ad
Deshabhimani

Articles

ഓണം ആസ്വാദ്യകരമാകട്ടെ; പ്രതീക്ഷയുടെ ഇരട്ടിക്കാഴ്ചയിൽ

ഓണം ആസ്വാദ്യകരമാകട്ടെ; പ്രതീക്ഷയുടെ ഇരട്ടിക്കാഴ്ചയിൽ

Onam .jpg
avatar
ജി ആർ ഇന്ദുഗോപൻ

Published on Aug 26, 2026, 01:30 AM | 2 min read

ഉത്രാടമായിരുന്നു. പൂക്കളമിടാൻ ഞങ്ങൾ കുട്ടികൾ സന്തോഷത്തോടെ പൂക്കൾ ശേഖരിച്ചുകൊണ്ടുനിൽക്കുന്ന പ്രഭാതത്തിലാണ് ആ വാർത്ത. അയലത്തെ ബേബിഅണ്ണൻ മരിച്ചു; ദുരൂഹമായ നിലയിൽ. ജഡം പിറ്റേന്ന് വരും; തിരുവോണത്തിന് രാവിലെ. പൂ ഇനി പറിക്കണോ വേണ്ടയോ? പ്രതിസന്ധി. ബേബിഅണ്ണൻ ഞങ്ങൾ കുട്ടികൾക്ക് പ്രിയപ്പെട്ടവനാണ്‌. പത്തിരുപത്തിയഞ്ച്‌ വയസ്സുണ്ടെങ്കിലും ഞങ്ങൾക്കൊപ്പം വന്ന് പൂക്കൾ ഇറുത്തുതന്നിട്ടുള്ള ആളാണ്. ഓണാഘോഷങ്ങൾക്ക് മുന്നിൽനിന്ന സംഘാടകനാണ്. ഞങ്ങൾക്ക് കളിസ്ഥലം ഒരുക്കിനൽകിയ ഇഷ്ടക്കാരനാണ്. ഏക്കർകണക്കുള്ള മതിലുകളിലില്ലാത്ത പച്ചപ്പിന്റെ ആ ലോകം മുഴുവൻ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയുമാണ്. ഞങ്ങളുടെ പൂക്കൂട നിറയ്‌ക്കുന്ന പൂക്കളുടെ ലോകം അദ്ദേഹത്തിന്റേതാണ്. ദുഃഖമുണ്ട്. വലിയ സങ്കടം. ഞങ്ങൾ പക്ഷേ, കുട്ടികളാണ്. ഓണം ആഘോഷിക്കാതിരിക്കാൻ വയ്യ. അത്ര ആറ്റുനോറ്റിരിക്കുന്ന ഓണക്കാലമാണ്. ധർമസങ്കടം. പൂക്കളമിട്ടു, വിറയ്‌ക്കുന്ന കൈകളാൽ. കുറ്റബോധം.


പിറ്റേന്ന് തിരുവോണമാണ്. നാട്‌ വിറങ്ങലിച്ചു നിൽക്കുകയാണ്. പരപരാ വെട്ടം വന്നപ്പോ പൂപറിക്കാനിറങ്ങി. കണ്ണഞ്ചിപ്പോയി. ബേബിഅണ്ണന്റെ തൊടി നിറയെ തലേന്ന് കണ്ടതിലും പത്തിരട്ടി പൂക്കൾ. കലമ്പൊട്ടിയുടെ വയലറ്റ് കാട്, തുമ്പകളുടെ വെളുത്ത സ്വർഗം, തൊട്ടാവാടി പൂക്കളുടെ പിങ്ക് പരവതാനി, മുക്കുറ്റികളുടെ മഞ്ഞപ്പാടം...അങ്ങനെയങ്ങനെ കാണുന്ന ചെടികളെല്ലാം പൂത്തുവിടർന്നുമലച്ചു നിൽക്കുന്നു. നിറങ്ങൾക്കെല്ലാം ഇതുവരെ കണ്ടിട്ടില്ലാത്ത ആഴവും. അത്ഭുതം. പൂക്കൾ പറിച്ചെടുക്കും മുമ്പേ പൂക്കൂടയിൽ വീഴുന്നു. ബേബിഅണ്ണൻ ഉണ്ട്; ആ ചിരിയുമായി ഞങ്ങൾക്കൊപ്പം എന്ന് മനസ്സിലായി. അതായിരുന്നു ജീവിതത്തിലെ വിസ്‌മയകരമായ ഓണം. നമ്മളുടെ ദുഃഖത്തിലും വിഷമത്തിലും പ്രതിസന്ധിയിലും ഉണ്ടായ പ്രതീക്ഷയുടെ ഒരു ഇരട്ടിക്കാഴ്‌ചയായിരിക്കാം, തോന്നലായിരിക്കാം അത്. പക്ഷേ വേദനയിൽ, നൊമ്പരങ്ങളിൽ ഇരട്ടിയായി പൂക്കുന്ന ഈ വിസ്‌മയമാണ്‌ ജീവിതമെന്ന്‌ മനസ്സിലായി. ഓണം എല്ലാം തികഞ്ഞ സന്തോഷത്തിന്റെ പരവതാനിയിലല്ല സംഭവിക്കുന്നത്. ആ നേരം നമ്മൾ പ്രതിസന്ധികളെ മാറ്റിവച്ച് സന്തോഷത്തെ തെരഞ്ഞെടുക്കുകയാണ്. മനുഷ്യന്‌ ആഘോഷം വേണം. കൂട്ടായ്മ വേണം. എങ്കിലേ കാടും പടർപ്പും തെളിച്ച് മുന്നോട്ടുപോകാൻ ആത്മവിശ്വാസം ലഭിക്കൂ. അതിന് നല്ല മാർഗം ഇതുതന്നെ.


നമ്മുടെ ബാല്യകാലത്തിന്റെ വിസ്‌മയത്തിലേക്ക്‌, അതിന്റെ നിഷ്‌കളങ്കതയിലേക്ക്‌ നമ്മൾ നമ്മളെ തിരിച്ചുനടത്തുക. ബേബിഅണ്ണന്റെ തൊടിയിൽ കണ്ടതുപോലെ, ഒരു തരി വിസ്‌മയം അധികം കരുതണം. അതുകൂടി ചേർത്തുവേണം ഓണസദ്യക്ക്‌ പപ്പടം പൊടിക്കാൻ. പൊട്ടുന്നത് ഒപ്പമുള്ള വേദനകളാകണം; മാറ്റിവയ്‌ക്കാൻ തൽക്കാലത്തേക്കെങ്കിലും. ഒപ്പം ജീവിതത്തിലെ നല്ല ഓർമകൾകൂടി മേമ്പൊടിക്ക് ചേരുമ്പോഴാണ് ഓണം ഏറ്റവും ആസ്വാദ്യകരമാകുന്നത്. അങ്ങനെയാകട്ടെ ഈ ഓണം. ആശംസകൾ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home