ഹംഗറിയിൽ ഓർബനിസത്തിന് തിരിച്ചടി

Peter Magyar, election winner and leader of the pro-European conservative TISZA party, delivers a press conference at the HUNGEXPO Congress and Exhibition Center in Budapest, Hungary, on April 13, 2026, one day after Hungarian general elections. (Photo | AFP)

വി ബി പരമേശ്വരൻ
Published on Apr 14, 2026, 09:31 PM | 4 min read
കിഴക്കൻ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ 16 വർഷമായി തുടർച്ചയായി ഭരണത്തിലിരിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ ഫിഡെസ് പാർടിക്ക് ദയനീയ തോൽവി. പാർടിനേതാവ് വിക്ടർ ഓർബന് തുടർച്ചയായ അഞ്ചാം തവണ ഭരണം നിഷേധിച്ച് ഹംഗേറിയൻ ജനത വിധിയെഴുതി. 199 അംഗ പാർലമെന്റിൽ 55 സീറ്റ് നേടാനേ ഓർബന് കഴിഞ്ഞുള്ളൂ. 2022ൽ 54 ശതമാനം വോട്ട് നേടിയ ഓർബന്റെ കക്ഷിക്ക് ഇക്കുറി 38 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. 80 ലക്ഷം വോട്ടർമാരുള്ള ഹംഗറിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 31 ലക്ഷം വോട്ട് നേടിയ ഓർബന് ഇക്കുറി കിട്ടിയത് 23 ലക്ഷം വോട്ട്. 1989നു ശേഷം ഏറ്റവും ഉയർന്ന പോളിങ്ങായ 79.5 ശതമാനം രേഖപ്പെടുത്തിയ ഘട്ടത്തിലാണ് ഈ തോൽവി. തുടർഭരണത്തിന് തുടക്കംകുറിച്ച 2010ലെ തെരഞ്ഞെടുപ്പിൽ (1998-–2002ലും ഓർബനായിരുന്നു പ്രധാനമന്ത്രി)അധികാരമേറിയപ്പോൾ ഓർബൻ പറഞ്ഞത് "ബാലറ്റ് പെട്ടിയിലെ വിപ്ലവ’ മാണ് ഹംഗറിയിലേത് എന്നായിരുന്നു. അതേ ബാലറ്റ് പെട്ടിയിലെ വിപ്ലവത്തിലൂടെതന്നെ ലോകം കണ്ട തീവ്ര വലതുപക്ഷ നേതാവിന് അധികാരം നഷ്ടമാകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം "വേദന ഉളവാക്കുന്നതാണെങ്കിലും’ "സംശയരഹിതമായതിനാൽ’ അതിനെ അംഗീകരിക്കുന്നെന്നാണ് ഓർബൻ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ആക്രമണം നടത്തി അധികാരത്തിൽ തുടരാൻ യുഎസ് പ്രസിഡന്റ് ട്രംപും ബ്രസീൽ മുൻ പ്രസിഡന്റ് ജെയിർ ബൊൾസനാരോയും നടത്തിയ നീക്കം ആവർത്തിക്കാൻ ഏതായാലും ഓർബൻ തയ്യാറായില്ല.
ഓർബന്റെ വീഴ്ച തീവ്ര വലതുപക്ഷ ശക്തികൾക്ക് കനത്ത തിരിച്ചടിയാണ്. ഓർബന്റെ അരുമശിഷ്യനും അദ്ദേഹത്തിന്റെ പല നയങ്ങളും ഇപ്പോഴും മുറുകെ പിടിക്കുന്നയാളുമായ പീറ്റർ മഗ്യാറാണ് അടുത്ത മാസം ഹംഗറിയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കുക. 2024വരെ ഫിഡെസ് പാർടി അംഗമായിരുന്നു മഗ്യാർ. ഹംഗറിയുടെ യൂറോപ്യൻ യൂണിയൻ പ്രതിനിധിയായും മഗ്യാർ പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ശിശുമന്ദിരത്തിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വ്യക്തിക്ക് പ്രസിഡന്റ് കാറ്റലിൻ നൊവാക്ക് പൊതുമാപ്പ് നൽകിയ വേളയിലാണ് ഫിഡെസിനെ പിളർത്തി തീസ്സ പാർടിക്ക് രൂപം നൽകിയത്. മഗ്യാറിന്റെ മുൻ ഭാര്യയും ഓർബൻ മന്ത്രിസഭയിൽ നീതികാര്യ മന്ത്രിയുമായ ജൂഡിത്ത് വർഗ പൊതുമാപ്പ് വിഷയത്തിൽ രാജിവയ്‌ക്കുകകൂടി ചെയ്ത സാഹചര്യത്തിലാണ് തീസ്സ പാർടിക്ക് രൂപം നൽകിയത്. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 30 ശതമാനം വോട്ട് നേടി തീസ്സ രണ്ടാമത് എത്തിയതോടെയാണ് പീറ്റർ മഗ്യാർ ശ്രദ്ധിക്കപ്പെടുന്നത്. ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 53.5 ശതമാനം വോട്ട് നേടിയ തീസ്സ 138 സീറ്റും കരസ്ഥമാക്കി. അതായത് ഭരണഘടനയിൽ മാറ്റം വരുത്താനും ഓർബന്റെ കാലത്ത് നടപ്പാക്കിയ ജനാധിപത്യവിരുദ്ധ നിയമങ്ങൾ മാറ്റാനും പുതിയ സർക്കാരിന് കഴിയും. ഫിഡെസ് പാർടിക്കാരനായ പ്രസിഡന്റ് തമാസ് സുല്ലോക് അതിന് അംഗീകാരം നൽകുമോ എന്നതു മാത്രമാണ് ആശങ്ക.
16 വർഷത്തെ ഓർബൻ ഭരണം ഹംഗറിയുടെ ഇരുണ്ട കാലമായി ചരിത്രം രേഖപ്പെടുത്തും. കാരണം തികഞ്ഞ സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് ഓർബൻ ഹംഗറിയെ നയിച്ചത്. പ്രതിപക്ഷ പാർടികൾക്കും ട്രേഡ് യൂണിയനുകൾക്കും സർക്കാരിതര സംഘടനകൾക്കും സുഗമമായ പ്രവർത്തനം അസാധ്യമാക്കി. നാഷണൽ ബ്യൂറോ ഓഫ് ഇന്റലിജൻസിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷ പാർടി രഹസ്യങ്ങൾ ചോർത്താൻപോലും ശ്രമമുണ്ടായി. സർവകലാശാലകളെ തീവ്ര ദേശീയതയുടെ വിളനിലമാക്കി. മാധ്യമസ്വാതന്ത്ര്യം ചവിട്ടിമെതിച്ചു. ജുഡീഷ്യറിയിൽ സ്വന്തം പാർടിക്കാരെ കുത്തിനിറച്ചു.
ചങ്ങാത്ത മുതലാളിത്തവും അഴിമതിയും ഓർബൻ സർക്കാരിന്റെ മുഖമുദ്രകളായി. ബാല്യകാല സുഹൃത്തും വൻകിട ബിസിനസുകാരനുമായ ലോറിൻക് മെസാരോസും ബിസിനസുകാരനായ മരുമകൻ ഇസ്ത്വാൻ ടിബാർസിയും സമ്പത്ത് വാരിക്കൂട്ടി. ഏക്കർകണക്കിന് സ്ഥലം ഓർബനും പിതാവും ചേർന്ന് സ്വന്തമാക്കി. ഇവിടെ സഫാരി പാർക്കും സ്വിമ്മിങ് പൂളും വലിയ പൂന്തോട്ടവും ഉണ്ടായിരുന്നു. ഓർബന്റെ അഴിമതി ഭരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി ഓർബന്റെ ഈ സ്ഥലം മാറി. 2003 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണെങ്കിലും അവരുമായി നിരന്തരം കലഹിച്ചതിന്റെ പേരിൽ ഹംഗറിക്കുള്ള 17 ബില്യൺ യൂറോ ഫണ്ട് തടയപ്പെട്ടു. അതോടൊപ്പം ഉക്രയ്ൻ വിഷയത്തിൽ റഷ്യക്കൊപ്പംനിന്ന് യൂറോപ്യൻ യൂണിയനെ വിമർശിക്കാനും 90 ബില്യൺ യൂറോഫണ്ട് ഉക്രയ്ന് നൽകുന്നത് വീറ്റോ ചെയ്യാനും ഓർബൻ തയ്യാറായി. അതുകൊണ്ടുതന്നെ ഓർബന്റെ പരാജയം യൂറോപ്യൻ യൂണിയനും നാറ്റോയ്‌ക്കും ആശ്വാസം പകരുന്നതാണ്. ചുരുങ്ങിയ വിലയ്‌ക്ക് ഗ്യാസും പെട്രോളും നേടുകയെന്നതായിരുന്നു വ്ളാദിമിർ പുടിനുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം. പീറ്റർ മഗ്യാർ സർക്കാരും റഷ്യയോടുള്ള നല്ല ബന്ധം തുടരാനാണ് സാധ്യത.
എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെയും ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെയും ഓർബന്റെ സൗഹൃദം പ്രത്യയശാസ്ത്രപരംകൂടിയായിരുന്നു. തീവ്ര ദേശീയതയും മുസ്ലിംവിരോധവും കുടിയേറ്റ വിരുദ്ധതയും സ്ത്രീകളുടെയും എൽജിബിടിക്യു വിഭാഗത്തിന്റെയും അവകാശങ്ങൾക്കുമെതിരായ നിലപാടും ഈ മൂന്ന് നേതാക്കളും ഒരുപോലെ പങ്കുവയ്‌ക്കുകയാണ്. തീവ്ര വലതുപക്ഷത്തിന്റെ ഈ നയങ്ങൾ ലോകത്ത് ആദ്യമായി അവതരിപ്പിച്ച നേതാക്കളിൽ ഒരാളാണ് ഓർബൻ. മറ്റൊരർഥത്തിൽ ലോകമെങ്ങുമുള്ള തീവ്ര ദേശീയവാദികളുടെ വഴികാട്ടിയാണ് ഓർബൻ. അതുകൊണ്ടാണ് ട്രംപിന്റെ ഉപദേശകനായിരുന്ന സ്റ്റീവ് ബാനൺ പറഞ്ഞത് "ട്രംപിനു മുമ്പുള്ള ട്രംപാണ്; ഒറിജിനൽ ട്രംപാണ് ഓർബൻ’ എന്ന്.
തന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയം യൂറോപ്പിലും ലോകമെമ്പാടും പ്രചരിപ്പിക്കാനായി കൺസർവേറ്റീവ് പൊളിറ്റിക്കൻ ആക്‌ഷൻ കോൺഫറൻസ് എന്ന വർഷിക കൂട്ടായ്മയ്‌ക്ക് തുടക്കമിട്ടതും ഓർബനായിരുന്നു. അഭിപ്രായ സർവേകളിൽ ഓർബൻ പിന്നിലാണെന്ന് കണ്ടപ്പോൾ യൂറോപ്പിലെ എല്ലാ ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീ കക്ഷികളുടെയും നേതാക്കൾ ഹംഗറിയിലെത്തി ഓർബനുവേണ്ടി വോട്ട് അഭ്യർഥിച്ചു. ഇറ്റലിയിലെ ജ്യോർജിയോ മെലണി, ജർമനിയിലെ അലിസ് വിഡെൽ, നെതർലൻഡ്‌സിലെ ഗെരറ്റ് വൈൽഡേഴ്സ്, ഫ്രാൻസിലെ മരീൻ ലീ പെൻ എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർടിയിലെ മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) വിഭാഗത്തിന്റെ നേതാവുമായ ജെ ഡി വാൻസ് ഓർബനുവേണ്ടി പ്രചാരണം നടത്തി. ഓർബന് വോട്ട് ചെയ്യാൻ ട്രംപും അഭ്യർഥിച്ചു. അമേരിക്കൻ പിന്തുണ ഓർബനെ സംബന്ധിച്ച് അന്ത്യചുംബനമായി.
പുതുയുഗമാണ് പീറ്റർ മഗ്യാർ ഹംഗേറിയൻ ജനതയ്‌ക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറിയ മാറ്റങ്ങൾക്കല്ല, മറിച്ച് വലിയ മാറ്റങ്ങൾക്കായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും മഗ്യാർ പറഞ്ഞു. രാജ്യത്തെ കൊള്ളയടിച്ചവരെയും ചതിച്ചവരെയും വെറുതെ വിടില്ലെന്നും വിജയപ്രസംഗത്തിൽ മഗ്യാർ പറഞ്ഞു. എന്നാൽ ഷെൽ, വൊഡഫോൺ കമ്പനികളുമായി ബന്ധമുള്ളവർ മഗ്യാർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന ശ്രുതിയും പരക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ചങ്ങാത്ത മുതലാളിത്തത്തിനെതിരെ കർശനമായി നീങ്ങാൻ മഗ്യാറിന് കഴിയാതെവരും. നിയമവാഴ്ചയും ബഹുമുഖ ജനാധിപത്യവും പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റിന്റെ കാലാവധി രണ്ട് ടേമായി നിജപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റം, ഗർഭഛിദ്രം, എൽജിബിടിക്യു വിഷയങ്ങൾ എന്നിവയിൽ ഓർബന്റെ ചിന്താഗതിതന്നെയാണ് മഗ്യാറും പങ്കുവയ്‌ക്കുന്നത്. അതുകൊണ്ടുതന്നെ "തീസ്സയുടെ വിജയം ഹംഗറിയിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിപുലമായ ഇടം നൽകുമെന്ന് കരുതാനാകില്ല’ എന്ന പീപ്പിൾ ഡിസ്പാച്ചിന്റെ നിരീക്ഷണം അർഥവത്താണ്. എങ്കിലും, അയർലൻഡിലും നെതർലൻഡ്‌സിലും സ്ലോവേനിയയിലും ഡെന്മാർക്കിലും അടുത്തിടെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന് അധികാരത്തിലെത്താൻ കഴിയാത്തതും ഫ്രാൻസിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിന്റെ വൻ മുന്നേറ്റം തടയാനായതും യൂറോപ്പിലെ തീവ്ര വലതുപക്ഷ നായകനായ ഓർബന്റെ ദയനീയ തോൽവിയും പുരോഗമന- ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.















