Deshabhimani

Articles

ഇന്ന് ടി കെ രാമകൃഷ്‌ണൻ അനുസ്‌മരണദിനം

സമരപഥങ്ങളിലെ സ്‌നേഹഗാഥ

t k ramakrishnan
avatar
എം വി ​ഗോവിന്ദൻ

Published on Apr 21, 2026, 09:40 PM | 1 min read

അനാചാരങ്ങളിൽനിന്ന്‌ കേരളത്തെ മോചിപ്പിക്കാൻ പോരാടിയ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻസഭ ദേശീയ നേതാവായും സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ച ടി കെ, നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ 20 വർഷം.


വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ 1940കളുടെ മധ്യത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്ന്‌ വിതരണംചെയ്യാനും ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. വസൂരിക്ക്‌ കാരണം ദേവീകോപമാണെന്ന അന്ധവിശ്വാസത്തിനെതിരെ സാഹിത്യത്തെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. നിയമസഭയിലെ ഭരണ–പ്രതിപക്ഷ അനുഭവസമ്പത്തുണ്ടായിരുന്ന അദ്ദേഹം, വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. 1942ൽ ക്വിറ്റ്‌ ഇന്ത്യ സമര നോട്ടീസ്‌ ഇറക്കിയതിന്‌ കോളേജിൽനിന്ന്‌ പുറത്താക്കിയശേഷം കരിങ്കൽ, വള്ള, കർഷക തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. അവരെ ആകർഷിക്കാനായി നാടകങ്ങൾ രചിച്ച്‌ അവതരിപ്പിച്ചു.


അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർടി സെക്രട്ടറിയുടെ ചുമതലവഹിച്ച്‌ ഇ എം എസ്‌ ഡൽഹിയിലായിരുന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചതും ടി കെയായിരുന്നു. നായനാർ മന്ത്രിസഭകളിൽ ആഭ്യന്തരം, ഫിഷറീസ്‌, സഹകരണം, എക്സൈസ്‌, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത സഖാവ്‌, ഭരണത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു.



Deshabhimani
Home