സംരക്ഷിക്കേണ്ടത് നാടിന്റെ താൽപ്പര്യം

വിഎൻ വാസവൻ
Published on Jul 05, 2026, 09:19 PM | 4 min read
രാജ്യത്തിന്റെ വാണിജ്യകവാടമായി വിഴിഞ്ഞം അറിയപ്പെടുമെന്ന എൽഡിഎഫ് സർക്കാരുകളുടെ പ്രതീക്ഷ ഇതിനകം യാഥാർഥ്യത്തോട് അടുത്തുകഴിഞ്ഞു. തുറമുഖം വാണിജ്യപ്രവർത്തനം ആരംഭിച്ച് 18 മാസത്തിനകം ആയിരത്തോളം കപ്പലുകൾ എത്തി. അതിൽ എഴുപതിലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലും (കൂറ്റൻ മദർഷിപ്പുകൾ) ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവുംവലിയ ചരക്കുകപ്പലുകളിൽ ഒന്നായ എംഎസ്‌സി ഐറിനയും ഇവിടെയെത്തി. 24,000 ടിഇയു (ട്വന്റിഫൂട്ട് ഇക്വലന്റ് യൂണിറ്റ്) വഹിക്കാൻ ശേഷിയുള്ള ഇത്തരം കപ്പലുകൾക്ക് 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 20 ലക്ഷം ടിഇയുവിൽ അധികം ചരക്കും തുറമുഖം കൈകാര്യം ചെയ്‌തു.
കുറഞ്ഞ കാലപരിധിയിൽ ഇത്ര മുന്നേറ്റമുണ്ടാക്കിയ മറ്റൊരു തുറമുഖം രാജ്യത്ത് ഇല്ലെന്നു പറയാം. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലും എത്തുന്ന കപ്പലുകളുടെ എണ്ണത്തിലോ കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ അളവിലോ കുറവുണ്ടായിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ചില മാസങ്ങളിൽ കൂടുതൽ ചരക്ക് എത്തിയിട്ടുമുണ്ട്. മാസത്തിൽ ശരാശരി അന്പതിലധികം കപ്പലുകൾ, ഒരുലക്ഷത്തിലധികം കണ്ടെയ്‌നറുകൾ എന്നതാണ് ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖമായ വിഴിഞ്ഞത്തിന്റെ ഇപ്പോഴത്തെ നില. 800 മീറ്റർ ബെർത്താണ് ഇവിടെയുള്ളത്. ഒന്നാംഘട്ടത്തിൽ സ്ഥാപിതശേഷിയായി (കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി)കണ്ടിരുന്നത് പ്രതിവർഷം 10 ലക്ഷം ടിഇയു കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് ക്രെയിനുകൾ ഉപയോഗിച്ചും ക്രെയിനുകളുടെ പ്രവർത്തനം ഘട്ടംഘട്ടമായി മെച്ചപ്പെടുത്തിയും അത് 16 ലക്ഷം ടിഇയു ആയി ഉയർത്തി. രണ്ടുമുതൽ നാലുഘട്ടംവരെ ഒറ്റഘട്ടമായി നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
പഴയ കരാറും സപ്ലിമെന്ററി കരാറും
2015ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും അദാനി പോർട്‌സും ഉണ്ടാക്കിയ കരാറിൽ 2045ൽ രണ്ടാംഘട്ടം (രണ്ട്, മൂന്ന്, നാല് ഘട്ടം) പൂർത്തിയാക്കേണ്ടതായിരുന്നു. കൂടാതെ, 30 വർഷം തുറമുഖം പ്രവർത്തിപ്പിച്ചശേഷം സംസ്ഥാനത്തിന് വരുമാനം പങ്കിട്ടാൽ മതി. ഇൗ രണ്ടു വ്യവസ്ഥയും മാറ്റി, സംസ്ഥാനത്തിന് അനുകൂലമാക്കിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ സപ്ലിമെന്ററി കരാറിലാണ്. ഇതോടെ 2028 ഡിസംബറിൽ രണ്ടും മൂന്നും നാലും ഘട്ടം പൂർത്തീകരിച്ചാൽ തുറമുഖം പൂർണസജ്ജമാക്കുമെന്ന നിലവന്നു. 2035ൽ വരുമാനത്തിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കും. 25 ശതമാനത്തിലധികം ഓഹരികൾ നടത്തിപ്പ് ചുമതലയുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) വിൽക്കുകയാണെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ വിഴിഞ്ഞം സ്വകാര്യസംരംഭമല്ല. ഒന്നാം ഘട്ടത്തിന്റെ സാമ്പത്തികവിഹിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒന്നാംഘട്ടത്തിലെ സംസ്ഥാനത്തിന്റെ പങ്കാളിത്തം 5595.2 കോടിയോളം വരും. മൊത്തം നിർമാണച്ചെലവിന്റെ 61 ശതമാനം. ആകെ ചെലവായി കണക്കാക്കിയത് 8867 കോടി. അതിൽ 2454 കോടിയാണ് അദാനി പോർട്‌സിന്റേത്. 817.80 കോടി കേന്ദ്രം നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ടാണ്. അത് വായ്‌പയാണ്. തുറമുഖത്തിൽനിന്ന് വരുമാനം കിട്ടുന്ന മുറയ്‌ക്ക് 80:20 അനുപാതത്തിൽ 20 ശതമാനം വീതം കേന്ദ്രത്തിന് മടക്കി നൽകണം. വലിയ സാന്പത്തികചൂഷണം ഇതിലൂടെ കേന്ദ്രം ലക്ഷ്യമിട്ടു. അങ്ങനെ നോക്കുന്പോൾ 70 ശതമാനത്തിലധികം തുകയും കേരളത്തിന്റേതാണ്. ജനങ്ങളുടെ നികുതിപ്പണമാണ്. തുറമുഖത്തിന്റെ അന്തിമഉടമ സംസ്ഥാനവും സർക്കാരിനു കീഴിലുള്ള പ്രത്യേക പർപ്പസ് വെഹിക്കിളായ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡും (വിസിൽ) ആണ്. അദാനി ഗ്രൂപ്പ് 40 വർഷംവരെയുള്ള നടത്തിപ്പ് പങ്കാളിമാത്രം.
മുഖ്യമന്ത്രി മറുപടി പറയണം
സംസ്ഥാന സർക്കാരുമായുള്ള കരാർപ്രകാരം അനുമതിയില്ലാതെ ഓഹരി കൈമാറ്റം ചെയ്യാൻ പാടില്ല. ജൂൺ ആദ്യംതന്നെ മെഡിറ്ററേനിയൻ ഷിപ്പിങ് കന്പനിയും (എംഎസ്‌സി) അദാനി പോർട്‌സും ഓഹരി കൈമാറ്റത്തിനുള്ള ചർച്ചകൾ നടത്തുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതേമാസം 29ന് 49 ശതമാനം ഓഹരികൾ എംഎസ്‌സിക്ക് വിൽക്കാൻ ഇരുവരും പ്രാഥമിക ധാരണയായതായി സെബിക്ക് മുന്പാകെ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അനുമതി കൂടാതെ ഓഹരി കൈമാറ്റം ചെയ്യാൻ കഴിയില്ലെന്ന് ബോധ്യമുണ്ടായിട്ടും അദാനി പോർട്‌സ് അധികൃതർ എങ്ങനെയാണ് ഇത്തരത്തിൽ ഒരു കരാറിൽ ഏർപ്പെടുകയും വാർത്താക്കുറിപ്പായി പുറത്തിറക്കുകയും ചെയ്‌തത്. ഇതും ദുരൂഹമാണ്. ഒപ്പം മുഖ്യമന്ത്രി വി ഡി സതീശന്റെ ‘അനുമതി’ മുന്പുതന്നെ കിട്ടിക്കാണുമെന്ന സംശയവും ഉണ്ടാക്കുന്നു.
വിദേശനിക്ഷേപത്തിന് അവസരമൊരുക്കുമ്പോൾ രാജ്യസുരക്ഷ ഉറപ്പാക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. കടൽവഴിയുള്ള ചരക്ക് ഗതാഗതത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന കമ്പനിയായ എംഎസ്‌സിക്ക് വലിയഭാഗം ഓഹരി വിൽക്കുന്പോൾ കുത്തകാവകാശം സ്ഥാപിക്കാനുള്ള അവസരം തുറന്നുനൽകും. അതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. അവർ തീരുമാനിക്കുന്നപോലെയായിരിക്കും പിന്നീട് കാര്യങ്ങൾ. അത് സംസ്ഥാനത്തെയും തുറമുഖ വികസനത്തെയും ഗുരുതരമായി ബാധിക്കും.
ദേശീയ സുരക്ഷ ഉറപ്പാക്കും, മത്സരാധിഷ്ഠിതമായി കാര്യങ്ങള് നടക്കുന്നെന്ന് ഉറപ്പുവരുത്തും, എല്ലാ കമ്പനികളുടെയും നിക്ഷേപത്തിനുള്ള സാഹചര്യം ഉറപ്പാക്കും തുടങ്ങി മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറപ്പുകൾക്ക് എത്ര ഉറപ്പുണ്ടാകുമെന്ന് ഒരുമാസത്തിനിടയിലെ അദ്ദേഹത്തിന്റെ പല വിഷയങ്ങളിലുള്ള നിലപാടുമാറ്റത്തിലൂടെ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ട് അദാനി പോർട്‌സ് അധികൃതരുമായി എന്ത് തരത്തിലുള്ള ഡീലാണ് നടന്നതെന്ന് അദ്ദേഹം പറയണം. സാഹചര്യങ്ങൾ വിലയിരുത്തുന്പോൾ അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റത്തിനുള്ള തീരുമാനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ എടുത്തതാണെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുതൊട്ടുമുന്പ് ചാർട്ടേഡ് വിമാനത്തിലുള്ള അദ്ദേഹത്തിന്റെ മംഗളൂരു യാത്രയും അദാനി കമ്പനിയുടെ പ്രമുഖനുമായും എൻഡിഎ നേതാക്കളുമായുള്ള രഹസ്യചർച്ചയും സംശയങ്ങൾ ബലപ്പെടുത്തുന്നു. മന്ത്രിസഭാ രൂപീകരണത്തിൽ ഹൈക്കമാൻഡിന്റെ നിർദേശം അവഗണിച്ച് ധന, തുറമുഖ, നിയമ, പരിസ്ഥിതി, പൊതുഭരണ വകുപ്പുകൾ മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തു. ഒരു മുഖ്യമന്ത്രിയും ഇൗ അഞ്ച് വകുപ്പും ഒന്നിച്ച് കൈകാര്യം ചെയ്‌തിട്ടില്ല.
ഒപ്പം മുന്പ് തുറമുഖ സെക്രട്ടറിയായിരുന്ന രത്തൻ കേൽക്കറെ ചീഫ് ഇലക്ടറൽ ഓഫീസർ സ്ഥാനത്തുനിന്ന് രാജിവയ്‌പിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ വകുപ്പിന്റെ സെക്രട്ടറിയുമാക്കി. തുറമുഖവകുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മേൽപ്പറഞ്ഞ അഞ്ച് വകുപ്പുമാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖ കച്ചവടത്തിന് പശ്‌ചാത്തലമൊരുക്കാനാണ് വകുപ്പ് വിഭജനത്തിലും ഉദ്യോഗസ്ഥ നിയമനത്തിലും മുൻകരുതലെടുത്തത്. അദാനി ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കന്പനിക്ക് കൈമാറാൻ ജൂൺ 29ന് എംഒയു ഒപ്പിട്ടത് മുഖ്യമന്ത്രി അറിഞ്ഞുതന്നെയാണ്. സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ ഒപ്പിടരുതെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. താൻ അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിങ്ങനെ എല്ലാം ഒരാൾ ഒരുക്കിയ നാടകമാണ് വിഴിഞ്ഞത്തെ ഓഹരി വിൽപ്പന.
10 വർഷത്തെ ഇടപെടൽ
നിർമാണത്തിന് മുൻ യുഡിഎഫ് സർക്കാർ അദാനിയുമായി കരാർ ഉണ്ടാക്കി, തറക്കല്ലിടൽ ചടങ്ങുമാത്രം നടത്തി എന്നതൊഴിച്ചാൽ തുറമുഖത്തെ ഇന്ന് കാണുന്ന വിധത്തിലേക്ക് വളർത്തിയത് ഒന്നും രണ്ടും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും നടപടികളുമാണ്. ഓഖിയും നൂറ്റാണ്ട് കണ്ട വെള്ളപ്പൊക്കവും കോവിഡും യുഡിഎഫ് പിന്തുണച്ച പ്രാദേശിക സമരവും അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതക്കുറവും പ്രതിസന്ധിയായപ്പോഴും സർക്കാരിന്റെ മുൻഗണനാപട്ടികയിൽ ഒന്നാംസ്ഥാനത്ത് വിഴിഞ്ഞമുണ്ടായിരുന്നു. ഒരുവിഭാഗം ആളുകളും യുഡിഎഫിലെ സതീശൻ ഉൾപ്പെടെയുള്ളവരും നിർമാണം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം അതെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും സമചിത്തതയോടെയുള്ള ഇടപെടലും വഴിയാണ് ഇത് സാധിച്ചത്. കേരളവിരുദ്ധ വ്യവസ്ഥകൾ യുഡിഎഫ് കരാറിലുണ്ടായിട്ടും തുടർസർക്കാർ എന്ന നിലയിൽ നാടിന്റെ വികസനത്തിന് അനുയോജ്യമാകുംവിധം പുതിയവ ചേർത്താണ് എൽഡിഎഫ് മുന്നോട്ടുപോയത്. അതിന്റെ ഫലം കേരളത്തിനാകെ അവകാശപ്പെട്ടതാണ്. എന്നാൽ, സ്വന്തം താൽപ്പര്യത്തിനായി കേരളത്തിന്റെ അഭിമാനപദ്ധതിയെ വിദേശകുത്തക കന്പനിക്ക് വി ഡി സതീശൻ പതിച്ചുനൽകരുത്.















