ad
Deshabhimani

Articles

1957ലെ സര്‍ക്കാര്‍ 69 വര്‍ഷം പിന്നിടുമ്പോള്‍

1957ലെ സര്‍ക്കാര്‍ 69 വര്‍ഷം പിന്നിടുമ്പോള്‍

EMS Oath Taking

ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യുന്നു

avatar
പുത്തലത്ത് ദിനേശൻ

Published on Apr 04, 2026, 10:32 PM | 3 min read

1957-ല്‍ ഭരണത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭയുടെ 69 വര്‍ഷം പിന്നിടുന്ന ദിനമാണ് ഇന്ന്. കേരളത്തിന്റെ ആധുനികീകരണത്തിന് അടിത്തറയിട്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണത്. ഭൂപരിഷ്‌കരണ നടപടികള്‍ക്ക് അത് നേതൃത്വം നല്‍കി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ സൗജന്യമാക്കി. തൊഴില്‍പ്രശ്നങ്ങളില്‍ പൊലീസ് ഇടപെടുന്ന രീതി ഇല്ലാതാക്കി. ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അധികാരവികേന്ദ്രീകരണം പ്രധാനമാണെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചു. സംവരണം നടപ്പാക്കി. പൊലീസ് റിക്രൂട്ട്മെന്റിലും ആരാധനാലയത്തിന്റെ നിര്‍മാണങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി. ആധുനിക കേരളത്തിന്റെ അടിത്തറയാണ് ഈ സര്‍ക്കാര്‍ രൂപപ്പെടുത്തിയത്.

1957-ലെ സര്‍ക്കാര്‍ മുന്നോട്ടുവച്ച ഈ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള പരിഷ്കാരങ്ങള്‍ പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കി. കുടികിടപ്പവകാശവും ക്ഷേമ പെന്‍ഷനുകളും പൊതുവിതരണസമ്പ്രദായത്തിന്റെ ശക്തിപ്പെടുത്തലും സമ്പൂര്‍ണ സാക്ഷരതയും ജനകീയാസൂത്രണവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു.


1957-ലെ സര്‍ക്കാര്‍ മുന്നോട്ടുവച്ച അടിസ്ഥാന നിലപാടുകളില്‍ നിന്നുകൊണ്ട് പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കാര്‍ഷിക-–വ്യാവസായിക മേഖലകള്‍ ശക്തിപ്പെടേണ്ടത് പ്രധാനമാണെന്ന് വിലയിരുത്തി. സേവനമേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കേണ്ട പ്രശ്നത്തെയും എല്‍ഡിഎഫ് അഭിമുഖീകരിച്ചു. കേരളത്തിൽ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ പ്രത്യേക സാമൂഹ്യശ്രദ്ധ പതിയണമെന്ന കാര്യവും പരിഗണിച്ചു. വികസനത്തിൽ സ്ത്രീപങ്കാളിത്തത്തിന്റെ പ്രശ്നത്തെയും അഭിമുഖീകരിക്കുന്നതിന് പ്രത്യേകമായി ഇടപെട്ടു. പാരിസ്ഥിതിക സംരക്ഷണത്തിന്റെ പ്രശ്നത്തെയും അഭിമുഖീകരിക്കുന്ന നിലപാടെടുത്തു.


2016-ല്‍ ജനങ്ങള്‍ക്കുമുമ്പാകെ എൽഡിഎഫ്‌ അവതരിപ്പിച്ച പ്രകടനപത്രിക ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന തരത്തിലുള്ളതായിരുന്നു. ബജറ്റിന് പുറത്ത് 80,000 കോടിയോളം രൂപ പശ്ചാത്തലസൗകര്യത്തിന് നീക്കിവച്ചു ഈ സര്‍ക്കാര്‍. സൗജന്യമായ വിദ്യാഭ്യാസവും ആരോഗ്യസംവിധാനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുവച്ചു. ജനജീവിതത്തിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വൈജ്ഞാനിക സമൂഹ സൃഷ്ടിക്കുവേണ്ടിയുള്ള നടപടികളും സ്വീകരിച്ചു. അതിദാരിദ്ര്യം പരിഹരിച്ച സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. കേരളത്തിന്റെ ഭാവിവികസനം ലക്ഷ്യംവച്ച്‌, മൂലധനനിക്ഷേപത്തിനും വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോയി.


ക്ഷേമ പെന്‍ഷനുകള്‍ 2000 രൂപയാക്കി. ആരോഗ്യ–-വിദ്യാഭ്യാസ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിന് മിഷനുകള്‍ കൊണ്ടുവന്നു. കുടികിടപ്പവകാശം ഉറപ്പുവരുത്തിയ ഇടതുപക്ഷസര്‍ക്കാര്‍ എല്ലാവര്‍ക്കും വീടൊരുക്കുന്നതിനുള്ള ലൈഫ് പദ്ധതിക്കും നേതൃത്വം കൊടുത്തു. വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. പ്രകൃതിദുരന്തങ്ങളിലും കോവിഡ് പോലുള്ള മഹാമാരികളിലും ജനങ്ങളുടെ സംരക്ഷകരായി പൊലീസിനെ മാറ്റിയെടുത്തു.


1957-ലെ സര്‍ക്കാരിന്റെ കാലത്ത് നിലനിന്നിരുന്ന ജന്മിത്തകേരളം, അതിദാരിദ്ര്യം പരിഹരിക്കുന്ന ഒന്നായി വികസിപ്പിച്ചത് അന്നത്തെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടായിരുന്നു. ക്ഷേമപദ്ധതികളെ ശക്തിപ്പെടുത്തിക്കൊണ്ട്, പിന്നാക്കംപോകുന്ന 30 ശതമാനത്തിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള സാമൂഹ്യസുരക്ഷാ വലയം സൃഷ്ടിച്ചു. ഒപ്പം പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാന്‍ പറ്റുന്നവിധമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും ഇടപെട്ടു. പൊതുമേഖലാ സംരക്ഷണവും പ്രധാന അജൻഡയായി കണ്ടു. ഇതിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാടാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. കേരളത്തെ ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കി മാറ്റാനുള്ള നിര്‍ദേശങ്ങള്‍ പ്രകടനപത്രികയിലുണ്ട്. എല്ലാ വീടുകളിലും ശുദ്ധജലവും സമ്പൂര്‍ണ മാലിന്യസംസ്കരണവും സാര്‍വത്രിക ആരോഗ്യ പരിരക്ഷയും കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ഇതിലുണ്ട്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി ഉയർത്തുമെന്ന്‌ പ്രഖ്യാപിക്കുന്നുണ്ട്.

പൊതുമേഖലയെ വിപുലപ്പെടുത്തുകയും മാനുഫാക്ചറിങ്‌ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി പശ്ചാത്തലസൗകര്യ വികസന പദ്ധതികളും മുന്നോട്ടുവയ്‌ക്കുകയാണ്. ടൂറിസത്തിന്റെ വളര്‍ച്ചസാധ്യതകളെ ഉപയോഗപ്പെടുത്തുകയെന്നതിനും ഇത് ഊന്നല്‍ നല്‍കുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. എല്ലാ കാര്‍ഷികവിളകളെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക എന്ന പദ്ധതിയും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. നെല്ലിന് 35, നാളികേരത്തിന് 45, റബറിന് 300 എന്നീ നിലയില്‍ താങ്ങുവില നല്‍കിക്കൊണ്ട് കര്‍ഷകരെ സംരക്ഷിക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. മനുഷ്യ–-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമഗ്രമായ നയവും അവതരിപ്പിക്കുന്നുണ്ട്.

പരമ്പരാഗത വ്യവസായങ്ങളെ ആധുനികീകരിക്കുന്നതോടൊപ്പം കടലിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശം ഉറപ്പുവരുത്തുന്ന പദ്ധതിയും മുന്നോട്ടുവയ്‌ക്കുന്നു. ആധുനികമായ റോഡുകളും അതിവേഗ റെയില്‍പ്പാതയും റെയില്‍ ഗതാഗതശൃംഖലയും അവതരിപ്പിക്കുന്നുണ്ട്.


ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആധുനികീകരിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും ഇത് ഉള്‍ക്കൊള്ളുന്നുണ്ട്. മതനിരപേക്ഷവും പുരോഗമനപരവുമായ സമൂഹസൃഷ്ടിയുടെ ഭാഗമായി ഭാഷാ സംരക്ഷണം ഉള്‍പ്പെടെയുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രകടനപത്രിക മുന്നോട്ടുപോകുന്നത്. നിലവിലുള്ള ആവാസവ്യവസ്ഥയ്‌ക്കും കൃഷിസംവിധാനങ്ങള്‍ക്കും കോട്ടംവരുത്താത്തവിധം പരിസ്ഥിതിസംരക്ഷണമെന്ന നിലപാടും മുന്നോട്ടുവച്ചിട്ടുണ്ട്. നഗരവല്‍ക്കരണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അതിനുതകുന്ന നയസംവിധാനങ്ങളും അവതരിപ്പിക്കുന്നു. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അഴിമതിരഹിത സദ്‌ഭരണം മുന്നോട്ടുവയ്‌ക്കുന്നതിനുമുള്ള കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നുണ്ട്.


എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നത് കേവലമായ വാഗ്ദാനങ്ങള്‍ എന്ന നിലയിലല്ല. മറിച്ച്, കേരളവികസനത്തിന്റെ നില പരിശോധിച്ച് അവ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വ്യക്തമായ രൂപരേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനമാണത്. 1956-ല്‍ തയ്യാറാക്കിയ കേരളവികസനത്തെ സംബന്ധിച്ച പ്രമേയത്തിന്റെ ചുവടുപിടിച്ചാണ് 1957-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രകടനപത്രിക തയ്യാറാക്കിയത്.


ആഗോളവല്‍ക്കരണത്തിന്റെ സാഹചര്യം രൂപപ്പെട്ടുവന്നപ്പോള്‍ നമ്മുടെ വികസനപ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തടസ്സങ്ങള്‍ മാറ്റുന്നതിനുള്ള വിശാലമായ ചര്‍ച്ചയാണ് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലൂടെ 1994-ല്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ നടന്ന ഇത്തരം വികസനസംവാദങ്ങളും പാര്‍ടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ പ്രവർത്തനങ്ങളുടെ അനുഭവങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് പ്രകടനപത്രിക തയ്യാറാക്കി നടപ്പാക്കുകയെന്ന രീതിയാണ് എല്‍ഡിഎഫ് സ്വീകരിച്ചിട്ടുള്ളത്.


ഇപ്പോള്‍ പ്രഖ്യാപിച്ച പ്രകടനപത്രിക തയ്യാറാക്കിയത് എങ്ങനെയെന്നത് അതില്‍ വ്യക്തമാക്കുന്നുണ്ട്; "എല്ലാ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തിയ സംവാദങ്ങള്‍, മൂന്ന് കേരള വികസന ജാഥകളില്‍ ജില്ലയില്‍ നടത്തിയ സംവാദങ്ങള്‍, എ കെ ജി പഠനഗവേഷണ കേന്ദ്രം അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസിന്റെ വിവിധ സമ്മേളനങ്ങളിലായി നടത്തിയ ചര്‍ച്ചകള്‍, സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ നടത്തിയ വികസന കോണ്‍ക്ലേവ്, ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച 2023 സമ്മേളനങ്ങള്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷികള്‍ തയ്യാറാക്കിയ രേഖകള്‍ ഇവയെല്ലാം ഉള്‍ക്കൊണ്ടാണ് 950 നിര്‍ദേശങ്ങളുടെ പ്രകടനപത്രികയ്‌ക്ക് രൂപംനല്‍കിയത്.’കേരളവികസനത്തെ സംബന്ധിച്ച് എല്‍ഡിഎഫ് നേരത്തേ മുന്നോട്ടുവച്ച വികസനരേഖയില്‍ കേരളത്തെ മധ്യരാഷ്ട്രങ്ങളുടെ വരുമാനത്തിനൊപ്പം വളര്‍ത്തിയെടുക്കുകയും സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടുമുള്ള വികസനപദ്ധതി നടപ്പാക്കുമെന്നുമാണ് പ്രഖ്യാപിച്ചത്. അതിനുള്ള നിര്‍ദേശങ്ങളാണ് ഇതിലുള്ളത്.

കഴിഞ്ഞ രണ്ടു പ്രകടനപത്രികകളും ഏറെക്കുറെ നടപ്പാക്കിയ എല്‍ഡിഎഫ്, ഈ പ്രകടനപത്രികകൂടി നടപ്പാക്കുന്നതോടെ കേവലദാരിദ്ര്യം പരിഹരിച്ച് മധ്യരാഷ്ട്രങ്ങളുടെ വരുമാനത്തോടൊപ്പം കേരളം എത്തിച്ചേരും. സാമൂഹ്യനീതികൂടി ഉള്‍ക്കൊണ്ടുള്ള സമീപനം സ്വീകരിക്കുന്നതോടെ ജനകീയ ബദലിന്റെ മാതൃകയായി കേരളം മാറും. അതിനാണ് ഇ‍ൗ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് തേടുന്നത്.


1957-ലെ സര്‍ക്കാര്‍ ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ട കാഴ്ചപ്പാടുകളെ പുതിയ കാലത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവിധം വികസിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പ്രകടനപത്രികയാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. ഇത് കേരളത്തിന്റെ സാമൂഹ്യവികാസത്തിന്റെ രൂപരേഖകൂടിയാണ്. അതിനുള്ള മാര്‍ഗനിര്‍ദേശകമാണ് 1957-ല്‍ ഭരണത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭയുടെ അനുഭവങ്ങള്‍.



Deshabhimani
Home