പ്രബുദ്ധതയുടെ പുനരുജ്ജീവനം

prabudhatha
avatar
അഡ്വ. സി ആർ അജയകുമാർ

Published on Mar 23, 2025, 07:57 AM | 2 min read

"കുഴിച്ചുമൂടുമ്പോൾ അവരറിഞ്ഞില്ല നമ്മൾ വിത്തുകളാണെന്ന്... പൊട്ടി മുളച്ച് ആകാശം കീഴടക്കുന്ന വിത്തുകളാണെന്ന്...'

കൊല്ലത്ത്‌ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സാംസ്‌കാരിക വേദിയായ എം ടി നഗറിൽ അരങ്ങേറിയ മൾട്ടിമീഡിയ മെഗാഷോ കേരളീയരുടെ ആത്മബോധത്തിന്റെ ഹൃദ്സ്പന്ദം നിറഞ്ഞ സാംസ്കാരിക പ്രതിരോധമായി മാറി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂരിന്റെ ആശയവും ആവിഷ്കാരവുമായ ‘നവോത്ഥാനം നവകേരളം’ എന്ന മൾട്ടിമീഡിയ മെഗാ ഷോ, കേരളീയ നവോത്ഥാനത്തെയും പുരോഗമന മുന്നേറ്റങ്ങളെയും പ്രതിപാദിക്കുന്ന ദൃശ്യ-ശ്രാവ്യ അനുഭവമായി. ഒന്നര മണിക്കൂർകൊണ്ട് കേരളത്തിന്റെ നവോത്ഥാനം, സ്വാതന്ത്ര്യ സമരകാലം, ഐക്യകേരളപ്പിറവി, ജനാധിപത്യത്തിന്റെ പുരോഗമന മുന്നേറ്റങ്ങൾ തുടങ്ങി നവകേരള കുതിപ്പ് വരെ വലിയ ജനസഞ്ചയം കണ്ണും കാതുമെടുക്കാതെ കണ്ടു.


pramod

കേരളം എന്തായിരുന്നെന്നും എങ്ങനെ വർത്തമാന കേരളം സൃഷ്ടിക്കപ്പെട്ടെന്നും ഓർത്തെടുക്കാനും അതിന്റെ സാംസ്കാരിക അഭിമാനം നിലനിർത്താനും ഈ അവതരണത്തിന് കഴിഞ്ഞു. ചരിത്രത്തിലൂടെ ഒരു ബോധയാത്രയെന്ന്‌ വിശേഷിപ്പിക്കാവുന്ന രംഗസഞ്ചാരം. 85 കലാപ്രതിഭകളുടെ കൂട്ടായ്മ ഈ സൃഷ്ടിയുടെ കരുത്തായി. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യൻകാളി, പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, ഇ കെ നായനാർ തുടങ്ങിയ നവോത്ഥാന, ജനനായകരുടെ അസ്തിത്വം, പുന്നപ്ര- വയലാർ സമരം, ഐക്യകേരളപ്പിറവി, കേരളത്തിന്റെ ജനാധിപത്യപഥങ്ങൾ തുടങ്ങിയവ ഉൾക്കരുത്തോടെ പുനരാവിഷ്കരിച്ചു. പെയിന്റിങ്, ചലച്ചിത്രം, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളുടെ സമന്വയത്തിലൂടെ സമഗ്ര സാംസ്കാരിക അനുഭവമായി. ശ്രീനാരായണഗുരു, കുമാരനാശാൻ, വള്ളത്തോൾ, വയലാർ, മഹാകവി പാല, തിരുനെല്ലൂർ കരുണാകരൻ, ബ്രെഹ്തോൾഡ് ബ്രെഹ്ത്, ഭാരതീയാർ, കശ്മീരി കവി ഗുലാംഅഹമ്മദ്ഷാ എന്നിവരുടെ വരികൾ നവദർശനങ്ങളുമായി ചേർന്നപ്പോഴാണ് അവതരണം സാർഥകമായത്.

multimedia megashow

പ്രഭാവർമ്മ, ഗിരീഷ് പുലിയൂർ തുടങ്ങിയവരുടെ വരികളും പണ്ഡിറ്റ് രമേഷ് നാരായണൻ, സതീഷ് ദേവരാഗം, കേരളപുരം ശ്രീകുമാർ എന്നിവരുടെ സംഗീതവും അവതരണത്തിന് മിഴിവേകി. പ്രൊഫസർ അലിയാറിന്റെ ചരിത്രബോധം ഉണർത്തുന്ന ശബ്ദവിവരണം കൂടുതൽ വ്യക്തതയേകി. സുനിൽകുടവട്ടൂർ, പ്രവീൺരാജ്, ഷൈജു ദാസ്, പ്രസാദ് എഡ്വേർഡ്, സുരേഷ് ചമ്മനാട്, ശിവപ്രസാദ് മങ്ങാട്, രാജശേഖരൻ, അനു നായർ തുടങ്ങിയവരുടെ സാങ്കേതിക കാഴ്ചപ്പാട് അവതരണത്തിന്റെ മികവുയർത്തി. പി ജെ ഉണ്ണികൃഷ്ണൻ, ഒ മോഹൻ, കെപിഎസി ലീലാകൃഷ്ണൻ, പ്രിയരാജ് ഭരതൻ, ഗുരുപ്രസാദ്, സുവർണൻ പരവൂർ, അജി മൈലക്കാട്, മധു മാസ്റ്റർ, എ കെ സുജിത്ത്, ഷെരീഫ് തമ്പാനൂർ, ഷാജഹാൻ പൊന്മുടി, ജയരാജ് കല്ലിയൂർ, പൂർണിമ ഉണ്ണി, അനുജ, അനസ്യ, അഞ്ജലി, രാരു ഷൈജു, റീന സുനിൽ തുടങ്ങി കലാസാംസ്കാരികരംഗത്തെ ശ്രദ്ധേയരുടെ സാന്നിധ്യം നവകേരളത്തിന്റെ തിളക്കം കൂട്ടി. മൾട്ടിമീഡിയ ദൃശ്യ സാധ്യതകളുടെ വേറിട്ട പാതയിലൂടെ ഡോ. പ്രമോദ് പയ്യന്നൂർ ചരിത്രത്തെ പുനരാവിഷ്കരിക്കുകമാത്രമല്ല, മാനവികതയെ തൊട്ടനുഭവിക്കാൻ പ്രേക്ഷകർക്ക് പരിസരം നിർമിക്കുകകൂടിയായിരുന്നു.


multimedia megashow

"പ്രതിരോധം സാംസ്കാരികമായും...' എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചു പറയുന്ന ദൃശ്യാനുഭവമായിരുന്നു ഇത്. കലയും സാംസ്കാരിതയും മറവിക്ക് വിധേയമാകില്ലെന്ന സന്ദേശവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുമപ്പുറമാണ് കലാകാരൻ തന്റെ ജൈവികതയിലൂടെ സൃഷ്ടിക്കുന്ന തത്സമയാനുഭവമെന്ന സത്യം ഓരോ കലാപ്രതിഭയുടെയും ഉടൽ കാഴ്ചകളിലൂടെ തെളിഞ്ഞു. നവകേരളത്തിന്റെ ഭാവി മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടണമെന്ന സന്ദേശമാണ് ഈ സർഗസൃഷ്ടി മുന്നോട്ടുവച്ചത്.


multimedia megashow



deshabhimani section

Related News

View More
0 comments
Sort by

Home