെ മനസ്സിൽ പതിഞ്ഞിരിക്കണം. അദ്ദേഹം മേനോന്റെ മറുപടിക്ക് കാത്തുനിൽക്കാതെ മടങ്ങി.
വാർധയിലെത്തിയ അഴീക്കോടിന് ഗാന്ധിജിയോട് സംസാരിക്കാൻ കഴിഞ്ഞില്ല. മഹാത്മജി ആ ദിവസത്തിൽ മൗനവ്രതത്തിലായിരുന്നു. പക്ഷേ, അതിവേഗത്തിൽ ചർക്ക തിരിച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധരൂപത്തിന്റെ ദൃശ്യം ഒരു സന്ദേശമായി അഴീക്കോട് സ്വീകരിച്ചു. ചരിത്രം വായിച്ചവർക്കറിയാം അക്കാലത്ത് ഗാന്ധിജി അനുഭവിച്ചുകൊണ്ടിരുന്ന ആത്മസംഘർഷങ്ങൾ. ദേശീയവിമോചനസമരം ഫലപ്രാപ്തിയിലെത്തുന്നു. എന്നാൽ, സമരത്തിലൂടെ ഐക്യപ്പെട്ട് രൂപമെടുത്ത രാഷ്ട്രം മുറിയുകയാണ്. ആ മുറിവിൽനിന്ന് ചോരയൊഴുകുന്നു. ഒറ്റപ്പാലവും പയ്യന്നൂരും കയ്യൂരും ഉൾപ്പെടുന്ന മലബാറിൽനിന്നെത്തിയ വിവേകശാലിയായ യുവാവിന് ഗാന്ധിജിയുടെ അന്നത്തെ മൗനത്തെ വായിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
സ്വാതന്ത്ര്യസമ്പാദത്തിന് തൊട്ടുമുമ്പും പിമ്പുമായി (1946-–- 48) മഹാത്മജിയും അമ്മട്ടിൽത്തന്നെ രാജ്യവും അനുഭവിച്ച ആത്മസംഘർഷത്തിന്റെ വേദന തന്റെ ജീവിതാന്ത്യംവരെ അഴീക്കോട് എന്ന എഴുത്തുകാരനിലും പ്രഭാഷകനിലും അന്തർലീനമായിരുന്നു. മന്ദസ്ഥായിൽ തുടങ്ങി ഉയർന്നും താഴ്‌ന്നും ഗതിവേഗമാർജിക്കുന്ന വാക്കുകളുടെ താളം സംവിധാനം ചെയ്തത് ആ വേദനയാണ്. പ്രസംഗമധ്യേ പറയുന്ന തമാശകൾപോലും ആ വേദനയുടെ കണ്ണീരു പുരണ്ടതായിരുന്നു. ഒരുകാലത്ത് തന്റെ പ്രതീക്ഷയായിരുന്ന കോൺഗ്രസ് പാർടിയെ നഖശിഖാന്തം ആക്രമിച്ചശേഷം അദ്ദേഹം സദസ്യരോട് മെല്ലെ ചോദിക്കുക പതിവുണ്ട്: "ഞാനിത് സന്തോഷത്തോടെ പറയുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ. അതിയായ വേദനയാണ് ഈ സമയം എന്റെ ഹൃദയത്തിലുള്ളത്.’
അദ്ദേഹം അനുഭവിച്ചത് വിശ്വാസത്തകർച്ചയുടെ പ്രതിസന്ധിയാണ്. സ്വാതന്ത്ര്യാനന്തരം ജീവിക്കാൻ ഭാഗ്യമോ നിർഭാഗ്യമോ ലഭിച്ച സ്വാതന്ത്ര്യസമര സേനാനികളും അവരെ ആരാധിച്ചു വളർന്ന അഴീക്കോടിന്റെ തലമുറയും അനുഭവിച്ച മനഃസംഘർഷമാണത്. തായാട്ട് ശങ്കരന്റെ ജീവിതയാത്രയും ഇതിന് സമാനമായി നമുക്ക് കാണാനാകും. ദേശീയസമരം രൂപപ്പെടുത്തിയ ജനാധിപത്യമൂല്യങ്ങൾ പാടെ ബലികഴിക്കുന്ന ഭരണസംവിധാനത്തെയും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയപാർടിയെയും അവർക്ക് കാണേണ്ടി വന്നു. അവശിഷ്ട ഫ്യൂഡൽ ഘടനയുമായി സമരസപ്പെട്ടുകൊണ്ടാരംഭിച്ച ദുരന്തം പിന്നീട് നാവടക്കാൻ പറഞ്ഞ അടിയന്തരാവസ്ഥ ഭീകരതയോടെ പൂർത്തിയായി. ഗാന്ധിജിയെ കണ്ണുനീർത്തുള്ളിപോലെ മനസ്സിൽ പ്രതിഷ്ഠിച്ച് അതിന്റെ കരുത്തിലാണ് അനീതികൾക്കും അഴിമതിക്കുമെതിരെ അഴീക്കോട് നിരന്തരം കലഹിച്ചത്.
ഗാന്ധിജി എന്നപോലെ ശ്രീനാരായണഗുരുവും ഒരു ദുഃഖമായാണ് അഴീക്കോടിന്റെ മനസ്സിൽ ജ്വലിച്ചത്. "ഗുരുവിന്റെ ദുഃഖം’ എന്നൊരു പുസ്‌തകംതന്നെ ഉണ്ടല്ലോ. ദേശീയപ്രസ്ഥാനംപോലെ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനവും അതിന്റെ അവശിഷ്ട സംഘടനാരൂപങ്ങളുടെയും സമകാലിക നടത്തുപടിക്കാരുടെയും കൈയാൽ അപമാനിക്കപ്പെടുന്നതിന്റെ വേദന അഴീക്കോട് പ്രകടിപ്പിക്കുന്നു. ഗുരുവിനെ ദൈവവും പ്രതിമയുമാക്കി അവതരിപ്പിച്ച് ആരാധിച്ചും ആഘോഷിച്ചും തമസ്‌കരിക്കാൻ ശ്രമിച്ചവരെ ആദ്യം കൈയോടെ പിടികൂടിയത് അഴീക്കോടാണ്. അദ്ദേഹം എഴുതി: ‘ഗുരുവിനെ കണ്ണടച്ചാരാധിച്ചാൽ ഉണ്ടാകുന്ന ഇരുട്ടിൽ ഗുരു ഇല്ലാതാകും. ഗുരുവിനെ അവതാരമാക്കുമ്പോൾ ഭക്തന്റെ കണ്ണടയുന്നു. കണ്ണടയുമ്പോൾ ഗുരു ദൈവമാകുന്നു. അപ്പോൾ ഗുരു ആഘോഷവസ്തുവായി മാറുന്നു. ശ്രീനാരായണാഘോഷമാണല്ലോ ഇന്ന് നാട്ടിലെ പ്രധാനപ്പെട്ട ശ്രീനാരായണീയ പ്രവർത്തനം. മനുഷ്യമഹത്വത്തിന്റെ അന്തിമമായ വ്യർഥതയുടെ ചരമവാക്യമാകാം ഇത്. മഹത്വം അൽപ്പത്തത്തിന്റെ മുന്നിൽ നിസ്സഹായമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.' (ഗുരുവിന്റെ ദുഃഖം).
"കുഞ്ഞിന്റെ പിറന്നാളാഘോഷത്തിന് വന്ന അതിഥിയുടെ വിഴുപ്പുകെട്ടിനടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചുപോയതുപോലെയാണ്’ നാരായണഗുരു എന്ന അവലംബം കേരളത്തിന് നഷ്‌ടമാകുന്നതെന്നും അദ്ദേഹം അതേ പുസ്‌തകത്തിൽ എഴുതി. മുണ്ടശ്ശേരിക്കുശേഷം അസാമാന്യമായ അപഗ്രഥനശേഷിയോടെ സാഹിത്യത്തെ സമീപിച്ച വിമർശകനെന്ന നിലയ്‌ക്കാകാം പുസ്‌തകവായനക്കാർ അഴീക്കോടിനെ വിലയിരുത്തുക. പക്ഷേ, സാഹിത്യവിമർശം അതിനു വിധിച്ച പരിമിതലോകത്ത് ചുറ്റിത്തിരിയാതെ സാംസ്‌കാരികവിമർശവും സാമൂഹ്യവിമർശവുമായി ഉയർന്നുവന്നതിന്റെ വിസ്‌മയമാണ് മുണ്ടശ്ശേരിയിലെന്നപോലെ അഴീക്കോടിലും നമുക്ക് കാണാനാകുക. സാഹിത്യം നൽകിയ മൂല്യബോധവും നിരീക്ഷണവൈഭവവും സമൂഹത്തിന് ദിശാബോധം നൽകുകയാണിവിടെ. നീണ്ടകാലം ആ ശബ്ദം പലവിധ ഇടർച്ചകളിൽനിന്ന് കേരളത്തെ രക്ഷിച്ചു. ദേശീയപ്രസ്ഥാനത്തിന് എതിരുനിന്ന ശക്തികൾ ഇന്ന് രാജ്യം ഭരിക്കുമ്പോൾ അഴീക്കോടിന്റെ അസാന്നിധ്യം നമുക്ക് കൂടുതൽ അനുഭവപ്പെടുന്നുണ്ട്. ജനാധിപത്യത്തിന് കാവൽനിന്നുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച ആശയപ്രപഞ്ചം ഇക്കാലത്തെ ജനകീയപ്രതിരോധത്തിന്റെ അവലംബമാകും എന്നതിൽ സംശയമില്ല.














