മനോരമ കാപ്‌സ്യൂൾ ഫാക്‌ടറി 24x7

പ്രതീകാത്മക ചിത്രം

വിനോദ് പായം
Published on Apr 24, 2026, 10:31 PM | 2 min read
‘പുഴയെങ്ങാനും വറ്റി, തുടലെങ്ങാനും പൊട്ടി, ഇക്കരെ വന്ന നായയെ എന്തുചെയ്യും’ എന്ന് പണ്ട് നന്പൂതിരി ആലോചിച്ചപോലെയാണ് ഇപ്പോൾ പ്രമുഖ യുഡിഎഫ് പത്രമായ മലയാള മനോരമയുടെ ചിന്ത. തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് സർക്കാരിനെ അറഞ്ചം പൊറഞ്ചം ആക്രമിക്കുന്നത് അതിന്റെ നടപ്പുശീലം. തെരഞ്ഞെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണുംവരെയുള്ള കൂൾ ടൈമിൽ താത്വികമായ ആക്രമണമാണ് പൊതുവിൽ നടത്താറ്. എന്നാൽ ഇത്തവണ, വോട്ട് കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുകാല വ്യാജപ്രചാരണ മോഡ് മാറ്റിയിട്ടില്ല മനോരമ. എന്തിലും ഏതിലും വ്യാജനോട് വ്യാജൻ, മെഗാ സീരിയൽപോലെ തുടരൻ.
എന്താണതിന്റെ കാര്യമെന്ന് ആലോചിക്കുമ്പോഴാണ്, മനോരമ കാപ്‌സ്യൂൾ ഫാക്‌ടറിയുടെ ദീർഘദർശനം മനസ്സിലാകുന്നത്. പഴയ നന്പൂതിരിക്കഥയ്‌ക്ക് പാഠഭേദം ചമയ്‌ക്കുന്ന തിരക്കിലാണവർ. പുഴയെങ്ങാനും വറ്റി, തുടലെങ്ങാനും പൊട്ടി, പഴയ ചാണ്ടി സാറിട്ട കല്ലിനുസമാനമായ യുഡിഎഫ് സർക്കാരെങ്ങാൻ വന്നാൽ, പിന്നെ യുഡിഎഫുകാർ മൂന്നുനേരം കഴിക്കേണ്ടിവരിക; തങ്ങളുടെ ഫാക്‌ടറിയിലെ കാപ്‌സ്യൂൾതന്നെയാകുമെന്ന് മനോരമയ്‌ക്ക് ഉറപ്പുണ്ട്.
‘ഹിമാചലിൽ ശന്പളത്തിൽ 30 ശതമാനം കട്ട്: കേരളത്തിനും വരുമോ ഇൗ ഗതി’ ബുധനാഴ്‌ചത്തെ മനോരമ പത്രത്തിലെ ഒരു തലക്കെട്ടാണ്. അത് വായിച്ചാൽ ഹിമാചലും ഇടതുപക്ഷമാണ് ഭരിക്കുന്നത് എന്ന് തോന്നിപ്പോകും. യേത്... കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ ശന്പളമില്ല, എന്ന വാർത്താ പരാതി മനോരമയ്‌ക്കില്ല. പോട്ടെ; അവിടെ മലയാളികൾ ഇല്ലാത്തതിനാലാകാം അങ്ങനെ വാർത്ത വരാത്തത്. തെലങ്കാനയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശന്പളവും കട്ട് ചെയ്‌തത് മനോരമ അറിഞ്ഞാരുന്നോ; ഇല്ലേയില്ല. അതും പോട്ടെ; ഒരുപാട് മലയാളികൾ ജോലി ചെയ്യുന്ന കർണാടകത്തിലും നാലുമാസംവരെ ജീവനക്കാർക്ക് ശന്പളമില്ല എന്ന വാർത്തയും ആ പത്രത്തിൽ കണ്ടില്ല. വാർത്ത അവർ അറിയാത്തതായിരിക്കില്ല. ഹിമാചലിനും തെലങ്കാനയ്‌ക്കും കർണാടകത്തിനും പൊതുവായ ഒരു സംഗതിയുണ്ട്. അവിടെയെല്ലാം മനോരമയുടെ മാനസപുത്രരാണ് ഭരിക്കുന്നത്. ഇന്ത്യയിലെ കോൺഗ്രസ് ഭരിക്കുന്ന മൂന്നിടത്തും, ജീവനക്കാർക്ക് ശന്പളം സമയത്ത് നൽകാനാകാത്ത കെടുകാര്യസ്ഥതയാണ് ഭരിക്കുന്നതെന്ന ഭയപ്പെടുത്തുന്ന കാര്യം അവർ ഇപ്പോഴും അറിഞ്ഞ മട്ടേയില്ല!
അപ്പോൾ, അതേ ഭയപ്പെടുത്തുന്ന ‘നന്പൂതിരി ശങ്ക’ തുടൽ പൊട്ടിച്ച് പുഴകടന്ന് വന്നാൽ കിട്ടുന്ന കടിയെ പ്രതിരോധിക്കാനുള്ള കാപ്‌സ്യൂളാണ് ഇപ്പോൾ മനോരമ വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരക്കെ ചർച്ച ചെയ്‌ത കാര്യമാണ് യുഡിഎഫിന്റെ ഇരുണ്ട കാലം. പവർകട്ടുള്ള, സ്‌കൂൾ പൂട്ടുന്ന, നിയമന നിരോധനമുള്ള, കെഎസ്‌ആർടിസി കട്ടപ്പുറത്താകുന്ന, വർഗീയകലാപമുള്ള ഇരുണ്ട കാലം. ഇപ്പോൾ മനോരമ ആഗ്രഹിക്കുന്നതരം ചാണ്ടി സാറിട്ട കല്ലിനുസമാനമായ ഇരുണ്ട കാലം വന്നാൽ; മേൽപ്പറഞ്ഞതിനൊപ്പം ഒന്നുകൂടി ചേരും; ചേർക്കേണ്ടിവരും. ‘സർക്കാർ ജീവനക്കാർക്ക് ശന്പളമില്ലാത്ത ഇരുണ്ട കാലം’ എന്നതാണത്. അപ്പോഴുണ്ടാകുന്ന നാട്ടുകാരുടെ അടിയുടെ ആഘാതം കുറയ്‌ക്കാനാണ് മനോരമയുടെ കാപ്‌സ്യൂൾ ഒടിവിദ്യ. ഹിമാചൽപോലെ ആകുമോ കേരളം എന്നാണാ മില്യൺ ഡോളർ ചോദ്യം.
കേൾക്കുന്പോൾ തോന്നും ഇവർ ആദ്യമായാണ് ഇൗ ചോദ്യം അവതരിപ്പിക്കുന്നതെന്ന്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ഏപ്രിൽ മാസംമുതൽ മനോരമ; ട്രഷറി പൂട്ടും, പെൻഷൻ മുടങ്ങും, ശന്പളം വൈകും എന്നതുപോലുള്ള പ്രചാരണം നടത്തുന്നുണ്ട്. എല്ലാ 10 വർഷവും മുടങ്ങാതെ അവർ പറയുന്നുമുണ്ട്. എന്നാൽ, കഴിഞ്ഞ 10 വർഷത്തിലും അതൊന്നും മുടങ്ങിയില്ല എന്നുമാത്രമല്ല, ക്ഷേമ പെൻഷൻ അടക്കം മൂന്നിരട്ടിയാക്കി മുൻകൂർ നൽകിയ കാലമാണ് കടന്നുപോയത്.
ആയതിനാൽ മനോരമക്കാരേ, അത് വായിച്ച് സ്വപ്‌നം കാണുന്ന യുഡിഎഫുകാരേ... പുഴ വറ്റില്ല, തുടൽ പൊട്ടില്ല, ഇരുണ്ട കാലം പുഴകടന്ന് കേരളത്തെ കടിക്കാനും പോകുന്നില്ല. ജസ്റ്റ് വേയിറ്റ് ആൻഡ് സീ മെയ് നാല്.












