പറഞ്ഞത് സതീശൻ, പൊട്ടിച്ചത് ആന്റണി


സി കെ ദിനേശ്
Published on Sep 24, 2025, 10:56 PM | 2 min read
എൺപത്തഞ്ചുവയസ്സുള്ള എ കെ ആന്റണി വർഷങ്ങൾക്കുശേഷം സെപ്തംബർ 17ന് വാർത്താസമ്മേളനം വിളിച്ചപ്പോൾ, തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകരിൽമാത്രമല്ല രാഷ്‌ട്രീയവൃത്തങ്ങളിലും വലിയ ചർച്ചയായി. നിയമസഭയിൽ യുഡിഎഫ് സർക്കാരുകളുടെ കാലത്തെ പൊളിഞ്ഞുപാളീസായ പൊലീസ് ഭരണം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയാനാണ് പുറപ്പാടെന്ന് ചാനലുകൾ. രാഷ്‌ട്രീയചരിത്രം അറിയാവുന്ന ആർക്കും പക്ഷേ, അത് ദഹിച്ചില്ല. കാരണം ആന്റണി ഇന്നുവരെ സ്വന്തം ഇമേജ് കാക്കാനല്ലാതെ മറ്റൊന്നിനും മെനക്കെട്ടിട്ടില്ല. എല്ലാ യുഡിഎഫ് സർക്കാരുകളുടെയും പൊലീസ് നടപടികളെ ന്യായീകരിക്കാൻ ഒരു കാരണവശാലും ഇറങ്ങുകയുമില്ല. വാർത്താസമ്മേളനത്തോടെ അത് വ്യക്തമാവുകയും ചെയ്തു. കെപിസിസി നേതൃത്വം ഒന്നടങ്കം ഞെട്ടിത്തരിച്ച വിഷയങ്ങളാണ് ആന്റണി മുന്നോട്ടുവച്ചത്.
‘ശിവഗിരിയിലെ പൊലീസ് നടപടി, മുത്തങ്ങയിലെ പൊലീസ് വെടിവയ്പ് തുടങ്ങിയ സംഭവങ്ങൾ തന്റെ കാലത്താണ് നടന്നത്. രണ്ട് സംഭവങ്ങളിലുമുണ്ടായ പൊലീസ് നടപടിയിൽ ഖേദമുണ്ട്. എന്നാൽ, താൻ അതിൽ കുറ്റക്കാരനാണെന്ന തരത്തിൽ നിയമസഭയിലടക്കം ചർച്ച വന്നപ്പോൾ ആരും പ്രതിരോധിച്ചില്ല. ഇൗ സംഭവങ്ങളിലെ അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ പുറത്തുവിടണം’– എന്നതായിരുന്നു വാർത്താസമ്മേളനത്തിന്റെ രത്നച്ചുരുക്കം.
തന്റെ കാലത്തെ പൊലീസ് നടപടികളിന്മേൽ ഇത്രയേറെ ചർച്ചയും വിമർശവും ഉണ്ടായിട്ടും തനിക്കുവേണ്ടി ഒരു കോൺഗ്രസ് നേതാവുപോലും സംസാരിക്കാത്തതിലുള്ള പ്രതിഷേധമാണ് ആന്റണി പ്രകടിപ്പിച്ചത്
ഏതൊരാൾക്കും ഇന്റർനെറ്റിൽ പരതിയാൽ ലഭ്യമാകുന്ന അന്വേഷണ റിപ്പോർട്ടുകൾ വീണ്ടും പുറത്തുവിടണമെന്നതായിരുന്നില്ല; സ്വന്തം പാളയംതന്നെയായിരുന്നു ഉന്നം. തന്റെ കാലത്തെ പൊലീസ് നടപടികളിന്മേൽ ഇത്രയേറെ ചർച്ചയും വിമർശവും ഉണ്ടായിട്ടും തനിക്കുവേണ്ടി ഒരു കോൺഗ്രസ് നേതാവുപോലും സംസാരിക്കാത്തതിലുള്ള പ്രതിഷേധമാണ് ആന്റണി പ്രകടിപ്പിച്ചത്. മാത്രമല്ല, കോൺഗ്രസുകാർ ഒരിക്കലും ചർച്ചയാക്കാൻ ആഗ്രഹിക്കാത്ത ശിവഗിരി, മുത്തങ്ങ, മാറാട് വിഷയങ്ങൾ വീണ്ടും ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്തു.
സോണിയകുടുംബവുമായി അടുത്തബന്ധം പുലർത്തുന്ന ആന്റണി, നിലവിലുള്ള നേതൃത്വത്തിന്റെ പിടിപ്പുകേടുകളിലേക്കും പരാജയത്തിലേക്കുമാണ് വിരൽചൂണ്ടിയത്. കൂടുതൽ കാര്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വെളിപ്പെടുത്തുമെന്നും! ഇതൊന്നും വെറും നേരംപോക്കല്ലെന്ന് ഉടനെ തെളിയുമെന്നും ആന്റണിയോട് അടുപ്പമുള്ളവർ കണക്കുകൂട്ടുന്നു.
എന്നാൽ, ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കടുത്ത രോഷത്തിലുമാണ്. കോൺഗ്രസിനെ മുൾക്കിരീടം അണിയിച്ച ശിവഗിരിയിലെ നരവേട്ട, മുത്തങ്ങയിലെ അനാവശ്യമായ വെടിവയ്പും നടപടികളും മാത്രമല്ല, മാറാട് കലാപവും വീണ്ടും പൊതുചർച്ചയാക്കേണ്ടിയിരുന്നില്ല എന്നാണ് വിമർശം. മുതിർന്ന നേതാവിനെപ്പോലും യഥാസമയത്ത് സംരക്ഷിക്കാൻ നേതൃത്വത്തിന് കഴിവില്ലെന്ന് പറഞ്ഞത് നേതൃത്വത്തെ അട്ടിമറിക്കാൻ പാർടിയിൽ നിൽക്കുന്നവർക്ക് വളമായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനപരാതികൾ അടക്കം സമീപകാലത്ത് അകപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധികളുടെ നടുവിൽ നിൽക്കുന്പോഴാണ് പുതിയൊരു കീറാമുട്ടി എടുത്തിട്ട് കോൺഗ്രസിനെത്തന്നെ ആന്റണി പ്രതിസന്ധിയിലാക്കിയത്.

ശിവഗിരിയിലും മാറാടും ആന്റണിസർക്കാർ സംഘപരിവാറിനെ സഹായിച്ചുവെന്ന് അന്നേ ആക്ഷേപമുള്ളതാണ്. ചില കോൺഗ്രസ് നേതാക്കളും അത് ശരിവയ്ക്കുന്നു. ആന്റണിയുടെ നിലപാടുകളുടെ ബാക്കിപത്രമാണ് മകന്റെ ബിജെപി പ്രവേശമെന്നടക്കമുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമാണ്.
മുതിർന്ന വർക്കിങ് കമ്മിറ്റി അംഗമായ ആന്റണി, നേതൃതലത്തിൽ വരാൻപോകുന്ന മാറ്റങ്ങളുടെ സൂചനയാണ് നൽകിയതെന്നും നേതാക്കൾ പറയുന്നു. മുന്പും നിർണായകഘട്ടങ്ങളിൽ ചില സംഘപരിവാർ അനുകൂല പ്രസ്താവനകളിലൂടെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുകയും അതിന്റെ തുടർച്ചയായി നേതൃതലത്തിൽ മാറ്റങ്ങൾ വന്നതും ചരിത്രം.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ അനർഹമായ അവകാശങ്ങൾ വെട്ടിപ്പിടിക്കുന്നു, ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രസ്താവിച്ചത്; ‘ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ സംഘടിതശക്തി ഉപയോഗിച്ച് വിലപേശാമെന്നും സര്‍ക്കാരിനെക്കൊണ്ട് എന്തും ചെയ്യിക്കാമെന്നുമുള്ള ധാരണ തിരുത്തണം. ഗള്‍ഫ് പണമാണ് ന്യൂനപക്ഷ സമുദായങ്ങളെ സംഘടിതശക്തിയാക്കുന്നത്. അവരുടെ നേതാക്കള്‍ കൂടുതല്‍ സംയമനം പാലിക്കണം.' ഇത് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് വൻ തലവേദന സൃഷ്ടിച്ചു. തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുമുണ്ടായി.
എന്നാൽ, കോൺഗ്രസ് ഏറ്റവും ദുർബലമായി നിൽക്കുന്ന അവസ്ഥയിലാണ് നേതൃത്വത്തിന്റെ പിടിപ്പുകേടുകളെ പരസ്യമായി ഓർമിപ്പിക്കേണ്ടി വരുന്നത്. അതുതന്നെയാണ് ഒട്ടും മുന്നോട്ടുപോകാനാകാത്തവിധം, കേരളത്തിൽ കോൺഗ്രസ് നേരിടുന്ന വൻപ്രതിസന്ധിയും.
ഇപ്പൊ പൊട്ടിക്കുമെന്ന് വി ഡി സതീശൻ ഭീഷണിപ്പെടുത്തിയ ‘ബോംബു’കൾ ഏറുപടക്കമായി ഒടുങ്ങി. പക്ഷേ, ആന്റണിയാണ് യഥാർഥ ബോംബ് പൊട്ടിച്ചത്. അത് വീണതാകട്ടെ, യുഡിഎഫ് പാളയത്തിൽത്തന്നെയും.














