കുഞ്ഞുനാടകങ്ങളുടെ വലിയ എഴുത്തുകാരന്‍

ജിഷ അഭിനയ [email protected]
Published on Mar 16, 2025, 08:57 AM | 2 min read
സംസ്ഥാന സ്‌കൂൾ കലോത്സവവേദിയുടെ പിന്നണിയിൽ തിളങ്ങി നിന്നൊരാളുണ്ട്. നാടകരചനയിൽ തന്റേതായ ഇടം കണ്ടെത്തിയ സജീവൻ മുരിയാട്. 15 വർഷത്തിലേറെയായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ സജീവൻ എഴുതിയ നാടകങ്ങൾ അവതരിപ്പിക്കുന്നു. ഗൗരവമായ ഒട്ടേറെ വിഷയങ്ങൾ വളരെ ലളിതമായി കുട്ടികളിലൂടെ അവതരിപ്പിക്കുകയെന്നതാണ് സജീവന്റെ ശൈലി. നവീനതയാൽ എന്നും പ്രതീക്ഷ നൽകുന്നതാണ് കുട്ടികളുടെ നാടകവേദിയെന്ന് സജീവൻ പറയുന്നു.
ആറിനും എ ഗ്രേഡ്
ഇത്തവണ സംസ്ഥാന കലാമത്സരത്തിന് 2 വിഭാഗങ്ങളിലായി സജീവന്റെ 6 നാടകങ്ങൾ അരങ്ങിലെത്തി. ആറിനും എ ഗ്രേഡ് ലഭിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ പൊന്നാനി വിജയമാത സ്‌കൂൾ അവതരിപ്പിച്ച തൊഴിലാളി" നാടകത്തിലെ കെ കെ രമേശൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനന്ദ് നല്ല നടനായി. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ അവതരിപ്പിച്ച "അളവ് " എന്ന നാടകത്തിലെ ഭാനുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി മികച്ച നടിയായി. ഹൈസ്‌കൂൾ വിഭാഗത്തിൽ, അളവ്, തൊഴിലാളി ഹയർ സെക്കന്ററി വിഭാഗത്തിൽ രമണൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തത് ജിനേഷ് ആമ്പലൂരാണ്. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ഹൈസ്‌കൂൾ വിഭാഗത്തിൽ അന്നാമേരി"യും ഹയർ സെക്കന്ററി വിഭാഗത്തിൽ കൂവളവും" ആയിരുന്നു, രണ്ടിനും എ ഗ്രേഡ് ലഭിച്ചു. 2 നാടകവും സംവിധാനം ചെയ്തത് മോഹനകൃഷ്ണൻ അങ്കമാലിയാണ്. കാസർകോടുനിന്ന് അനൂപ് രാജ് സംവിധാനം ചെയ്ത "ഓർമയിൽ കാടുള്ള മൃഗം" എന്ന നാടകം ഹൈസ്‌കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി.
കുട്ടികളുടെ തിയറ്റർ
ജീവിത പരിസരങ്ങളിൽനിന്ന് കഥാപാത്രങ്ങളും കുട്ടികൾ കുട്ടികൾക്കായി അവതരിപ്പിക്കുന്ന നാടകം എന്ന കുട്ടികളുടെ തിയറ്റർ സങ്കൽപ്പത്തോടും നീതി പുലർത്തിയാണ് ഓരോ നാടകവും എഴുതുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടിൽനിന്ന് സ്നേഹത്തിന്റെ രാഷ്ട്രീയം പറയുക, മുതിർന്നവർക്ക് പറയാനുള്ളത് കുട്ടികളെക്കൊണ്ട് പറയിപ്പിക്കുകയെന്ന "തുമ്പി കല്ലെടുപ്പിക്കൽ" ഉണ്ടാവാതിരിക്കാൻ നാടകരചനയിൽ അതീവ ശ്രദ്ധ പുലർത്താറുണ്ട്. അളവ് എന്ന നാടകം പറഞ്ഞത്, സ്നേഹത്തിന്റെ അളവിനെക്കുറിച്ചാണ്. ഒരാൾക്ക് ആ അളവ് തെറ്റിയാൽ അത് വീടിന്റെ സ്നേഹ അളവുകൾ തെറ്റിക്കും. അത് പിന്നീടൊരു നാടിന്റെയും. തൊഴിലാളി എന്ന നാടകം പറഞ്ഞത്, തൊഴിലിന്റെ മഹത്വത്തെപ്പറ്റിയാണ്. ജോലിയുടെ, വേഷത്തിന്റെ നിറത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തരുത്. എല്ലാ തൊഴിലാളികളും ചേർന്ന് നിൽക്കുമ്പോഴാണ് നല്ല ഭൂമി ഉണ്ടാവുക. അന്നാ മേരി, നാടകം പറയുന്നത് സ്നേഹമാണ് ദൈവം എന്നാണ്. നിങ്ങൾ ഒരാളുടെ ജീവിത ദുരന്തങ്ങളിൽ സ്നേഹം സമ്മാനിക്കുക. സ്നേഹമെന്നതിന് ഒരു പോരാട്ടത്തിന്റെ വശമുണ്ട്, ഇല്ലാത്തവന് നേടിക്കൊടുക്കുകയെന്ന പോരാട്ടമെന്നും നാടകം പറഞ്ഞുവയ്ക്കുന്നു. ഓർമയിൽ കാടുള്ള മൃഗം സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ മൃഗം തന്റെ വംശത്തെ തേടി നാട്ടിലെത്തുന്നതും, ചെന്നായുടെയും കുറുക്കന്റെയും സഹോദര സ്‌പീഷീസായ നായയെ കാട്ടിലേക്ക് ക്ഷണിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ സാധ്യതയെക്കാൾ മറ്റൊന്നില്ലെന്ന് ധരിപ്പിക്കുന്നതും വീട് ഒരു കൂടാവരുത്, അതൊരു കാടായിരിക്കണമെന്നും പറയുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അവതരിപ്പിക്കപെട്ട 4 നാടകവും എ ഗ്രേഡാണ്.
ഹയർ സെക്കന്ററി വിഭാഗത്തിൽ തിരുവനന്തപുരം കാർമൽ സ്കൂൾ അവതരിപ്പിച്ച, "രമണൻ" കാണികളുടെ നിറഞ്ഞ പ്രശംസ ഏറ്റുവാങ്ങി, "കടലിന് മുകളിലൂടെ നടന്ന സ്നേഹത്തിന്റെ പ്രവാചകനായ ക്രിസ്തുവും കാടിന് നടുവിലൂടെ നടന്ന പ്രണയ പ്രവാചകനായ രമണന്റെയും 2 കാലങ്ങളിൽ സംഭവിച്ച ജീവിത സാമ്യങ്ങളെ കണ്ടെടുക്കുന്നു. കളമശേരി രാജഗിരി ഹയർസെക്കന്ററി സ്‌കൂൾ അവതരിപ്പിച്ച "കൂവളം’ ആക്ഷേപ ഹാസ്യത്തിലൂടെ സമകാലീന അന്ധവിശ്വാസങ്ങൾക്കുനേരെ വിരൽ ചൂണ്ടുകയും വിശ്വാസം അധികാരവുമായി കെട്ടുപിണയുന്ന അപകടകരമായ രാഷ്ട്രീയവസ്ഥകളെയും തുറന്ന് കാട്ടുന്നു.
ക്ലാ ക്ലീ ക്ലൂ, തുന്നൽ, സമയത്താഴ്ച, തുണി, കഞ്ഞി, വെളളമ്മ, രാധിക രാത്രികളെ സ്നേഹിക്കുന്നതെന്തുകൊണ്ട്, കല്ലുകൾ പെയ്യുമ്പോൾ, ഇടം, ആർത്തിപ്പണ്ടാരം, വടി, നാവടി, മീൻ , പ്രശ്നം, ഗാർഗി എന്നിവയാണ് പ്രധാനപ്പെട്ട നാടകങ്ങൾ, വെളിച്ചം, ഒച്ച എന്നീ നാടകങ്ങൾ അക്കാദമി മത്സരങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.
13 വയസ്സുമുതൽ നാടകങ്ങളുമായി ബന്ധമുണ്ട്. നാട്ടിലെ ക്ലബായ സൂര്യ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ നാടകങ്ങൾ കണ്ടും കളിച്ചുമാണ് ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് ഡിവൈഎഫ്‌ഐ കലാജാഥകളിലൂടെ ആ നാടക സ്നേഹം ഊട്ടിയുറപ്പിച്ചു. ബട്ടർ ഫ്ലൈസ്, ഫോട്ടോ, ഷാപ്പ്, കുമ്മായം എന്നീ ഷോർട്ട് ഫിലിമുകൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. ഒരു ജാതി വാക്കുകൾ, സൗദാമിനി എന്നീ 2 കവിതാ സമാഹാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട മുരിയാട് സ്വദേശിയാണ്.









0 comments