ad
Deshabhimani

Articles

ന്യൂട്ടൻ ക്ലാസെടുക്കും, 
സിബിഐ ഡിജിറ്റൽ അറസ്റ്റ്‌ ചെയ്യും

2025: എഐ 
ഫാഷൻ കാലം

aiworld
avatar
വിനോദ്‌ പായം

Published on Dec 29, 2025, 11:59 PM | 3 min read

ഈ നൂറ്റാണ്ടിന്റെ കാൽനൂറ്റാണ്ടാണ്‌ കൺമുന്നിലൂടെ ഒഴുകിപ്പോകുന്നത്‌. ഇന്റർനെറ്റിന്റെ ജനപ്രിയ പടർച്ചക്കാലമായിരുന്നല്ലോ ഇ‍ൗ 25 വർഷം. ഇന്റർനെറ്റ്‌ ആയുധമാക്കിയ ഗൂഗിളും സ്‌മാർട്ട്‌ഫോണും ചാറ്റ്‌ബോട്ടും ഒടുവിൽ മനുഷ്യനായിത്തന്നെ അവതരിപ്പിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) വരെയെത്തിയ കാലം.


എഐയെ ഗൂഗിൾ സെർച്ച്‌ എൻജിൻപോലെ ജെൻ സീ തലമുറയ്‌ക്ക്‌ (1997-2012 കാലത്ത്‌ ജനിച്ച ഡിജിറ്റൽ ഉപകരണങ്ങളോട്‌ ആഭിമുഖ്യമുള്ള തലമുറ) ജനപ്രിയമാക്കിയ വർഷമാണ്‌ 2025. ചാറ്റ്‌ ജിപിടി, ഗ്രോക്ക്‌, ജമിനൈ, ക്ലോഡി, ഡാൾ ഐ തുടങ്ങിയ പദങ്ങൾ കേട്ടാൽ മില്ലേനിയൽസ്‌ (1981–1996 കാലത്ത്‌ ജനിച്ചവർ) ഒന്നു വിരണ്ടുപോയേക്കാം.


എന്നാൽ, മില്ലേനിയൽസിന്‌ ഗൂഗിൾ എങ്ങനെയാണോ ജനപ്രിയമായത്‌, അതേപോലെ എഐ മെഷീനുകൾ ജെൻ സീക്കും പ്രിയപ്പെട്ടതായി. ഉ‍ൗട്ടിക്ക്‌ ട്രിപ്പടിക്കാനുള്ള പ്രോഗ്രാം ഷെഡ്യൂൾമുതൽ പ്രണയം ബ്രേക്കപ്പാക്കാനുള്ള ഉപാധികൾവരെ അവർ ചാറ്റ്‌ ജിപിടിയോട്‌ തേടും. അവരതിൽ തീർത്തും ആത്മാർഥതയുള്ളവരാണ്‌. ജെൻ സീ തലമുറയ്‌ക്ക്‌ ഡിജിറ്റൽ ഇടപാട്‌ പെട്ടെന്നുണ്ടായ ഒന്നല്ല. ഡിജിറ്റൽ വളർച്ചക്കാലത്ത്‌ പിറന്ന്‌, അതിനൊപ്പം പടർന്ന മനസ്സുകാരാണവർ. പുട്ടിന്‌ പീരപോലെ ആസ്വാദ്യമായി അവരതിൽ അഭിരമിക്കും. അതിന്‌ മറ്റൊരു വശവും പ്രത്യാഘാതവുമുണ്ടെന്ന്‌ മില്ലേനിയൽസ്‌ മുതൽപേർ പരാതി പറയും. അത്‌ തന്തവൈബിന്റെ പ്രശ്‌നം മാത്രമാണെന്നാകും ജെൻ സീയുടെ മറുപടി. ​


ചാറ്റ്‌ബോട്ടും കടന്ന്‌ മെഷീനിലേക്ക്‌


സെർച്ച്‌ എൻജിൻ സോഫ്‌റ്റ്‌വെയറുകളിൽനിന്നും ചാറ്റ്‌ബോട്ടുകളിൽനിന്നും എഐ മെഷീനുകളിലേക്ക് കാലം മാറിയപ്പോൾ, അതുവരെ വ്യക്തിപരമായി സഹായിച്ചിരുന്ന ടൂളുകൾ എഐ ഏജന്റുകളായി മാറുകയാണ്‌. ഡാറ്റ തന്നും വിശദീകരിച്ചും ഉത്തരം ചാറ്റിലൂടെ പകർന്നും നമ്മുടെ ജീവിതത്തെ എളുപ്പമാക്കിയ സോഫ്‌റ്റ്‌വെയറുകൾ മെഷീൻ കാലമായപ്പോൾ‍, നമ്മൾക്കായി എല്ലാത്തരം സഹായവും ചെയ്യുന്ന മറ്റൊരാളായി മാറി. അത്തരം എഐ ഏജന്റ്‌ സഹായം ജനപ്രിയമായ വർഷമാണ്‌ 2025. അർബുദരോഗത്തിന്റെ സാധ്യത റേഡിയോളജിസ്റ്റുകളേക്കാൾ 30 ശതമാനം കൂടുതൽ മികവോടെ കണ്ടെത്തുന്ന എഐ സിസ്റ്റങ്ങൾ ആശുപത്രിയിൽ ഇടംപിടിച്ചതുമുതൽ സംസാരഭാഷ അതേ മികവോടെ ഇതരഭാഷകളിൽ കേൾക്കാൻ പറ്റുന്ന സ്വാഭാവികതവരെ അത്‌ പടർന്നു.


ടെസ്‌ലയുടെ റോബോട്ടുകൾ ഫാക്ടറികളിൽ മനുഷ്യർക്കൊപ്പം ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ കാര്യമായ ചെലവില്ലാതെ മികച്ച ക്വാളിറ്റിയുള്ള ഫീച്ചർ സിനിമകൾവരെ നിർമിക്കുന്ന സോറ, വിഇഒ പോലുള്ള എഐ ടൂളുകൾ എല്ലാവർക്കും ലഭ്യമായ വർഷവുംകൂടിയാണ്‌ 2025. മലയാളത്തിലും മികച്ച നിലവാരത്തിൽ എഐ സിനിമകൾ പയ്യന്മാർ കൂളായി പുറത്തിറക്കി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കിടിലൻ പ്രചാരണഗാനങ്ങൾ പലതും ഒരു ലാപ്‌ടോപ്പിൽ നൽകിയ പ്രോംപ്‌റ്റിൽ പിറന്നതാണ്‌.


ഗാനരചന, സംഗീതസംവിധാനം, ശബ്ദസന്നിവേശം, മിക്‌സിങ്‌, ട്രാക്കിങ്‌ തുടങ്ങിയ സർഗവ്യാപാരങ്ങളെല്ലാം അൽപ്പം സമർഥമായ പ്രോംപ്‌റ്റിൽ കീഴ്‌മേൽ മറിക്കുകയാണ്‌ എഐക്കാലം. ‘ആഹാ... വയലാർ എഴുതുമോ ഇതുപോലെ’ എന്നത്‌ മില്ലേനിയൽസിന്റെമാത്രം തമാശയാണ്‌. ലിറിക്‌ സ്റ്റുഡിയോ, സുനോ എഐ, കാൻവ മാജിക്‌ റൈറ്റ്‌ തുടങ്ങിയ ടൂളുകളോട്‌ ചോദിച്ചാൽ കീറ്റ്സും ഷെല്ലിയും മാത്രമല്ല, അസ്സൽ ചങ്ങന്പുഴ സ്റ്റൈലും ലഭ്യമാണ്‌. ​


ന്യൂട്ടൻ ക്ലാസെടുക്കും, 
സിബിഐ ഡിജിറ്റൽ അറസ്റ്റ്‌ ചെയ്യും


മൂന്നാം ചലന നിയമം സാക്ഷാൽ ന്യൂട്ടനിൽനിന്നുതന്നെ വളരെ സരസമായി ഉദാഹരണസഹിതം പഠിക്കണോ? ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം സംബന്ധിച്ച അനുഭവം ഗാന്ധിജി നേരിട്ടുപറയുന്നത്‌ കേൾക്കണോ? വിദ്യാർഥികളിൽ ക‍ൗതുകമുണർത്തി പഠനം ഹരമാക്കുന്ന എഐ ഉപകരണങ്ങളും ഇ‍ൗ വർഷം വൈറലായി. ഇത്തരം കണ്ടന്റുകൾ സൃഷ്ടിച്ച്‌ കാഴ്‌ചക്കാരെ കൂട്ടുന്ന യൂട്യൂബ്‌ ചാനലുകളും ഇ‍ൗ വർഷം വർധിച്ചു. സങ്കീർണമായ പഠനവിവരങ്ങൾ എളുപ്പത്തിൽ ഹൃദിസ്ഥമാക്കാനുള്ള എഐ ടൂളുകൾക്കും പ്രിയമേറി.


ചാറ്റ്‌ ജിപിടിയാണ്‌ ഇതിനു മുന്നിൽ. ഇന്റർനെറ്റിന്റെ തുടക്കംമുതലേ സൈബർ തട്ടിപ്പുമുണ്ട്‌. എന്നാൽ ‘സൈബർ അറസ്റ്റ്‌’ എന്ന വിചിത്രമായ വാക്ക്‌ പ്രചുരപ്രചാരത്തിലായത്‌ ഇ‍ൗവർഷമാണ്‌. സുപ്രീംകോടതി ജഡ്‌ജിമുതൽ സിബിഐ ഓഫീസർവരെ നമ്മുടെ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ വന്ന്‌ നമ്മെ ‘അറസ്റ്റിലാക്കുന്ന’ നടപടിക്ക്‌ കേരളത്തിൽ പല പ്രമുഖരും ഇരയായി. ഡിജിറ്റൽ മായക്കാഴ്‌ചകൾക്കുമുന്പ്‌ പിറന്ന ജെൻ എക്‌സ്‌, ബൂമേഴ്‌സ്‌ 1980–1954 വർഷങ്ങളിൽ ജനിച്ചവരുടെ തലമുറയാണ്‌ ഇതിൽപ്പെടുന്നത്‌.


ജോലിക്ക്‌ പോകാത്ത ‘എംബിബിഎസ്‌ എംഡി സുന്ദരി’യുടെ ഫെയ്‌സ്‌ബുക് ചിത്രത്തിനടിയിൽ, മോളേ... ഇത്രകാലം പഠിച്ചതല്ലേ, ജോലി ചെയ്യണം കേട്ടോ എന്നു കമന്റിടുന്നവരാണ്‌, പിന്നാലെ മകനായി ഇതേ ചിത്രത്തോട്‌ പെണ്ണുമാലോചിക്കും. ‘ഹായ്‌... ഞാൻ ഗായത്രി. സ്‌കൂൾ ടീച്ചറാണ്‌. ഭർത്താവുമായി യോജിച്ചുപോകാൻ പറ്റാത്തതിനാൽ ഒറ്റയ്‌ക്കാണ്‌. എനിക്കൊരു ലൈക്ക്‌ തരുമോ’ എന്ന ഫെയ്‌സ്‌ബുക് പോസ്റ്റിനും ജെൻ എക്‌സ്‌, ബൂമേഴ്‌സ്‌ കമന്റിട്ട്‌ തകർക്കുന്നതും ഇ‍ൗവർഷം കണ്ടു. ‘മോളേ... ഒരു കൂട്ടുവേണ്ടേ; വഴിതെറ്റരുതേ...’ എന്ന കമന്റാകും കൂടുതലും. ​


ആശങ്കയുണ്ട്‌; മറികടക്കും


എഐയുടെ വളർച്ചയോടൊപ്പം അതിലെ ഡീപ്‌ ഫേക്ക്‌ തട്ടിപ്പ്‌ തടയാനുള്ള സാങ്കേതിക, നിയമ വഴികളും 2025ൽ ചർച്ചയായി. എഐ സൃഷ്ടികളിൽ ശക്തമായ വാട്ടർ മാർക്കിങ്‌ നിർബന്ധമാക്കണമെന്നാണ്‌ പ്രധാന നിർദേശമായി വരുന്നത്‌. പ്രമുഖ എഐ കന്പനികളെല്ലാം ഡിജിറ്റൽ വാട്ടർ മാർക്കിങ് നിർബന്ധമാക്കിയിട്ടുമുണ്ട്‌. തെരഞ്ഞെടുപ്പുകളിലുംമറ്റും വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഗൂഗിളും മെറ്റയും പുതിയ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തി.


എന്നാലും മനുഷ്യനെപ്പോലെ ചിന്തിക്കാനും സർഗാത്മകമായി പ്രവർത്തിക്കാനും എഐക്ക് കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിനെ (എജിഐ) ലോകം ഭയപ്പാടോടെ കണ്ടുതുടങ്ങിയിട്ടുമുണ്ട്‌. എഐ ഉണ്ടാക്കുന്ന ജോലിനഷ്ടമാണ്‌ മറ്റൊരു ആഘാതം. 2025ൽമാത്രം ആഗോളതലത്തിൽ ഒരുലക്ഷത്തിലധികം ഐടി ജോലി നഷ്ടപ്പെട്ടതായാണ്‌ കണക്ക്‌. എന്നാൽ, എഐ സാധ്യതകൾ മറ്റൊരുതരം ജോലിസാധ്യതകൾ തുറക്കുന്നതായി ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്‌.



Deshabhimani
Home