ad
Deshabhimani

Articles

ഇറാൻ ജനതയുടെ ചെറുത്തുനിൽപ്പ്‌

ഇറാൻ ജനതയുടെ ചെറുത്തുനിൽപ്പ്‌

US Israel.jpg

യുഎസ്– ഇസ്രയേൽ സഖ്യം ഇറാനിലെ സ്‌കൂളിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ |ഫോട്ടോ: എഎഫ്പി

എം വി ​ഗോവിന്ദൻ

Published on Apr 30, 2026, 12:00 AM | 4 min read

അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചിട്ട് രണ്ടുമാസം പൂർത്തിയായി. യുദ്ധം 40 ദിവസം പിന്നിട്ടപ്പോഴാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രണ്ടാഴ്ചയ്‌ക്കുശേഷം വെടിനിർത്തൽ അനിശ്ചിതമായി നീട്ടാനും അമേരിക്ക നിർബന്ധിതമായി. ഹോർമുസ് കടലിടുക്കിന് നാവിക ഉപരോധമേർപ്പെടുത്തി ഇറാനുനേരെയുള്ള യുദ്ധം പുനരാരംഭിക്കുമെന്ന പ്രതീതി സൃഷ്ടിച്ച ട്രംപ്, വെടിനിർത്തൽ നീട്ടാനാണ് അന്തിമമായി തീരുമാനിച്ചത്. ഏപ്രിൽ 11നാണ് ആദ്യ വെടിനിർത്തൽ നിലവിൽവന്നത്. ഏപ്രിൽ 25ഓടെ അത് അവസാനിക്കേണ്ടതായിരുന്നു. അതാണിപ്പോൾ അനിശ്ചിതകാലത്തേക്ക് നീട്ടിയത്. അമേരിക്കൻ അവകാശവാദങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. തന്റെ സമൂഹമാധ്യമത്തിലൂടെ ട്രംപ് അമേരിക്കൻ വിജയം ഉദ്ഘോഷിക്കുമ്പോഴും പേർഷ്യൻ ഗൾഫിലെ യാഥാർഥ്യം മറ്റൊന്നാണ്. അവിടെ ഇറാനാണ് മേൽക്കൈ.

എളുപ്പം ലക്ഷ്യംകാണാമെന്ന് പ്രതീക്ഷിച്ചാണ് അമേരിക്ക ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ സമ്മർദവും ട്രംപിന്റെ മതിഭ്രമവും യുദ്ധത്തിന് കാരണമായെന്ന് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നു. സാമ്രാജ്യത്വവും യുദ്ധവും സയാമീസ് ഇരട്ടകളാണെന്ന ലെനിന്റെ നിരീക്ഷണമാണ് ഇവിടെയും പ്രസക്തം.


ഒരുമിച്ചു, അധിനിവേശത്തിനെതിരെ


​ഇറാന്റെ രാഷ്ട്രീയനേതൃനിരയെ വധിക്കുന്നതോടെ അവിടെ ആഭ്യന്തരകലാപം ഉടലെടുക്കുമെന്ന സിഐഎയുടെയും മൊസാദിന്റെയും വിശകലനം ശരിയാകുമെന്ന പ്രതീക്ഷയും അമേരിക്കയ്ക്ക്‌ ഉണ്ടായിരുന്നു. ആക്രമണം തുടങ്ങിയ ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും ഭൂരിപക്ഷം കുടുംബാംഗങ്ങളെയും വധിച്ചെങ്കിലും അമേരിക്ക പ്രതീക്ഷിച്ച ആഭ്യന്തരകലാപമോ ഭരണമാറ്റമോ നേടാനായില്ല. വിദേശ നുകത്തിനുകീഴിൽ അധികമൊന്നും കഴിയാത്ത, 5000 വർഷത്തിലധികം നീണ്ട സാംസ്‌കാരിക പാരമ്പര്യമുള്ള ഇറാൻജനത, സാമ്രാജ്യത്വ ആക്രമണത്തിനെതിരെ ഭരണാധികാരികൾക്കൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. ഇസ്ലാമിക ഭരണകേന്ദ്രത്തോട് ജനങ്ങൾക്ക് പല കാര്യങ്ങളിലും എതിർപ്പുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച്, അമേരിക്ക–-ഇസ്രയേൽ അധിനിവേശത്തിനെതിരെ അവർ ആവേശത്തോടെ അണിനിരന്നു.


​പരമോന്നത നേതാവിനെയും പിന്നീട് അലി ലാറിജാനിയെപ്പോലുള്ള പ്രമുഖരെയും വധിച്ചത് ഇറാന്റെ ചെറുത്തുനിൽപ്പിനെ ഒരുതരത്തിലും തളർത്തിയില്ല. കൊല്ലപ്പെട്ട അലി ഖമനേയിയുടെ മകനും ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്ത മൊജ്താബ ഖമനേയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. ഇറാന്റെ രാഷ്ട്രീയനേതൃത്വത്തെ അമേരിക്കയല്ല, ഇറാൻതന്നെയാണ് തെരഞ്ഞെടുക്കുകയെന്ന സന്ദേശമാണ് ഇതുവഴി നൽകിയത്. ഓരോ ആളും കൊല്ലപ്പെട്ടാൽ അതിനുപകരമാര് എന്ന ചോദ്യത്തിന് അരഡസനോളം സൈനിക, രാഷ്ട്രീയ നേതൃത്വത്തെ ഇറാൻ നിശ്ചയിച്ചിട്ടുണ്ടെന്ന മാധ്യമവാർത്തകളും പുറത്തുവന്നു. 2003ലെ അമേരിക്കയുടെ ഇറാഖ്‌ ആക്രമണത്തിനുശേഷം അടുത്ത ഇര തങ്ങളാണെന്ന തിരിച്ചറിവോടെ അമേരിക്കയുമായുള്ള ഏറ്റുമുട്ടലിന് എല്ലാ തയ്യാറെടുപ്പും രണ്ടുദശാബ്ദമായി ഇറാൻ നടത്തുകയായിരുന്നുവെന്ന് ദിവസം കഴിയുംതോറും വ്യക്തമാകുന്നു.


ഭീഷണിക്കും സമ്മർദത്തിനും വഴങ്ങില്ല


​ഇറാന്റെ സൈനികശേഷി പൂർണമായും നശിപ്പിച്ച് യുദ്ധവിജയം നേടിയെന്ന് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും അവകാശപ്പെടുമ്പോഴും ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറന്നുകൊടുക്കാൻ അവർക്കായിട്ടില്ല. ലോകത്ത്‌ വിനിമയം ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് ഇപ്പോഴും ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ പൂർണനിയന്ത്രണത്തിലാണ്. യുദ്ധത്തിന്റെ ഗുരുത്വകേന്ദ്രമെന്ന് പറയുന്നത് ഹോർമുസ് കടലിടുക്കാണ്. കേരളത്തിന്റെ അടുക്കളയിൽപ്പോലും അതിന്റെ ഫലമായി ഉണ്ടായ ഇന്ധനക്ഷാമം പ്രതിഫലിച്ചു. ലോകമെങ്ങും എണ്ണവില കുതിച്ചു. പാചകവാതകക്ഷാമം രൂക്ഷമായി. അമേരിക്കയിൽപ്പോലും ജനങ്ങൾ ട്രംപിനെതിരെ തിരിഞ്ഞുതുടങ്ങി. ഇതുവരെ വിദേശ വാണിജ്യ കപ്പലുകൾക്ക് യഥേഷ്ടം പോകാമായിരുന്ന കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാക്കിയെന്നതാണ് യുദ്ധത്തിന്റെ ഫലം.


​പരാജയപ്പെട്ട ഇറാൻ ഒത്തുതീർപ്പിനായി കേഴുകയാണെന്ന് ട്രംപ് ആവർത്തിക്കുമ്പോഴും രണ്ടാംവട്ട ഇസ്ലാമാബാദ് ചർച്ചയ്ക്ക് പ്രതിനിധിസംഘത്തെ അയക്കാൻ ഇറാൻ തയ്യാറായില്ല. രണ്ടാംവട്ട ചർച്ചയ്ക്കായി അമേരിക്കൻ സംഘം ഉടൻ പുറപ്പെടുകയാണെന്ന് ട്രംപ് അറിയിച്ചെങ്കിലും പിന്നീടത് പിൻവലിക്കേണ്ടിവന്നു. ഇതേസമയം, ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ചി ഇസ്ലാമാബാദ് സന്ദർശിക്കുകയും പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് അറാഗ്ചി ഒമാൻ സന്ദർശിച്ചശേഷം ഇസ്ലാമാബാദിലേക്ക് തിരിച്ചുവരികയും പിന്നീട് മോസ്‌കോയിൽ പോയി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തുകയും ചെയ്‌തു. ഇതെല്ലാം തെളിയിക്കുന്നത് അമേരിക്കയുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങി മുന്നോട്ടുപോകാൻ ഇറാൻ തയ്യാറല്ല എന്നതാണ്.


സമാധാനത്തിന്‌ തടസ്സം അമേരിക്ക


​ഹോർമുസിൽ അമേരിക്കൻ നാവികസേന നടത്തിയ ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന സമീപനമാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്. അതുമാത്രമല്ല, ആണവപദ്ധതി സംബന്ധിച്ച ചർച്ച നീട്ടിവയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് 2015ൽ അമേരിക്കയുമായി കരാർ ഒപ്പിട്ടിരുന്നു. അത് പിച്ചിച്ചീന്തിയത് ട്രംപാണ്. അതിനാൽ അതേ ട്രംപ് നയിക്കുന്ന അമേരിക്കയുമായി ആ വിഷയം ചർച്ച ചെയ്യുന്നതിലെ അർഥശൂന്യതയാണ് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഒരുകാര്യത്തിലും സ്ഥിരതയില്ലാത്ത അമേരിക്കൻ പ്രസിഡന്റിനെ വിശ്വസിക്കാൻ കഴിയില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി. അമേരിക്കൻ ഭീഷണിയുടെ നിഴലിൽ അനുരഞ്ജനസംഭാഷണം നടത്താൻ താൽപ്പര്യമില്ലെന്ന്, ഇറാൻ പാർലമെന്റ് (മജ്‌ലിസ്‌) സ്‌പീക്കറും ഒത്തുതീർപ്പുസംഭാഷണത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന മുഹമ്മദ് ബഗേർ ഗാലിബാഫ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഇസ്ലാമാബാദിൽ ഒന്നാംവട്ട ചർച്ച നടക്കുകയും ഇറാൻ ഹോർമുസ് തുറക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്ക നാവിക ഉപരോധവുമായി രംഗത്തുവന്നത്. ഇറാന്റെ തുറമുഖങ്ങൾക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ ഹോർമുസ് വീണ്ടും അടയ്ക്കാൻ ഇറാൻ തീരുമാനിക്കുകയായിരുന്നു.


​ഈ ഘട്ടത്തിലും വെടിനിർത്തൽ നീട്ടാൻ അമേരിക്ക തീരുമാനിച്ചതിന്‌ കാരണം ഇറാനുമേൽ വിജയം നേടാൻ അനുകൂലമായ സൈനികനീക്കത്തിനുള്ള സാധ്യത വളരെ വിരളമായതിനാലാണ്. കഴിഞ്ഞയാഴ്ച ഇറാന്റെ ആവശ്യത്തിന് വഴങ്ങി ലെബനനിലും വെടിനിർത്തൽ ബാധകമാക്കാൻ അമേരിക്കയ്ക്ക് ഇസ്രയേലിനെ നിർബന്ധിക്കേണ്ടിവന്നിരുന്നു. വെടിനിർത്തൽ ലെബനന് ബാധകമല്ലെന്ന സമീപനമായിരുന്നു തുടക്കത്തിൽ ഇസ്രയേൽ സ്വീകരിച്ചത്. ലെബനനെ ആക്രമിക്കുന്നതിൽനിന്ന്‌ ഇസ്രയേലിനെ "വിലക്കി’യിരിക്കുകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നിട്ടും ഇസ്രയേൽ ആക്രമണം തുടരുന്നതിൽനിന്ന്‌ ആരാണ് സമാധാനപ്രക്രിയയ്ക്ക് എതിരുനിൽക്കുന്നതെന്ന് ലോകത്തിന് വ്യക്തമാകും.

​ചർച്ചയ്‌ക്ക്‌ വീണ്ടും തുടക്കമിടാനായില്ലെങ്കിൽ യുദ്ധം രൂക്ഷമാകും. സമാധാനത്തിന് പ്രധാന തടസ്സം ഗോൾ പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുന്ന അമേരിക്കൻ നയമാണ്. ഒരുവശത്ത് സമാധാനത്തെക്കുറിച്ചും ഒത്തുതീർപ്പിനെക്കുറിച്ചും പറയുക, മറുവശത്ത് ഇറാനെ ബോംബിട്ട് തകർക്കുമെന്നും ശിലായുഗകാലത്തേക്ക് നയിക്കുമെന്നും സംസ്‌കാരത്തെ ഒരുരാത്രികൊണ്ട് നശിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്ന ട്രംപിന്റെ രീതി സമാധാനം സ്ഥാപിക്കാൻ ഒട്ടും സഹായിക്കില്ല. അതിനാൽ ചർച്ചയ്ക്ക് വഴിയൊരുക്കണമെങ്കിൽ നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്കയും ഹോർമുസിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ ഇറാനും തയ്യാറാകണം. അല്ലാത്തപക്ഷം ലോകം കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടും.


മോദിസർക്കാരിന്റെ വിധേയത്വം


​അതേസമയം, പശ്ചിമേഷ്യൻ സംഘർഷം മോദിസർക്കാരിന്റെ സാമ്രാജ്യത്വവിധേയത്വം എത്രമാത്രം ആഴത്തിലുള്ളതാണെന്ന് വീണ്ടും വ്യക്തമാക്കുന്നു. യുദ്ധം തുടങ്ങുന്നതിന് 48 മണിക്കൂർമുമ്പ്‌ ഇസ്രയേൽ സന്ദർശിച്ച് നെതന്യാഹുവിന് പൂർണപിന്തുന്ന പ്രഖ്യാപിച്ചു മോദി. ഇന്ത്യയുടെ സ‍ൗഹൃദരാജ്യമായ ഇറാനെ ആക്രമിച്ചത് അമേരിക്കയും ഇസ്രയേലുമാണെന്ന് പേരെടുത്തുപറയാനുള്ള ആർജവംപോലും ഇന്ത്യ പ്രദർശിപ്പിച്ചില്ല. അലി ഖമനേയി കൊല്ലപ്പെട്ടപ്പോൾ അതിനെ അപലപിക്കാൻപോലും തയ്യാറായില്ല. യുദ്ധത്തിന്റെ ഗതി ഇറാന് അനുകൂലമാണെന്ന് കണ്ടതോടെയാണ് അഞ്ചുദിവസം കഴിഞ്ഞ് ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ പോയി വിദേശ സെക്രട്ടറി അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യ ക്ഷണിച്ച് വിശാഖപട്ടണത്തെത്തി മടങ്ങവെ ഇറാൻ കപ്പൽ ഇന്ത്യാസമുദ്രത്തിൽ അമേരിക്ക തകർത്തപ്പോഴും പ്രതിഷേധിക്കാൻ മോദിസർക്കാർ തയ്യാറായില്ല. ട്രംപ് ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ മോദി പൂർണനിശ്ശബ്ദത പാലിച്ചു. നേരത്തേ ഇന്ത്യയെ ‘ചത്ത സമ്പദ്‌വ്യവസ്ഥ’ എന്ന്‌ ആക്ഷേപിച്ചപ്പോഴും മോദി മ‍ൗനംപാലിച്ചു. ഇപ്പോഴിതാ അമേരിക്ക കണ്ണുരുട്ടിയപ്പോൾ ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയും ഇന്ത്യ ഉപേക്ഷിക്കുകയാണ്.


​ബ്രിക്സിന്റെ അധ്യക്ഷപദവി അലങ്കരിക്കുമ്പോഴും അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം അംഗീകരിക്കാൻ ഇന്ത്യ ശ്രമിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ബ്രിക്സിലെ വിദേശ സഹമന്ത്രിമാരുടെ യോഗത്തിൽ അവതരിപ്പിച്ച സംയുക്തപ്രസ്താവനയിൽ ഗാസയിലും ലെബനനിലും ആക്രമണം നടത്തിയ ഇസ്രയേലിനെ പേരെടുത്ത് വിമർശിക്കണമെന്ന് മുഴുവൻ അംഗരാജ്യങ്ങളും പറഞ്ഞപ്പോൾ ഇസ്രയേൽ എന്ന പദത്തിനുപകരം അധിനിവേശ ശക്തി എന്ന പദം മതിയെന്ന് ഇന്ത്യ ശഠിച്ചതിനാൽ പ്രമേയംതന്നെ ഉപേക്ഷിക്കേണ്ടിവന്നുവത്രേ. സ്വാതന്ത്ര്യസമരകാലംമുതൽ തുടരുന്ന ആർഎസ്എസിന്റെ സാമ്രാജ്യത്വദാസ്യം മോദിസർക്കാരും തുടരുകയാണ്. സാമ്രാജ്യത്വയുദ്ധത്തെ ശക്തമായി എതിർക്കണം. ഒപ്പം നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികൾ തുടരുന്ന സാമ്രാജ്യത്വ അനുകൂല സമീപനത്തിനെതിരെയും കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണം. ഏകധ്രുവ ലോകം ബഹുധ്രുവ ലോകത്തിലേക്ക് മാറുമ്പോൾ, അതിന്റെ പതാക വഹിക്കേണ്ട ഇന്ത്യയാണ് മോദിയുടെ നേതൃത്വത്തിൽ അമേരിക്കൻ ദാസ്യപദവിയെന്ന നരകക്കുഴിയിലേക്ക് വീഴുന്നത്.





deshabhimani section

Dont Miss it

Recommended for you

Deshabhimani
Home