ad
Deshabhimani

'ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സിഎംആർഎല്ലിന് ഒരാനുകൂല്യവും നൽകിയിട്ടില്ല': പിണറായി വിജയൻ

pinarayi vijayan press meet 1.jpg

പിണറായി വിജയൻ | ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Sep 12, 2026, 02:42 PM | 1 min read

തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്ക് ഒരു തരത്തിലുമുള്ള ആനുകൂല്യവും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. സിഎംആർഎൽ വിഷയത്തിൽ ഇഡി മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന പുതിയ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. അന്വേഷണ ഏജൻസി തന്നെ സ്വയം തിരുത്തിക്കൊണ്ട് പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഉയർത്തുന്നത്.


ഇന്നലെവരെ ഉയർത്തിയ ആരോപണം, സിഎംആർഎൽ യാതൊരു സേവനവും ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകിയെന്നാണ്. അതിൻറെ അടിസ്ഥാനത്തിൽ സിഎംആർഎൽ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് എസ്എഫ്ഐഒ ആരോപിച്ചു. അതിനെ തുടർന്നാണ് അന്വേഷണങ്ങളും റെയ്ഡുകളും നടന്നത് എന്നാണ്. എന്നാൽ ഇപ്പോൾ ഇഡി പറയുന്നത് മറ്റൊന്നാണ്.


എക്സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ള പ്രതിഫലമല്ല, മറിച്ച് മുഖ്യമന്ത്രിയായിരുന്ന ഞാൻ സിഎംആർഎല്ലിന് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയതിനുള്ള കൈക്കൂലിയായിരുന്നു എന്നാണ് പുതിയ ഭാഷ്യം. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംവിധാനത്തിൻറെ വ്യത്യസ്ത ഘട്ടങ്ങളിലെ ഈ രണ്ട് വാദങ്ങളിൽ അവർ തന്നെ ആദ്യം ഒരു തീർപ്പുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തനിക്കെതിരെ ഇപ്പോൾ നടക്കുന്ന കടന്നാക്രമണങ്ങൾ കേന്ദ്രത്തിലെ ബിജെപി സർക്കാരും സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ചേർന്നുള്ള സംയുക്ത പരിപാടിയാണെന്നും അദ്ദേഹം തുറന്നടിച്ചു. തനിക്കെതിരെയോ എൽഡിഎഫിനെതിരെയോ ഉള്ള ആരോപണങ്ങൾ നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


2021-ൽ എൽഡിഎഫ് തുടർച്ചയായി അധികാരത്തിലെത്തിയത് മുതൽ ബിജെപിയും യുഡിഎഫും ചേർന്ന് സർക്കാരിനെ തകർക്കാൻ സംഘടിത ആക്രമണമാണ് നടത്തിയത്. 2026-ൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്രത്തിലെ ബിജെപി ഭരണകൂടവും സംസ്ഥാന സർക്കാരും കൈകോർത്ത് നടത്തുന്ന സംയുക്ത പരിപാടിയായി ഈ വേട്ടയാടൽ മാറിയിരിക്കുകയാണ്.


പാർട്ടി സെക്രട്ടറിയാകുന്നതിന് മുൻപും പിൻപും ഭരണത്തിലരിക്കുമ്പോഴും തനിക്കെതിരെ നിരന്തരം കടന്നാക്രമണങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും തളരാത്ത പ്രസ്ഥാനമാണിത്. സിപിഐ എമ്മിനെ തകർക്കുക എന്നത് സംഘപരിവാറിന്റെയും വലതുപക്ഷത്തിന്റെയും അജണ്ടയാണ്. എത്ര നീചമായ പദ്ധതികൾ ആവിഷ്കരിച്ചാലും തളരുകയോ തകരുകയോ ചെയ്യാതെ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home