ad
Deshabhimani

അട്ടപ്പാടി ഇരട്ട കൊലപാതകം; ഗർഭിണിയാണെന്ന സംശയത്തെതുടർന്ന് വാക്കുതർക്കം, പിന്നാലെ കൊല

attappadi murder

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. ഇൻസൈറ്റിൽ കൊല്ലപ്പെട്ട പ്രോണിതയും മകൾ ജോഹിതയും

വെബ് ഡെസ്ക്

Published on Sep 12, 2026, 02:41 PM | 1 min read

അ​ഗളി : അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വാക്ക് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയായ പ്രോണിതയും നാലു വയസുകാരിയായ മകൾ ജോഹിതയുമാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പശ്ചിമബം​ഗാൾ പ്രവോദ് ദാസാണ് പ്രതി. പ്രോണിതയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രവോദ്. 2020-ലാണ് പ്രോണിതയെ കുനൂ മുർമു പ്രണയിച്ചുവിവാഹം കഴിച്ചത്. ഇവരുടെ മകളാണ് ജോഹിത.


ഒന്നരവർഷം മുമ്പ് പ്ലൈവുഡ് ഫാക്ടറിയിൽ ഒരുമിച്ച് ജോലിചെയ്ത പരിചയമാണ് കുനൂ മുർമുവും പ്രതി പ്രവോദ് ദാസും തമ്മിലുള്ളത്. ബംഗാളിൽ ഇരുവരുടെയും ഗ്രാമങ്ങൾ തമ്മിൽ 40 കിലോമീറ്റർ ദൂരമാണുള്ളത്. സൗഹൃദത്തിന്റെ ഭാഗമായി പ്രതി ഇവരുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. കൊല്ലപ്പെട്ട പ്രോണിതയും ഭർത്താവും തമ്മിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന കലഹങ്ങൾക്ക് മധ്യസ്ഥം പറഞ്ഞിരുന്നതും ഇയാളായിരുന്നു.

ഇതിനിടയിലാണ് പ്രോണിതയും പ്രതിയും തമ്മിൽ അടുക്കുന്നത്.


രണ്ടുമാസം മുമ്പ് കുനു മുർമു മംഗലാപുരത്തെ ജോലിക്ക് പോയ സമയത്ത് പ്രോണിത കുട്ടിയുമായി പ്രതിക്കൊപ്പം തൃശൂരിലേക്ക് വരികയായിരുന്നു. തൃശൂരിൽ ജോലി തുടരുന്നതിനിടെ ചീരക്കടവിലെ തോട്ടത്തിൽ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പത്രപരസ്യം കണ്ടാണ് അട്ടപ്പാടിയിലെത്തുന്നത്. സെപ്‌തംബർ രണ്ടിന് കോട്ടത്തറ ആശുപത്രിയിൽ ഗർഭിണിയാണോയെന്നറിയാൻ വൈദ്യപരിശോധന നടത്തി. എന്നാൽ ഫലം വാങ്ങാതെ മടങ്ങുകയായിരുന്നു. പിന്നാലെ പ്രശ്നങ്ങൾ തുടങ്ങി. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു.


വാക്ക് തർക്കത്തിനിടെ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് പ്രോണിതയെ മർദിച്ച പ്രവോദ്‌ ദാസ്‌ പുറത്തുപോയി മടങ്ങിയെത്തി കുട്ടിയെയും മർദിച്ചു. പിന്നെ കത്തിയുപയോഗിച്ച് പ്രോണിതയെ തലക്കടിച്ചു വീഴ്ത്തി. വീണ്ടും വീണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തലവെട്ടി മാറ്റി. കുട്ടിയെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം കുട്ടിയുടെ തലയും അറുത്തുമാറ്റി രണ്ടു തലകളും ഒരു ചാക്കിലും ഉടൽ മറ്റൊരു ചാക്കിലുമാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രവോദ് ദാസിനെ(35) അലിപുർദ്വാറിൽനിന്നാണ്‌ പൊലീസ്‌ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home