Deshabhimani

ഈ കളിവണ്ടി നിറയെ കുഞ്ഞു വലിയ കലാകാരന്മാർ

nadakam
avatar
ബിജോ ടോമി

Published on May 25, 2025, 12:15 AM | 2 min read

മൂന്നിലും നാലിലും പഠിക്കുന്ന കുഞ്ഞുകൂട്ടുകാർ. ഉത്സവപ്പറമ്പിലും പൊതുഇടങ്ങളിലും ഉയരുന്ന വേദികളിൽ അവർ ആടിയും പാടിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വലിയ കലാകാരന്മാരാകും. പാഠപുസ്‌തകങ്ങളിൽ പഠിച്ചതൊക്കെ ജീവിതവുമായി ചേർത്ത്‌ അരങ്ങിലെത്തും. മൊബൈൽ അടിമത്തത്തിനും ലഹരിക്കും മാലിന്യം വലിച്ചെറിയുന്നതിനുമെതിരെ ശബ്ദമുയർത്തും. തിരുവനന്തപുരം മടവൂർ ഗവ. എൽപിഎസിന്റെ നാടക കളിവണ്ടി യാത്ര തുടരുകയാണ്‌. ഗാനങ്ങളാലും നൃത്ത നൃത്ത്യങ്ങളാലും സമ്പുഷ്ടമായ കൊച്ചുകൂട്ടുകാരുടെ നടനവിസ്മയത്തിന്‌ വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌. സ്‌കൂളിലെ 57 കുട്ടികളാണ്‌ നാടകത്തിന്റെ അരങ്ങിലും അണിയറയിലും ഉള്ളത്‌.


വേനലവധിക്കാലത്ത്‌ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നാലുവർഷം മുമ്പാണ്‌ പഠനത്തിലെ തിയറ്റർ സാധ്യതകൾ നടപ്പാക്കാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചത്‌. കോഴിക്കോട്‌ പൂക്കാട്‌ കലാലയത്തിലെ എ അബൂബക്കറാണ്‌ കുട്ടികൾക്ക്‌ പരിശീലനം നൽകിയത്‌. ആദ്യ രണ്ടു വർഷവും ക്യാമ്പിലെ പ്രവർത്തനങ്ങളായി കുട്ടികളുടെ അവതരണങ്ങൾ ഒതുങ്ങി. ‘ധാരാളം അഭിനയ സാധ്യതയുള്ള കുട്ടികളുണ്ട്‌. ഇവരെ ഉപയോഗിച്ച്‌ സ്‌കൂളിനു പുറത്തും നാടകങ്ങൾ സംഘടിപ്പിക്കാൻ കഴിയും’ അബൂബക്കർ സ്‌കൂൾ അധികൃതരോട്‌ പറഞ്ഞതോടെ എൽപി വിദ്യാർഥികളുടെ ഒരു നാടക ടീം എന്ന ആശയത്തിലേക്ക്‌ സ്‌കൂൾ അധികൃതർ എത്തി. തുടർന്നുള്ള ക്യാമ്പുകളിൽനിന്ന്‌ വിദ്യാർഥികളെ തെരഞ്ഞെടുത്തു. പരിശീലനത്തിനുശേഷം കഴിഞ്ഞവർഷം ‘കളിവണ്ടി’ എന്ന പേരിൽ നാടകം അരങ്ങിലെത്തി. വായന, പരിസ്ഥിതി എന്നിവ ഇതിവൃത്തമാക്കി ഒരുമണിക്കൂർ ആയിരുന്നു ദൈർഘ്യം. ഒന്നു രണ്ടു വേദികളിൽ അവതരിപ്പിച്ച്‌ അവസാനിപ്പിക്കാം എന്നായിരുന്നു കരുതിയത്‌. എന്നാൽ, ആളുകൾക്ക്‌ ഇഷ്‌ടപ്പെടുകയും കൂടുതൽ വേദികൾ ലഭിക്കുകയും ചെയ്‌തതോടെ 32 ഇടത്ത്‌ അവതരിപ്പിച്ചു. ഈ വർഷം കളിവണ്ടി സീസൺ രണ്ടിൽ ഇതിനോടകം 35 വേദി പിന്നിട്ടു. ഇത്തവണ ഒന്നര മണിക്കൂറാണ്‌ നാടകത്തിന്റെ ദൈർഘ്യം.


ലഹരിയുടെയും ഭ്രമാത്മക ഡിജിറ്റിൽ ലോകത്തിന്റെ ചതിക്കുഴികളെയുംകുറിച്ച് താക്കീത് നൽകി മുന്നേറുന്ന നാടകം നവലോകത്തിന്റെ രൂക്ഷ പ്രതിസന്ധിയായ മാലിന്യത്തെയും പ്രമേയമാക്കുന്നുണ്ട്. നാടകത്തിന്റെ രണ്ടാം പകുതിയിൽ മലയാള ഭാഷയുടെ കഥാ കാവ്യചരിത്രങ്ങളും അത് സമൂഹത്തിൽ സൃഷ്ടിച്ച അനുരണനങ്ങളും അടയാളപ്പെടുത്തുന്നു. എ അബൂബക്കറാണ്‌ നാടകം ചിട്ടപ്പെടുത്തിയത്‌. സൗജന്യമായാണ്‌ അവതരിപ്പിക്കുന്നത്‌. കുട്ടികളിലൂടെ സമൂഹത്തെ ബോധവൽക്കരിക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂളിന്‌ ലഭിച്ച വിവിധ പുരസ്‌കാരങ്ങളുടെ തുകയും പിടിഎയുടെയും പൂർവവിദ്യാർഥികളുടെയും സഹായവും വിവിധ സ്‌പോൺസർഷിപ്പുകളും വഴിയാണ്‌ ചെലവ്‌ കണ്ടെത്തുന്നത്‌. സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ അമ്പിളി, അധ്യാപിക കെ എൽ പ്രീത, പിടിഎ പ്രസിഡന്റ്‌ ആരതി കൃഷ്‌ണ, എംപിടിഎ പ്രസിഡന്റ്‌ ദർശന എന്നിവരാണ്‌ നേതൃത്വം നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home