മലയാളത്തിലെ ആദ്യ സിനിമാ നായകൻ പോയ് മറഞ്ഞിട്ട് 50 വർഷം

Vigathakumaran JC Daniel
avatar
എൻ എ ബക്കർ

Published on Apr 28, 2025, 03:56 PM | 4 min read

വിഗതകുമാരൻ എന്ന നിശബ്ദ ചിത്രത്തിന്റെ രചന,നിർമ്മാണം സംവിധാനം,ഛായാഗ്രഹണം,ചിത്രസംയോജനം, വിതരണം, കാസ്റ്റിങ് എന്നിങ്ങനെ സിനിമ ഒരുക്കുന്നതിലെ എല്ലാ കാര്യങ്ങളും സ്വയം ചെയ്തത് കൂടാതെ നായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തുകൊണ്ടാണ്‌ 1928 ൽ ജെ സി ഡാനിയേൽ മലയാളത്തിലെ ആദ്യ സിനിമ സൃഷ്ടിച്ചത്‌.


മലയാള സിനിമയിന്ന് ചലച്ചിത്രലോകം മുഴുവൻ അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നപ്പോൾ കന്യാകുമാരിക്കടുത്ത് അഗസ്തീശ്വരത്ത് ആരോരുമറിയാതെ ആയിരുന്നു ജെ സി ഡാനിയേലിന്റെ മരണം. 1975 ഏപ്രില്‍ 27-ന് ആ മഹാനായകൻ നിശബ്ദനായ് പോയ് മറഞ്ഞു. അജ്ഞാതമായ ആ വിടവാങ്ങലിന് ഇന്ന് 50 വർഷം പൂർത്തിയായി. 


മരണത്തതിന് ശേഷം 18 വര്‍ഷം കഴിഞ്ഞാണ് കേരളം അദ്ദേഹത്തെ ആദരിക്കേണ്ട ഓർമ്മയിലേക്ക് ഉണർന്നത്. ജോസഫ് ചെല്ലയ്യ ഡാനിയല്‍ നാടാരെന്ന ജെ സി ഡാനിയേലിനെ മലയാള സിനിമയുടെ പിതാവായി പ്രഖ്യാപിച്ചു. 1992 മുതൽ മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ അവാർഡിന്‌ "ജെ സി ഡാനിയൽപുരസ്കാരം" എന്ന് നാമകരണം ചെയ്തു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ പോലും മായ്ച്ചിട്ട വേദനയുടെ വർഷങ്ങൾ ദൈർഘ്യമേറിയതായിരുന്നു.

j c daniel and wife


'വിഗതകുമാരൻ' നിർമ്മിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ അദ്ദേഹം രൂപംകൊടുത്ത "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്‌" ആണ്‌ കേരളത്തിലെ ആദ്യസിനിമാ നിർമ്മാണ സ്റ്റുഡിയോ. നിര്‍മാണവും രചനയും സംവിധാനവും ഛായാഗ്രഹണവും മാത്രമല്ല. ഫിലിം പെട്ടിയുമായി കേരളം മുഴുവൻ യാത്ര ചെയ്ത് എല്ലായിടത്തും പ്രദര്‍ശിപ്പിച്ചതും സ്വന്തമായിട്ടായിരുന്നു.


സിനിമകാരണം സാമ്പത്തികമായി തകര്‍ന്ന ജെ സി ഡാനിയേൽ പിന്നീട് ആരുമറിയാതെ കഷ്ടതകളെയും ദാരിദ്ര്യത്തെയും തന്നത്താൻ നേരിട്ട് കഴിഞ്ഞു കൂടി. മലയാളി അല്ലെന്ന് മുദ്ര കുത്തപ്പെട്ട് ആരോരുമറിയാതെ വിസ്മൃതിയിലേക്ക് പോയ് മറഞ്ഞു. അക്കാലത്ത്, ഉന്നത വിദ്യാഭ്യാസം നേടിയ ഒരു സമ്പന്ന കുടുംബത്തിലാണ് ജെ സി ഡാനിയേൽ ജനിച്ചു വളർന്നത്. തിരുവനന്തപുരത്തെ വലിയ ബിസിനസുകാരനുമായിരുന്നു.


ദക്ഷിണ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന സാത്താങ്കുളം എന്ന സ്ഥലത്തെ പ്രബലനാടാർ കുടുംബമാണ്‌ ജെ സി ദാനിയേലിന്റെ പൂർവ്വികർ. ഇംഗ്ലണ്ടിൽ പോയി വൈദ്യശാസ്ത്രം പഠിച്ചുവന്ന പ്രപിതാമഹനായ സ്വർണ്ണമുത്തു എന്ന ഭിഷഗ്വരന്റെ കൊച്ചു മകനാണ്. എല്ലാം വിറ്റ് തുലച്ച് നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമ വിഗത കുമാരന്റെ ഒരോയൊരു പ്രിന്റ് പിന്നീട് തീക്കൊളുത്തപ്പെടുകയായിരുന്നു. ദുരിത ജീവിതത്തോടുള്ള മകന്റെ പ്രതികരണം.

P K Rosy

വിഗതകുമാരനിൽ അഭിനയിച്ചതിന് യാഥാസ്ഥിതികരാൽ വേട്ടയാടപ്പെട്ട പി കെ റോസിയുടെ ജീവിതവും സമാനമായിരുന്നു. നാടകത്തിൽ സ്ത്രീ പാർട്ട് പുരുഷൻമാരായിരുന്നു കെട്ടിയിരുന്നത്. ഒരു സ്ത്രീ സിനിമയിൽ അഭിനയിക്കുക എന്നത് അത്രമേൽ ആചാര വിരുദ്ധവും നിഷിദ്ധവുമായി കരുതപ്പെട്ടിരുന്നു.


പി കെ റോസിയുടെ ഒരു ചിത്രം പോലും മലയാള സിനിമാ ലോകത്ത് ഇല്ലായിരുന്നു. സിനിമ ഉദ്ഘാടനം ചെയ്ത അഡ്വ: മുള്ളൂർഗോവിന്ദപ്പിള്ളയുടെ ഡയറിയിൽ നിന്നുമാണ്‌ റോസിയുടെ നിലവിലുള്ള ഏകചിത്രം ലഭിച്ചത്.


വിഗതകുമാരന്റെ കഥ

ഭൂതനാഥൻ എന്നയാൾ സിലോണിലേക്ക്‌ തട്ടിക്കൊണ്ടുപോയ ചന്ദ്രകുമാർ എന്ന ബാലൻ അവിടെ എസ്റ്റേറ്റ്‌ മാനേജരാകുന്നു. അവിടെ വച്ച്‌ ഭൂതനാഥനാൽ കൊള്ളയടിക്കപ്പെട്ട ജയചന്ദ്രൻ എന്ന യുവാവുമായി സൗഹൃദത്തിലാവുന്നു. രണ്ടാളും കേരളത്തിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ജയചന്ദ്രനും സരോജിനിയും പ്രണയത്തിലായിക്കഴിഞ്ഞ്‌ തന്റെ കാണാതായ സഹോദരനാണ്‌ ചന്ദ്രകുമാർ എന്ന സത്യം സരോജിനി മനസ്സിലാക്കുന്നു. എന്നാൽ ഈ വേളയിൽ ഭൂതനാഥൻ അവളെയും തട്ടിക്കൊണ്ടുപോകാൻ നോക്കി. ചന്ദ്രകുമാറും ജയചന്ദ്രനും ചേർന്ന് സരോജിനിയെ രക്ഷിക്കുന്നതും അവരുടെകുടുംബങ്ങളുടെ പുനഃസമാഗമവുമാണ്‌ വിഗതകുമാരൻ.


മുംബൈയിൽ നിന്ന് ലാന എന്ന യുവതിയെ കൊണ്ടുവന്നാണ്  നായികയായി അഭിനയിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. പൊരുത്തക്കേടുകളും അധിക ചിലവുകളും കാരണം അവരെ ഒഴിവാക്കേണ്ടി വന്നു. നായകന്മാരായ ജയചന്ദ്രൻ, ചന്ദ്രകുമാർ എന്നീ കഥാപാത്രങ്ങളെ യഥാക്രമം സുന്ദർ രാജും ജെ സി ഡാനിയേലും തന്നെയാണ് അവതരിപ്പിച്ചത്‌. അദ്ദഹത്തിന്റെ തന്നെ മൂത്തമകൻ സുന്ദർ ദാനിയേലായിരുന്നു ബാലതാരം.


വില്ലനായ ഭൂതനാഥനായി ലാലി എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തുകാരൻ ജോൺസൺ അഭിനയിച്ചു. ജോൺസണാണ് തിരുവനന്തപുരത്തുകാരിയായ പി കെ റോസി(രാജമ്മ)യെ നായിക 'സരോജിനി'യുടെ റോളിലേക്ക് കണ്ടെത്തുന്നത്. ചാലക്കാരിയായ കമലം മറ്റൊരുകഥാപാത്രമായി. ദാനിയേലിന്റെ ഭാര്യാ സഹോദരൻ നന്ദൻകോട്‌ വിൻസിംഗ്‌ അടക്കം മറ്റു ചിലരും ആദ്യചിത്രത്തിന്റെ തിരശീലയിലെത്തി.

 

വിഗതകുമാരന് 100 തികയാൻ

മൂന്നു വർഷം ശേഷിക്കുമ്പോൾ


2013 ൽ പുറത്തിറങ്ങിയ കമലിന്റെ സെല്ലുലോയ്ഡ് എന്ന ചലച്ചിത്രം വിഗതകുമാരൻ ഒരുക്കിയ ജെ സിയുടെയും ‘വിഗതകുമാരന്റെ’യും ജീവിതമാണ്. ജെ സി ഡാനിയലിന്റെ ജീവചരിത്രത്തെ അധികരിച്ച്‌ കമൽ സംവിധാനം ചെയ്തചിത്രമാണ്‌ സെല്ലുലോയ്ഡ്‌.

വിഗതകുമാരനിലെ നായികയായിരുന്ന റോസിയുടെ ജീവിതകഥയെ അധികരിച്ച്‌ വിനു എബ്രഹാം എഴുതിയ "നഷ്ടനായിക" എന്ന നോവലും സിനിമാ ലേഖകനായ ചേലങ്ങാട്‌ ഗോപാലകൃഷ്ണന്റെ "ജെ സി ഡാനിയൽ ജീവചരിത്ര"വും അവലംബിച്ചാണ്‌ "സെല്ലുലോയ്ഡ്‌" രൂപപ്പെട്ടത്.


1926ൽ തിരുവനന്തപുരത്ത്‌ രണ്ടരയേക്കർ സ്ഥലം വാങ്ങിച്ചാണ് "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്‌" എന്ന കേരളത്തിന്റെ ആദ്യ സിനിമാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്. ജെ സി ഡാനിയലിന് ഒരു നിർമ്മാണ പങ്കാളി ഉണ്ടായിരുന്നെങ്കിലും പിൻമാറുകയായിരുന്നു. നെയ്യാറ്റിൻകരയ്ക്കടുത്തുണ്ടായിരുന്ന 108 ഏക്കർ ഭൂസ്വത്ത്‌ വിറ്റുകിട്ടിയ 30000 ബ്രിട്ടീഷ്‌ ഇന്ത്യൻ രൂപയായിരുന്നു പ്രധാന മൂലധനം. സഹോദരിയുടെസ്വർണ്ണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും ചേർത്തു. അവർക്ക്‌ നിർമ്മാണക്കമ്പനിയിൽ പങ്കാളിത്തം നൽകി. ഒരു ഡെബ്രി ക്യാമറ, പുതിയസ്റ്റുഡിയോ ഷൂട്ടിങ്ങ് ചെലവുകൾ എല്ലാം ഒറ്റയ്ക്കായിരുന്നു. 

Capitol Theatre Thiruvananthapuram


ങ്ങനെ, മലയാളത്തിൽ പിറന്ന ആദ്യ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 1928 നവംബർ 7ന്‌ ആണ്. (1930 ഒക്ടോബർ 23 എന്നും വാദമുണ്ട്) തിരുവനന്തപുരം സെക്രട്ടറിയേറ്റിനുസമീപമുണ്ടായിരുന്ന "കാപ്പിറ്റൽ സിനിമാ ഹാളി"ൽ ആയിരുന്നു പ്രദർശനം. ടൈറ്റിലിൽ "പി.കെ. റോസി" എന്നായിരുന്നു നായികയുടെ പേര് കാണിച്ചിരുന്നത്. എന്നാലത് തങ്ങളുടെ നാട്ടുകാരിയായ "രാജമ്മ"യാണതെന്ന് തിരിച്ചറിഞ്ഞ യാഥാസ്ഥിതികർ രാജമ്മ എന്ന പേര്‌ ഉറക്കെവിളിച്ച്‌ ബഹളമുണ്ടാക്കി. ഒരു സ്ത്രീ അതും കൃസ്തുമതത്തിലേക്ക്‌ മാറിയ ഒരു ദളിത്‌ സ്ത്രീ നായർയുവതിയായി തിരശ്ശീലയിൽ വന്നത് ആ കാലഘട്ടത്തിന് പൊറുക്കുന്നതായിരുന്നില്ല . 


ജാതികോയ്മയുടെ വിദ്വേഷവും പ്രണയരംഗത്ത്‌ സ്ത്രീ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടതിലെ സദാചാര ലംഘനവും വെറുപ്പ് ആളിക്കത്താൻ കാരണമായി. തിരശീലയ്ക്കും തിയറ്റർ ഉപകരണങ്ങൾക്കും കേടുപറ്റി. ആദ്യ പ്രദർശനം നടക്കുമ്പോൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന റോസിയും കുടുംബവും ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

 

തുടർന്നുള്ള രണ്ടു ദിവസവും ക്യാപ്പിറ്റൽ സിനിമാ ഹാളിൽ പ്രദർശനം സാധ്യമായില്ല. ഫിലിം പെട്ടിയുമായി ജെ സി ഡാനിയേലിന് പിൻമാറേണ്ടി വന്നു. ചാലക്കമ്പോളത്തിൽ വെച്ച് ജാതക്കൂട്ടം പി കെ റോസിയെ വസ്ത്രാക്ഷേപം ചെയ്തു. വിവാഹ ജീവിതം നിഷേധിക്കപ്പെട്ടു.

vigathakumaran 100 years

പോലീസുകാരെ കാവൽ നിർത്തിയിട്ടും പി കെ റോസിയുടെ വീടിന്‌ പിന്നീട് പ്രതിഷേധക്കാർ തീയിട്ടു. അവർ കരഞ്ഞു കൊണ്ട്‌ ഇറങ്ങി ഓടി. കിള്ളിപ്പാലത്തുവച്ച്‌ റോസിയെക്കണ്ട്‌ നിർത്തിയ "പയനീർ" എന്ന ലോറിയിൽ അതിന്റെ ഡ്രൈവറായ കേശവ പിള്ളയോടൊപ്പം നാഗർകോവിലേക്ക് പലായനം ചെയ്തു. നാഗർകോവിലിലെ വടശേരി തെരുവിലാണ് അവർ പിന്നീട് ജീവിച്ചിരുന്നത് എന്നും 1988 മരണപ്പെട്ടു എന്നും മാത്രമാണ് ഇപ്പോൾ പി കെ റോസിയെ കുറിച്ചുള്ള ശേഷിക്കുന്ന വിവരം. മലയാള സിനിമയുടെ തുടക്കം തന്നെ അങ്ങിനെ സിനിമയെ വെല്ലുന്ന നാടകീയതകളുടെതായിരുന്നു. അതിൽ ജെ സി ഡാനിയേലിന്റെയും പി കെ റോസിയുടെയും കണ്ണീരും ജീവിതവും പുരണ്ടിരിക്കുന്നു.


വിഗതകുമാരന്റെ ആകെയുള്ള ഒരു ഫിലിം പെട്ടിയുമായി ആലപ്പുഴയിലേക്ക് ജെ സി വണ്ടി കയറി. പൂപ്പള്ളി സ്റ്റാർ തിയറ്ററിലും പിന്നീട്‌ തലശ്ശേരിയിലും തൃശൂരിലും നാഗർകോവിൽ പയനിയർ സിനിമാസിലും പ്രദർശനം തരപ്പെടുത്തി. എങ്കിലും നിർമ്മാണച്ചെലവിന്റെ ചെറിയ പങ്കുപോലും മടക്കിക്കിട്ടിയില്ല. ആദ്യമായി വാതിൽ പുറചിത്രീകരണം നടത്തിയ മലയാള സിനിമയും, ആദ്യമായി ഒരു വിദേശ രാജ്യത്ത് ചിത്രീകരണം നടത്തിയ സിനിമയും വിഗത കുമാരനാണ്. ശ്രീലങ്കയിലെ ദൃശ്യങ്ങൾ അവിടെ തന്നെയാണ് ഷൂട്ട് ചെയ്തത്. ഇതിനായി രണ്ട് തവണ അവിടെ പോകേണ്ടി വന്നു.


സാമ്പത്തികമായി തകർന്നതോടെ ജെ സി ഡാനിയേൽ ഡെന്റിസ്ട്രി പഠിച്ച് പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് സിനിമാ മോഹം വീണ്ടും തലയ്ക്ക് പിടിച്ചതോടെ മദ്രാസിലേക്ക് വണ്ടി കയറി. ഓഫീസ് ഉപകരണങ്ങൾ ഉൾപ്പെടെ വിറ്റായിരുന്നു യാത്ര. പക്ഷെ വെല്ലുവിളികൾ വലുതായി മാറിക്കഴിഞ്ഞിരുന്നു. സിനിമ വലിയവരുടെ ലോകമായി മാറിക്കഴിഞ്ഞിരുന്നു.


മലയാള സിനിമയെ വ്യവസായം എന്ന കാറ്റഗറിയിലേക്ക് മാറ്റിച്ചേർത്തതോടെ അവശകലാകാരന്മാർക്കായി 300 രൂപ പെൻഷൻ ഏർപ്പെടുത്തിയിരുന്നു. അപേക്ഷകനായി വന്ന ജെ സി ഡാനിയേലിന്റെ കടലാസ് കൂട്ടത്തിൽ പരിഗണിക്കുന്നതിൽ നിന്നും ഒഴിവാക്കി. അദ്ദേഹം അപ്പോൾ താമസിക്കുന്ന സ്ഥലം തമിഴ്‌നാട്ടിലാണെന്നതായിരുന്നു കാരണം. നിശബ്ദചിത്രമായിരുന്നതിനാൽ 'വിഗതകുമാരൻ' മലയാള സിനിമയായിപരിഗണിക്കാനാവില്ലെന്നും പരിശോധനാ സമിതിയിലെ ഉദ്യോഗസ്ഥർ സൂക്ഷ്മ യുക്തിയാൽ കണ്ടെത്തി. ജെ സിയുടെ മരണത്തിന്റെ അമ്പതാം വർഷവും ആരുമറിയാതെ ഓർമ്മകളില്ലാതെ നന്ദിയില്ലാതെ നിശബ്ദം കടന്നു പോവുകയാണ്.

 

 JCD

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home