അരനൂറ്റാണ്ടിന്റെ അഭിനയവഴി

ഷിബു ആറാലുംമൂട്
Published on Aug 05, 2025, 12:52 PM | 3 min read
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡ് പാറശാല വിജയനെ തേടിയെത്തിയത് പ്രൊഫഷണൽ നാടക ജീവിതത്തിന്റെ 35–--ാം വർഷത്തിലാണ്. ബാലനടനായി ആകാശവാണി നാടകങ്ങളിലും നാട്ടിലെ അമച്വർ സംരംഭങ്ങളിലും തുടക്കമിട്ട വിജയന്റെ നാടകയാത്ര അരനൂറ്റാണ്ട് പിന്നിട്ടു.
ജനിതകവഴി
തമിഴ്സിനിമാലോകത്തെ മുടിചൂടാമന്നനായിരുന്ന എം കെ ത്യാഗരാജ ഭാഗവതരോടൊപ്പം തിളങ്ങിനിന്ന ഹാസ്യനടൻ എൻ എസ് കൃഷ്ണൻ, വിജയന്റെ ബന്ധുവാണ്. അദ്ദേഹത്തിന്റെ അഭിനയമികവും ആരാധകവൃന്ദവും ബാല്യകാലത്തേ വിജയനെ ആഴത്തിൽ സ്വാധീനിച്ചു. 1972-ൽ മണ്ഡലപൂജാഘോഷത്തിന്റെ ഭാഗമായി നാട്ടിലെ ചൂണ്ടി ശാസ്താക്ഷേത്രത്തിൽ അരങ്ങേറിയ “നീതിയുടെ നിഴൽ'' എന്ന അമച്വർ നാടകത്തിൽ ബാലനടനായിട്ടായിരുന്നു അഭിനയത്തുടക്കം. പാറശാല ഇവാൻസ് സ്കൂളിലെ ഈ വിദ്യാർഥിയുടെ നാടകാഭിമുഖ്യം അന്ന് അവിടെ അധ്യാപകനായിരുന്ന, ഇപ്പോഴത്തെ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി കെ രാജമോഹനൻ തിരിച്ചറിഞ്ഞു. ആ ബന്ധം സിപിഐ (എം) നേതാവായിരുന്ന എസ് കെ വേലപ്പൻ പിള്ള നേതൃത്വം നൽകിയ അമരവിള വിജയകലാനിലയത്തിന്റെ റിഹേഴ്സൽ ക്യാമ്പുകളിൽ വിജയനെ എത്തിച്ചു. 1973-ൽ പാറശാല കലാമുകുളം റേഡിയോ ക്ലബ്ബിലെ അംഗം എന്നനിലയിലാണ് ബാലലോകം നാടകാവതരണത്തിനായി വിജയൻ ആകാശവാണിയിലെത്തുന്നത്. ഇപ്പോൾ ആകാശവാണിയിലെ ബി ഗ്രേഡ് ഡ്രാമാ ആർട്ടിസ്റ്റും നാടകകൃത്തുമാണ്. വിജയൻ രചിച്ച "ഭാഗ്യസമ്മാനം' എന്ന നാടകം നാല് എപ്പിസോഡുകളായാണ് ആകാശവാണി പ്രക്ഷേപണം ചെയ്തത്.
കരിമ്പനയിലെ ബാലനടൻ
ഐ വി ശശിയുടെ സംവിധാന മികവിൽ സൂപ്പർഹിറ്റായി മാറിയ "കരിമ്പന' എന്ന ജയൻ സിനിമയുടെ ഷൂട്ടിങ് പാറശാല- അയിര മേഖലകളിൽ പുരോഗമിക്കവെ നാട്ടിലെ കലാകാരൻ എന്ന നിലയിൽ പയ്യനായ വിജയനും കിട്ടി ചെറുവേഷം. "കൊമ്പിൽക്കിലുക്കുംകെട്ടി, പുള്ളരിങ്ങപ്പന്തുരുട്ടി' താളത്തിലോടുന്ന കാളകൾ വലിക്കുന്ന വണ്ടിക്ക് അകമ്പടി സേവിച്ചുനടന്ന പയ്യൻ, റിലീസായതോടെ നാട്ടിൽ സ്റ്റാറായി. ധനുവച്ചപുരം കോളേജിലെ വിവിധ കലാമത്സരങ്ങളിലൂടെ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നാടകമാണ് തന്റെ തട്ടകമെന്ന് അതിനകം വിജയൻ മനസ്സിലുറപ്പിച്ചു.
പ്രൊഫഷണൽ നാടകരംഗം
കേരള നിയമസഭയുടെ ഗോൾഡൻ ജൂബിലി വർഷത്തിൽ നിയമസഭാംഗങ്ങൾ അരങ്ങിലെത്തിച്ച ‘വരരുചി 21–--ാം നൂറ്റാണ്ടിൽ' എന്ന നാടകത്തിൽ പാലോട് രവി അവതരിപ്പിച്ച നാറാണത്തു ഭ്രാന്തന്റെ വേഷം പ്രൊഫഷണൽ വേദികളിൽ അവതരിപ്പിക്കാൻ നിയോഗമുണ്ടായത് വിജയനാണ്. തിരുവനന്തപുരം അതുല്യക്കുവേണ്ടി കാഥികൻ അയിലം ഉണ്ണിക്കൃഷ്ണനാണ് നാടകം അരങ്ങിലെത്തിച്ചത്. ഒ എൻ വി, പി ജി, എം കെ അർജുനൻ, ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രൂപംകൊണ്ട "ജനസംസ്കൃതി'യുടെ നാടക പ്രവർത്തനങ്ങളുമായും വിജയൻ സഹകരിച്ചു.
വി എസും നായനാരും
ആദ്യ ഇ എം എസ് ഗവൺമെന്റിന്റെ 50–-ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച "മലയപ്പുലയനും ഇ എം എസും’ എന്ന നാടകത്തിലെ മുഖ്യ കഥാപാത്രമായ മലയപ്പുലയനായത് വിജയനാണ്. ചങ്ങമ്പുഴയുടെ "വാഴക്കുല' യിലെ ആ പ്രസിദ്ധ കഥാപാത്രം കുടികിടപ്പവകാശം ലഭിച്ച് ഇ എം എസുമായി കണ്ടുമുട്ടുന്ന വേള. ഇരുവരും ചേർന്ന് ഒടുവിൽ ചെങ്കൊടിയുയർത്തവേ വിജെടി (അയ്യൻകാളി) ഹാളിലുയർന്ന കരഘോഷവും ആരവവും ഇന്നും വിജയന്റെ കാതുകളിലുണ്ട്. നാടകാനന്തരം ഉദ്ഘാടകനായ വി എസ്, ഗ്രീൻ റൂമിലെത്തി വിജയനെ പ്രത്യേകം അഭിനന്ദിച്ചു. നാടകത്തെയും വിജയനെയും അഭിനന്ദിച്ചുകൊണ്ട് ദേശാഭിമാനിയിൽ വി എസ് വിശദമായി എഴുതി. ആറ്റിങ്ങൽ ദേശാഭിമാനി അരങ്ങിലെത്തിച്ച ‘എ കെ ജി -വിപ്ലവത്തിന്റെ വെള്ളിനക്ഷത്രം' എന്ന നാടകം കണ്ട് ഇ കെ നായനാർ വിജയനെ വിളിച്ചുവരുത്തി നേരിട്ടഭിനന്ദിച്ചതും നിറവാർന്ന ഓർമയാണ്.
നിരവധി കഥാപാത്രങ്ങൾ
നാടകപ്രേമികൾ മിഴിവോടെ ഓർത്തുവയ്‌ക്കുന്ന നിരവധി കഥാപാത്രങ്ങൾ വിജയന്റെ ക്രെഡിറ്റിലുണ്ട്. ആറ്റിങ്ങൽ പത്മശ്രീയുടെ "വസുന്ധര' എന്ന നാടകത്തിലെ കാട്ടുമൂപ്പൻ, തിരുവനന്തപുരം ശ്രുതിയുടെ ‘ആരാധനപ്പൂക്ക’ ളിലെ നീലാണ്ടൻ പുലയൻ, തിരുവനന്തപുരം സർഗവീണയുടെ ‘അഷ്ടപദി പാടുന്നവർ' എന്ന നാടകത്തിലെ തകിലുകാരൻ ശത്രുഘ്നൻ, തിരുവനന്തപുരം അതുല്യയുടെ "മഹാകവി കുമാരനാശാനി'ലെ കൊച്ചുമ്മിണി ആശാൻ എന്ന കൊമേഡിയൻ അങ്ങനെയങ്ങനെ. കൂടാതെ ചാക്യാരായും വക്കീലായുമൊക്കെ എത്രയെത്ര വേഷപ്പകർച്ചകൾ.
സിനിമ–സീരിയൽ
മിനിസ്ക്രീൻ രംഗത്തേക്ക് വിജയൻ കടക്കുന്നത് ദൂരദർശന്റെ "തണൽ' എന്ന പതിമൂന്ന് എപ്പിസോഡ് സീരിയലിലൂടെയാണ്. ഇന്ന് 150ഓളം സീരിയൽ കഥാപാത്രങ്ങൾ വിജയന്റെ ക്രെഡിറ്റിലുണ്ട്. സീ കേരളത്തിലെ ജനപ്രിയ സീരിയലായ "കുടുംബശ്രീ ശാരദ'യിലെ അമ്മാവൻ കൃഷ്ണൻകുട്ടി നായർ 1000 എപ്പിസോഡ് കഴിഞ്ഞു. "കരിമ്പന’യിലെ കുഞ്ഞു വേഷത്തിനുശേഷം നീണ്ട ഇടവേളയിൽപ്പെട്ടു പോയെങ്കിലും എട്ടൊമ്പത് സിനിമകളിലും സാന്നിധ്യമറിയിച്ചു. "ജനനായകനി'ൽ ജഗതി, അശോകൻ എന്നിവരുൾപ്പെട്ട കോമ്പിനേഷൻ സീനിലും “തെമ്മാടിക്കൂട്ടം'' എന്ന ചിത്രത്തിലെ വാർഡൻ ചാക്കോയായും വേഷമിട്ടു. മമ്മൂട്ടിക്കമ്പനിയുടെ റിലീസാകാനിരിക്കുന്ന "കളംകാവലി'ലെ പൂജാരി വേഷത്തിൽ വലിയ പ്രതീക്ഷയാണ്.
കുടുംബം, രാഷ്ട്രീയം
ഇടതുമുന്നണിയുടെ ഘടകകക്ഷിയായ എൻസിപി(എസ്)യുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ രാഷ്ട്രീയത്തിൽ സജീവമാണ് വിജയൻ. ഭാര്യ ജ്യോതിലക്ഷ്മിയും രണ്ട് ആൺമക്കളും മരുമകൾ ശ്രുതിയുമടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയാണ് കലാജീവിതത്തിൽ കൈത്താങ്ങ്. ഇപ്പോൾ ലൈബ്രേറിയനായി ജോലി ചെയ്യുന്ന നന്ദു കൃഷ്ണ ഒരു വർഷത്തെ സ്കൂൾ പഠനത്തിന് അവധി നൽകി അച്ഛനോടൊപ്പം ബാലനടനായി ഒരേ ഗ്രൂപ്പിൽ പ്രവർത്തിച്ചു. മൂത്തമകൻ ദിവാകൃഷ്ണ ഏഷ്യാനെറ്റിലെ പാട്ടുവർത്തമാനം എന്ന സൂപ്പർ ഹിറ്റ് പരിപാടിയിലൂടെ വിപുലമായ ആരാധകവൃന്ദത്തെ നേടിക്കഴിഞ്ഞിരിക്കുന്നു. സിനിമാ വിശേഷങ്ങൾ അവതരിപ്പിക്കുന്ന ദിവയുടെ യു ട്യൂബ് ചാനലായ "ഫിൽമീടോക്സി' ന് രണ്ടര ലക്ഷത്തിലേറെ ഫോളവേഴ്സുണ്ട്. സഹകരണ മന്ത്രി വാസവൻ ദിവയെ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചതും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അതിഥിയായി ക്ഷണം ലഭിച്ചതുമൊക്കെ മകനെക്കുറിച്ചുള്ള വിജയന്റെ സന്തോഷങ്ങളാണ്.









0 comments