പാലേരിയിലെ വേലായുധൻ എന്ന പാവം നാടകക്കാരൻ

എ കെ രമേശ് [email protected]
Published on Jun 21, 2026, 08:34 AM | 2 min read
55 വർഷംമുമ്പത്തെ കോഴിക്കോടൻ നാടകവേദി. കെ ടി മുഹമ്മദ്, തിക്കോടിയൻ, എം കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു, കുഞ്ഞാവ, വാസു പ്രദീപ്, എം വി നാഥ്, എസ് ആർ ചന്ദ്രൻ, ശാന്തേടത്തി, ഇടയ്‌ക്കെപ്പൊഴോ നിലമ്പൂർ ബാലേട്ടൻ, വിജയലക്ഷ്‌മി ഇങ്ങനെ എല്ലാവരുമുണ്ട്. അതിസമ്പന്നമായ നാടകമുന്നേറ്റത്തിന്റെ ആ കാലത്ത്, 1971ൽ യൂക്ക് എന്ന ഒരു സംഘടന രൂപംകൊള്ളുകയാണ്. എസ്എസ്എൽസിയും ഗുണ്ടായിസവുമായി നടന്ന വിജയൻ എന്നയാൾ അന്ന് ബാലജനസഖ്യംവഴി നാടകവഴിയിൽ എത്തിച്ചേർന്നിരുന്നു. സ്വാഭാവികമായും തടിമിടുക്കുള്ള, അഭിനയതാൽപ്പര്യമുള്ള വിജയൻ അതിന്റെ നേതൃസ്ഥാനത്തെത്തി. പുതിയറ ബിഇഎംയുപി സ്കൂളിലെ റോസി ടീച്ചർ ക്രിസ്‌മസ് പപ്പയായി വേഷംകെട്ടിച്ചതാണ് പിന്നീടങ്ങോട്ട് അവന് ആത്മവിശ്വാസം നൽകിയത്. യൂക്കിനുവേണ്ടി നാടകമെഴുതാനും അരങ്ങിലെത്തിക്കാനും വിജയൻ മുന്നിലുണ്ടായി. സുഹൃത്തായ ഡ്രാമ സ്കൂൾ വിദ്യാർഥി മുരളീമേനോൻ സഹപാഠികളായിരുന്ന ജോസ് ചിറമ്മലിനെയും ശ്യാമപ്രസാദിനെയുമൊക്കെ യൂക്കിന്റെ റിഹേഴ്സൽ ക്യാമ്പുകളിലെത്തിച്ചു. അതിനിടയ്‌ക്കാണ് കെ ആർ മോഹൻദാസ് എന്ന കോഴിക്കോട്ടുകാരൻ നാടകങ്ങൾ സംവിധാനം ചെയ്യുന്ന വിവരമെത്തുന്നത്. ടി കെ ഗംഗാധരന്റെ അവതാരം എന്ന നാടകത്തിന്റെ പണിയിലായിരുന്നു അന്ന് യൂക്ക്. കെ ആർ മോഹൻദാസിന്റെ സഹായം തേടി. ആരാധന കലർന്ന ആ ബഹുമാനമാണ് വിജയൻ വി നായരെ കെ ആറിന്റെ ശിഷ്യനാക്കിയത്. ഗൗരവപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നാണ് നാടകമെന്ന ബോധ്യത്തിലേക്ക് അതുയർത്തി.
അണിയറയിലേക്ക്
ശാസ്താംകോട്ടക്കളരി കേരളത്തിലാകെയുണ്ടാക്കിയ ഉണർവായിരുന്നു, വിജയൻ വി നായരും കൂട്ടുകാരും അണിയറയിലേക്ക് ക്ഷണിക്കപ്പെടുന്നത്. നാടകാവതരണങ്ങൾ, ചർച്ചകൾ, നാടക ക്ലാസുകൾ, പരിശീലനക്കളരികൾ നിരന്തരം നടന്നു. അഭിനയം മാത്രമല്ല, മേയ്ക്കപ്പും ലൈറ്റിങ്ങും കൊറിയോഗ്രാഫിയുമെല്ലാം ഓരോരുത്തരും മാറിമാറി ചെയ്യുന്ന ഒരു യഥാർഥ നാടകപരിശീലന കളരിയായിമാറി കോഴിക്കോട്ടെ യുവനാടകപ്രവർത്തകർക്ക് അണിയറ.
മലയാള നാടകവേദിക്ക് ഒരു ദിശാമാറ്റം സംഭാവന ചെയ്ത കനലാട്ടത്തിൽ കലി എന്ന പ്രധാന വേഷം വിജയൻ വി നായരാണ് ചെയ്‌തത്. അസുലഭാവസരമായിരുന്നു വിജയന് ഈങ്ങാപ്പുഴ ക്യാമ്പ്. അക്കാദമി നടത്തിയ ആ നാടകക്യാമ്പ് നയിച്ചത് ജി ശങ്കരപ്പിള്ള, ജി രാമാനുജം, പി കെ വേണുക്കുട്ടൻനായർ തുടങ്ങിയവരാണ്. കേരളത്തിലെ നാടകപ്രവർത്തകർ ക്യൂനിന്നാണ് അതിൽ പങ്കെടുത്തത്. ആ 15 ദിവസ ക്യാമ്പാണ് വിജയൻ വി നായരെ ദീപസംവിധായകനായും കൊറിയോഗ്രാഫറായും നാടകസംവിധായകനായും മാറ്റിയത്.
അഭിനയം, സംവിധാനം
വിജയൻ വി നായർ ഇതിനകം 160ലേറെ നാടകങ്ങളിൽ അഭിനയിച്ചു. 110 എണ്ണം സംവിധാനം ചെയ്തു. എസ് കെ പൊറ്റെക്കാട്ട് അവാർഡ്, വാഗ്ഭടാനന്ദ ഗുരുദേവ അവാർഡ്, ഭരത് പി ജെ ആന്റണി അവാർഡ്, കോഴിക്കോട് കോർപറേഷൻ അവാർഡ്, കേന്ദ്രകലാസമിതി അവാർഡ്, ഏറ്റവും നല്ല നടനുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനയ്‌ക്കുള്ള അവാർഡ്, മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ പി ഉമ്മർ പുരസ്കാരം, നടൻ ജയൻ പുരസ്കാരം, കോഴിക്കോട് ശാന്താദേവി പുരസ്കാരം, പ്രഥമ മാമുക്കോയ പുരസ്കാരം, യുണൈറ്റഡ് ഡ്രാമ അക്കാദമി അവാർഡ് തുടങ്ങി ഒട്ടനവധിഅവാർഡുകൾ അയാളെ തേടിയെത്തി. ഇതിനുപുറമെ നാടകസംവിധാനത്തിന് ഓൾ ഇന്ത്യ സെൻട്രൽ ഗവ. കൾച്ചറൽ മീറ്റിൽ നല്ല സംവിധായകനുള്ള ദേശീയ ലെവൽ അവാർഡുകൂടി നേടുന്നുണ്ട് വിജയൻ വി നായർ.
സിനിമയിലേക്ക്
എഴുപതോളം സിനിമകളിൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തു. പാലേരിമാണിക്യത്തിലെ വില്ലൻ വേലായുധന്റെ വേഷമാണ് സിനിമാലോകത്ത് വിജയൻ വി നായർക്ക് കസേരയുറപ്പിച്ചത്. അടൂർ, രഞ്ജിത്, സത്യൻ അന്തിക്കാട്, ജോഷി, പത്മകുമാർ, വി എം വിനു, ബ്ലെസി, ടി കെ രാജീവ് കുമാർ, ലെനിൻ രാജേന്ദ്രൻ, ബി ഉണ്ണിക്കൃഷ്ണൻ തുടങ്ങി പ്രഗല്‌ഭരായ സംവിധായകരുടെ സിനിമയിലും പുതുമുഖസംവിധായകരുടെകൂടെയും വർക്ക് ചെയ്തിട്ടുണ്ട്. പാലേരിമാണിക്യം, തന്മാത്ര, കഥ തുടരുന്നു. പെൺപട്ടണം, സെവൻസ്, ഒറീസ്സ, പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി തുടങ്ങി ഒട്ടേറെ സിനിമകൾ. ഹോളിവുഡ് സിനിമയിൽ ബ്രിട്ടീഷ് അഭിനേതാക്കൾക്കൊപ്പം ബാക്ക് വാട്ടേർസ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വിജയൻ വി നായരെ വ്യത്യസ്തനാക്കുന്നത് 5000ത്തിലേറെ സ്‌കൂളുകളിലേക്ക് ഗാന്ധിജിയുടെ സന്ദേശം എത്തിക്കാനായി നടത്തിയ ബാപ്പുജീ മാപ്പ് എന്ന പരിപാടിയുടെ സംഘാടനമാണ്. ആലപ്പുഴക്കാരനായ ജോർജ് പോൾ ഗാന്ധിവേഷത്തിൽ. കോഴിക്കോട്ടെ ബീച്ച് ഓപ്പൺ എയറിൽനിന്ന് ആരംഭിച്ച നാടകയാത്ര.










0 comments