വിദേശ നിക്ഷേപകർ കൈയ്യൊഴിയുന്നു; ഈ വർഷം പിൻവലിച്ചത് 2 ലക്ഷം കോടി

ന്യൂഡൽഹി : ഇന്ത്യൻ ഓഹരി വിപണിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് വിദേശ നിക്ഷേപകർ ഒരാഴ്ചക്കിടെ പിൻവലിച്ചത് കോടികളുടെ നിക്ഷേപം. പതിനായിരത്തിലധികം കോടിയുടെ നിക്ഷേപമാണ് ദിവസങ്ങൾക്കുള്ളിൽ ഓഹരി വിപണിയിൽ നിന്ന് പുറത്തേക്കൊഴുകിയത്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വൻ കുതിപ്പിലാണെന്ന കേന്ദ്രസർക്കാരിന്റെ പൊള്ളയായ വാദത്തെ തുറന്നു കാണിക്കുന്നതാണ് പുതിയ കണക്കുകൾ. ചില ആഗോള നിക്ഷേപകർ ഇന്ത്യയിലേക്കുള്ള നിക്ഷേപം പൂർണമായും ചുരുക്കി പൂജ്യമാക്കിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം കഴിഞ്ഞ 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ഈ വർഷം മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തേക്ക് പോയത്.
മറ്റ് ഏഷ്യൻ വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ ഓഹരി വിപണി നേരിടുന്ന ചില അടിസ്ഥാനപരമായ പ്രതിസന്ധികളാണ് വിദേശ നിക്ഷേം കുറയുന്നതിന് പ്രധാന കാരണം. ആദ്യത്തേത് എഐ സാധ്യതകളുടെ അഭാവമാണ്. ലോകം എഐക്കൊപ്പം മുന്നേറുമ്പോൾ ഇന്ത്യയിൽ അത്തരം നൂതന നിക്ഷേപ സാധ്യതയുള്ള സംരംഭങ്ങൾ കുറവാണ്. അതായത് ആധുനിക സംരംഭങ്ങൾക്ക് വളരാനുള്ള സാധ്യതയില്ലെന്ന് ചുരുക്കം.
ഇന്ത്യൻ ഓഹരികൾ മറ്റ് വികസ്വര രാജ്യങ്ങളുടേതിനേക്കാൾ ഉയർന്ന മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. എന്നാൽ അതിനനുസരിച്ചുള്ള ലാഭം കമ്പനികൾക്ക് ലഭിക്കാത്തതാണ് മറ്റൊരു കാരണം. ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതിനാൽ ഡോളറിൽ കണക്കാക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് ലാഭമുണ്ടാക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എന്നാൽ രൂപയുടെ മൂല്യം കനത്ത തിരിച്ചടി നേരിടുമ്പോഴും കേന്ദ്രവും കേന്ദ്ര ബാങ്കും മൗനത്തിലാണ്.
ഓഹരികളിൽ താല്കാലികമായി നിക്ഷേപിക്കുന്നതിന് പകരം രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുകയാണ് വേണ്ടത്. സമ്പദ്‌വ്യവസ്ഥ നേരിടുന്ന നിലവിലെ പ്രശ്നങ്ങൾ വിലയിരുത്തുമ്പോൾ എംഎസ്‌സിഐ എമർജിംഗ് മാർക്കറ്റ് സൂചികയിൽ പോലും ഇന്ത്യ കഴിഞ്ഞ വർഷത്തേതിൽ നിന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി കാണാം. വിദേശ നിക്ഷേപം പുറത്തേക്കൊഴുകിയതിനാൽ പതിറ്റാണ്ടായി തുടർച്ചയായി നേട്ടമുണ്ടാക്കിയിരുന്ന നിഫ്റ്റി 50 സൂചിക പോലും കൂപ്പുകുത്തി.
ചുരുക്കത്തിൽ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പോലും പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരുമാണ് വിപണിയെ താങ്ങിനിർത്തുന്നത്. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ കൈവിടുമ്പോൾ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നത് ഉയർന്ന വിലക്ക് ഓഹരികൾ വാങ്ങിവച്ചിരുന്ന രാജ്യത്തെ ചെറുകിട നിക്ഷേപകരാണ്.










0 comments